Connect with us

india

ഇറക്കം കുറഞ്ഞ വസ്ത്രങ്ങളും, കീറിയ ജീന്‍സും പാടില്ല; ഡ്രസ്‌കോഡ് പാലിക്കാത്തവരെ ഇറക്കിവിടും: ബോംബെയിലെ സിദ്ധിവിനായക ക്ഷേത്രം

പുതിയ ഡ്രസ് കോഡ് പാലിക്കാത്തവരെ അടുത്ത ആഴ്ച മുതൽ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കില്ല.

Published

on

പ്രശസ്തമായ മുംബൈ സിദ്ധിവിനായക ക്ഷേത്രത്തിൽ ഡ്രസ് കോഡ് നിർബന്ധമാക്കി. ഇറക്കം കുറഞ്ഞ വസ്ത്രങ്ങൾക്കും കീറിയ ജീൻസിനും മിനി സ്കർട്ട്സിനും ക്ഷേത്രത്തിൽ വിലക്ക്.

പുതിയ ഡ്രസ് കോഡ് പാലിക്കാത്തവരെ അടുത്ത ആഴ്ച മുതൽ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കില്ല. ക്ഷേത്രത്തിൻ്റെ പവിത്രതയെ മാനിക്കുന്ന തരത്തിലാണ് പുതിയ തീരുമാനമെടുത്തതെന്ന് ക്ഷേത്രം ട്രസ്റ്റ് അറിയിച്ചു.

അനുചിതമായ വസ്ത്രങ്ങൾ മറ്റ് ഭക്തർക്ക് അസ്വസ്ഥതയുണ്ടാക്കുന്നതിനെക്കുറിച്ച് നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് ഡ്രസ് കോഡ് തീരുമാനമെന്ന് ട്രസ്റ്റ് പറഞ്ഞു.

മുറിഞ്ഞതോ കീറിയ രീതിയിലോ ഉള്ള ട്രൗസറുകൾ, ഷോർട്ട് സ്‌കർട്ട്, ശരീരഭാഗങ്ങൾ വെളിവാക്കുന്ന വസ്ത്രം എന്നിവ ധരിച്ച ഭക്തരെ ക്ഷേത്രത്തിനകത്ത് പ്രവേശിപ്പിക്കില്ലെന്നും ഉത്തരവിൽ പറയുന്നു.

രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് ഭക്തരാണ് ക്ഷേത്രത്തിലേക്ക് ദിവസവും എത്തുന്നതെന്നും ആരാധനാലയത്തിൽ അനാദരവായി തോന്നുന്ന വസ്ത്രധാരണത്തെക്കുറിച്ച് നിരവധി സന്ദർശകർ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ടെന്നും ട്രസ്റ്റ് പറഞ്ഞു.

‘ആവർത്തിച്ചുള്ള അഭ്യർഥനകൾ ലഭിച്ചതിനെത്തുടർന്ന്, ക്ഷേത്രത്തിൻ്റെ പവിത്രത സംരക്ഷിക്കുന്നതിനായി ഡ്രസ് കോഡ് നടപ്പിലാക്കാൻ ക്ഷേത്ര ട്രസ്റ്റ് തീരുമാനിച്ചു’ ഉത്തരവിൽ പറയുന്നു.

india

ആവശ്യപ്പെട്ട സ്ത്രീധനം നല്‍കിയില്ല; ഭര്‍തൃവീട്ടുകാര്‍ യുവതിയ്ക്ക് എച്ച്‌ഐവി കുത്തിവെച്ചതായി പരാതി

പ്രാദേശിക കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് പൊലീസ് പറഞ്ഞു

Published

on

ലഖ്‌നൗ: ഭര്‍തൃവീട്ടുകാര്‍ യുവതിയ്ക്ക് എച്ച്‌ഐവി കുത്തിവെച്ചതായി പരാതി. ഉത്തര്‍പ്രദേശിലെ സഹാറന്‍പൂരിലാണ് ആവശ്യപ്പെട്ട സ്ത്രീധനം ലഭിക്കാത്തതിനെ തുടര്‍ന്ന് യുവതിയ്ക്ക എച്ച്‌ഐവി കുത്തിവെച്ചത്. പ്രാദേശിക കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

2023 ഫെബ്രുവരി 15ലായിരുന്നു വിവാഹം. ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ നിന്നുള്ള നാതിറാം സൈനിയുടെ മകന്‍ അഭിഷേക് എന്ന സച്ചിനുമായി തന്റെ മകള്‍ സോണാല്‍ സൈനിയുടെ വിവാഹം നടത്തിയതായി യുവതിയുടെ പിതാവ് സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. വിവാഹത്തില്‍ വരന്റെ കുടുംബത്തിന് സ്ത്രീധനമായി ഒരു കാറും 15 ലക്ഷം രൂപയും നല്‍കിയിരുന്നെങ്കിലും തുടര്‍ന്നും ഒരു സ്‌കോര്‍പിയോ കാറും 25 ലക്ഷം രൂപയും ആവശ്യപ്പെടുകയായിരുന്നു.

