X

നിപ വൈറസ്: ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: നിപ വൈറസിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഡിസംബര്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവിലാണ് നിപ വൈറസ് ബാധ ആരംഭിക്കുക എന്ന ആരോഗ്യവിദഗ്ദ്ധരുടെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിര്‍ദേശം. കഴിഞ്ഞ വര്‍ഷം നിപ ബാധിച്ച് 17 പേരാണ് മരിച്ചത്.

പച്ചക്കറികളും ഫലങ്ങളും കഴിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് അറിയിപ്പില്‍ പറയുന്നു. നന്നായി കഴുകി വൃത്തിയാക്കി മാത്രമേ ഇവ ഭക്ഷിക്കാവൂ. തുറസായ സ്ഥലങ്ങളില്‍ വളരുന്ന ഫലങ്ങള്‍ കഴിക്കുമ്പോഴും ജാഗ്രത വേണം. ഇക്കാര്യത്തില്‍ ജനങ്ങളെ ബോധവത്ക്കരിക്കണമെന്ന് ജാഗ്രത നിര്‍ദേശത്തില്‍ പറയുന്നു.

ചുമ പോലെയുള്ള നിപ ലക്ഷണങ്ങളോടെ വരുന്നവരെ പരിശോധനിക്കാന്‍ പ്രത്യേക മേഖല തന്നെ സജ്ജമാക്കണമെന്നും ഇവിടെ ചുമതലയിലുള്ള ഡോക്ടര്‍മാരും ജീവനക്കാരും നിര്‍ബന്ധമായും മാസ്‌കുകള്‍ ധരിക്കണമെന്നും അറിയിപ്പിലുണ്ട്. ചുമയുള്ളവര്‍ വീടിന് പുറത്തിറങ്ങുമ്പോഴും മറ്റുള്ളവരുമായി ഇടപെടുപ്പോഴും മാസ്‌കോ ടൗവലോ ഉപയോഗിക്കണമെന്നും അറിയിപ്പില്‍ നിര്‍ദേശിക്കുന്നു. സംസ്ഥാനത്തെ മെഡി.കോളേജുകള്‍, ജില്ലാ ആശുപത്രികള്‍, താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളിലെല്ലാം മേല്‍നിര്‍ദേശപ്രകാരം സജ്ജീകരണങ്ങള്‍ ഒരുക്കണമെന്നും അറിയിപ്പില്‍ പറയുന്നുണ്ട്.

chandrika: