ന്യൂഡല്‍ഹി: രാജ്യത്തെ എന്‍. ജി. ഒകളെ നിയന്ത്രിക്കുന്നതിനായി നിയമനിര്‍മാണം നടത്തുന്നത് പരിഗണിക്കണമെന്ന് സുപ്രീംകോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
ഫണ്ട് വിനിയോഗം സംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കാത്ത സംഘടനകള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ കേന്ദ്രത്തിന് രണ്ടു മാസത്തെ സമയം കോടതി അനുവദിച്ചു.
രാജ്യത്തെ സന്നദ്ധ സംഘടനകള്‍ ഫണ്ട് വിനിയോഗം സംബന്ധിച്ച് സര്‍ക്കാരിന് വിശദീകരണം നല്‍കാത്തത് സംബന്ധിച്ച ഹര്‍ജി പരിഗണിക്കുമ്പോഴാണ് ചീഫ് ജസ്റ്റിസ് ജെ.എസ് കെഹാര്‍ അധ്യക്ഷനായ ബെഞ്ച് നിയമനിര്‍മാണം നടത്തുന്നത് പരിഗണിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. രാജ്യത്ത് നിലവിലുള്ള നിയമങ്ങള്‍ എന്‍.ജി.ഒകളെ നിയന്ത്രിക്കാന്‍ മതിയാവില്ലെന്ന് കോടതി വ്യക്തമാക്കി.
ഇത്തരം സംഘടനകള്‍ക്ക് ഫണ്ട് നല്‍കുന്നതും അവയുടെ വിനിയോഗവും സംബന്ധിച്ച് നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്ന നിയമനിര്‍മാണം നടത്താനാണ് കോടതി നിര്‍ദേശിച്ചത്.
നേരത്തെ ഫണ്ട് വിനിയോഗത്തില്‍ ക്രമക്കേട് കാട്ടിയ വിവിധ എന്‍.ജി.ഒകള്‍ക്കെതിരെ 159 എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഗ്രാമീണ വികസന മന്ത്രാലയത്തിന് കീഴിലുള്ള കപാര്‍ട് എന്ന ഏജന്‍സി നിര്‍ദേശിച്ചിരുന്നു.
ഫണ്ട് വിനിയോഗം സംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കാതിരുന്ന 718 എന്‍.ജി.ഒകളെ കരിമ്പട്ടികയില്‍ പെടുത്തുകയും ചെയ്തു.
എന്നാല്‍ ഇത്തരം സ്ഥാപനങ്ങളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയാല്‍ മാത്രം പോരെന്നും ഇവര്‍ക്കെതിരെ സിവിലും ക്രിമിനലുമായ കേസുകള്‍ എടുക്കണമെന്ന് കോടതി മുന്നറിയിപ്പ് നല്‍കി.