പി ടി ഫിറോസ്
സാമ്പ്രദായികമായ രീതിയിലുള്ള കോഴ്‌സുകളില്‍ നിന്ന് വ്യത്യസ്തമായി രൂപലാവണ്യത്തെക്കുറിച്ച് മനുഷ്യ മനസ്സില്‍ അന്തര്‍ലീനമായിട്ടുള്ള ആഗ്രഹങ്ങള്‍ നിറവേറ്റുക വഴി മികച്ച തൊഴില്‍ സാധ്യതയിലേക്ക് വാതില്‍ തുറക്കുന്ന സവിശേഷമായ കരിയര്‍ മേഖലയാണ് ഡിസൈന്‍. ഫാഷന്‍ ഡിസൈന്‍ എന്നതിനപ്പുറം രൂപകല്പനയുടെ പുത്തന്‍ സാധ്യതകളിലേക്കാണ് ഇതുവഴി സാധ്യതകള്‍ തുറക്കുന്നത്. വിവിധ മേഖലകളിലായി ലോകമെമ്പാടുമുള്ള ധാരാളം അവസരങ്ങളാണ് ഡിസൈന്‍ മേഖലയില്‍ കഴിവ് തെളിയിക്കുന്നവരെ കാത്തിരിക്കുന്നത്.
രൂപകല്പനയുടെ ലോകത്ത് കരിയര്‍ കെട്ടിപ്പടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള ശ്രദ്ധേയമായ സ്ഥാപനമാണ് എന്‍.ഐ.ഡി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡിസൈന്‍. ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളുടെ കൂട്ടത്തില്‍ മികച്ച് നില്‍ക്കുന്ന എന്‍.ഐ.ഡി കേന്ദ്ര വാണിജ്യവ്യവസായ മന്ത്രാലയത്തിന് കീഴില്‍ സ്വയംഭരണ പദവിയോടെയാണ് പ്രവര്‍ത്തിക്കുന്നത്.
ഡിസൈന്‍ പഠനത്തിനും ഗവേഷണത്തിനും ആഗോള പ്രശസ്തി നേടിയ എന്‍.ഐ.ഡിയിലെ ശ്രദ്ധേയമായ ചതുര്‍വര്‍ഷ ബിരുദ കോഴ്‌സാണ് ബി.ഡിസ് എന്നറിയപ്പെടുന്ന ബാച്ചിലര്‍ ഓഫ് ഡിസൈന്‍. അഹമ്മദാബാദിലെ പ്രധാന കാമ്പസിന് പുറമെ ഹരിയാന, മധ്യപ്രദേശ്, ആസാം, ആന്ധപ്രദേശ് എന്നിവിടങ്ങളിലെ ക്യാമ്പസുകളിലും ബി.ഡിസ് കോഴ്‌സ് പഠിക്കാനവസരങ്ങളുണ്ട്. രൂപകല്പനയുടെ അടിസ്ഥാന പാഠങ്ങള്‍ മുതല്‍ വിവിധ മേഖലകളില്‍ വൈദഗ്ധ്യം ആര്‍ജ്ജിക്കാന്‍ വരെ അവസരമൊരുക്കുന്ന ഈ കോഴ്‌സ് ഡിസൈന്‍ അഭിരുചിയും, അപഗ്രഥന ശേഷിയും ഉള്ളവര്‍ക്ക് വലിയ അവസരങ്ങളിലേക്ക് വാതായനമൊരുക്കുന്നതാണ്.
കമ്മ്യൂണിക്കേഷന്‍ ഡിസൈന്‍, ഇന്‍ഡസ്ട്രിയല്‍ ഡിസൈന്‍, ടെക്‌സ്‌റ്റൈല്‍, അപ്പാരല്‍, ലൈഫ് സ്‌റ്റൈല്‍, & അക്‌സെസ്സറി ഡിസൈന്‍ എന്നീ ഫാക്കല്‍റ്റികളുടെ ഭാഗമായി അനിമേഷന്‍ ഫിലിം, എക്‌സിബിഷന്‍, ഫിലിം & വീഡിയോ കമ്യൂണിക്കേഷന്‍, ഗ്രാഫിക് ഡിസൈന്‍, സെറാമിക് & ഗ്ലാസ്, ഫര്‍ണിച്ചര്‍ & ഇന്റീരിയര്‍, പ്രോഡക്ട്, ടെക്‌സ്‌റ്റൈല്‍ ഡിസൈന്‍ എന്നീ ഡിസൈന്‍ കോഴ്‌സുകള്‍ ബിരുദ തലത്തില്‍ പഠിക്കാനവസരമുണ്ട്..
അഹമ്മദാബാദ് ക്യാമ്പസില്‍ കമ്മ്യൂണിക്കേഷന്‍ ഡിസൈന്‍, ഇന്‍ഡസ്ട്രിയല്‍ ഡിസൈന്‍, ടെക്‌സ്‌റ്റൈല്‍, അപ്പാരല്‍, ലൈഫ്‌സ്‌റ്റൈല്‍ ആന്‍ഡ് അക്‌സെസ്സറി ഡിസൈന്‍ എന്നിവയും മറ്റു ക്യാമ്പസുകളില്‍ ഇന്‍ഡസ്ട്രിയല്‍ ഡിസൈന്‍, കമ്യൂണിക്കേഷന്‍ ഡിസൈന്‍, ടെക്‌സ്‌റ്റൈല്‍, അപ്പാരല്‍, ലൈഫ്‌സ്‌റ്റൈല്‍ ആന്‍ഡ് അക്‌സെസ്സറി ഡിസൈന്‍ എന്നിവയും സ്‌പെഷ്യലൈസ് ചെയ്യാം. ബിരുദ കോഴ്‌സിന് അഹമ്മദാബാദില്‍ 125 സീറ്റുകളും മറ്റു ക്യാമ്പസുകളില്‍ 75 സീറ്റുകള്‍ വീതവുമാണുള്ളത്.
