Connect with us

Interviews

വനിത കൗണ്‍സിലര്‍ നിയമനം

പാലക്കാട്: ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളില്‍ നടപ്പാക്കുന്ന സൈക്കോസോഷ്യല്‍ സര്‍വീസ് പദ്ധതിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വനിത കൗണ്‍സിലര്‍ നിയമനം നടത്തുന്നു

Published

on

പാലക്കാട്: ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളില്‍ നടപ്പാക്കുന്ന സൈക്കോസോഷ്യല്‍ സര്‍വീസ് പദ്ധതിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വനിത കൗണ്‍സിലര്‍ നിയമനം നടത്തുന്നു.മെഡിക്കല്‍ ആന്‍ഡ് സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കില്‍ എം.എസ്.ഡബ്ല്യൂ, എം.എ/എം.എസ്.സി ഫിലോസഫി, അപ്ലൈഡ് സൈക്കോളജിയില്‍ എം.എ/എം.എസ്.സി ബിരുദം എന്നിവയാണ് യോഗ്യത.

\കൗണ്‍സിലിങ് രംഗത്ത് ആറുമാസത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയം ഉണ്ടായിരിക്കണം. അപേക്ഷയോടൊപ്പം ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത, ജനനതീയതി, പ്രവര്‍ത്തിപരിചയം, നേറ്റിവിറ്റി/സ്ഥിരതാമസം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകള്‍ സഹിതം ഡിസംബര്‍ 17 ന് വൈകിട്ട് അഞ്ചിനകം പാലക്കാട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ വനിതാ ശിശുവികസന ഓഫീസില്‍ നല്‍കണമെന്ന് ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ അറിയിച്ചു.

ഫോണ്‍: 0491 2911098.

india

ഫലസ്തീന്‍ പരിഹാരത്തിന് ഇന്ത്യക്ക് നിര്‍ണായക പങ്ക്

ഫലസ്തീനിലെ അതിജീവനം സയണിസം ചോരയില്‍ മുക്കിക്കൊല്ലാന്‍ ശ്രമിക്കുമ്പോള്‍ കണ്ണുനനഞ്ഞും തൊണ്ടയിടറിയും അതിലേറെയൊരു പോരാളിയായും അദ്ദേഹം ചന്ദ്രികയോട് മനസു തുറക്കുന്നു.

Published

on

അദ്‌നാന്‍ മുഹമ്മദ് ജാബിര്‍ അബുഹൈജ /
ലുഖ്മാന്‍ മമ്പാട്

ലോക ഫലസ്തീന്‍ ദിനത്തില്‍ സ്വന്തം നാട് പോലെ പ്രിയപ്പെട്ടൊരിടമാണ് അദ്‌നാന്‍ മുഹമ്മദ് ജാബിര്‍ അബുഹൈജ തേടിയത്. ഇന്ത്യയിലെ ഫലസ്തീന്‍ അംബാസഡര്‍ കേരളത്തിലേക്ക് വരുമ്പോള്‍ സാന്ത്വനതീരമാവാന്‍ ഒട്ടേറെ കാരണങ്ങളുണ്ട്; ഇസ്രാഈല്‍ തീമഴ പെയ്യിക്കുമ്പോള്‍ പ്രത്യേകിച്ചും. ഫലസ്തീനിലെ അതിജീവനം സയണിസം ചോരയില്‍ മുക്കിക്കൊല്ലാന്‍ ശ്രമിക്കുമ്പോള്‍ കണ്ണുനനഞ്ഞും തൊണ്ടയിടറിയും അതിലേറെയൊരു പോരാളിയായും അദ്ദേഹം ചന്ദ്രികയോട് മനസു തുറക്കുന്നു.

? എന്താണ് യഥാര്‍ത്ഥത്തില്‍ ഗസ്സയില്‍ നടക്കുന്നത്.

– ആധുനിക നാഗരിക സമൂഹത്തിന് ഒരിക്കലും ഊഹിക്കാന്‍ കഴിയാത്ത ചെയ്തികളാണ് ഗസ്സയില്‍ ഇസ്രാഈല്‍ പ്രയോഗിക്കുന്നത്. ഫലസ്തീന്റെ അവശേഷിക്കുന്ന ഭൂമിയും സ്വത്തും സ്വന്തമാക്കാനാണ് നീക്കം. അതിന് ആക്കംകൂട്ടുന്ന ഒട്ടേറെ രാഷ്ട്രീയ കാരണങ്ങളുമുണ്ട്. കാര്യമായ ഭരണ നേട്ടമില്ലാതെ ജനങ്ങളുടെമുന്നില്‍ പരുങ്ങലിലാവുമ്പോള്‍ ഫലസ്തീകളുടെ ചോരകൊണ്ട് വിജയം രചിക്കാമെന്നാണവരുടെ വ്യാമോഹം. മനുഷ്യത്വംതന്നെ ചോദ്യംചെയ്യപ്പെടുന്നു. ആയിരക്കണക്കിന് പേര്‍ മരിച്ചു. അതിന്റെ എത്രയോ ഇരട്ടി പരിക്കേറ്റ് ചികിത്സപോലും ലഭിക്കാതെ ജീവശ്വാസത്തിനായി കേഴുന്നു. വെള്ളവും ഭക്ഷണവും മരുന്നും വെളിച്ചവുമില്ലാതെ (വിതുമ്പുന്നു), ഭൂമിയിലെ നരകമാക്കുകയാണവിടെ. ഫലസ്തീനില്‍ ഇടതടവില്ലാതെ മാരക ബോംബുകള്‍ വര്‍ഷിക്കുന്നു. ഗസ്സയില്‍ 70 ശതമാനം വരുന്ന ജനത ദാരിദ്ര്യത്തിലായിരുന്നു. ഇപ്പോഴത് നൂറു ശതമാനമായി.

? ഇസ്രാഈല്‍ പട്ടാളം മാധ്യമങ്ങളെയും ലക്ഷ്യംവെക്കുന്നു. ഫലസ്തീനില്‍ നിന്ന് ശരിയായ വിവരം ലോകത്തിന് ലഭിക്കുന്നില്ലേ.

– ശരിയായ ചിത്രം ലോകത്തിന്മുമ്പില്‍ മറച്ചുപിടിക്കാന്‍ ശ്രമിക്കുമ്പോഴും എക്‌സിലൂടെയും മറ്റു സോഷ്യല്‍ മീഡിയയിലൂടെയും പലതും ലോകത്തിന്മുമ്പില്‍ വെളിപ്പെടുന്നുണ്ടല്ലോ. അല്‍ജസീറ മാത്രമാണ് ശരിയായ വാര്‍ത്തകള്‍ പുറംലോകത്തെത്തിക്കാന്‍ കഷ്ടപ്പെടുന്നത്. അവരുടെ ഓഫീസ് തകര്‍ത്തു. ഗസ്സയിലെ അല്‍ജസീറ ചീഫിന്റെ കുടുംബത്തെ ഉന്മൂലനം ചെയ്തു. 66 മാധ്യമപ്രവര്‍ത്തകരാണ് ഇതുവരെ കൊലചെയ്യപ്പെട്ടത്. വംശഹത്യ ചെയ്യുമ്പോള്‍ ലോകമറിയാതെ ചെയ്യാമെന്നതിനൊപ്പം കള്ള വാര്‍ത്തകള്‍ പ്രചരിപ്പിച്ച് എല്ലാ ക്രൂരതയെയും ന്യായീകരിക്കാനും ശ്രമിക്കുന്നു.

