X

നിപാ: മരിച്ച നഴ്‌സ് ലിനിയുടെ കുട്ടികളും ആസ്പത്രിയില്‍

കോഴിക്കോട്: നിപ വൈറസ് ബാധിച്ച് മരിച്ച പേരാമ്പ്ര ആസ്പത്രിയിലെ നഴ്‌സ് ലിനിയുടെ മക്കളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പനിയെ തുടര്‍ന്നാണ് ഇരുവരേയും ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. അതേസമയം, ഇരുവര്‍ക്കും നിപ്പാ വൈറസ് രോഗലക്ഷണമില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

സാധാരണ പനിയാണ് കുട്ടികള്‍ക്കുള്ളത്. തുടര്‍ന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ എത്തിച്ചത്. ഇരുവരുടേയും രക്തസാമ്പിളുകള്‍ പരിശോധനക്കായി അയച്ചിട്ടുണ്ടെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആര്‍.എല്‍. സരിത അറിയിച്ചു.

അതേസമയം, നിപ വൈറസ് നിയന്ത്രണ വിധേയമായെങ്കിലും ഇതു സംബന്ധിച്ച് സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണങ്ങള്‍ക്ക് ഇനിയും അറുതിയായിട്ടില്ല. വൈറസ് ചിക്കനിലൂടെ പടരുമെന്നാണ് ഏറ്റവും ഒടുവിലായി പുറത്തുവന്ന പ്രചാരണം.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ പേരിലാണ് വാട്‌സ്ആപ്പിലൂടെയും മറ്റും സന്ദേശം പ്രചരിക്കുന്നത്. ഇതിനെതിരെ വിശദീകരണവുമായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ രംഗത്തുവന്നിരിക്കുകയാണ്. കോഴികളിലൂടെ നിപ്പ വൈറസ് പടരാന്‍ സാധ്യതയുണ്ടെന്ന കുറിപ്പാണ് കോഴിക്കോട് ഡി.എം.ഒയുടേതെന്ന വ്യാജേന സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. എന്നാല്‍ ഇത് വ്യാജമാണെന്നും ഡി.എം.ഒ അത്തരത്തിലൊരു സന്ദേശം പുറത്തുവിട്ടിട്ടില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

chandrika: