Connect with us

crime

സ്ത്രീധനം നല്‍കിയില്ല; ഭര്‍ത്താവും കുടുംബവും ചേര്‍ന്ന് സ്ത്രീയെ തല്ലിക്കൊന്നു

കരിഷ്മ എന്ന യുവതിയെയാണ് ഭർത്താവ് വികാസും മാതാപിതാക്കളും സഹോദരങ്ങളും ചേർന്ന് കൊലപ്പെടുത്തിയത്.

Published

on

ആഡംബര കാറും 21 ലക്ഷം രൂപയും സ്ത്രീധനമായി നൽകാത്തതിന് ഭർത്താവും കുടുംബവും ചേർന്ന് യുവതിയെ തല്ലിക്കൊന്നതായി പൊലീസ്. കരിഷ്മ എന്ന യുവതിയെയാണ് ഭർത്താവ് വികാസും മാതാപിതാക്കളും സഹോദരങ്ങളും ചേർന്ന് കൊലപ്പെടുത്തിയത്.

വികാസ്, പിതാവ് സോംപാൽ ഭാട്ടി, അമ്മ രാകേഷ്, സഹോദരി റിങ്കി, സഹോദരന്മാരായ സുനിൽ, അനിൽ എന്നിവർക്കെതിരെ കൊലപാതകത്തിന് കേസെടുത്തു. ഗ്രേറ്റർ നോയിഡയിലാണ് സംഭവം. സ്ത്രീധനനിരോധന നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്.

2022 ഡിസംബറിലാണ് കരിഷ്മയും വികാസും വിവാഹിതരായത്. വിവാഹ സമയത്ത് നൽകിയതിലധികം സ്ത്രീധനം ആവശ്യപ്പെട്ട് വർഷങ്ങളായി യുവതിയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്ന് കരിഷ്മയുടെ സഹോദരൻ ദീപക് പറഞ്ഞു. വിവാഹസമയത്ത് വരൻ്റെ കുടുംബത്തിന് 11 ലക്ഷം രൂപയുടെ സ്വർണവും ഒരു എസ്‌യുവിയും നൽകിയിരുന്നു. അതിന് പുറമെയാണ് ടൊയോട്ട ഫോർച്യൂണറും 21 ലക്ഷം രൂപയും ആവശ്യപ്പെട്ടതെന്ന് ദീപക് പറഞ്ഞു.

വികാസിനും കരിഷ്മയ്ക്കും ഒരു പെൺകുഞ്ഞുണ്ട്. കുഞ്ഞുണ്ടായ ശേഷം പീഡനം കൂടുതൽ വഷളാവുകയായിരുന്നു. പല തവണ രണ്ട് കുടുംബങ്ങളും തങ്ങളുടെ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാൻ ശ്രമിച്ചിരുന്നു. അതിന്റെ ഭാ​ഗമായി കരിഷ്മയുടെ കുടുംബം 10 ലക്ഷം രൂപ നൽകിയെങ്കിലും പീഡനം അവസാനിച്ചില്ലെന്ന് ദീപക് ആരോപിച്ചു. വികാസും പിതാവും അറസ്റ്റിലായി. കേസിലെ മറ്റ് പ്രതികൾക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്.

crime

ബംഗാളിലെ വനിതാ ഡോക്ടറുടെ ബലാത്സംഗക്കൊല: വിചാരണ നവംബര്‍ 11 മുതല്‍

പ്രതിക്ക് കുറ്റകൃത്യവുമായി നേരിട്ട് ബന്ധമുണ്ടെന്ന് വെളിവാക്കുന്ന തെളിവുകള്‍ അടങ്ങിയ കുറ്റപത്രമാണ് സിബിഐ സമര്‍പ്പിച്ചത്.

Published

on

കൊല്‍ക്കത്ത ആര്‍ജി കര്‍ മെഡിക്കല്‍ കോളജില്‍ ജൂനിയര്‍ ഡോക്ടറുടെ ബലാത്സംഗക്കൊലയില്‍ മുഖ്യപ്രതി സഞ്ജയ് റോയിക്കെതിരെ കൊലകുറ്റം ചുമത്തി. സംഭവം നടന്ന് മൂന്നു മാസങ്ങള്‍ക്ക് ശേഷം സീല്‍ദാ കോടതിയാണ് സഞ്ജയ് റോയിക്കെതിരെ 103(1), 64, 66 ഭാരതീയ ന്യായ് സംഹിത എന്നീ വകുപ്പുകള്‍ പ്രകാരം കുറ്റം ചുമത്തിയത്. കേസിന്റെ വിചാരണ നവംബര്‍ 11 മുതല്‍ ആരംഭിക്കും.