? ഇസ്രാഈലിന്റെ മനുഷ്യരഹിതമായ കൂട്ടക്കുരുതി ലോകത്തിന് ബോധ്യപ്പെട്ടു. പക്ഷേ, അവരെ തടയാനാവുന്നില്ല

– അങ്ങനെ നിരാശപ്പെടാനൊന്നുമില്ല. പുണ്യഭൂമിയും മസ്ജിദുല്‍ അഖ്‌സയും മോചിപ്പിച്ചല്ലാതെ, സ്വതന്ത്ര ഫലസ്തീന്‍ യാഥാര്‍ത്ഥ്യമായാലല്ലാതെ ഞങ്ങള്‍ അടങ്ങില്ല. മുക്കാല്‍ നൂറ്റാണ്ടായി ഞങ്ങള്‍ പൊരുതുകയാണ്. ആത്മാഭിമാനം വീണ്ടെടുക്കാനുള്ള പരിശ്രമത്തെ അത്രവേഗമൊന്നും തളര്‍ത്താനാവില്ലെന്നതല്ലേ ചരിത്രം. ഇസ്രാഈല്‍ ഭരണകൂടം രാഷ്ട്രീയം കളിക്കുകയാണ്. സാധാരണക്കാരെയാണ് യുദ്ധത്തിന്റെ കെടുതികള്‍ ബാധിക്കുന്നത്. ഇസ്രാഈല്‍ പ്രധാനമന്ത്രി നെതന്യാഹുവിനെ പോലെ പ്രതിരോധ മന്ത്രിയും ആ സ്ഥാനത്തിന് യോഗ്യനല്ല. ഫലസ്തീനികളെ മനുഷ്യ മൃഗങ്ങള്‍ എന്നാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്. ഒരു ജനാധിപത്യ സര്‍ക്കാറിന്റെ ഭാഗമാണെന്ന് അവകാശപ്പെടുന്നവരാണ് അവരൊക്കെയെന്നതാണ് ഏറെ അപഹാസ്യം. ഫാഷിസ്റ്റ് സയണിസ്റ്റ് ഭരണകൂടമാണ് ഇസ്രാഈലിലേതെന്ന് ഇപ്പോള്‍ ഏതാണ്ട് എല്ലാവര്‍ക്കും ബോധ്യപ്പെട്ടു.

? ഹമാസിനെ ഒറ്റതിരിഞ്ഞ് കുറ്റപ്പെടുത്തി കാരണം മെനയുന്ന ഇസ്രാഈല്‍ ഫലസ്തീനികളെ ഒന്നടങ്കം വംശഹത്യ ചെയ്യുന്നു

– ഹമാസിനെ യുദ്ധം ബാധിക്കില്ല. അതിന്റെ നേതാക്കളുടെ കുടുംബങ്ങളെയും അംഗങ്ങളെയും കൊലപ്പെടുത്താന്‍ ഇസ്രാഈലിന് കഴിഞ്ഞേക്കും. പക്ഷേ, തോല്‍പ്പിക്കാനാവില്ല. ഫലസ്തീന്‍ സ്വാതന്ത്ര്യസമര പോരാളികളായ ഹമാസ് ഒരിക്കലും ഭീകര സംഘടനയല്ല. ഗതികെട്ട് നടത്തുന്ന ചെറുത്തുനില്‍പ്പുകളെ ഒറ്റതിരിഞ്ഞ് കുറ്റപ്പെടുത്തി വംശഹത്യ നടത്തുന്നത് തിരിച്ചറിയാന്‍ ലോക സമൂഹത്തിനാവും. ഹമാസിന്റെ സ്വാധീന മേഖലയല്ലാത്ത വെസ്റ്റ് ബാങ്കില്‍ എന്തിനാണ് ഇസ്രാഈല്‍ കൂട്ടക്കുരുതി നടത്തുന്നത്. ജനിച്ചമണ്ണില്‍ നിന്ന് ആട്ടിയിറക്കപ്പെട്ട, കുടിയേറ്റക്കാരായി മാറിയവരായി ഞങ്ങള്‍. യുക്രെയ്ന്‍ വിഷയത്തിലും ഫലസ്തീന്റെ കാര്യത്തിലും അമേരിക്ക ഉള്‍പ്പെടെയുള്ള പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്ക് ഇരട്ടത്താപ്പാണ്.

? ഇന്ത്യ പരമ്പരാഗതമായി ഫലസ്തീനൊപ്പമായിരുന്നു. പുതിയ നയംമാറ്റത്തെ എങ്ങനെ കാണുന്നു

– ഇന്ത്യ-ഫലസ്തീന്‍ ബന്ധത്തില്‍ വലിയ മാറ്റമുണ്ടായി, ഞങ്ങളെ കയ്യൊഴിഞ്ഞു എന്നൊന്നും തോന്നുന്നില്ല. ഫലസ്തീനെ പോലെ ഇസ്രാഈലിനെയും സുഹൃത്താക്കി എന്നതാണ് വ്യത്യാസം. ഐക്യരാഷ്ട്ര സഭയില്‍ ഇസ്രാഈലില്‍ ആക്രമണം അവസാനിപ്പിക്കണമെന്ന പ്രമേയം ഇന്ത്യ അനുകൂലിച്ച് വോട്ടു ചെയ്തതൊക്കെ കാണണം. അമേരിക്കക്കും പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കുമുപരി ഫലസ്തീന്‍ വിഷയത്തില്‍ ഇന്ത്യക്ക് ഏറെ ചെയ്യാനാവും. ഫലസ്തീന് നൂറ്റാണ്ടുകളായി ഇന്ത്യയുമായുള്ള ശക്തമായ ബന്ധമുണ്ട്. ഞങ്ങള്‍ അതിനെ വിലമതിക്കുന്നു. ഇസ്രാഈലില്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള ശക്തിയും സ്വാധീനവും തീര്‍ച്ചയായും ഇന്ത്യക്കുണ്ട്. പ്രധാനമന്ത്രി മോദിജി, നെതന്യാഹുവിനെ വിളിച്ച് സംസാരിച്ച് ഇടപെടല്‍ നടത്തിയാല്‍ ഫലസ്തീന്റെ സമാധാനത്തിന് അതൊരു മുതല്‍കൂട്ടാവും. ഇന്ത്യ ഞങ്ങളെ കൈവിടില്ലെന്നും ഇസ്രാഈലിന് സല്‍ബുദ്ധി ഉപദേശിച്ച് നേരെയാക്കുമെന്നും വലിയ പ്രതീക്ഷയിലാണ്.

