ലോക്സഭ തെരഞ്ഞെടുപ്പില്‍ ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി(ബി.എസ്.പി)ഒറ്റക്കു മത്സരിക്കുമെന്ന് മായാവതി. ബി.എസ്.പി ബി.ജെ.പിയുമായി സഖ്യമുണ്ടാക്കുന്ന എന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് മായാവതിയുടെ പ്രഖ്യാപനം. പാര്‍ട്ടി ഒറ്റക്കു മത്സരിക്കുമെന്നും സഖ്യം സംബന്ധിച്ച് പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്നും മായാവതി വ്യക്തമാക്കി.
ഇത്തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിലൂടെ മാധ്യമങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെട്ടിരിക്കുകയാണെന്നും ജനങ്ങള്‍ ഈ തരത്തിലുള്ള വാര്‍ത്തകളാല്‍ കബളിപ്പിക്കപ്പെടരുതെന്നും ജാഗ്രത കാണിക്കണമെന്നും മായാവതി എക്‌സ് പോസ്റ്റില്‍ കുറിച്ചു.
യു.പിയില്‍ ബി.എസ്.പിക്ക് ഒറ്റക്ക് മത്സരിക്കാനുള്ള ശക്തിയുണ്ട്. ഇത് പ്രതിപക്ഷത്തെ അസ്വസ്ഥരാക്കുന്ന കാര്യമാണ്. അതുകൊണ്ടാണ് അവര്‍ ഓരോ ദിവസം ഓരോതരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കാനിറങ്ങിയിരിക്കുന്നത്. ബഹുജന്‍ സമുദായത്തിന്റെ താല്‍പര്യം കണക്കിലെടുത്ത് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഒറ്റക്കു മത്സരിക്കാനാണ് ബി.എസ്.പി തീരുമാനിച്ചിട്ടുള്ളത്.-അവര്‍ കൂട്ടിച്ചേര്‍ത്തു.
അടുത്തിടെ നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം ബി.എസ്.പി കനത്ത തിരിച്ചടിയാണ് നേരിട്ടത്. 403 അംഗ നിയമ സഭയിലേക്ക് നടന്ന മത്സരത്തില്‍ ബി.എസ്.പി ഒരു സീറ്റില്‍ മാത്രമാണ് വിജയിക്കാന്‍ സാധിച്ചത്.
2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എസ്.പിയുമായി കൂട്ടുകൂടി 80 സീറ്റുകളില്‍ മത്സരിച്ചെങ്കിലും കഷ്ടിച്ച് 10 സീറ്റുകളില്‍ മാത്രമാണ് വിജയിക്കാന്‍ സാധിച്ചത്. 2019നും 2022നുമിടയിലായി ബി.എസ്.പിയുടെ വോട്ട് വിഹിതം 10 ശതമാനം ഇടിഞ്ഞിരുന്നു.