സംസ്ഥാനത്തെ കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ഭൂരിഭാഗവും പ്രവര്‍ത്തിക്കുന്നത് ഒരു ഫാര്‍മസിസ്റ്റ് തസ്തികയുമായി. ആരോഗ്യ വകുപ്പിന്റെ ആര്‍ദ്രം സ്റ്റാന്‍ഡേര്‍ഡ് പ്രകാരം ഒരു കുടുംബാരോഗ്യ കേന്ദ്രത്തില്‍ രണ്ട് ഫാര്‍മസിസ്റ്റ് തസ്തിക വേണമെന്നാണ് ചട്ടം. എന്നാല്‍ സംസ്ഥാനത്തൊട്ടാകെയുള്ള 500 കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ 350ാളം കേന്ദ്രങ്ങളില്‍ ഒരു ഫാര്‍മസിസ്റ്റ് തസ്തിക മാത്രമാണുള്ളത്. മൂന്ന് ഡോക്ടര്‍മാര്‍, മൂന്ന് നഴ്‌സ് എന്നീ തസ്തിക അനുവദിച്ചപ്പോള്‍ സര്‍ക്കാര്‍ ഫാര്‍മസിസ്റ്റ് തസ്‌കിത മാത്രം മനപൂര്‍വ്വം ഒഴിവാക്കുകയാണ് ചെയ്തത്.
രോഗികള്‍ക്ക് മരുന്നുകളും ഉപയോഗ നിര്‍ദേശങ്ങളും കൗണ്‍സിലിംഗും നല്‍കേണ്ട ചുമതല, ഫാര്‍മസി ചുമതല, സ്ഥാപനത്തിലേക്കു മൊത്തം വേണ്ട മരുന്നുകള്‍, ഉപകരണങ്ങള്‍, ശുചീകരണ വസ്തുക്കള്‍ എന്നിവയുടെ സംഭരണം, സൂക്ഷിപ്പ്, വിതരണം, കണക്കുകള്‍ തയ്യാറാക്കല്‍ സ്റ്റോര്‍ ചുമതല എന്നിവയാണ് ഫാര്‍മസിസ്റ്റുമാരുടെ ഡ്യൂട്ടി. ആര്‍ദ്രം ചട്ടപ്രകാരം സീനിയര്‍ ഫാര്‍മസിസ്റ്റ് സ്റ്റോര്‍ ചുമതലയും, ജൂനിയര്‍ ഫാര്‍മസിസ്റ്റ് ഫാര്‍മസി ചുമതലയുമാണ് നിര്‍വഹിക്കേണ്ടത്. എന്നാല്‍ ഭൂരിപക്ഷം സ്ഥാപനങ്ങളിലും ഒരു തസ്തിക മാത്രമായതിനാല്‍ രണ്ടും ഒരാള്‍ തന്നെ ചെയ്യണം. രാവിലെ 9 മുതല്‍ വൈകിട്ട് 5 മണിവരെയാണ് ജോലി സമയം. ഇത് ജീവനക്കാര്‍ക്ക് കനത്ത സമ്മര്‍ദ്ദമാണുണ്ടാക്കുന്നത്. മരുന്ന് സംഭരണം കൃത്യമായി നടത്താനാവാത്തതിനാല്‍ പല രോഗികള്‍ക്കും മരുന്നുകള്‍ ലഭിക്കുന്നുമില്ല.
ഒന്നാം ഘട്ടമായി ആരംഭിച്ച 170 കുടുംബ ആരോഗ്യ കേന്ദ്രങ്ങളില്‍ 150 എണ്ണത്തില്‍ മാത്രമാണ് സര്‍ക്കാര്‍ ഫാര്‍മസിസ്റ്റ് തസ്തിക അനുവദിച്ചത്. രണ്ടാം ഘട്ടത്തില്‍ 200 കുടുംബ ആരോഗ്യ കേന്ദ്രങ്ങള്‍ ആരംഭിച്ചപ്പോള്‍ ഒരു ഫാര്‍മസിസ്റ്റ് തസ്തികയും അനുവദിച്ചില്ല. എന്നാല്‍ ഡോക്ടര്‍, നഴ്‌സ്, ലാബ് ടെക്‌നിഷ്യന്‍ തുടങ്ങിയ 100 തസ്തികകള്‍ അനുവദിച്ചു. ഫാര്‍മസിസ്റ്റ് തസ്തികകള്‍ ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് സ്ഥാപനങ്ങളില്‍ അനുഭവപ്പെട്ടപ്പോള്‍ സര്‍ക്കാര്‍ ഫാര്‍മസിസ്റ്റ്‌സ് അസോസിയേഷന്‍ പ്രക്ഷോഭത്തിനിറങ്ങി. അതേതുടര്‍ന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതിപ്രകാരം താല്‍ക്കാലികമായി ദിവസവേതനത്തിന് ഫാര്‍മസിസ്റ്റുമാരെ നിയമിക്കാമെന്ന് അന്നത്തെ ആരോഗ്യ മന്ത്രി ശൈലജ ഉറപ്പ് നല്‍കി. എന്നാല്‍ ഫണ്ടില്ലായെന്ന കാരണം പറഞ്ഞ് പകുതിയോളം സ്ഥാപനങ്ങളില്‍ മാത്രമാണ് നിയമനം നടത്തിയത്. പ്രശ്‌നങ്ങള്‍ ഉയര്‍ന്നതോടെ ഫാര്‍മസിസ്റ്റുമാരുടെ ജോലി പരിശീലനം ലഭിക്കാത്ത മറ്റു വിഭാഗം ജീവനക്കാരെക്കൊണ്ട് ജോലി ചെയ്യിക്കാനുള്ള അപകടകരമായ നീക്കമാണ് ആരോഗ്യ വകുപ്പിന്റെ ഭാഗത്തു നിന്നുമുണ്ടായത്.
ഫാര്‍മസിസ്റ്റുമാര്‍ ഇല്ലാത്തപ്പോള്‍ മെഡിക്കല്‍ ഓഫീസറുടെ സൂപ്പര്‍വിഷനില്‍ മറ്റു ജീവനക്കാര്‍ മരുന്ന് നല്‍കാമെന്ന വിചിത്രമായ തീരുമാനമെടുത്തു. ഇത് ഫാര്‍മസി നിയമം ആന്റ് കോസ്‌മെറ്റിക്‌സ് നിയമം എന്നിവക്ക് വിരുദ്ധവും ശിക്ഷ ലഭിക്കുന്ന കുറ്റവുമാണ്. മരുന്ന് മാറിനല്‍കല്‍, ശരിയായ ഉപയോഗ നിര്‍ദേശങ്ങള്‍ രോഗികള്‍ക്ക് ലഭിക്കാതിരിക്കുക തുടങ്ങി പല അപകടങ്ങള്‍ക്കും കാരണമാകുന്നു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരം അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 1942 ലെ ഫാര്‍മസി നിയമം പ്രകാരം 6 മാസം തടവും 1000 രൂപ പിഴയും ശിക്ഷയായി ലഭിക്കും. ഡോക്ടര്‍മാര്‍ക്ക് സ്വന്തം രോഗിക്ക് നേരിട്ട് മരുന്ന് നല്‍കാന്‍ മാത്രമാണ് ഇളവുള്ളത്.