? പൈശാചികമായ ഇസ്രാഈല്‍ ആക്രമണം എങ്ങനെ അവസാനിപ്പിക്കാനാവും

– 1948ല്‍ യു.എന്‍ മുന്‍കൈയെടുത്ത് ഫലസ്തീന്‍ വിഭജിച്ച് ഇസ്രാഈല്‍ സ്ഥാപിച്ചപ്പോള്‍ ഇങ്ങനെ പര്യവസാനിക്കുമെന്ന് നിനച്ചിട്ടുണ്ടാവില്ല. വിഭജന കരാറിനെതുടര്‍ന്ന് ഫലസ്തീനില്‍ ഇസ്രാഈല്‍ രാഷ്ട്രം പ്രഖ്യാപിക്കപ്പെട്ടെങ്കിലും അറബ് രാഷ്ട്രങ്ങള്‍ ആക്രമണം നടത്തിയെന്ന കാരണമുണ്ടാക്കി സ്വതന്ത്ര ഫലസ്തീന്‍ പ്രഖ്യാപിക്കാതെ വഞ്ചിക്കുകയായിരുന്നു. 1967ല്‍ സായുധ കയ്യേറ്റത്തിലൂടെ വെസ്റ്റ്ബാങ്ക്, ഗസ്സ എന്നിവ ഇസ്രാഈല്‍ പിടിച്ചെടുത്തതോടെയാണ് അന്തിമ വിജയത്തിനായി ഫലസ്തീന്‍ ഉണര്‍ന്നത്. ഇസ്രാഈല്‍ പട്ടാളമോ പൗരന്മാരോ കടന്നെത്തി നിരന്തരം ഫലസ്തീനികളുടെ വീടും കൃഷിയിടവും അവരുടേതാണെന്ന് പ്രഖ്യാപിച്ച് ഞങ്ങളെ ഇറക്കിവിടും. അങ്ങനെയങ്ങനെ ഞങ്ങള്‍ അഭയാര്‍ത്ഥികളെ പോലെ നിന്ദ്യരാവണമെന്നാണോ. ഓസ്‌ലോ കരാരില്‍ പറയുംപോലെ 1967 ജൂണ്‍ നാലിലെ അതിര്‍ത്തികളും കിഴക്കന്‍ ജറുസലേം തലസ്ഥാനവുമായി സ്വതന്ത്ര പരമാധികാര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കപ്പെട്ടാല്‍ അതോടെ എല്ലാം നേരെയാവും.

? ഓസ്‌ലോ കരാറിന്റെ പ്രസക്തി

– ജറൂസലേം ആസ്ഥാനമായി ഫലസ്തീന്‍ രാഷ്ട്രം രൂപീകരിക്കാമെന്ന ഇസ്രാഈലിന്റെ നിര്‍ദേശം അംഗീകരിച്ചിട്ട് എത്ര വര്‍ഷമായി. അന്താരാഷ്ട്ര സമൂഹത്തിന്റെ സമ്മര്‍ദ്ദവും ഫലസ്തീനികളുടെ ചെറുത്തുംനില്‍പ്പും മൂലമാണെങ്കിലും ഇസ്രാഈല്‍ അംഗീകരിച്ചതാണല്ലോ അത്. രണ്ടു രാഷ്ട്രങ്ങള്‍ സ്ഥാപിച്ച് രാഷ്ട്രീയ പരിഹാരം ഉണ്ടാക്കാമെന്ന ഒത്തുതീര്‍പ്പ് തീവ്ര ജൂത വിഭാഗത്തിന്റെ പിന്തുണക്കായി നെതന്യാഹു അട്ടിമറിച്ചു. അമേരിക്കയുടെ മധ്യസ്ഥതയില്‍ ഇസ്രാഈല്‍ പ്രധാനമന്ത്രി ഇസ്ഹാഖ് റബിനും യാസര്‍ അറഫാത്തുമായി നോര്‍വെയില്‍ ചര്‍ച്ച നടത്തി 1967ലെ യുദ്ധത്തില്‍ ഇസ്രാഈല്‍ കയ്യേറിയ സ്ഥലങ്ങളില്‍നിന്നും പിന്മാറി ഗസ്സയും വെസ്റ്റ്ബാങ്കും ചേര്‍ത്ത് ഫലസ്തീന്‍ രാഷ്ട്രം രൂപീകരിക്കുമെന്ന ഓസ്‌ലോ ഉടമ്പടി 1993 ലാണല്ലോ. പാതിവഴിയില്‍ വഴിമുട്ടിയപ്പോള്‍ രണ്ടു വര്‍ഷത്തിന് ശേഷം വീണ്ടും ഈജിപ്തില്‍ വെച്ച് ഇസ്രാഈല്‍ സര്‍ക്കാരും ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷനും തമ്മിലുണ്ടാക്കിയ ഓസ്‌ലോ ഉടമ്പടി പുതുക്കിയതും നമുക്കറിയാം. (1995 സെപ്തംബര്‍ 28 ന് വാഷിംഗ്ടണ്‍ ഡിസിയില്‍) യു.എസ് പ്രസിഡന്റ് ബില്‍ ക്ലിന്റന്റെയും റഷ്യ, ഈജിപ്ത്, ജോര്‍ദാന്‍, നോര്‍വേ, യൂറോപ്യന്‍ യൂണിയന്‍ എന്നിവയുടെ പ്രതിനിധികളുടെയും സാന്നിധ്യത്തിലാണ് ഇസ്രാഈല്‍ പ്രധാനമന്ത്രി ഇസ്ഹാഖ് റബിനും പി.എല്‍.ഒ ചെയര്‍മാന്‍ യാസര്‍ അറഫാത്തും രണ്ടാം ഓസ്‌ലോ കരാര്‍ അംഗീകരിച്ചത്. പക്ഷേ, കാല്‍ നൂറ്റാണ്ട് പിന്നിട്ടിട്ടും അധിനിവേശം തുടരുന്ന ഇസ്രാഈല്‍ എല്ലാ അന്താരാഷ്ട്ര നിയമങ്ങളും കാറ്റില്‍പറത്തുകയാണ്.

