കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ പി.കെ.രാകേഷിനെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. 55 അംഗ കൗണ്‍സിലിലാണ് എല്‍ഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. 28 പേരുടെ പിന്തുണ ഉണ്ടെങ്കിലേ അവിശ്വാസപ്രമേയം പാസാകു എന്നിരിക്കെ അവിശ്വാസ പ്രമേയത്തെ പിന്തുണച്ചത് എല്‍ഡിഎഫിലെ 26 അംഗങ്ങള്‍ മാത്രമാണ്. പി കെ രാകേഷിനോട് എതിര്‍പ്പുള്ള മറ്റു അംഗങ്ങള്‍ പ്രമേയത്തെ പിന്തുണയ്ക്കുമെന്ന പ്രതീക്ഷയിലായിരുന്നു എല്‍ഡിഎഫിന്റെ നീക്കം.
അതേസമയം അവിശ്വാസ പ്രമേയത്തിലുള്ള ചര്‍ച്ചയും വോട്ടെടുപ്പും യുഡിഎഫ് ഒറ്റക്കെട്ടായി ബഹിഷ്‌കരിച്ചിരുന്നു. യുഡിഎഫ് കൗണ്‍സിലര്‍മാരുടെ യോഗത്തിലാണ് തീരുമാനമെടുത്തത്.
നേരത്തെ കണ്ണൂര്‍ കോര്‍പ്പറേഷനില്‍ എല്‍ഡിഎഫിനെതിരെ യുഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നിരുന്നു. എല്‍ഡിഎഫ് മേയര്‍ക്കെതിരായ അവിശ്വാസ പ്രമേയം ഡപ്യൂട്ടി മേയര്‍ പി.കെ.രാകേഷ് കൂറുമാറി പിന്തുണച്ചതോടെ യുഡിഎഫ് പാസാക്കിയെടുത്തു. മേയര്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ബുധനാഴ്ച നടക്കും. സുമാ ബാലകൃഷ്ണനാണ് യുഡിഎഫ് സ്ഥാനാര്‍ഥി. ഡപ്യൂട്ടി മേയര്‍ക്കെതിരെയുള്ള അവിശ്വാസ പ്രമേയം പരാജയപ്പെട്ട സാഹചര്യത്തില്‍ മേയര്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിലും യുഡിഎഫിന് തന്നെയായിരിക്കും മേല്‍ക്കൈ.