Connect with us

india

ആഹ്ളാദത്താല്‍ കണ്ണുനിറച്ച് ആസിം; ഇന്ത്യയിലെത്താമെന്ന് ചേര്‍ത്തു നിര്‍ത്തി ഗാനിം അല്‍മുഫ്ത

ശരീരത്തിന്റെ മേല്‍ഭാഗമില്ലാത്ത സന്നദ്ധപ്രവര്‍ത്തകനും യൂടൂബറുമായ കോഡല്‍ റിഗ്രഷന്‍ സിന്‍ഡ്രോം ബാധിച്ച ഇരുപതുകാരനാണ് ഗാനിം അല്‍മുഫ്ത.

Published

on

അശ്റഫ് തൂണേരി

ഖത്തര്‍ ലോകകപ്പ് ഉദ്ഘാടന വേദിയില്‍ ഹോളിവുഡ് സിനിമാ ഇതിഹാസം മോര്‍ഗാന്‍ ഫ്രീമാനൊപ്പം പ്രത്യക്ഷപ്പെട്ട് ലോക ശ്രദ്ധനേടിയ ഗാനിം അല്‍മുഫ്തയെക്കാണാനവസരം ലഭിച്ച ആഹ്ലാദത്തിലാണ് കോഴിക്കോട് ഓമശ്ശേരിയിലെ മുഹമ്മദ് ആസിം വെളിമണ്ണ. ശരീരത്തിന്റെ മേല്‍ഭാഗമില്ലാത്ത സന്നദ്ധപ്രവര്‍ത്തകനും യൂടൂബറുമായ കോഡല്‍ റിഗ്രഷന്‍ സിന്‍ഡ്രോം ബാധിച്ച ഇരുപതുകാരനാണ് ഗാനിം അല്‍മുഫ്ത.

മുഹമ്മദ് ആസിം എന്ന പതിനേഴുകാരനാകട്ടെ ഇരുകൈകളുമില്ല. തോളെല്ലുകളുടെ ഭാഗത്ത് മജ്ജയും മാംസവുമില്ല. ഇരുകാലുകളുടെ വണ്ണവും നീളവും വ്യത്യാസമുണ്ട്. ചെവിയിലെ ദ്വാരക്കുറവു കാരണം കേള്‍വിശക്തിക്കും കുറവ്. നിവര്‍ന്നു നില്‍ക്കാനാവില്ല. നട്ടെല്ലിന്റെ വളവാണ് കാരണം. ഖത്തറില്‍ ലോകകപ്പ് കാണാന്‍ എത്തിയതാണ് ആസിം. വഖ്റയിലെ ഗാനിമിന്റെ വീട്ടില്‍ ഇരുവരും ഇന്നലെ കണ്ടു. ഖത്തര്‍ ലോകകപ്പിലെ ഗാനിമിന്റെ സാന്നിധ്യം തനിക്കുണ്ടാക്കിയ സന്തോഷം പറഞ്ഞറിയിക്കാനാവില്ലെന്നും നിശ്ചയദാര്‍ഢ്യമുള്ളവര്‍ക്ക് വലിയൊരു ഉത്തേജനമാണിതുണ്ടാക്കിയതെന്നും ആസിം ആഹ്ലാദത്താല്‍ കണ്ണുനിറഞ്ഞ് വ്യക്തമാക്കി. ഖുര്‍ആന്‍ മന:പ്പാഠമുള്ള ആസിം വിശുദ്ധഖുര്‍ആനിലെ ഏതാനും വരികള്‍ ഗാനിമിനെ ചൊല്ലിക്കേള്‍പ്പിച്ചു. ഹൃദയപൂര്‍വ്വം ഇന്ത്യയിലേക്ക് ക്ഷണിച്ചു. വരാമെന്ന്് ഏറ്റതായി ആസിം വ്യക്തമാക്കി. ഗാനിം അല്‍മുഫ്തയെ നേരില്‍ക്കണ്ടെങ്കില്‍ എന്ന മോഹം പലരോടും പ്രകടിപ്പിച്ചു. ലോകകപ്പ് അംബാസിഡറെന്ന നിലയില്‍ ഏറെത്തിരക്കുള്ളയാണല്ലോ. ചില ചികിത്സാ കാരണങ്ങളാലും കാണാനാവില്ലെന്നായിരുന്നു അറിയാനായത്. ഒരിക്കലും പ്രതീക്ഷിച്ചില്ല.