? നിയമങ്ങള്‍ കാറ്റില്‍പറത്തി പ്രകോപനവും ആക്രമണവും തുടരുകയാണോ

– 1967 അടിസ്ഥാനമാക്കി ദ്വിരാഷ്ട്രമെന്ന ഓസ്‌ലോ ഉടമ്പടി ലംഘിച്ചെന്ന് മാത്രമല്ല, പുരാതന ഫലസ്തീന്റെ ഭൂപടം എടുത്തുപയോഗിച്ച്, ഫലസ്തീന് ഇടമില്ലാത്ത സമ്പൂര്‍ണ ഇസ്രാഈല്‍ രാഷ്ട്രമെന്ന് ധ്വനിപ്പിക്കുന്ന രീതിയിലാണ് അവരുടെ നീക്കങ്ങള്‍. പരിശുദ്ധമായ ബൈത്തുല്‍ മുഖദ്ദസില്‍ പ്രാര്‍ത്ഥനക്ക് പോകുന്ന സ്ത്രീകളെപ്പോലും അക്രമിക്കുകയും അപമാനിക്കുകയുമാണ്. അന്താരാഷ്ട്ര നിയമമനുസരിച്ച് വെസ്റ്റ് ബാങ്കില്‍ ഇസ്രാഈല്‍ പട്ടാള സാന്നിധ്യം പോലും നിയമവിരുദ്ധമാണ്. നിശ്ചയിച്ച സമയത്ത് മസ്ജിദുല്‍ അഖ്‌സയില്‍ ആരാധനകള്‍ക്കായി വരുന്നവരെ കര്‍ശനമായി തടഞ്ഞ് പ്രശ്‌നം സൃഷ്ടിച്ച് നിഷ്ഠൂരമായി കൊലപ്പെടുത്തുന്നു. ഒന്നും രണ്ടുമല്ല, നിരന്തരം ഇതു ചെയ്യുന്നു. അല്‍ അഖ്സ മസ്ജിദ് ഉള്‍പ്പെടുന്ന ടെമ്പിള്‍ മൗണ്ട് മേഖലയില്‍ ഇസ്രാഈലിന്റെ സ്വാധീനം വിപുലമാക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്. അവസാന ശ്വാസം വരെ പോരാടി ഖുദ്‌സിന്റെ സമ്പൂര്‍ണ മോചനം സാധ്യമാക്കും.

? കേരളത്തില്‍ മുസ്്‌ലിംലീഗ് വലിയ ഐക്യദാര്‍ഢ്യ റാലി നടത്തി, ലോകത്താകെ ഫലസ്തീന്‍ അനുകൂല ശബ്ദങ്ങള്‍ ഉയരുന്നതിനെ എങ്ങനെ കാണുന്നു

– ഇതെല്ലാം ആശ്വാസത്തോടെയും പ്രത്യാശയോടെയുമാണ് നോക്കിക്കാണുന്നത്. അന്താരാഷ്ട്ര ഫലസ്തീന്‍ ദിനത്തില്‍തന്നെ കേരളത്തിലെ എന്റെ പ്രിയപ്പെട്ടവരുടെ അടുത്തുവരാന്‍ കഴിഞ്ഞത് സന്തോഷകരമാണ്. ശിഹാബ് തങ്ങള്‍ എന്ന വലിയ മനുഷ്യനെ ഞങ്ങള്‍ ആദരവോടെയാണ് കണ്ടിരുന്നത്. അദ്ദേഹത്തിന്റെ പേരിലുള്ള പരിപാടിക്കായി ഈ ദിവസം തന്നെ എത്താനായത് നിയോഗം. പരസ്പരം പ്രാര്‍ത്ഥിച്ചും ചേര്‍ത്തുപിടിച്ചും ഒന്നായി അതിജീവിക്കും. നീതിക്കായുള്ള പോരാട്ടമാണിത്. വൈകിയാലും ക്ലേശം സഹിച്ചാലും, അന്തിമ വിജയം സത്യത്തിനും നീതിക്കുമാവുമല്ലോ.

? ഇ അഹമ്മദ് സാഹിബുമായുള്ള ആത്മബന്ധം എങ്ങനെയായിരുന്നു

– പറഞ്ഞറിയിക്കാനാവാത്ത ഹൃദയബന്ധമാണുണ്ടായിരുന്നത്. എനിക്ക് മാത്രമല്ല. ഫലസ്തീലെ എല്ലാവര്‍ക്കും. അഹമ്മദ് സാഹിബിനെ പരിചയപ്പെടാനും ഒന്നിച്ച് പ്രവര്‍ത്തിക്കാനും കഴിഞ്ഞത് ഭാഗ്യമാണ്. അദ്ദേഹം വിദേശകാര്യ മന്ത്രിയായപ്പോള്‍ ഞങ്ങള്‍ക്ക് ചെയ്ത സേവനം ചെറുതല്ല. ഫലസ്തീല്‍ പലവട്ടം വന്ന് ഞങ്ങള്‍ക്ക് ആശ്വാസവും അത്മവിശ്വാസവും പകര്‍ന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ വിയോഗ ശേഷം കണ്ണൂരിലെത്തി പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ അനുശോചന സന്ദേശം കൈമാറിയിരുന്നു. അദ്ദേഹത്തിന്റെ ഖബറിടത്തില്‍ പ്രാര്‍ത്ഥിച്ചത് എന്റെ മനസ്സില്‍ എപ്പോഴും ഓര്‍മകളായുണ്ട്.

? ഫലസ്തീനിലുള്ള താങ്കളുടെ കുടുംബത്തിന്റെ അവസ്ഥയെന്താണ്?

– ജറൂസലേമിലാണിപ്പോള്‍ കുടുംബമുള്ളത്. ഏതൊരു ഫലസ്തീനികളുടെയും പോലെ എപ്പോള്‍ എന്തു സംഭവിക്കുമെന്ന് പറയാനാവില്ല. പേടിച്ചോടാനോ കീഴടങ്ങാനോ ഞങ്ങളില്ല. ഫലസ്തീനില്‍ നിന്നുള്ള സന്തോഷ വാര്‍ത്ത കേള്‍ക്കാന്‍ പ്രാര്‍ത്ഥനാപൂര്‍വം കാത്തിരിക്കാം. അതു വേഗം സാധ്യമാകുക തന്നെ ചെയ്യും.

ഹോട്ടലിലെ സൗകര്യത്തെകുറിച്ച് തിരക്കിയ എം.എസ്.എഫ് ദേശീയ പ്രസിഡന്റ് പി.വി അഹമ്മദ് സാജുവിനോട് തൊട്ടടുത്ത സോഫ ചൂണ്ടി അദ്ദേഹം പറഞ്ഞു; എനിക്ക് അതുതന്നെ ധാരാളം. ചോരയിലും കണ്ണീരിലും അഭയാര്‍ത്ഥി ക്യാമ്പിലും കഴിയുന്നവരെ ഓര്‍ക്കുമ്പോള്‍ എങ്ങനെ ഉറങ്ങും. ഡല്‍ഹിയിലേക്ക് തിരിച്ചു വിമാനം കയറുമ്പോള്‍ ജേതാവിനെപ്പോലെ ഒരിക്കല്‍ വീണ്ടും വരുമെന്ന് ആമുഖത്തെ ആത്മവിശ്വാസം വിളിച്ചുപറയുന്നുണ്ടായിരുന്നു.

Continue Reading

Books

വിവര്‍ത്തന ഗ്രന്ഥം പരിഭാഷകന്റേത് കൂടിയാണ്: അജയ് പി.മങ്ങാട്ട്

മലയാളത്തിലെ പല പുസ്തകങ്ങളും വിവര്‍ത്തനം ചെയ്യാനാവില്ല എന്ന വെറുംപറച്ചില്‍ ഒരു തരം ജാതീയ ബോധത്തില്‍ നിന്നുണ്ടാകുന്നതാണ്.

