ഷെരീഫ് സാഗര്‍
കേരളപ്പിറവിക്ക് മുമ്പ് എല്ലാ പിന്നോക്ക വിഭാഗങ്ങള്‍ക്കും കൂടി 35 ശതമാനം. അതായിരുന്നു സംവരണത്തിന്റെ സ്ഥിതി. പിന്നോക്കക്കാരിലെ മുന്നാക്ക സമുദായങ്ങള്‍ക്കാണ് ഈ വിചിത്രമായ വ്യവസ്ഥയുടെ എല്ലാ ആനുകൂല്യങ്ങളും ലഭിച്ചത്. പിന്നോക്കത്തില്‍ പിന്നോക്കമായിരുന്ന മുസ്ലിംകള്‍ നിരന്തരമായി തഴയപ്പെട്ടു. എന്നാല്‍ 1957ലെ ആദ്യ കേരള നിയമസഭയില്‍ കറുത്ത തൊപ്പിയണിഞ്ഞ ഒരു ചെറുപ്പക്കാരന്‍ എഴുന്നേറ്റുനിന്നു.
”ഇത് അനീതിയാണ്. ഈ അനീതി വെച്ചുപൊറുപ്പിക്കാനാവില്ല”. ആ മനുഷ്യന്‍ വിളിച്ചു പറഞ്ഞു.
സി.എച്ച് മുഹമ്മദ് കോയ എന്നായിരുന്നു ആ ചെറുപ്പക്കാരന്റെ പേര്. സി എച്ച് പറഞ്ഞു: ”ഈ നിയമം കൊക്ക് കുറുക്കനെ സല്‍ക്കാരത്തിന് വിളിച്ചതുപോലെയാണ്. കൊക്ക് ഒരിക്കല്‍ തന്റെ വീട്ടിലേക്ക് കുറുക്കനെ ക്ഷണിച്ചു. നല്ലൊരു പായസമുണ്ടാക്കി അതൊരു കുപ്പിയിലാക്കി കുറുക്കന്റെ മുന്നില്‍ വെച്ചുകൊടുത്തു. കുറുക്കന്റെ ചുണ്ട് ആ കുപ്പിക്കുള്ളിലേക്ക് ഇറക്കുക അസാധ്യമാണ്. എന്നാല്‍ വണ്ണം കുറഞ്ഞതും നീളം കൂടിയതുമായ കൊക്കിന്റെ ചുണ്ടിന് അനായാസം കുപ്പിയില്‍ നിന്നും പായസം കുടിക്കാന്‍ കഴിഞ്ഞു. ഇവിടെ കൊക്ക് കുറുക്കന് പായസം കൊടുത്തോ എന്ന് ചോദിച്ചാല്‍ കൊടുത്തു, എന്നാല്‍ കുറുക്കന് കുടിക്കാന്‍ കഴിഞ്ഞോ എന്ന് ചോദിച്ചാല്‍ ഇല്ല. ഇതുപോലെയാണ് ഈ നിയമവും. സംവരണം ഉണ്ടോയെന്ന് ചോദിച്ചാല്‍ ഉണ്ട്, എന്നാല്‍ മാപ്പിളമാര്‍ അടക്കമുള്ളവര്‍ക്ക് അത് അനുഭവിക്കാന്‍ കഴിയുമോ എന്ന് ചോദിച്ചാല്‍ ഇല്ല.”
സംവരണത്തിലെ അനീതിക്കെതിരെ ആ ശബ്ദം നിരന്തരം മുഴങ്ങി. എല്ലാ സമുദായങ്ങള്‍ക്കും പ്രാതിനിധ്യം ഉറപ്പാക്കുന്ന കമ്യൂണല്‍ സബ് റൊട്ടേഷന്‍ വന്നത് ഈ പോരാട്ടത്തിന്റെ ഫലമായിട്ടാണ്. അന്ന് 22 ശതമാനം ജനസംഖ്യയുണ്ടായിരുന്ന മുസ്ലിം പിന്നോക്ക വിഭാഗത്തിന് 10 ശതമാനം സംവരണവും നിയമന റോസ്റ്ററില്‍ ആറാം സ്ഥാനവും ലഭിച്ചു. 1979ല്‍ സി.എച്ച് മുഖ്യമന്ത്രിയായപ്പോള്‍ പത്തില്‍നിന്ന് 12 ശതമാനമായി സംവരണ തോത് ഉയര്‍ത്തി. നിലവിലെ പ്രാതിനിധ്യത്തിന്റെ കണക്കുകള്‍ നോക്കിയാല്‍ ഈ സംവരണ തോതും അപര്യാപ്തമാണെന്ന് കാണാം. സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ മുസ്ലിം സമുദായത്തിന് ഇതര സമുദായങ്ങളുടെ കണക്കനുസരിച്ച് ജനസംഖ്യാനുപാതിക പ്രാതിനിധ്യം ലഭിച്ചിട്ടില്ല. പട്ടിക ജാതി, പട്ടിക വര്‍ഗത്തേക്കാള്‍ പിന്നിലുമാണ്. നരേന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടും ഇക്കാര്യം വ്യക്തമായി പറയുന്നുണ്ട്. ജനസംഖ്യയില്‍ 26 ശതമാനമുള്ള മുസ്ലിംകളുടെ പ്രാതിനിധ്യം വെറും 11.4 ശതമാനം മാത്രമാണ്. 22.2 ശതമാനം ഈഴവര്‍ക്ക് 22.7 ശതമാനമാണ് പ്രാതിനിധ്യം. അധികാര പങ്കാളിത്തമെന്ന അവകാശം സാധ്യമാകണമെങ്കില്‍ സംവരണ തോത് ഉയര്‍ത്തുക മാത്രമാണ് പരിഹാരം. മുസ്ലിം സംവരണം 12 ശതമാനം എന്നത് 18 ശതമാനമെങ്കിലുമായാലേ നിലവിലുള്ള സ്ഥിതിയില്‍ സാമൂഹിക നീതി യാഥാര്‍ത്ഥ്യമാവുകയുള്ളൂ.
സംവരണ പട്ടിക കൃത്യമായ ഇടവേളകളില്‍ അവലോകനം ചെയ്യണമെന്ന ഇന്ദിരാ സാഹ്നി കേസിലെ സുപ്രിംകോടതി വിധിയുടെ ഫയല്‍ മൂന്ന് പതിറ്റാണ്ട് കാലമായി പൊടി തട്ടാന്‍ പോലും ആരും എടുത്ത് നോക്കിയിട്ടില്ല. കേരളത്തിലെ പിന്നോക്ക വിഭാഗങ്ങളുടെ സംവരണ പട്ടിക പുതുക്കി മുസ്ലിം സംവരണത്തിന്റെ വിഷയത്തില്‍ ഗൗരവമായ ഇടപെടല്‍ നടത്തേണ്ട സമയമാണിത്. അഡ്വ. വി.കെ ബീരാന്റെ നിയമ പോരാട്ടത്തിന്റെ ഫലമായി കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളോട് പിന്നോക്ക സമുദായങ്ങളുടെ തല്‍സ്ഥിതി പഠനം നടത്താന്‍ സുപ്രിം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
കാലോചിത പരിഷ്‌ക്കാരം അനിവാര്യമായ ഘട്ടത്തിലാണ് കേരള സര്‍ക്കാര്‍ മുസ്ലിം സംവരണത്തില്‍ കൈയിട്ടു വാരുന്നത്. നാല് ശതമാനം ഭിന്നശേഷി സംവരണം നടപ്പാക്കാന്‍ മുസ്ലിം വിഭാഗത്തിന് ലഭിച്ചുകൊണ്ടിരിക്കുന്ന സംവരണത്തില്‍നിന്ന് രണ്ട് ശതമാനം പിടിച്ചുവാങ്ങാനാണ് പദ്ധതി. 2019 ഒക്ടോബറിലാണ് ഇതുസംബന്ധിച്ച ആദ്യ ഉത്തരവ് പുറത്തുവന്നത്. സംവരണത്തിനുള്ള റൊട്ടേഷനില്‍ 1,26,51,76 എന്ന ക്രമത്തില്‍ ഭിന്നശേഷി വിഭാഗത്തെയും ഉള്‍പ്പെടുത്തണമെന്നായിരുന്നു നിര്‍ദേശം. ഇതില്‍ 26, 76 റൊട്ടേഷന്‍ മുസ്ലിം വിഭാഗത്തിന്റേതായതിനാല്‍ ഈ രീതിയില്‍ നിയമനം നടത്തിയാല്‍ മുസ്ലിം സംവരണം കുറയും. മറ്റ് സംവരണ വിഭാഗങ്ങളുടെ ടേണുകളൊന്നും ഇതില്‍ വരുന്നുമില്ല. മുസ്ലിംലീഗ് എം.എല്‍.എ ടി.വി ഇബ്രാഹിം ഈ വിഷയം ഉന്നയിച്ചതോടെ പരിഹരിക്കുമെന്നാണ് മന്ത്രി നല്‍കിയ ഉറപ്പ്. എന്നാല്‍ നേരത്തെയുള്ള വ്യവസ്ഥകളില്‍ ഒരു മാറ്റവും വരുത്താതെയാണ് സാമൂഹ്യ നീതി വകുപ്പിന്റെ പുതിയ ഉത്തരവ് പുറത്ത് വന്നത്. ഭിന്നശേഷി സംവരണത്തിന് കണ്ടെത്തിയ ടേണുകളില്‍ രണ്ടെണ്ണം പൊതുവിഭാഗത്തിനും മറ്റു രണ്ടെണ്ണം മുസ്ലിം ടേണുമാണ്. അതായത് നേരത്തെ പി.എസ്.സി ലിസ്റ്റില്‍ നിന്ന് 100 പേരെ നിയമിക്കുമ്പോള്‍ ലാസ്റ്റ് ഗ്രേഡില്‍ 10 പോസ്റ്റും അല്ലാത്തതില്‍ 12 പോസ്റ്റും മുസ്ലിംകള്‍ക്ക് ലഭിക്കുമായിരുന്നു. ഇത് യഥാക്രമം എട്ടും പത്തുമായി കുറയും എന്നതാണ് പുതിയ ഉത്തരവിന്റെ അപകടം. ഫലത്തില്‍ 16% മുതല്‍ 20% വരെയുള്ള കുറവാണ് മുസ്ലിം സമുദായത്തിനുണ്ടാവുക. ഇത് നിലവില്‍ അര്‍ഹമായ പ്രാതിനിധ്യമില്ലാത്ത മുസ്ലിം സമുദായത്തോടുള്ള കൊടും ചതിയാണ്.
