റഹൂഫ് കൂട്ടിലങ്ങാടി
മലപ്പുറം: ഏഴ് മണിക്കൂർ വിമാനം പറത്തിയ 19 കാരി ജുമാനയുടെ വൈറലായ പൈലറ്റ് പരിശീലന വാർത്തക്ക് പിന്നാലെ മലപ്പുറത്ത് നിന്ന് ഇതാ 200 മണിക്കൂറിലധികം വിമാനം പറത്തൽ പൂർത്തിയാക്കി ഇൻ്റർനാഷണൽ കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് കരസ്ഥമാക്കി നാടിന് അഭിമാനമായി മാറിയ മലപ്പുറം ഹാജിയാർ പള്ളി സ്വദേശി മുഹമ്മദ് അഫ്നാൻ.
പൈലറ്റ് പരിശീലനത്തിന് ചേരാൻ പ്ലസ് ടു വിന് സയൻസ് പഠിച്ചിരിക്കണമെന്ന നിബന്ധന പാലിക്കാൻ ഹ്യൂമാനിറ്റീസ് പഠനം കഴിഞ്ഞ് സ്വന്തമായി സയൻസ് പഠിച്ചെടുത്താണ് ഈ മിടുക്കൻ ഉയർന്ന ഈ നേട്ടം കൊയ്തത്. നാലാം വയസ് മുതൽ അഫ്നാൻ്റെ മനസിൽ മൊട്ടിട്ട മോഹമായിരുന്നു പൈലറ്റാവുക എന്നത്. കഠിനമായ പരിശ്രമത്തിലുടെ ഇരുപത്തൊന്നാം വയസിൽ ആഗ്രഹം പൂവണിഞ്ഞ സന്തോഷത്തിലാണ് അഫ്നാൻ .
സാധാരണ കുടുംബത്തിൽ പിറന്ന് പൊതുവിദ്യാലയത്തിൽ പഠിച്ച് ഉന്നതമായ നേട്ടം കൈവരിച്ചതിന് പിന്നിൽ കഠിനാധ്വാനവും മാതാപിതാക്കളുടെ ശക്തമായ പിന്തുണയുമാണ് തുണയായ തെന്ന് അഫ്നാൻ പറയുന്നു.
മലപ്പുറം ഹാജിയാർ പള്ളിയിലെ മൊത്ത വിതരണ കമ്പനിയിലെ സെയിൽമാനായ വടക്കേവീട്ടിൽ അൻവറിൻ്റെയും വീട്ടമ്മയായ സാജിതയുടെയും രണ്ട് മക്കളിൽ മൂത്ത മകനായ അഫ്നാൻ നാലാം ക്ലാസ് വരെ മലപ്പുറം വലിയങ്ങാടി പുതിയ മാളിയേക്കൽ എൽ.പി.സ്കൂളിലും ഏഴാം ക്ലാസ് വരെ പാണക്കാട് എം.യു. എ.യു.പി.എ സിലും മേൽമുറി എം.എം.ഇ.ടി.എച്ച്.എസിൽ ഹൈസ്കൂൾ പഠനവും പൂർത്തിയാക്കി മങ്കട പള്ളിപ്പുറം ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് ഹ്യൂമാനിറ്റീസിൽ ഫുൾ എപ്ലസ് നേടി.
ഹൈസ്കൂൾ പഠനകാലത്ത് ക്രിക്കറ്റ് ഫുട്ബോൾ കളിക്കാരനായിരുന്ന അഫ്നാൻ സ്കൂളിലെ ക്രിക്കറ്റ് ടീമിൻ്റെ ക്വാപ്റ്റനും എൻ.സി.സിയിൽ രാജ്യ പുരസ്ക്കാർ ജേതാവും, ഹയർ സെക്കണ്ടറിയിൽ എൻ.എസ്.എസ് ക്ലാപ്റ്റനുമായിരുന്നു. മലപ്പുറം ബോയ്സ് ഹൈസ്കൂൾ പ്ലസ് ടു വിദ്യാർത്ഥിനിയായ ഹംന ഏക സഹോദരിയാണ്.
കൃത്യമായ ഗൈഡൻസിൻ്റെ കുറവ് കൊണ്ടാകാം പൈലറ്റ് പരിശീലന കോഴ്സിന് സയൻസ് പഠിക്കണമെന്ന് പ്ലസ് ടു പഠനത്തിൻ്റെ പാതി സമയത്താണ് അറിയുന്നത്. തുടർന്നാണ് 2021ൽ കോഴിക്കോട് കാപ്റ്റൻസ് വിൻഡോ അക്കാഡമിയിൽ ബേസിക് പൈലറ്റ് കോഴ്സിന് ചേർന്നത്. ഇതിൻ്റെ കൂടെ തന്നെ നാഷണൽ ഓപ്പൺ സ്കൂൾ വഴി സയൻസ് കൂടി എഴുതിയെടുക്കുകയായിരുന്നു. പ്രാരംഭ പൈലറ്റ് കോഴ്സ് പൂർത്തീകരിച്ച ശേഷം 2023 ജൂലായ് മുതൽ സൗത്ത് ആഫ്രിക്കയിലെ ജോഹന്നാസ് ബർഗിൽ ഇൻവേർഷൻ ഫ്ലൈറ്റ് അക്കാഡമിയിൽ പറക്കൽ പരിശീലനത്തിന് ചേർന്നു.2024 ജൂലായിൽ 200 മണിക്കൂർ വിമാനം പറത്തൽ പരിശീലനം പൂർത്തിയാക്കി ഇന്ത്യയിലെത്തി പഞ്ചാബിലെ പാട്യാല ഇന്ത്യൻ ഏവിയേഷൻ ഫ്ലയിംഗ് ക്ലബിൽ ചേർന്ന് ഇന്ത്യയിലെ ലൈസൻസും നേടി.
ഇപ്പോൾ എയർ ഇന്ത്യയിൽ നിയമനം പ്രതീക്ഷിച്ചിരിക്കുകയാണ് അഫ്നാൻ പുതുവർഷത്തിൽ തൻ്റെ അധ്യാപകരെ കാണാൻ മങ്കട പള്ളിപ്പുറം ഹയർ സെക്കണ്ടറി സ്കൂളിലെത്തിയ അഫ്നാന് സ്കൂൾ കരിയർ ക്ലബിൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. വിദ്യാർത്ഥികളുമായി തൻ്റെ വിജയഗാഥയെ കുറിച്ച് അഫ്നാൻ ഏറെ നേരം സംവദിച്ചു.