ഇസ്രാഈലില്‍ താമസിക്കുന്നതിനേക്കാള്‍ സുരക്ഷിതം മറ്റുരാജ്യങ്ങളിലാണെന്ന് പ്രവാസികളായ 60 ശതമാനം ഇസ്രാഈലികളും അഭിപ്രായപ്പെട്ടതായി സര്‍വേ. വിദേശത്തുള്ള ഇസ്രായേലികളില്‍ വേള്‍ഡ് സയണിസ്റ്റ് ഓര്‍ഗനൈസേഷന്‍ ഒക്ടോബറില്‍ നടത്തിയ സര്‍വേയിലാണ് ഇക്കാര്യം അഭിപ്രായപ്പെട്ടത്. 20 പ്രവാസികളും ഇസ്രാഈലിലേക്ക് മടങ്ങുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇസ്രാഈലിലെ സുരക്ഷാ സാഹചര്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ 40% പേര്‍ മാത്രമാണ് രാജ്യം ജീവിക്കാന്‍ സുരക്ഷിതമാണെന്ന് അഭിപ്രായപ്പെട്ടത്.
കൂടാതെ, പ്രവാസികളില്‍ 20% പേര്‍ മാത്രമാണ് തങ്ങളുമായി ഇടപഴകുന്നവരില്‍നിന്ന് പോസിറ്റീവ് മനോഭാവം ലഭിക്കുന്നതായി അഭിപ്രായപ്പെട്ടത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 50% കുറവാണിത്. ഇസ്രാഈലികളാണെന്ന് തങ്ങളുടെ അടുത്ത പരിചയക്കാരല്ലാത്തവരോട് വെളിപ്പെടുത്തുന്നത് സുരക്ഷിതമല്ലെന്നും പ്രതികരിച്ചവരില്‍ പകുതി പേരും അഭിപ്രായപ്പെട്ടു.
അതേസമയം, ഒക്ടോബര്‍ ഏഴിന് ശേഷം പ്രാദേശിക ജൂത സമൂഹങ്ങളുമായുള്ള ബന്ധം വര്‍ധിച്ചതായി പ്രവാസികളില്‍ പകുതി പേര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ബാക്കിയുള്ളവര്‍ ഇത് നിഷേധിച്ചു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 10% വര്‍ധനവാണ് ഇതില്‍ ഉണ്ടായത്.
സര്‍വേയോട് പ്രതികരിച്ച ഇസ്രാഈലികള്‍ ഒക്ടോബര്‍ ഏഴിന് ശേഷമുള്ള പുതിയ സാഹചര്യങ്ങളോട് ഭയവും ഉത്കണ്ഠയും പ്രകടിപ്പിച്ചതായി വേള്‍ഡ് സയണിസ്റ്റ് ഓര്‍ഗനൈസേഷന്‍ പ്രവാസി കാര്യ വിഭാഗം മേധാവി ഗുസ്തി യെഹോഷ്വാ ബ്രാവര്‍മാന്‍ പറഞ്ഞു. രാജ്യത്ത് കഴിയുന്നവരെ പോലെ തന്നെ വിദേശത്ത് താമസിക്കുന്ന ഇസ്രാഈലികള്‍ക്കിടയിലും ഭാവിയെക്കുറിച്ചുള്ള ആശങ്കയാണ് പൊതുവികാരമെന്നും അവര്‍ ചൂണ്ടിക്കാട്ടി.
‘ഇസ്രാഈലിന്റെ ഭാവിയെ കുറിച്ച് ആഴത്തില്‍ ചിന്തിക്കുകയും ഉത്കണ്ഠാകുലരാകുകയും ചെയ്യുന്ന ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആളുകളെ ഇസ്രാഈല്‍ ജനത പരിഗണിക്കണം. വിദേശത്തുള്ള ഇസ്രായേലികളുമായി സഹകരണം മെച്ചപ്പെടുത്താന്‍ തുടര്‍ച്ചയായി ബന്ധം പുലര്‍ത്തണം. ഇസ്രായേല്‍ അവരുടെ യഥാര്‍ത്ഥ ഭവനമാണെന്ന് എല്ലാവരും മനസ്സിലാക്കുന്നു’ -ബ്രാവര്‍മാന്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞമാസം ഇസ്രാഈല്‍ സര്‍ക്കാറിന്റെ ഡയസ്പോറ അഫയേഴ്സ് ആന്‍ഡ് കോംബാറ്റിങ് ആന്റിസെമിറ്റിസം മന്ത്രാലയം പ്രവാസി ജൂത കൗമാരക്കാര്‍ക്കിടയില്‍ നടത്തിയ സര്‍വേയില്‍ അവര്‍ക്ക് ഇസ്രാഈലിനോടുള്ള എതിര്‍പ്പ് വര്‍ധിച്ചുവരുന്നതായി കണ്ടെത്തിയിരുന്നു. പുതുതലമുറ ജൂതമത വിശ്വാസികളില്‍ നിരവധി പേര്‍ ഗസ്സയിലെ കൂട്ടക്കൊലയെ വിമര്‍ശിച്ചും ഹമാസിനോട് അനുഭാവം പ്രകടിപ്പിച്ചും സര്‍വേയില്‍ പ്രതികരിച്ചിരുന്നു.
