ഇന്നാണ് ആ ദിവസം. യൂറോപ്പിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ ക്ലബിനെ കണ്ടെത്തുന്ന യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍. പോര്‍ച്ചുഗീസ് നഗരത്തില്‍ ആ വലിയ കിരീടത്തിനായി മാറ്റുരക്കുന്നത് രണ്ട് പ്രീമിയര്‍ ലീഗ് ക്ലബുകള്‍. പെപ് ഗുര്‍ഡിയോള എന്ന സ്പാനിഷ് പരിശീലകന് കീഴില്‍ ഇത്തവണ പ്രീമിയര്‍ ലീഗ് സ്വന്തമാക്കിയ മാഞ്ചസ്റ്റര്‍ സിറ്റിയും തോമസ് തുഷേല്‍ എന്ന ജര്‍മന്‍കാരന് കീഴില്‍ കളിക്കുന്ന പ്രീമിയര്‍ ലീഗിലെ നാലാം സ്ഥാനക്കാരായ ചെല്‍സിയും. ദ്വിപാദ സെമി ഫൈനലില്‍ അതിശക്തരായ പി.എസ്.ജിയെ മറികടന്നാണ് മാര്‍ക്കിഞ്ഞസ് നയിക്കുന്ന സിറ്റി അവസാന പോരാട്ടത്തിന് യോഗ്യത നേടിയതെങ്കില്‍ ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ ഏറ്റവുമധികം തവണ കിരീടം സ്വന്തമാക്കിയ സൈനുദ്ദീന്‍ സിദാന്‍ പരിശീലിപ്പിച്ച റയല്‍ മാഡ്രിഡിനെ തകര്‍ത്താണ് ചെല്‍സി പോര്‍ട്ടോയിലെത്തിയത്. തുര്‍ക്കി നഗരമായ ഇസ്താംബൂളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഫൈനല്‍ കോവിഡ് സാഹചര്യത്തില്‍ പോര്‍ട്ടോയിലേക്ക് മാറ്റുകയായിരുന്നു. ഇന്ത്യന്‍ സമയം രാത്രി 12-30 നാണ് കളി ആരംഭിക്കുന്നത്. സോണി ടെന്‍ രണ്ടില്‍ തല്‍സമയം. കാണികള്‍ക്ക് നിയന്ത്രണമുണ്ട്. 12,000 പേര്‍ക്കാണ് ടിക്കറ്റ്. സിറ്റിയുടെ ആരാധകര്‍ ഇന്ന് കൂടുതലായി സ്‌റ്റേഡിയത്തിലുണ്ടാവും. അവര്‍ക്ക് അനുവദിച്ച ടിക്കറ്റെല്ലാം വിറ്റഴിഞ്ഞിട്ടുണ്ട്. ടിക്കറ്റ് ലഭിച്ചവര്‍ക്കെല്ലാം ക്ലബ് ഉടമ ഷെയ്ക്ക് മന്‍സൂര്‍ സൗജന്യ വിമാന ടിക്കറ്റ് നല്‍കിയപ്പോള്‍ ചെല്‍സിക്കായി മാറ്റിവെച്ച 2000 ടിക്കറ്റില്‍ 500 ടിക്കറ്റുകള്‍ അവര്‍ യുവേഫക്ക് തിരികെ നല്‍കി. പ്രതികൂല സാഹചര്യത്തില്‍ യാത്രക്ക് ചെല്‍സി ഫാന്‍സ് മടിച്ചതാണ് കാരണം. ഈ ടിക്കറ്റുകള്‍ സംഘാടകര്‍ പ്രാദേശികമായി വിതരണം ചെയ്തിട്ടുണ്ട്. സമീപകാല പ്രകടനത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കാണ് വ്യക്തമായ മുന്‍ത്തൂക്കം. പക്ഷേ പ്രീമിയര്‍ ലീഗിലും എഫ്.എ കപ്പിലുമെല്ലാം ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ ചെല്‍സിക്കായിരുന്നു വിജയം. രണ്ട് ഇംഗ്ലീഷ് സംഘങ്ങള്‍ ഏറ്റുമുട്ടുമ്പോള്‍ അതിന്റെ വലിയ സവിശേഷത തന്ത്രശാലികളായ പരിശീലകര്‍ തന്നെ. യൂറോപ്പിലെ നമ്പര്‍ വണ്‍ പരിശീലകനാണ് പെപ് ഗൂര്‍ഡിയോള. ബാര്‍സിലോണ ഉള്‍പ്പെടെ വലിയ ക്ലബുകളുടെ അമരത്ത് ഇരുന്ന വ്യക്തി. സിറ്റിയിലെത്തിയ ശേഷം അവര്‍ക്ക് പ്രീമിയര്‍ ലീഗ് ഉള്‍പ്പെടെ പല കിരീടങ്ങളും സമ്മാനിച്ചു. പോയ സീസണില്‍ ലിവര്‍പൂളിന് പ്രീമിയര്‍ ലീഗ് കിരീടം അടിയറ വെച്ചെങ്കില്‍ ഈ സീസണില്‍ അത് തിരികെ പിടിച്ചു. യുവ സംഘമാണ് പെപിന്റെ കരുത്ത്. മധ്യനിര കേന്ദ്രീകരിച്ചാണ് കളി. വേഗക്കാരായ മുന്‍നിരക്കാരുടെ മികവില്‍ ഗോള്‍ വേട്ട നടത്തിയിട്ടുണ്ട് പലപ്പോഴും. തോമസ് തുഷേല്‍ പ്രത്യാക്രമണ കരുത്തനാണ്. പി.എസ്.ജിയില്‍ നിന്നും ഈ സീസണിലാണ് അദ്ദേഹം ചെല്‍സിയിലെത്തിയത്. ഫ്രാങ്ക് ലംപാര്‍ഡിന് കീഴില്‍ ടീം തളര്‍ന്നപ്പോള്‍ തുഷേല്‍ വന്നതോടെ കാര്യങ്ങള്‍ മാറിയതിന് തെളിവാണ് ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍. പക്ഷേ അസ്ഥിരത പ്രശ്‌നമാണ്. വലിയ താരങ്ങളില്ല. പക്ഷേ അതിവേഗ പ്രത്യാക്രമണത്തില്‍ ഗോളുകള്‍ സ്‌ക്കോര്‍ ചെയ്യും. റയല്‍ മാഡ്രിഡിനെ വീഴ്ത്തിയത് തന്നെ വലിയ ആത്മവിശ്വാസം.
സിറ്റി
അതിസുന്ദരമാണ് സിറ്റിക്കാരുടെ കേളി ശൈലി. ഗോള്‍ക്കീപ്പര്‍ ഒഴികെ എല്ലാവരും പാസ് ഗെയിമിന്റെ അടിസ്ഥാന വക്താക്കള്‍. ഒരു മല്‍സരത്തില്‍ ശരാശരി ആയിരത്തിലധികം പാസുകള്‍ കൈമാറുന്ന പതിവ്. മധ്യനിരയാണ് ശക്തി കേന്ദ്രം. കെവിന്‍ ഡി ബ്രുയന്‍ എന്ന ലോകത്തിലെ നമ്പര്‍ വണ്‍ മധ്യനിരക്കാരനാണ് ഊര്‍ജ്ജം. ഇംഗ്ലീഷ് ഫുട്‌ബോളിലെ നാളെയുടെ മധ്യനിരക്കാരനായി വിശേഷിപ്പിക്കപ്പെടുന്ന ഫില്‍ ഫോദാന്‍, ലികേ ഗുന്‍ഡഗോന്‍ എന്നിവര്‍ക്കൊപ്പ നായകൻ ഫെർണാണ്ടിഞ്ഞോയും ചേരുന്ന മധ്യനിര ഭാവനാസമ്പന്നമാണ്. ഇവര്‍ നല്‍കുന്ന പന്ത് ഉപയോഗപ്പെടുത്താനുള്ളവരുടെ പട്ടിക നോക്കിയാല്‍ പ്രതിയോഗികള്‍ ഞെട്ടും. റിയാദ് മെഹ്‌റസ് എന്ന അള്‍ജീരിയക്കാരന്‍, റഹീം സ്‌റ്റെര്‍ലിങ് എന്ന ഇംഗ്ലീഷുകാരന്‍, ഗബ്രിയേല്‍ ജീസസ് എന്ന ബ്രസീലുകാരന്‍, ഫെറാന്‍ ടോറസ് എന്ന സ്പാനിഷുകാരന്‍. പിന്നെ അവസാന മല്‍സരത്തിന് ഇറങ്ങുമെന്ന് കരുതപ്പെടുന്ന അര്‍ജന്റീനക്കാരന്‍ സെര്‍ജി അഗ്യൂറോ. ഗോള്‍ വലയത്തില്‍ എഡേഴ്‌സണ്‍. പിന്‍നിരയില്‍ എറിക് ഗാര്‍സിയ, ബെഞ്ചമിന്‍ മെന്‍ഡി, കൈല്‍ വാല്‍ക്കര്‍, റൂബന്‍ ഡയസ് തുടങ്ങിയവര്‍. ഗോള്‍ വേട്ടയാണ് ടീമിന്റെ മുഖമുദ്ര. ഇത്തവണ പ്രീമിയര്‍ ലീഗിലെ 38 മല്‍സരങ്ങളില്‍ നിന്നായി സ്‌ക്കോര്‍ ചെയ്തത് 83 ഗോളുകള്‍. ടീമിന്റെ ദൗര്‍ബല്യം പ്രതിയോഗികളുടെ പ്രത്യാക്രമണത്തില്‍ തളരുന്നു എന്നതാണ്. തുടക്കത്തില്‍ ഗോളുകള്‍ വീണാല്‍ താരങ്ങളുടെ ശരീരഭാഷ നെഗറ്റീവായി മാറും. പക്ഷേ പി.എസ്.ജിക്കെതിരയ സെമി ആദ്യ പാദത്തില്‍ പിറകില്‍ നിന്നാണ് ടീം തിരിച്ചുവന്നതെന്ന് കോച്ച് പെപ്.
ചെല്‍സി
കൗണ്ടര്‍ അറ്റാക് എന്നതാണ് നിലവില്‍ തോമസ് തുഷേലിന്റെ കരുത്ത്. അതിന് പ്രാപ്തരായ നിരവധി യുവ മധ്യനിരക്കാര്‍ അദ്ദേഹത്തിന്റെ കൈവശമുണ്ട്. റയല്‍ മാഡ്രിഡിനെ പോലെ വമ്പന്മാരെ ദ്വിപാദ സെമിയില്‍ തോല്‍പ്പിച്ചത് ഈ തന്ത്രത്തിലാണ്. ആധികാരികതയിലും ആത്മവിശ്വാസത്തിലും ടീം പിറകിലാണ് എന്ന് വിമര്‍ശകര്‍ പറയുമ്പോള്‍ പോസിറ്റീവായി ചിന്തിക്കാനാണ് തുഷേലിന്റെ ഉപദേശം. മധ്യനിര തന്നെ ചെല്‍സിയുടെയും ശക്തി. നകാലേ കാണ്ടേ എന്ന പ്ലേ മേക്കറായ ഫ്രഞ്ചുകാരന്റെ ബുദ്ധിയില്‍ വിരിയുന്ന നീക്കങ്ങളെ പ്രതിയോഗികള്‍ ഭയപ്പെടുന്നു. അമേരിക്കന്‍ സോക്കറില്‍ വിലാസം നേടിയ കൃസ്റ്റിയന്‍ പുലിസിച്ച്, കായ് ഹാവര്‍ട്‌സ്, മാസോണ്‍ മൗണ്ട് എന്നീ ചെറുപ്പക്കാരാണ് കാണ്ടേയുടെ മധ്യനിര കൂട്ടുകാര്‍. മുന്‍നിരയില്‍ ടീമോ വെര്‍നറാണ് കോച്ചിന്റെ മുഖ്യായുധം. ഒലിവര്‍ ജിറോര്‍ഡിനെ പോലുള്ള സീനിയേഴ്‌സ് ഉണ്ടെങ്കിലും അവരിലൊന്നും കോച്ചിന് വിശ്വാസമില്ല. ഗോള്‍ വലയത്തില്‍ പരുക്കില്‍ നിന്നും മുക്തനായി എഡ്വാര്‍ഡോ മെന്‍ഡി വരുമെന്നാണ് പ്രതീക്ഷ. അദ്ദേഹമാണ് സെമിയില്‍ റയലിന് മുന്നില്‍ വിലങ്ങായത്. ബ്രസീല്‍ നായകന്‍ തിയാഗോ സില്‍വ, ബെന്‍ ചിലാവല്‍, അന്റോണിയോ റൂഡിഗര്‍, സെസാര്‍ അസ്പിലുസേറ്റ തുടങ്ങിയവരാണ് പിന്‍നിരയില്‍. ഇന്ന് തുടക്കത്തില്‍ ഗോള്‍ നേടുക എന്നതാണ് തുഷേലിന്റെ പ്ലാന്‍. സിറ്റിയെ സമ്മര്‍ദ്ദത്തിലാക്കി ജയിക്കുകയെന്നതാണ് അദ്ദേഹം മുന്നില്‍ കാണുന്നത്.