മലയാളിയായ പണ്ഡിതന്‍ അനസ് കൗസരിയുമായി ഗാനിമിന്റെ പിതാവ് മുഹമ്മദ് അഹമ്മദ് അലി അല്‍മുഫ്തയ്ക്ക് ബന്ധമുള്ളതിനാല്‍ അദ്ദേഹം മുഖേനയാണ് ഇത്തരമൊരു കൂടിക്കാഴ്ചക്ക് പെട്ടെന്ന് അവസരമൊരുങ്ങിയതെന്ന് പിതാവ് മുഹമ്മദ് സഈദ് ചന്ദ്രികയോട് പറഞ്ഞു. തന്നെ പോലെയുള്ള ഭിന്നശേഷിക്കാരോട് ഖത്തര്‍ സര്‍ക്കാറും അമീര്‍ ശൈഖ് തമീമും കാണിക്കുന്ന കരുതലിനെക്കുറിച്ച് ആസിമിന് പറയാന്‍ ഏറെയുണ്ട്. എല്ലാവരെയും തുല്യരായി കാണാനുള്ള സര്‍ക്കാര്‍ നടപടി ലോകത്തിന് തന്നെ പ്രതീക്ഷ നല്‍കുന്നതാണെന്നും മുഹമ്മദ് ഗാനിം തന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റി ചോദിച്ചറിഞ്ഞുവെന്നും ആസിം പറഞ്ഞു. നിശ്ചയദാര്‍ഢ്യമുള്ള ഞങ്ങള്‍ക്കും ഇടമുണ്ടെന്ന് ഖത്തര്‍ അമീര്‍ ശൈഖ് തമീം ലോകരാജ്യങ്ങള്‍ക്ക് കാണിച്ചുകൊടുത്തത് ഗാനിം അല്‍മുഫ്തയിലൂടെയാണെന്നും ആസിം വിശദീകരിച്ചു.

ശാരീരികമായ വെല്ലുവിളികള്‍ക്കപ്പുറത്ത് ഊര്‍ജ്ജസ്വലതയോടെ മുന്നേറുന്ന രണ്ടു പ്രചോദനാത്മക ചെറുപ്പമാണ് ഇരുവരുടേതും. നീന്തല്‍ കൈമുതലായുള്ള ഗാനിം അല്‍മുഫ്ത സ്‌കൂബ ഡൈവിംഗ്, സ്‌കേറ്റ് ബോര്‍ഡിംഗ്, റോക്ക് ക്ലൈബ്ലിംഗ് തുടങ്ങിയ കായിക വിനോദങ്ങളില്‍ കഴിവു തെളിയിച്ചിട്ടുണ്ട്. കവിതകള്‍ എഴുതുന്നു. പെരിയാര്‍ നദിയിലെ 800 മീറ്റര്‍ ദൂരം 61 മിനിറ്റുകൊണ്ട് നീന്തിത്തീര്‍ത്തതിന്റെ ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡുണ്ട് ആസിമിന്. 2021ലെ ഇന്റര്‍നാഷണല്‍ ചില്‍ഡ്രന്‍സ് പീസിലെ ഫൈനലിസ്റ്റായതാണ് നേട്ടത്തില്‍ ഏറ്റവും ഒടുവില്‍ രേഖപ്പെടുത്തപ്പെട്ടത്. 39 രാജ്യങ്ങളില്‍നിന്നുള്ള 169 പ്രതിനിധികളില്‍ നിന്നാണ് ഇത് സ്വന്തമാക്കിയത്.

2017ലെ സംസ്ഥാന സര്‍ക്കാറിന്റെ ഉജ്ജ്വലബാല്യം അവാര്‍ഡ്, തൊട്ടടുത്ത വര്‍ഷം എ.പി.ജെ അബ്ദുല്‍ കലാം ഫൗണ്ടേഷന്‍ ഇന്‍സ്പൈയറിംഗ് പുരസ്‌കാരം എന്നിവയും നേടി. കണ്ണൂര്‍ സ്വദേശിയായ വ്യവസായി വി മുഹമ്മദ് മുഖ്താറാണ് ആസിമിനും പിതാവിനും ഖത്തറിലേക്ക് ഹയ്യയും വിമാനടിക്കറ്റും താമസവുമെല്ലാം ഏര്‍പ്പാടാക്കിയത്.