കേസില്‍ സിബിഐയുടെ പ്രാഥമിക കുറ്റപത്രത്തില്‍ സഞ്ജയ് റോയിയാണ് പ്രധാന പ്രതിയെന്നും കുറ്റകൃത്യത്തിന് പിന്നില്‍ വലിയ ഗൂഢാലോചന ഉണ്ടെന്നും പറഞ്ഞിരുന്നു. പ്രതിക്ക് കുറ്റകൃത്യവുമായി നേരിട്ട് ബന്ധമുണ്ടെന്ന് വെളിവാക്കുന്ന തെളിവുകള്‍ അടങ്ങിയ കുറ്റപത്രമാണ് സിബിഐ സമര്‍പ്പിച്ചത്. ഇരയുടെ ശരീരത്തില്‍ പ്രതിയുടെ ബീജത്തിന്റെ സാന്നിധ്യം ഫൊറന്‍സിക് പരിശോധനയില്‍ സ്ഥിരീകരിച്ചതായി കുറ്റപത്രത്തില്‍ പറയുന്നു.

ലോക്കല്‍ പൊലീസില്‍ സിവില്‍ വോളന്റിയറായി ജോലി ചെയ്തിരുന്ന പ്രതി ആഗസ്ത് 9 നാണ് കൃത്യം നടത്തിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ആശുപത്രിയിലെ സെമിനാര്‍ മുറിയില്‍ വിശ്രമിക്കുന്നതിനിടെയാണ് സംഭവം. പ്രതിയെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയനാക്കിയിരുന്നു. എന്നാല്‍ കേസില്‍ തനിക്ക് പങ്കില്ലെന്ന് ഇയാള്‍ ആവര്‍ത്തിച്ച് പറഞ്ഞിരുന്നു, മൃതദേഹം കണ്ടതിന് ശേഷം താന്‍ ഓടിപ്പോയെന്നാണ് ഇയാള്‍ പറഞ്ഞത്.

കേസിന്റെ അന്വേഷണം കൊല്‍ക്കത്ത ഹൈക്കോടതി സിബിഐക്ക് കൈമാറുന്നതിന് മുമ്പ് പ്രതിയില്‍ നിന്ന് പിടിച്ചെടുത്ത മൊബൈല്‍ ഫോണില്‍ നിന്ന് അശ്ലീല ഉള്ളടക്കം കണ്ടെത്തിയിരുന്നതായും പൊലീസ് പറഞ്ഞിരുന്നു.

Continue Reading

crime

ഭാര്യയെ കുത്തിയും ഭാര്യ മാതാവിനെ ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തി; ഭർത്താവ് അറസ്റ്റിൽ

കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്ന് സൂചന.

Published

on

ഭാര്യയെയും ഭാര്യ മാതാവിനെയും ക്രൂരമായി കൊലപ്പെടുത്തി. കോട്ടയം തലയോലപ്പറമ്പിലാണ് സംഭവം. ശിവപ്രിയും അമ്മ ഗീതയും ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് നിതീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്ന് സൂചന. ഭാര്യയെ കുത്തിയും അമ്മയെ ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തുകയുമായിരുന്നു.

കഴിഞ്ഞ കുറേ നാളുകളായി ഇവർക്കിടയിൽ മറ്റ് ചില പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായി പൊലീസ് സംശയിക്കുന്നുണ്ട്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വൈകുന്നേരം ആറരയോടെയാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് നി​ഗമനം. പൊലീസ് എത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Continue Reading

crime

പൊതുസ്ഥലത്തെ മദ്യപാനം ചോദ്യം ചെയ്തു; മൂന്നംഗ സംഘം വീടുകയറി ആക്രമിച്ചു

മദ്യപിച്ചത് ചോദ്യം ചെയ്തതിനാണ് മർദനമെന്ന് കുടുംബം പറഞ്ഞു.

Published

on

കോഴിക്കോട് കൊയിലാണ്ടി പന്തലായനിയിൽ കുടുംബത്തെ മൂന്നംഗസംഘം വീട്ടിൽ കയറി ആക്രമിച്ചതായി പരാതി. പന്തലായനി ശ്രീവൽസത്തിൽ ഉണ്ണികൃഷ്ണൻ, ഭാര്യ ദീപ. മക്കളായ കൃഷ്‌ണേന്ദു, നവീനീത് കൃഷ്ണ എന്നിവരെയാണ് ഒരു സംഘം ആക്രമിച്ചത്. വീട്ടിലെ ജനാലയും വീട്ടുപകരണങ്ങളും സംഘം തകർത്തു.

മദ്യപിച്ചത് ചോദ്യം ചെയ്തതിനാണ് മർദനമെന്ന് കുടുംബം പറഞ്ഞു. ഞായറാഴ്ച വൈകീട്ടാണ് സംഭവം.

പൊതുസ്ഥലത്ത് മദ്യപിച്ച സംഘത്തോട് മദ്യപിക്കരുതെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു, എന്നാൽ പ്രകോപിതരായ ഇവർ കൂട്ടത്തോടെ വീട്ടിലേക്ക് ഇരച്ചുകയറി കുടുംബത്തെആക്രമിക്കുകയുമായിരുന്നെന്നാണ് പരാതി.

സംഭവത്തിൽ കുടുംബം കൊയിലാണ്ടി പൊലീസിൽ പരാതി നൽകി. എന്നാൽ തങ്ങളെയാണ് ആക്രമിച്ചതെന്ന് മൂന്നംഗസംഘവും പരാതി നൽകി. കുടുംബം ആശുപത്രിയിൽ ചികിത്സ തേടി.

Continue Reading

Trending