കൊച്ചി: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ആരോപണ വിധേയനായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സേവ് അവര്‍ സിസ്‌റ്റേഴ്‌സ് കര്‍മ്മ സമിതിയുടെ ആഭിമുഖ്യത്തില്‍ എറണാകുളം ഹൈക്കോടതി ജങ്ഷനില്‍ നടത്തുന്ന സമരം അഞ്ചാം ദിവസത്തിലേക്ക്. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിരവധി പേരാണ് ഇന്നലെ സമരപന്തലിലെത്തിയത്. വിവിധ സംഘടനകളുടെ പിന്തുണക്ക് പുറമെ പത്തോളം ദേശീയ മാധ്യമങ്ങളുടെ സാന്നിധ്യം സമരത്തിന് ദേശീയ ശ്രദ്ധയും നല്‍കി. കുറവിലങ്ങാട് മഠത്തില്‍ നിന്ന് ഉച്ചക്ക് 12.30 ഓടെ സമരപന്തലിലെത്തിയ നാലു കന്യാസ്ത്രീകളെയും മുദ്രാവാക്യം വിളികളോടെയാണ് സമരവേദിയിലേക്ക് സ്വാഗതം ചെയ്തത്. കന്യാസ്ത്രീകളായ അനുപമ, ജോസഫൈന്‍, ആല്‍ഫി, ലീന റോസ് എന്നിവരാണ് ചൊവ്വാഴ്ച സമരവേദിയിലെത്തിയത്. 26 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അഭയകേസില്‍ നീതി ലഭിച്ചിട്ടില്ലെന്നും ഈ കേസില്‍ അത് ആവര്‍ത്തിക്കപ്പെടരുതെന്ന് ആഗ്രഹിക്കുന്നുവെന്നും സമരത്തിന് പിന്തുണയര്‍പ്പിക്കാനെത്തിയ സംവിധായകന്‍ മേജര്‍ രവി പറഞ്ഞു. പരാതി ലഭിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും നടപടി സ്വീകരിച്ചിട്ടില്ല. എന്നാല്‍ ദീലിപിനെതിരെ പരാതി ലഭിച്ചയുടന്‍ നടപടി സ്വീകരിച്ചിരുന്നു. എന്തുകൊണ്ട് ആ കേസ് അമ്മയെന്ന സംഘടന അന്വേഷിക്കട്ടെയെന്ന് വച്ചില്ല. ഈ വിഷയത്തില്‍ സംഘടന പിന്തുണയ്ക്കുകയല്ല വേണ്ടത് മറിച്ച് അവര്‍ക്ക് നീതി ലഭ്യമാക്കാനാണ് ശ്രമിക്കേണ്ടത്. ബിഷപ്പിന് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ പിന്തുണയുണ്ടെങ്കില്‍ അപലപിക്കുന്നു. രാഷ്ട്രീയ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ കുറ്റം ചെയ്തവരെ മാറ്റി നിര്‍ത്തുകയാണ് ചെയ്യേണ്ടത്. ഇവര്‍ക്ക് നീതികിട്ടുന്നത് വരെ പിന്തുണച്ച് കൂടെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്, സന്തോഷ് കീഴാറ്റൂര്‍, അഡ്വ.ജയശങ്കര്‍ എന്നിവര്‍ക്കൊപ്പം എ.ഐ.വൈ.എഫ്, എസ്.യു.സി.ഐ, നാഷണല്‍ വുമണ്‍സ് ഫ്രണ്ട്, മഹിളാ മോര്‍ച്ച എന്നീ സംഘടനകളും സമരത്തിന് ഐക്യദാര്‍ഢ്യവുമായി എത്തി. കോളജ് വിദ്യാര്‍ഥിനികളുടെ പങ്കാളിത്തവും ശ്രദ്ധേയമായി. സേവ് ഔവര്‍ സിസ്‌റ്റേഴ്‌സ് ആക്ഷന്‍ കൗണ്‍സിലിന്റെ തിരുവനന്തപുരം സോണിന്റെ നേതൃത്വത്തില്‍ ഇന്ന് സെക്രട്ടറിയേറ്റ് പടിക്കലില്‍ സമരം നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. രാവിലെ 10ന് സെക്രട്ടറിയേറ്റ് പടിക്കല്‍ ആരംഭിക്കുന്ന സത്യാഗ്രഹത്തില്‍ കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍, സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍, ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ പ്രതിനിധികള്‍, പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീയുടെ ബന്ധുക്കള്‍ എന്നിവര്‍ പങ്കെടുക്കും. എറണാകുളത്ത് പ്രമുഖര്‍ പങ്കെടുക്കുന്ന സാംസ്‌കാരിക കൂട്ടായ്മയും സംഘടിപ്പിക്കും.
കന്യാസ്ത്രീകളുടെ സമരം കൂടുതല്‍ ശക്തമാക്കുന്നു; ഇന്ന് സെക്രട്ടറിയേറ്റ് പടിക്കലും സമരം
Tags: nun rape case