 

india

പഞ്ചാബിൽ ആം ആദ്മി പാർട്ടി എംഎൽഎ വെടിയേറ്റു മരിച്ചു

മരണകാരണം വ്യക്തമല്ല മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു.

Published

on

പഞ്ചാബിൽ ആം ആദ്മി പാർട്ടി എംഎൽഎ വെടിയേറ്റ് മരിച്ച നിലയിൽ.ലുധിയാന വെസ്റ്റ് മണ്ഡലം എംഎൽഎ ഗുർപ്രീത് ഗോഗി ബസ്സി ഗോഗിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു.

വെള്ളിയാഴ്ച രാത്രിയാണ് സംഭവം. 58 കാരനായ ഗോഗിയെ രാത്രി 12 മണിയോടെ ദയാനന്ദ് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചിരുന്നുവെങ്കിലും മരിച്ചു. എഎപി ജില്ലാ പ്രസിഡൻ്റ് ശരൺപാൽ സിംഗ് മക്കറും പൊലീസ് കമ്മീഷണർ കുൽദീപ് സിംഗ് ചാഹലും മരണം സ്ഥിരീകരിച്ചു.

ബസ്സി ആത്മഹത്യ ചെയ്തതാണോ അബദ്ധത്തിൽ വെടിയേറ്റ് മരിച്ചതാണോ എന്ന് പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വ്യക്തമാകുമെന്ന് കമ്മീഷണര്‍ പറഞ്ഞു.

2022ലാണ് ഗോഗി എഎപിയിൽ ചേർന്നത്. ലുധിയാന (വെസ്റ്റ്) നിയമസഭാ മണ്ഡലത്തിൽ നിന്ന് മത്സരിച്ച ഗോഗി രണ്ട് തവണ എംഎൽഎയായ ഭരത് ഭൂഷൺ ആഷുവിനെ പരാജയപ്പെടുത്തിയിരുന്നു. അദ്ദേഹത്തിൻ്റെ ഭാര്യ സുഖ്‌ചെയിൻ കൗർ ഗോഗിയും മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും കോൺഗ്രസ് സ്ഥാനാർത്ഥി ഇന്ദർജിത് സിംഗ് ഇൻഡിയോട് പരാജയപ്പെട്ടു.

Continue Reading

india

കാലിക്കറ്റ് വഴി ഹജ്ജ്; ഉയര്‍ന്ന വിമാനക്കൂലി ഈടാക്കുന്നത് തടയണം

കേന്ദ്ര മന്ത്രിക്ക് കത്ത് നല്‍കി ഇ ടി മുഹമ്മദ് ബഷീര്‍ എംപി

Published

on

കോഴിക്കോട് വിമാനത്താവളം വഴി ഈ വർഷത്തെ ഹജ്ജിന് സംസ്ഥാന സർക്കാർ മുഖേന യാത്ര പുറപ്പെടുന്ന ഹാജിമാരിൽ നിന്ന് ഉയർന്ന വിമാനക്കൂലി ഈടാക്കാനുള്ള എയർ ഇന്ത്യയുടെ നീക്കം തടയണമെന്ന് ഇ.ടി മുഹമ്മദ് ബഷീർ എംപി ആവശ്യപ്പെട്ടു. ഹജ്ജ് ചുമതലയുള്ള കേന്ദ്ര ന്യൂനപക്ഷ, പാർലമെൻ്ററി വകുപ്പ് മന്ത്രി കിരൺ റിജിജുവിനെ നേരിൽ കണ്ടാണ് കരിപ്പൂർ അന്താരാഷ്ട്ര വിമാനതാവളത്തിൻ്റെ അഡ്വൈസറി കമ്മിറ്റി ചെയർമാൻ കൂടിയായ ഇ.ടി മുഹമ്മദ് ബഷീർ എംപി ഇക്കാര്യം ആവശ്യപ്പെട്ടത്.