Published

on

ഷാര്‍ജ: വിവര്‍ത്തനം ഫോട്ടോകോപ്പിയല്ലെന്നും, ഒരു കൃതി മറ്റൊരു ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുമ്പോള്‍ പരിഭാഷകന്‍ കൂടി രചയിതാവിന്റെ തലത്തിലേക്ക് ഉയരുകയാണെന്നും പ്രമുഖ നിരൂപകനും നോവലിസ്റ്റും പത്രപ്രവര്‍ത്തകനുമായ അജയ് പി.മങ്ങാട്ട്. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവത്തില്‍ ബുക് ഫോറത്തില്‍ ‘പരിഭാഷയും അിന്റെ സാധ്യതകളും’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലയാളത്തിലെ പല പുസ്തകങ്ങളും വിവര്‍ത്തനം ചെയ്യാനാവില്ല എന്ന വെറുംപറച്ചില്‍ ഒരു തരം ജാതീയ ബോധത്തില്‍ നിന്നുണ്ടാകുന്നതാണ്. ഒരു ജാതിയിലുള്ളവര്‍ അതില്‍ തന്നെ നില്‍ക്കുകയും ഇടപഴകല്‍ നടത്താതിരിക്കുകയും ചെയ്യുമ്പോഴുള്ള ഷെയര്‍ ചെയ്യാത്ത അവസ്ഥ കൊണ്ടാണങ്ങനെ സംഭവിക്കുന്നത്. ഭാഷാന്തരത്തിന് പറ്റുന്നതല്ല പല രചനകളും എന്നത് തിയറി മാത്രമാണ്. ബഷീറിന്റെ കൃതികള്‍ വിവര്‍ത്തനത്തിന് പറ്റാത്തതാണെന്ന് നിരന്തരം പറഞ്ഞ ആളുകളുണ്ട്. എന്നാല്‍, മലയാളിയല്ലാത്ത ആര്‍.ഇ ആഷര്‍ ആണ് ഇംഗ്‌ളീഷിലേക്കത് ഭാഷാന്തരപ്പെടുത്തിയത്. നമ്മള്‍ ചെയ്യാതിരുന്നത് ആഷര്‍ ചെയ്തു കാണിച്ചു തന്നു.

പരിഭാഷയിലൂടെ മറ്റൊരു വായനാനുഭവം സമ്മാനിക്കപ്പെടണം. പരിഭാഷ പകര്‍ത്തിയെഴുത്തല്ലാതിരിക്കുന്നതിലൂടെയാണത് സാധിക്കുക. പരിഭാഷ സംസ്‌കാരങ്ങളെ കടന്നു പോകുന്ന പാലമായി വര്‍ത്തിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പരിഭാഷകള്‍ക്ക് വലിയ സ്വാധീനമുണ്ടാക്കാനാകുമെന്നതിന് എത്ര ഉദാഹരണങ്ങള്‍ വേണമെങ്കിലും സാഹിത്യ ചരിത്രത്തില്‍ നിന്നും എടുത്തുദ്ധരിക്കാനാകും. വളരെ പ്രശസ്തനായ, നൊബേലിന് പല തവണ സാധ്യതാ പട്ടികയിലിടം പിടിച്ച ഇസ്മായില്‍ കാദറെ എന്ന അല്‍ബേനിയന്‍ സാഹിത്യകാരന്റെ കാര്യം തന്നെയെടുക്കാം. അദ്ദേഹത്തെ ശക്തമായി സ്വാധീനിച്ച പുസ്തകം ഷേക്‌സ്പിയറിന്റെ ‘മാക്‌ബെത്’ ആണ്.

14 വയസുള്ളപ്പോഴാണ് ഇസ്മായില്‍ കാദറെ അതിന്റെ അല്‍ബേനിയന്‍ വിവര്‍ത്തന കൃതി വായിച്ചത്. താന്‍ മുതിര്‍ന്നിട്ടും മാക്‌ബെത്ത് ഇംഗ്‌ളീഷ് മൂല കൃതി വായിച്ചില്ലെന്നും തന്റെ എല്ലാ പുസ്തകങ്ങളിലും മാക്‌ബെത്തിന്റെ ഇംപാക്റ്റുണ്ടെന്നും അദ്ദേഹം പറയുമ്പോള്‍, ആ സ്വാധീനം മനസ്സിലാക്കാനാകും. ഇംഗ്‌ളീഷില്‍ നിന്നും ഫ്രഞ്ചിലേക്ക് വിവര്‍ത്തനം ചെയ്ത മാക്‌ബെത്തിന്റെ അല്‍ബേനിയന്‍ പരിഭാഷ വായിച്ച കാദറെ ഏറ്റവുമധികം സ്വാധീനിക്കപ്പെട്ടു. എത്ര ഭാഷകള്‍ സഞ്ചരിച്ചാണ് ആ കൃതി കാദറെയിലെത്തിയതെന്ന് നോക്കൂ.

പരിഭാഷയുടെ അനുഭവ തലമാണിത്. മലയാളി ചുറ്റുപാടില്‍ നിന്നും മാറി മറ്റൊരിടത്ത് പോയി പഠിച്ച്, ജീവിതാനുഭവങ്ങളുണ്ടായി തിരിച്ചെത്തിയ കുമാരാനാശാന്‍ ‘നളിനി’യും ‘ലീല’യും എഴുതിയപ്പോള്‍ വ്യത്യസ്ത രീതി കൊണ്ട് ഭാവന അതിര്‍ത്തികള്‍ കടന്നത് നാം അനുഭവിച്ചു. തന്റെ തന്നെ ‘സൂസന്നയുടെ ഗ്രന്ഥപ്പുര’ ഡോ. കാതറീന്‍ തങ്കം ഇംഗ്‌ളീഷിലേക്ക് വിവര്‍ത്തനം ചെയ്തപ്പോള്‍ അവരെടുത്ത അധ്വാനമുണ്ടതില്‍. തന്റെ പുസ്തകം അവരുടെ കൂടി പുസ്തകമായി മാറിയ അനുഭവമാണ് അതെന്നാണ് തനിക്ക് അടിവരയിടാനുള്ളതെന്നും അജയ് വ്യക്തമാക്കി.
അജ് പി.മങ്ങാട്ടിന്റെ 25 പതിപ്പുകളിറങ്ങിയ ‘സൂസന്നയുടെ ഗ്രന്ഥപ്പുര’, ‘മൂന്നു കല്ലുകള്‍’ തുടങ്ങിയ കൃതികളെ കുറിച്ചും അദ്ദേഹം സദസ്സുമായി സംവദിച്ചു. റേഡിയോ ഏഷ്യ ന്യൂസ് എഡിറ്റര്‍ അനൂപ് കീച്ചേരി മോഡറേറ്ററായിരുന്നു. വായനക്കാര്‍ക്ക് ഗ്രന്ഥകാരന്‍ പുസ്തകങ്ങള്‍ ഒപ്പിട്ടു നല്‍കി.