സച്ചാര്‍ കമ്മിറ്റി ശുപാര്‍ശകളെ അട്ടിമറിക്കാനായി പാലോളി കമ്മിറ്റിയുണ്ടാക്കി മുസ്ലിംകള്‍ക്ക് ലഭിക്കേണ്ട അവകാശങ്ങളെ ന്യൂനപക്ഷ അവകാശങ്ങളാക്കി വഴിതിരിച്ചുവിട്ട് വന്‍ നഷ്ടം വരുത്തിവെച്ചത് ഇടതുപക്ഷമാണ്. സമുദായങ്ങള്‍ തമ്മിലുള്ള ഭിന്നതയായിരുന്നു ഈ തിരിമറിയുടെ ദുരന്തം. പിന്നോക്ക വിഭാഗങ്ങള്‍ക്കുള്ള സ്‌കോളര്‍ഷിപ്പില്‍നിന്ന് മുസ്ലിംകളെയും ക്രിസ്ത്യാനികളെയും ഒഴിവാക്കിയ നടപടിയും ഈയിടെ ഉണ്ടായി. ഒന്നു മുതല്‍ എട്ടുവരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കേണ്ട ഈ സ്‌കോളര്‍ഷിപ്പിലേക്ക് ഇനി ഈ ന്യൂനപക്ഷ വിഭാഗങ്ങള്‍ അപേക്ഷിക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. ഇടത് സര്‍ക്കാര്‍ തുടരുന്ന കടുത്ത അനീതിയുടെ ഒടുവിലത്തെ ഉദാഹരണമാണ് സംവരണ നഷ്ടം വരുത്തുന്ന പുതിയ ഉത്തരവ്.
സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ അര്‍ഹിച്ചതിലേറെ പ്രാതിനിധ്യമുള്ള മുന്നോക്ക വിഭാഗങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയ സംവരണത്തെ തൊടാതെയാണ് മുസ്ലിം വിഭാഗത്തോടുള്ള ഈ ദ്രോഹം. ആകെയുള്ള സംവരണ ശതമാനം വര്‍ദ്ധിപ്പിച്ചോ ജനറല്‍ കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയോ പരിഹരിക്കാവുന്ന പ്രശ്‌നമാണിത്. യാതൊരു പഠനവും നടത്താതെയാണ് സര്‍ക്കാര്‍ ഇത്തരം നടപടികള്‍ തുടരുന്നത്. ഏതെങ്കിലും തരത്തിലുള്ള ഗൂഢാലോചനയുടെ ഭാഗമാണോ എന്ന് സംശയിക്കാവുന്ന തരത്തിലാണ് ഉത്തരവുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. മുസ്ലിംകള്‍ക്ക് സംവരണ നഷ്ടമുണ്ടാക്കുന്ന ഉത്തരവ് ഉടന്‍ പിന്‍വലിച്ച് ഭിന്നശേഷി സംവരണം ഹൊറിസോണ്ടലായി നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. അതല്ലെങ്കില്‍ നിലവിലുള്ള നിയമനങ്ങള്‍ പോലും നിയമക്കുരുക്കിലാകും.
കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ഈ പണി ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. സി.എച്ചിന്റെ വാക്കുകള്‍ തന്നെ കടമെടുക്കാം. സി.എച്ച് എഴുതുന്നു: ”1957ലെ ഇ.എം.എസ് മന്ത്രിസഭയുടെ കാലത്ത് നിയമിച്ച 76 ഗസറ്റഡ് ഉദ്യോഗസ്ഥരില്‍ ഒരേയൊരു മുസ്ലിമേ ഉണ്ടായിരുന്നുള്ളൂ. 80 രൂപക്ക് മീതെ ശമ്പളമുള്ള 511 നിയമനങ്ങളില്‍ നമ്പൂതിരിപ്പാടിന്റെ മന്ത്രിസഭ 22 ഉദ്യോഗങ്ങള്‍ മാത്രമാണ് മുസ്ലിംകള്‍ക്ക് എറിഞ്ഞുകൊടുത്തത്. 40 കോളേജ് ലക്ചറര്‍മാരെ നിയമിച്ചപ്പോള്‍ മുസ്ലിംകളെ മേമ്പൊടിക്കുപോലും എടുത്തില്ല. പബ്ലിക്ക് സര്‍വ്വീസ് കമ്മീഷന്‍ ഓഫീസില്‍ അക്കാലത്തുണ്ടായിരുന്നത് ഒരു ക്ലാര്‍ക്കും ഒരു അറ്റന്ററും മാത്രമായിരുന്നു. സാമുദായിക പ്രാതിനിധ്യം ഉദ്യോഗങ്ങളില്‍ നിന്നെടുത്തു കളയാനുള്ള ഇ.എം.എസ്സിന്റെ ഭരണപരിഷ്‌കാര കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ മുസ്ലിംലീഗ് നടത്തിയ കുരിശുയുദ്ധം പിന്നോക്ക സമുദായങ്ങളുടെ അഭിനന്ദനം പിടിച്ചുപറ്റുന്നതായിരുന്നു. കേരളത്തിലെ മര്‍ദ്ദിത പിന്നോക്ക സമുദായങ്ങള്‍ മുസ്ലിംലീഗിന്റെ നിലപാടിനെ ശരിവെച്ചു. സഹോദരന്‍ അയ്യപ്പന്റെ നേതൃത്വത്തില്‍ 1958ല്‍ സംഘടിപ്പിച്ച പിന്നോക്ക സമുദായ കണ്‍വെന്‍ഷനില്‍ എന്നെ അധ്യക്ഷത സ്ഥാനത്തിരുത്തി. അവരെന്റെ പാര്‍ട്ടിയെ ആദരിച്ചു”.
1970ലെ അച്യുതമേനോന്‍ മന്ത്രിസഭയില്‍ സി.എച്ച് മുഹമ്മദ് കോയ വിദ്യാഭ്യാസ മന്ത്രിയായിരിക്കുന്ന കാലത്ത് സര്‍ക്കാര്‍ സര്‍വീസിലെ മുസ്ലിംകളുടെ ബാക്ക്‌ലോഗ് നികത്താന്‍ നടപടി സ്വീകരിച്ചപ്പോള്‍ കെ.ആര്‍ ഗൗരിയമ്മ മുസ്ലിംലീഗിനെ ആക്ഷേപിക്കുന്നുണ്ട്. ”നിങ്ങള്‍ മുസ്ലിംകളെ സര്‍ക്കാര്‍ സര്‍വീസില്‍ തിരുകിക്കയറ്റുകയാണ്” എന്നായിരുന്നു അവരുടെ ആരോപണം. ”തിരുകിക്കയറ്റാന്‍ മുസ്ലിംകള്‍ എന്താ മണ്ണെണ്ണ വിളക്കിന്റെ തിരിയാണോ?” എന്നായിരുന്നു സി.എച്ചിന്റെ മറുചോദ്യം. ‘നിങ്ങള്‍ തനി വര്‍ഗീയ വാദിയാ’ണെന്ന പതിവ് പല്ലവി ആവര്‍ത്തിക്കുകയാണ് ഗൗരിയമ്മ ചെയ്തത്. സി.എച്ചിന്റെ മറുപടി വികാരഭരിതമായിരുന്നു. ”ചരിത്രപരമായ കാരണങ്ങളാല്‍ പിന്തളളപ്പെട്ടുപോയ ഒരു സമൂഹത്തെ മുഖ്യധാരയില്‍ എത്തിക്കുക എന്നതാണ് എന്റെ പാര്‍ട്ടി എന്നെ ഏല്‍പിച്ച ദൗത്യം. മറ്റ് ജനവിഭാഗങ്ങളുടെ അവകാശങ്ങള്‍ ഹനിക്കാതെയും, അവരുടെ അവസരങ്ങള്‍ കവര്‍ന്നെടുക്കാതെയും ഞാനത് നിര്‍വഹിക്കും. അതിന്റെ പേരില്‍ ഞാന്‍ വര്‍ഗീയ വാദിയാവുകയാണെങ്കില്‍ എനിക്ക് സന്തോഷമേയുള്ളൂ”.
ആരുടെയും ഔദാര്യം വേണ്ട. എന്നാല്‍, പോരാടി നേടിയവയില്‍ നിന്ന് തരിപോലും വിട്ടുതരില്ല.