എയർ ഇന്ത്യ തന്നെ സർവീസ് നടത്തുന്ന കണ്ണൂരിൽ 87,000 രൂപയും, സൗദിയ സർവീസ് നടത്തുന്ന കൊച്ചിയിൽ 86,000 രൂപയും ഈടാക്കുമ്പോഴാണ് കരിപ്പൂരിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് 1,25,000 രൂപ വിമാനക്കൂലിയായി ഈടാക്കാൻ ശ്രമിക്കുന്നത്. ഈ വിവേചനത്തിനെതിരെ അടിയന്തര നടപടി വേണമെന്നും സംസ്ഥാനത്തെ മൂന്ന് എംബാർക്കേഷൻ പോയിൻ്റുകളിലും നിരക്ക് ഏകീകരിക്കണമെന്നും എംപി ആവശ്യപ്പെട്ടു. ഹാജിമാരോട് നീതിയുക്തമായി ഇടപെടാൻ അടിയന്തര നിർദ്ദേശം നൽകേണ്ടതുണ്ടെന്നും ആവശ്യപ്പെട്ടു. വിഷയത്തിൽ ഇടപെടുമെന്ന് മന്ത്രി ഉറപ്പ് നൽകി. ബന്ധപ്പെട്ടവരുമായി സംസാരിച്ച് തീരുമാനത്തിലെത്താൻ കഴിയുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. വിമാന കമ്പനി അധികൃതർ, കേന്ദ്ര ഹജ്ജ് കമ്മിറ്റി എന്നിവരുമായി സംസാരിച്ച് ഉചിതമായ തീരുമാനം എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

 

Continue Reading

india

അലിഗഡ് മുസ്‌ലിം യൂനിവേഴ്‌സിറ്റി തകര്‍ക്കുമെന്ന് ഈമെയിലിലൂടെ ഭീഷണി; സുരക്ഷാ സജ്ജീകരണങ്ങള്‍ വര്‍ധിപ്പിച്ചു

കാമ്പസിലെ സുരക്ഷാ സജ്ജീകരണങ്ങള്‍ വര്‍ധിപ്പിച്ചതായി പൊലീസ് അറിയിച്ചു.

Published

on

യുപിയിലെ അലിഗഡ് മുസ്‌ലിം യൂനിവേഴ്‌സിറ്റി തകര്‍ക്കുമെന്ന് ഈമെയിലിലൂടെ ഭീഷണി. കഴിഞ്ഞദിവസമാണ് അജ്ഞാത സന്ദേശം ലഭിച്ചത്. തുടര്‍ന്ന് കാമ്പസിലെ സുരക്ഷാ സജ്ജീകരണങ്ങള്‍ വര്‍ധിപ്പിച്ചതായി പൊലീസ് അറിയിച്ചു.

വൈസ് ചാന്‍സലര്‍ ഉള്‍പ്പെടെയുള്ള എല്ലാ ഉന്നത സര്‍വകലാശാലാ ഉദ്യോഗസ്ഥര്‍ക്കും സുരക്ഷ വര്‍ധിപ്പിച്ചതായി സിറ്റി പൊലീസ് സൂപ്രണ്ട് മൃഗാങ്ക് ശേഖര്‍ പഥക് അറിയിച്ചു. കാമ്പസിലും പരിസരത്തുള്ള പ്രദേശങ്ങളിലും പരിശോധന ശക്തമാക്കി.

ഭീഷണി സന്ദേശം അയച്ചത് ആരാണെന്ന് കണ്ടെത്താനുള്ള ശ്രമം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു. കാമ്പസിനുള്ളിലെ പ്രധാന സ്ഥലങ്ങളില്‍ പൊലീസ് ഡോഗ് സ്‌ക്വാഡുള്‍പ്പെടെ പരിശോധന നടത്തുന്നുണ്ട്.

വ്യാഴാഴ്ച വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബോംബ് ഭീഷണി ലഭിച്ചിരുന്നു. കഴിഞ്ഞ മാസം ഉത്തര്‍പ്രദേശിലെ വിമാനത്താവളങ്ങളില്‍ ഉള്‍പ്പെടെ സ്‌ഫോടന ഭീഷണിയുണ്ടായിരുന്നു.

 

Continue Reading

Trending