Continue Reading

Interviews

‘ബാക്ക് ബെഞ്ച് മോശം ബെഞ്ചല്ല’- മുഹമ്മദ് സജാദ്. പി. ഐ.എ.എസ്

സിവില്‍ സര്‍വ്വീസില്‍ എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ക്ക് വലിയ ഘടകമല്ലെന്ന് പറയുന്നു ഈ യുവ ഐ.എ.സുകാരന്‍

Published

on

പി. ഇസ്മായില്‍

മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ട് സ്വദേശിയായ ത്രിപുര കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍. ത്രിപുരയിലെ ടെലിയമുറ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റായി ഔദ്യോഗിക ജീവിത്തിന് തുടക്കം. നിലവില്‍ അഗര്‍ത്തല മുനിസിപ്പല്‍ കമ്മീഷണറും, അഗര്‍ത്തല സ്മാര്‍ട്ട് സിറ്റി സി.ഇ.ഒയുമായി പ്രവര്‍ത്തിക്കുന്നു. ഫാറൂഖ് കോളജ്, ഡല്‍ഹി ജാമിഅ മില്ലിയ്യ പൂര്‍വ്വ വിദ്യാര്‍ത്ഥി. സിവില്‍ സര്‍വ്വീസില്‍ എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ക്ക് വലിയ ഘടകമല്ലെന്ന് പറയുന്നു ഈ യുവ ഐ.എ.സുകാരന്‍.

ഐ.എ.എസ് പ്രതീക്ഷ?

ഐ.എ.എസ് എന്ന സ്വപ്‌നത്തിനു സ്‌കൂള്‍ അധ്യാപകന്‍ കൂടിയായ എന്റെ ഉപ്പയാണ് പ്രധാനമായും പ്രചോദനം നല്‍കിയത്. കലക്ടര്‍ എന്ന പദം ഞാന്‍ ആദ്യമായി കേട്ടത് പിതാവില്‍ നിന്നാണ്. സ്‌കൂളില്‍ പഠിക്കുന്ന സമയം പിതാവ് എന്നോട് പതിവായി കലക്ടര്‍ ആവണം എന്ന് പറയുമായിരുന്നു. പത്താം തരത്തില്‍ സയന്‍സില്‍ മാര്‍ക്ക് കുറഞ്ഞപ്പോള്‍ ഹ്യൂമാനിറ്റിസ് ആയിരുന്നു തിരഞ്ഞെടുത്തത്. ഹ്യൂമാനിറ്റീസ് സിവില്‍ സര്‍വീസിനു ഉപകരിക്കും എന്ന അറിവ് അന്നേ കിട്ടിയതും പ്രചോദിപ്പിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലാ കലക്ടര്‍ ആയിരുന്ന പി.ബി സലീം ഐ.എ.എസ് ഉള്‍പ്പെടെയുള്ളവരുടെ സേവനപ്രവര്‍ത്തനങ്ങളും സ്വാധീനിച്ചിട്ടുണ്ട്.

മാതൃഭാഷ പകര്‍ന്ന ആത്മവിശ്വാസം.

മലയാളത്തിന് മുമ്പ് തെരഞ്ഞെടുത്ത ഐഛിക വിഷയം എന്നെ സംബന്ധിച്ച് കഠിനമായിരുന്നു. എന്നാല്‍ മലയാളത്തിലേക്ക് മാറിയതോടെ ആത്മവിശ്വാസമായി. മലയാളം ഐശ്ചിക വിഷയമായി തെരഞ്ഞെടുത്ത സുഹൃത്തുക്കളുടെ വിജയമാണ് എനിക്ക് പ്രേരണയായത്. സിലബസ് പരിശോധനയില്‍ മലയാളം ഗുണം ചെയ്യുമെന്ന് ബോധ്യമായി. അറിയുന്ന ഭാഷയായതിനാല്‍ എളുപ്പത്തില്‍ കൈപ്പിടിയിലൊതുക്കാനും നല്ല മാര്‍ക്ക് വാങ്ങാനും കഴിയുമെന്ന് ഉറപ്പുണ്ടായിരുന്നു. കുറേ പേപ്പറുകള്‍ പഠിക്കാനുള്ള സിവില്‍ സര്‍വീസ് പരീക്ഷയില്‍ താല്പര്യമുള്ള വിഷയം എടുക്കുന്നത് പഠനത്തിന്റെ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കും. പഠനപ്രക്രിയകളെ അത് കൂടുതല്‍ എളുപ്പമാക്കുകയും ചെയ്യും.

സിവില്‍ സര്‍വീസിലെ ഐഛിക വിഷയങ്ങള്‍.

അഗ്രികള്‍ച്ചര്‍, വെറ്ററിനറി സയന്‍സ്, നരവംശശാസ്ത്രം, സസ്യശാസ്ത്രം, കെമിസ്ട്രി, സിവില്‍ എഞ്ചിനീയറിംഗ്, കൊമേഴ്സ് ആന്റ് അക്കൗണ്ടന്‍സി, സാമ്പത്തികശാസ്ത്രം, ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ്, ജോഗ്രഫി, ജിയോളജി, ഹിസ്റ്ററി, ലോ, മാനേജ്‌മെന്റ്, ഗണിതം, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, മെഡിക്കല്‍ സയന്‍സ്, ഫിലോസഫി, ഫിസിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, ഇന്റര്‍നാഷണല്‍ റിലേഷന്‍സ്, സൈക്കോളജി, പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍, സോഷ്യോളജി, സ്റ്റാറ്റിസ്റ്റിക്‌സ് തുടങ്ങി ഇരുപതിലധികം ഐശ്ചിക വിഷയങ്ങലാണുള്ളത്. അതേസമയം പൊതുവേ ഹിസ്റ്ററി, സോഷ്യോളജി, പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍, ആന്ത്രോപ്പോളജി, ജോഗ്രഫി, ലിറ്ററേച്ചര്‍ മുതലായ വിഷയങ്ങളാണ് വിദ്യാര്‍ത്ഥികള്‍ കൂടുതലായും തെരഞ്ഞെടുക്കുന്നത്. മലയാളം, കന്നഡ, എഞ്ചിനീയറിംഗ് വിഷയങ്ങള്‍ തെരഞ്ഞെടുക്കുന്നവരും കുറവല്ല.

ഐഛിക വിഷയത്തിലെ തെരഞ്ഞെടുപ്പ്

പ്രധാനമായും ശ്രദ്ധിക്കണ്ടത് മൂന്ന് കാര്യങ്ങളാണ്. എഴുതിയാല്‍ പാസാവുമോയെന്നും മുന്‍പ് ജയിച്ചവര്‍ മാര്‍ക്ക് സ്‌കോര്‍ ചെയ്തിട്ടുണ്ടോ എന്നും പരിശോധിക്കണം. വിഷയം പഠിപ്പിച്ചു തരാന്‍ ആളുകളുണ്ടോ എന്ന് ഉറപ്പു വരുത്തണം. ഏറ്റവും പ്രധാനം വിഷയത്തോടുള്ള സ്വന്തം താല്പര്യമാണ്. സിലബസും മുന്‍കാല ചോദ്യപേപ്പറുകളും പരിശോധിച്ചാല്‍ സാധ്യതകള്‍ മനസ്സിലാവും.