ദേശീയ തലത്തില്‍ നടത്തപ്പെടുന്ന പ്രവേശന പരീക്ഷയായ ഡിസൈന്‍ ആപ്റ്റിട്യൂട് ടെസ്റ്റ് (ഡാറ്റ്) വഴിയാണ് അഡ്മിഷന്‍ നടക്കുന്നത്. പ്രിലിംസ്, മെയിന്‍സ് എന്നിങ്ങനെയുള്ള രണ്ട് ഘട്ടങ്ങളിലായാണ് പരീക്ഷ നടക്കുക. ഏതെങ്കിലും വിഷയമെടുത്ത് പ്ലസ്ടു പരീക്ഷ വിജയിച്ചവര്‍ക്കും 2023ല്‍ പരീക്ഷ അഭിമുഖീകരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. പത്ത് കഴിഞ്ഞതിന് ശേഷം 3 വര്‍ഷ ഡിപ്ലോമ കഴിഞ്ഞവരും അപേക്ഷിക്കാന്‍ അര്‍ഹരാണ്. 2003 ജൂലായ് 1 നോ ശേഷമോ ജനിച്ചവരായിരിക്കണം. സംവരണ വിഭാഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവുണ്ടാവും.
പ്രിലിംസ് പരീക്ഷക്ക് തിരുവനന്തപുരം, കൊച്ചി അടക്കം 22 കേന്ദ്രങ്ങളുണ്ട്. പ്രിലിമ്‌സില്‍ യോഗ്യത നേടുന്നവരെയാണ് മെയിന്‍സിലേക്ക് തിരഞ്ഞെടുക്കുന്നത്. മെയിന്‍സ് പരീക്ഷക്ക് സ്റ്റുഡിയോ ടെസ്റ്റ് അടക്കമുള്ള വിവിധ ഫോര്‍മാറ്റുകളുണ്ടാവും. പരീക്ഷാ കേന്ദ്രങ്ങളുടെ വിശദാംശങ്ങള്‍ പിന്നീടറിയിക്കും.
അഹമ്മദാബാദ്, ഗാന്ധിനഗര്‍, ബംഗളൂരു എന്നിവിടങ്ങളിലെ എന്‍.ഐ.ഡി ക്യാമ്പസുകളില്‍ നിലവിലുള്ള കമ്മ്യൂണിക്കേഷന്‍ ഡിസൈന്‍, ഇന്‍ഡസ്ട്രിയല്‍ ഡിസൈന്‍, ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി ഇന്റഗ്രേറ്റഡ് പ്രോഗ്രാം, ഇന്റര്‍ ഡിസിപ്ലിനറി ഡിസൈന്‍ സ്റ്റഡീസ്, ടെക്‌സ്‌റ്റൈല്‍, അപ്പാരല്‍ ആന്‍ഡ് ആക്‌സസ്സറി ഡിസൈന്‍ എന്നീ ഫാക്കല്‍ട്ടികള്‍ക് കീഴിലുള്ള വിവിധ മാസ്റ്റര്‍ ഓഫ് ഡിസൈന്‍ (എം.ഡിസ്) പ്രോഗ്രാമുകളിലെ പ്രവേശനത്തിനും ഇപ്പോള്‍ അപേക്ഷിക്കാം.
പ്ലസ്ടു കഴിഞ്ഞതിന് ശേഷം നാല് വര്‍ഷമെങ്കിലും ദൈര്‍ഘ്യമുള്ള ബിരുദം (2023 മേയിനുള്ളില്‍ പൂര്‍ത്തിയാവുന്നത്), മൂന്ന് വര്‍ഷമെങ്കിലും ദൈര്‍ഘ്യമുള്ള ബിരുദം (2022 ആഗസ്തിനുള്ളില്‍ പൂര്‍ത്തിയായത്), ഡിസൈന്‍/ഫൈന്‍ ആര്‍ട്‌സ്/അപ്ലൈഡ് ആര്‍ട്‌സ്/ആര്‍ക്കിടെക്ച്ചര്‍ എന്നിവയിലേതെങ്കിലും നാല് വര്‍ഷമെങ്കിലും ദൈര്‍ഘ്യമുള്ള ഡിപ്ലോമ (2023 മേയിനുള്ളില്‍ പൂര്‍ത്തിയാവുന്നത്) എന്നീ യോഗ്യതകളുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രിലിംസ്, മെയിന്‍സ് എന്നീ രണ്ട് ഘട്ടങ്ങളിലായുള്ള ഡിസൈന്‍ ആപ്റ്റിട്യൂട് ടെസ്റ്റ് പരീക്ഷ വഴിയാണ് പ്രവേശനം.
ബിരുദ, ബിരുദാനന്തര കോഴ്‌സുകളെക്കുറിച്ച് കൂടുതലറിയാനും അപേക്ഷ സമര്‍പ്പിക്കാനും https://admissions.nid.edu/ എന്ന വെബ്‌സൈറ്റ് പരിശോധിക്കാവുന്നതാണ്. അവസാന തിയതി: ഡിസംബര്‍ 16.