45,000 രൂപയുടെ നാശനഷ്‌ടം നിലമ്പൂർ ചുങ്കത്തറ കൈപ്പിനി അമ്പല പൊയിലില്‍ കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ വെള്ളാപ്പള്ളില്‍ സന്തോഷ് കുമാറിന്റെ കൃഷിയിടത്തിലെ 80ലേറെ കുലച്ച നേന്ത്രവാഴകളും, ഒരു വര്‍ഷം പ്രായമുള്ള 30 റബര്‍തൈകളുമാണ് നശിപ്പിച്ചത്.
15 ദിവസം കഴിഞ്ഞാല്‍ വെട്ടി വില്‍ക്കാന്‍ പാകമായ നേന്ത്രവാഴ കുലകളാണ് കാട്ടാന നശിപ്പിച്ചത്. 45,000 രൂപയോളം നഷ്‌ടമാണ് കണക്കാക്കുന്നത്. 60 വര്‍ഷത്തിലേറെയായി ജനങ്ങള്‍ താമസിക്കുന്ന ഇവിടെ കാട്ടാനകള്‍ ഇറങ്ങാന്‍ തുടങ്ങിയിട്ട് ഒന്നര മാസമേ ആയിട്ടുള്ളു.
വള്ളുവശ്ശേരി വനമേഖലയില്‍ നിന്നും ചാലിയാര്‍ പുഴ കടന്നാണ് കാട്ടാനകള്‍ കൃഷിയിടങ്ങളിലേക്ക് എത്തുന്നത്. റബര്‍ തൈകള്‍, നെല്‍കൃഷി തെങ്ങ്, കമുക്, നേന്ത്ര വാഴകള്‍ എന്നിവയാണ് വ്യാപകമായി നശിപ്പിക്കുന്നത്, കാഞ്ഞിരപുഴ വനം സ്റ്റേഷനിലെ വനപാലകര്‍ കൃഷിയിടത്തിലെത്തി കൃഷി നാശം വിലയിരുത്തി.