ടെന്‍ഷന്‍ എങ്ങിനെ മറികടക്കാം?.

ടെന്‍ഷന്‍ മറികടക്കാനുള്ള ഒറ്റമൂലി ഒന്നുമില്ല. ഇതൊരു പരീക്ഷയാണെന്നും അതിലെ ജയപരാജയങ്ങള്‍ അല്ല ജീവിതം നിര്‍ണയിക്കുന്ന ഘടകങ്ങള്‍ എന്നും മനസ്സിലാക്കിയാല്‍ ടെന്‍ഷന്‍ മറികടക്കാം. പക്ഷെ ചെറിയ പ്രായത്തില്‍ ഇതു മനസിലാക്കുന്നവര്‍ നന്നേ കുറവായിരിക്കും. ടെന്‍ഷന്‍ മറികടക്കുക എന്നതിനുള്ള ഒരു വഴി നന്നായി പഠിക്കുക എന്നതാണ്. ഒപ്പം മുന്‍കാലത്തെ ചോദ്യപേപ്പറുകള്‍ പരമാവധി കലക്ട് ചെയ്ത് പഠിക്കുന്നതും മോക് ടെസ്റ്റുകളിലും മോക് ഇന്റര്‍വ്യൂകളിലും പങ്കെടുക്കുന്നതും ആത്മവിശ്വാസം വര്‍ധിപ്പിക്കും.

എന്‍.സി.ഇ.ആര്‍.ടി പുസ്തകങ്ങളുടെ പ്രാധാന്യം.

എന്‍.സി.ഇ.ആര്‍.ടി ബുക്കുകള്‍ സിവില്‍ സര്‍വീസ് പരീക്ഷാ തയ്യാറെടുപ്പിന്റെ ഒരു പ്രധാന ഭാഗമാണ്. പരീക്ഷക്ക് മുമ്പ് ശക്തമായ അടിത്തറ ഉണ്ടാക്കാന്‍ ഇത് സഹായിക്കുന്നു. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി രൂപകല്‍പ്പന ചെയ്തതാണെങ്കിലും, പ്രിലിമിനറികള്‍ക്കും മെയിന്‍സിനും വേണ്ടിയുള്ള യു.പി.എസ്.സി സിലബസിലെ ഏറ്റവും പ്രധാനപ്പെട്ട ചില ഭാഗങ്ങള്‍ എന്‍.സി.ഇ.ആര്‍.ടി പുസ്തകങ്ങളിലുണ്ട്. ഐ.എ.എസ് ടോപ്പര്‍മാരും പരീക്ഷാ വിദഗ്ധരും ശുപാര്‍ശ ചെയ്യുന്ന പുസ്തകങ്ങളാണിത്. സിവില്‍ സര്‍വീസ് പരീക്ഷയുടെ അടിത്തറ തന്നെ എന്‍.സി.ഇ.ആര്‍.ടി പുസ്തകങ്ങളാണ്. അതില്‍ നിന്നും നിരവധി ചോദ്യങ്ങള്‍ വരാറുണ്ട്.

സ്റ്റഡി പ്ലാന്‍

ഒരു വര്‍ഷത്തിനുള്ളിലോ അതിനു ശേഷമാണോ പരീക്ഷ എഴുതുന്നത് എന്നതിനനുസരിച്ചാണ് പ്ലാന്‍ തയ്യാറാക്കേണ്ടത്. സിലബസ് പൂര്‍ണമായും വായിക്കുക, മുന്‍കാല ചോദ്യപേപ്പറുകളുടെ സഹായത്തോടെ അവ റിവൈസ് ചെയ്യുക, പരമാവധി മോക് ടെസ്റ്റില്‍ പങ്കാളിയാവുക, പഠനത്തിന് കൃത്യമായ സമയക്രമീകരണം പാലിക്കുക. ശരാശരി വിദ്യാര്‍ത്ഥിക്ക് ചുരുങ്ങിയത് രണ്ടു വര്‍ഷം വേണ്ടിവരും. കുറഞ്ഞ സമയം കൊണ്ട് പാസായവര്‍ ചുരുക്കമാണ്.

സിവില്‍ സര്‍വീസ് എത്ര ഭാഷകളില്‍ എഴുതാം.

ഭരണ ഘടനയുടെ എട്ടാം ഷെഡ്യുളില്‍ പരാമര്‍ശിക്കുന്ന 22ഓളം ഭാഷകളില്‍ പരീക്ഷ എഴുതാം. മലയാളത്തില്‍ എഴുതാന്‍ കഴിയും. അത്യാവശ്യം നന്നായി ഇംഗ്ലീഷ് എഴുതാനും വായിക്കാനും അറിയുന്നവര്‍ ഇംഗ്ലീഷില്‍ എഴുതുന്നതാണ് അഭികാമ്യം.

കറന്റ് അഫേഴ്‌സ് പഠനരീതികള്‍.

രാജ്യത്ത് പ്രചാരത്തിലുള്ള ഒരു ദേശീയ ഇംഗ്ലീഷ് പത്രമെങ്കിലും പതിവായി വായിക്കണം. വായിക്കുന്ന പ്രധാന കാര്യങ്ങള്‍ നോട്ടു ചെയ്തു വെച്ചാല്‍ പിന്നീട് ഉപകരിക്കും. മാഗസിനുകള്‍, വീഡിയോകള്‍ ഉപയോഗപെടുത്താം. എല്ലാം പരക്കെ പഠിക്കുന്നതിനു പകരം ഒന്നില്‍ കേന്ദ്രീകരിക്കണം. സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് ഒഴിച്ചുനിര്‍ത്താന്‍ പറ്റാത്തതാണ് കറന്റ് അഫയേഴ്‌സ് പഠനം. പ്രിലിമിനറി പേപ്പറിലെ ഒബ്ജക്റ്റീവ് ടൈപ്പ് ചോദ്യങ്ങളിലും മെയിന്‍ പരീക്ഷയിലെ വിവരണാത്മക ചോദ്യങ്ങളിലും കറന്റ് അഫയേഴ്‌സ് പഠനം സഹായിക്കും. സമകാലിക സംഭവങ്ങളില്‍ നിന്നുള്ള ചോദ്യങ്ങള്‍ പേഴ്‌സണാലിറ്റി ടെസ്റ്റിലും ഉള്‍പ്പെടും.

സിവില്‍ സര്‍വീസ് നിയമനങ്ങളിലെ സംവരണം.