എന്നാല്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് ഭര്‍തൃവീട്ടുകാര്‍ യുവതിയെ വീട്ടില്‍ നിന്ന് പുറത്താക്കി. പിന്നീട് ഹരിദ്വാറിലെ ജസ്വാവാല ഗ്രാമത്തിലെ പഞ്ചായത്ത് ഇടപെട്ട് സ്ത്രീയെ ഭര്‍തൃവീട്ടിലേക്ക് തിരിച്ചയച്ചെങ്കിലും തന്റെ മകള്‍ക്ക് ശരീരികവും മാനസികവുമായ പീഡനം സഹിക്കേണ്ടി വന്നതായി പിതാവ് പരാതിയില്‍ പറഞ്ഞു.

ഇതിന് പിന്നാലെ എച്ച്‌ഐവി കുത്തിവെച്ച് യുവതിയെ കൊല്ലാന്‍ ഭര്‍തൃവീട്ടുകാര്‍ ഗൂഢാലോചന നടത്തിയെന്നും യുവതിയുടെ കുടുംബം ആരോപിച്ചു. ഏതാനും ദിവസങ്ങള്‍ കഴിഞ്ഞതോടെ യുവതിയുടെ ആരോഗ്യം വഷളാകാന്‍ തുടങ്ങി. അതോടെ മാതാപിതാക്കള്‍ യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. വൈദ്യപരിശോധനക്ക് ശേഷം, യുവതിക്ക് എച്ച്‌ഐവി ബാധയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

ഭര്‍ത്താവ് അഭിഷേകിനെ പരിശോധിച്ചപ്പോള്‍ എച്ച്‌ഐവി നെഗറ്റീവ് ആണെന്ന് കണ്ടെത്തി. തുടര്‍ന്ന് പെണ്‍കുട്ടിയുടെ കുടുംബം പോലീസില്‍ പരാതി നല്‍കിയെങ്കിലും പ്രതിക്കെതിരെ യാതൊരു നടപടിയും സ്വീകരിച്ചില്ല. തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ പിതാവ് പ്രാദേശിക കോടതിയെ സമീപിച്ചത്. കോടതിയുടെ ഉത്തരവനുസരിച്ച്, ഗംഗോ കോട്വാലി പൊലീസ് സ്ത്രീധന പീഡനം, ആക്രമണം, കൊലപാതകശ്രമം തുടങ്ങിയ ഗുരുതരമായ വകുപ്പുകള്‍ പ്രകാരം അഭിഷേക് എന്ന സച്ചിനും മാതാപിതാക്കള്‍ക്കും മറ്റ് കുടുംബാംഗങ്ങള്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.

Continue Reading

india

ഓഹരി വിപണിയിലെ മുന്‍നിര കമ്പനികളില്‍ എട്ടെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വന്‍ഇടിവ്

രണ്ടു ലക്ഷം കോടി രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്.

Published

on

ഓഹരി വിപണിയിലെ പത്ത് മുന്‍നിര കമ്പനികളില്‍ എട്ടെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വന്‍ഇടിവ്. രണ്ടു ലക്ഷം കോടി രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഏറ്റവുമധികം നഷ്ടം നേരിട്ടത് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ആണ്.

കഴിഞ്ഞയാഴ്ച സെന്‍സെക്സ് 2644 പോയിന്റിന്റെ നഷ്ടമാണ് രേഖപ്പെടുത്തിയത്. സെന്‍സെക്സ് 3.36 ശതമാനം ഇടിവാണ് നേരിട്ടത്. നിഫ്റ്റി 810 പോയിന്റ് ആണ് താഴ്ന്നത്. ടിസിഎസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഇന്‍ഫോസിസ്, എസ്ബിഐ, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ബജാജ് ഫിനാന്‍സ്, ഐടിസി എന്നിവയാണ് റിലയന്‍സിന് പുറമേ നഷ്ടം നേരിട്ട മറ്റു പ്രമുഖ മുന്‍നിര കമ്പനികള്‍.

അതേസമയം പത്തു മുന്‍നിര കമ്പനികളില്‍ എയര്‍ടെലും ഐസിഐസിഐ ബാങ്കും മാത്രമാണ് നേട്ടം ഉണ്ടാക്കിയത്.