മൊസൈക് യുണൈറ്റഡുമായി ചേര്‍ന്ന് വിവിധ രാജ്യങ്ങളിലെ ജൂത കൗമാരക്കാര്‍ക്കിടയില്‍ നടത്തിയ സര്‍വേയിലാണ് ഇക്കാര്യം കണ്ടെത്തിയത്. മറ്റ് രാജ്യങ്ങളിലെ സമപ്രായക്കാരെ അപേക്ഷിച്ച് അമേരിക്കയിലെ ജൂത കൗമാരക്കാര്‍ ഇസ്രാഈലിനെക്കുറിച്ച് വിമര്‍ശനാത്മക വീക്ഷണങ്ങള്‍ പുലര്‍ത്തുന്നുവെന്നും ഹമാസിനോട് അനുഭാവം പ്രകടിപ്പിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തുന്നു.
സര്‍വേ ഫലം അനുസരിച്ച്, അമേരിക്കന്‍ ജൂത കൗമാരക്കാരില്‍ 37 ശതമാനം പേര്‍ ഹമാസിനോട് അനുഭാവം പ്രകടിപ്പിക്കുന്നതായി ഇസ്രാഈല്‍ മാധ്യമമായ ‘ജറൂസലം പോസ്റ്റ്’ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ തന്നെ 14 വയസ്സുള്ളവരില്‍ 60% പേരും ഹമാസിനോട് അനുഭാവം പ്രകടിപ്പിക്കുന്നുണ്ട്. അതേസമയം, ആഗോളതലത്തില്‍ 7 ശതമാനം ജൂത കൗമാരക്കാരാണ് ഹമാസിനോട് അനുഭാവം പുലര്‍ത്തുന്നത്.
ഇസ്രാഈല്‍ ഗസ്സയില്‍ വംശഹത്യ നടത്തുകയാണെന്ന് 42% യുഎസ് ജൂത കൗമാരക്കാരും വിശ്വസിക്കുന്നതായി സര്‍വേയില്‍ കണ്ടെത്തി. ഒമ്പത് ശതമാനം ജൂത കുട്ടികളാണ് അന്താരാഷ്ട്ര തലത്തില്‍ ഇക്കാര്യം അംഗീകരിക്കുന്നത്. വ്യത്യസ്ത സാംസ്‌കാരിക, സാമൂഹിക, വിദ്യാഭ്യാസ സാഹചര്യങ്ങളാല്‍ സ്വാധീനിക്കപ്പെട്ടതാണ് അമേരിക്കന്‍ ജൂത കൗമാരക്കാര്‍ക്കിടയില്‍ ഇസ്രാഈലിനോടുള്ള എതിര്‍പ്പ് ഉയരാന്‍ കാരണമെന്നും ഇത് ‘ആശങ്കാജനകമാണെന്നും’ റിപ്പോര്‍ട്ടില്‍ പറയുന്നു.
ശക്തമായ ജൂതമത വിദ്യാഭ്യാസ പശ്ചാത്തലമുള്ളവരില്‍ പോലും 6% പേര്‍ ഹമാസിനോട് അനുഭാവം പുലര്‍ത്തുന്നുണ്ട്. അതേസമയം ജൂതമതക്യാമ്പുകളിലോ ഡേ സ്‌കൂളുകളിലോ സപ്ലിമെന്ററി സ്‌കൂളുകളിലോ പങ്കെടുക്കുന്നവരും ഇസ്രാഈലികളുമായി വ്യക്തിപരമായി ഇടപഴകുന്നവരും ആയ വിദേശരാജ്യങ്ങളിലെ ജൂതകൗമാരക്കാര്‍ക്കിടയില്‍ ഇസ്രാഈല്‍ വിരുദ്ധ വീക്ഷണങ്ങള്‍ പുലര്‍ത്താനുള്ള സാധ്യത താരതമ്യേന കുറവാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യഹൂദരുടെ വിദ്യാഭ്യാസ ഇടപെടലും ഇസ്രാഈലിനോടുള്ള മനോഭാവവും തമ്മില്‍ ബന്ധമുണ്ടെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു. യു.എസിലെ ജൂതകുട്ടികള്‍ക്കിടയില്‍ കാര്യമായ ശ്രദ്ധ ചെലുത്തണമെന്ന് ഇസ്രാഈല്‍ പ്രവാസികാര്യ മന്ത്രി അമിച്ചൈ ചിക്ലി ആഹ്വാനം ചെയ്തിരുന്നു.