ഇന്ത്യന്‍ സമൂഹത്തില്‍ പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളെ ഉയര്‍ത്തുന്നതിനാണ് സംവരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. യു.പി.എസ്.സി പരീക്ഷ ഉള്‍പ്പെടെ വിവിധ മത്സര പരീക്ഷകളിലും ജോലികളിലും സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പട്ടികജാതി 15 ശതമാനം, പട്ടിക വര്‍ഗം 7.5 ശതമാനം, ഒ.ബി.സി 27 ശതമാനം, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ 10 ശതമാനം, ഭിന്നശേഷിക്കാര്‍ 4 ശതമാനം എന്നിങ്ങനെയാണ് സിവില്‍ സര്‍വീസിലെ സംവരണം. അപേക്ഷ പ്രായപരിധി, അപേക്ഷ ഫീസ്, പരീക്ഷ അവസരങ്ങളുടെ എണ്ണം തുടങ്ങിയ കാര്യത്തില്‍ ഈ വിഭാഗങ്ങള്‍ക്ക് ഇളവ് ലഭിക്കും.

ത്രിപുര വിശേഷങ്ങള്‍?

ഭൂമിശാസ്ത്രപരമായും സാംസ്‌കാരികമായും കേരളത്തോട് സാമ്യമുള്ള സംസ്ഥാനമണ് ത്രിപുര. വടക്കുകിഴക്കന്‍ സംസ്ഥാനം എന്ന നിലക്കുള്ള ഭൂമിശാസ്ത്രപരമായ പരിമിതികള്‍ കാരണം സാമ്പത്തികമായും വികസനകാര്യത്തിലും താരതമ്യേന പിന്നിലാണ്. ബംഗ്ലാദേശുമായി മൂന്ന് അതിര്‍ത്തികളും പങ്കിടുന്ന ഇന്ത്യയുടെ കിഴക്കേ അറ്റമാണ് ഈ നാട്. കടലില്ലാത്ത സംസ്ഥാനം. അരക്കോടിയില്‍ താഴെ മാത്രമാണ് ജനസംഖ്യ. അതേസമയം ഒരു ഐ.എ.എസ് ഓഫീസര്‍ എന്ന രീതിയില്‍ ജോലി ചെയ്യാന്‍ വലിയ സാധ്യതയുള്ള ഒരു നാട് കൂടിയാണ്. ജനങ്ങളെ സേവിക്കാനും അവരുടെ പുരോഗതിക്കായി നിരവധി കാര്യങ്ങള്‍ ചെയ്യാനും അവസരം ലഭിക്കും.

അര്‍ജന്റീന ഫാന്‍?

ഏറ്റവും ഇഷ്ടപ്പെട്ട കളിയാണ് ഫുട്ബാള്‍. നന്നേ ചെറുപ്പത്തിലേ കാല്‍പന്തുകളിയോടെയുള്ള ആ ഇഷ്ടം മറ്റെല്ലാ മലപ്പുറത്തുകാരെയും പോലെ കൂടെ കൂടിയിരുന്നു. കളിമികവില്‍ ഞാന്‍ പക്ഷെ ശരാശരിയായിരുന്നു. ഏറ്റവും മികച്ച 11 പേരെ പ്ലേയിംഗ് ഇലവനിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതോടെ ജഴ്‌സിയണിഞ്ഞ് ഗ്രൗണ്ടിലിറങ്ങാനുള്ള ഏക വഴി കോച്ചോ മാനേജറോ ആവുക എന്നാണെന്ന് തിരച്ചറിഞ്ഞു. നാട്ടിലും പിന്നീട് ഫറൂഖ് കോളജിലും ഡല്‍ഹി ജാമിയയിലും ഇങ്ങനെ ഫുട്ബാള്‍ മാനേജറായി പല ഗ്രൗണ്ടുകളില്‍ ജഴ്‌സിയണിഞ്ഞിട്ടുണ്ട്. എന്റെ കൂടെ പഠിച്ചവരില്‍ പലരും പിന്നീട് സന്തോഷ് ട്രോഫിയിലും രാജ്യത്തെ മികച്ച ക്ലബുകളിലും പന്തുതട്ടിയിട്ടുണ്ട്. ഇഷ്ട ടീം എക്കാലവും അര്‍ജന്റീനയും താരം മെസിയുമാണ്. ഇത്തവണത്തെ ഖത്തര്‍ ലോകകപ്പില്‍ മെസി കപ്പില്‍ മുത്തമിട്ടപ്പോള്‍ സിവില്‍ സര്‍വ്വീസ് നേടിയ സന്തോഷം പോലെയൊരു ആഹ്ലാദമാണുണ്ടായത്.

സിവില്‍ സര്‍വീസിലെ വിവിധ സര്‍വീസുകള്‍

ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (ഐഎഎസ്), ഇന്ത്യന്‍ പോലീസ് സര്‍വീസ് (ഐ.പി.എസ്),
ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് (ഐ.എഫ്.എസ്), തുടങ്ങിയ സര്‍വ്വീസുകള്‍ക്കൊപ്പം ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് (ഐ.എഫ്.ഒ.എസ്), ഇന്ത്യന്‍ ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട്‌സ് സര്‍വീസ് (ഐ.എ.എ.എസ്), ഇന്ത്യന്‍ കമ്മ്യൂണിക്കേഷന്‍ ഫിനാന്‍സ് സര്‍വീസസ് (ഐ.സി.എഫ്.എസ്), ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വീസ് (ഐ.പി.ഒ.എസ്), ഇന്ത്യന്‍ റെയില്‍വേ ട്രാഫിക് സര്‍വീസ് (ഐ.ആര്‍.ടി.എസ്), ഇന്ത്യന്‍ റവന്യൂ സര്‍വീസ് (ഐ.ആര്‍.എസ്), റെയില്‍വേ സംരക്ഷണ സേന (ആര്‍പിഎഫ്), ഇന്ത്യന്‍ സിവില്‍ അക്കൗണ്ട്‌സ് സര്‍വീസ് (ഐ.സി.എ.എസ്), ഇന്ത്യന്‍ റെയില്‍വേ അക്കൗണ്ട്‌സ് സര്‍വീസ് (ഐ.ആര്‍.എ.എസ്), ഇന്ത്യന്‍ റെയില്‍വേ പേഴ്‌സണല്‍ സര്‍വീസ് (ഐ.ആര്‍.പി.എസ്), ഇന്ത്യന്‍ ട്രേഡ് സര്‍വീസ് (ഐ.ടി.എസ്), ഇന്ത്യന്‍ കോര്‍പ്പറേറ്റ് ലോ സര്‍വീസ് (ഐ.സി.എല്‍.എസ്), ഇന്ത്യന്‍ ഡിഫന്‍സ് അക്കൗണ്ട്‌സ് സര്‍വീസ് (ഐ.ഡി.എ.എസ്), ഇന്ത്യന്‍ ഡിഫന്‍സ് എസ്റ്റേറ്റ് സര്‍വീസ് (ഐ.ഡി.ഇ.എസ്), ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസ് (ഐ.ഐ.എസ്), ഇന്ത്യന്‍ ഓര്‍ഡനന്‍സ് ഫാക്ടറി സര്‍വീസ് (ഐ.ഒ.എഫ്.എസ്).

Continue Reading

Trending