റിലയന്‍സ് 67,526 കോടിയുടെ നഷ്ടമാണ് നേരിട്ടത്. 16,46,822 കോടിയായാണ് റിലയന്‍സിന്റെ വിപണി മൂല്യം താഴ്ന്നത്. 34,950 കോടിയുടെ നഷ്ടത്തോടെ ടിസിഎസിന്റെ വിപണി മൂല്യം 14,22,903 കോടിയായി താഴ്ന്നു. എച്ച്ഡിഎഫ്സി ബാങ്ക് 28,382 കോടി, ഐടിസി 25,429 കോടി, ഇന്‍ഫോസിസ് 19,287 കോടി, എസ്ബിഐ 13,431 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ നഷ്ടം.

ഭാരതി എയര്‍ടെലിന്റെ വിപണി മൂല്യത്തില്‍ 22,426 കോടിയുടെയും ഐസിഐസിഐ ബാങ്കിന് 1,182 കോടിയുടെയും വര്‍ധനയാണ് കഴിഞ്ഞയാഴ്ച രേഖപ്പെടുത്തിയത്.

അതേസമയം ഏറ്റവും വിപണി മൂല്യമുള്ള കമ്പനി എന്ന സ്ഥാനം റിലയന്‍സ് നിലനിര്‍ത്തി.

 

Continue Reading

india

ട്രെയിനുകളുടെ അറിയിപ്പ് ആശയക്കുഴപ്പമുണ്ടാക്കി; റെയില്‍വേയെ കുറ്റപ്പെടുത്തി ഡല്‍ഹി പോലീസ്

ട്രെയിനുകളുടെ അറിയിപ്പ് ആശയക്കുഴപ്പമുണ്ടാക്കിയതാണ് അപകടത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു.

Published

on

ന്യൂഡല്‍ഹി: റെയില്‍വേ സ്റ്റേഷനിലെ തിക്കിലും തിരക്കിലും പെട്ട് 18 പേര്‍ മരിക്കാനിടയായ സംഭവത്തില്‍ റെയില്‍വേയെ കുറ്റപ്പെടുത്തി ഡല്‍ഹി പോലീസ്. ട്രെയിനുകളുടെ അറിയിപ്പ് ആശയക്കുഴപ്പമുണ്ടാക്കിയതാണ് അപകടത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. ‘പ്രയാഗ്രാജ്’ എന്ന് തുടങ്ങുന്ന രണ്ട് ട്രെയിനുകള്‍ ഒരേ സമയം 2 പ്ലാറ്റഫോമുകളില്‍ എത്തിയെന്നും പ്രയാഗ് രാജിലേക്കുള്ള നാല് ട്രെയിനുകളില്‍ മൂന്നെണ്ണം വൈകിയതും അപകടത്തിന് കാരണമായി എന്ന് പോലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്.

അതേസമയം പ്ലാറ്റ്ഫോം നമ്പര്‍ 14ല്‍ പ്രയാഗ്രാജ് എക്സ്പ്രസില്‍ കയറാന്‍ തിരക്ക് ഉണ്ടായിരുന്നു. കൂടാതെ രണ്ട് ട്രെയിനുകള്‍ വൈകുകയും ചെയ്തു. മഹാകുംഭമേളയില്‍ പങ്കെടുക്കാനാണ് ആളുകള്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ പ്ലാറ്റ്‌ഫോം നമ്പര്‍ 13, 14, 15ലാണ് തിരക്ക് അനുഭവപ്പെട്ടത്. അപകടത്തില്‍ റെയില്‍വേ ഉന്നതല അന്വേഷണം പ്രഖ്യാപിച്ചു.

അതേസമയം അവസാന നിമിഷം ട്രെയിനുകളുടെ പ്ലാറ്റ്ഫോമുകള്‍ മാറ്റിയെന്ന ദൃക്സാക്ഷികളുടെ ആരോപണം റെയില്‍വേ നിഷേധിച്ചു. ഒരു ട്രെയിനിന്റെ പ്ലാറ്റ്ഫോമും മാറ്റിയിട്ടില്ല. ഒരു ട്രെയിനും റദ്ദാക്കിയിട്ടില്ല. എല്ലാ ട്രെയിനുകളും നിശ്ചയിച്ച സമയക്രമത്തില്‍ തന്നെയാണ് സര്‍വീസ് നടത്തിയിരുന്നതെന്ന് നോര്‍ത്തേണ്‍ റെയില്‍വേ ചീഫ് പി ആര്‍ ഒ ഹിമാന്‍ഷു ഉപാധ്യായ് പറഞ്ഞു.

ദുരന്തത്തില്‍ 11 പേര്‍ സ്ത്രീകളും നാല് പേര്‍ കുട്ടികളും അടക്കം 18 പേരാണ് മരിച്ചത്.

 

 

Continue Reading

Trending