മലപ്പുറം: രണ്ടര മാസത്തെ കാത്തിരിപ്പിനു ശേഷം യു.എ.ഇയിലേക്ക് പ്രവേശനാനുമതി ലഭിച്ചെങ്കിലും വിമാനക്കമ്പനികളുടെ ടിക്കറ്റ് നിരക്ക് പ്രവാസികളുടെ നടുവൊടിക്കുന്നു. മാസങ്ങളായി ജോലിയില്ലാതെ കഷ്ടപ്പെടുന്ന ഈ പ്രതിസന്ധിക്കാലത്തും കമ്പനികള്‍ മൂന്നു മടങ്ങിലധികമാണ് ടിക്കറ്റ് നിരക്ക് കൂട്ടിയത്. സഊദി യാത്രക്കാരുടെ സ്ഥിതിയും സമാനമാണ്. നിലവില്‍ ഇന്ത്യയില്‍ നിന്നും കര്‍ശന നിയന്ത്രണങ്ങളോടെ മാലി, ഖത്തര്‍, അര്‍മേനിയ, ഉസ്ബക്കിസ്ഥാന്‍, നേപ്പാള്‍, സെര്‍ബിയ, എത്യോപ്യ എന്നീ രാജ്യങ്ങള്‍ വഴി പ്രവേശന അനുമതിയുണ്ട്. കൂടുതല്‍ ഇന്ത്യക്കാരും ഖത്തര്‍, മാലി വഴിയാണ് യാത്ര ചെയ്യുന്നത്. രണ്ട് ലക്ഷം രൂപയോളമാണ് ടിക്കറ്റിന് നിലവില്‍ ട്രാവല്‍സുകള്‍ ഈടാക്കുന്നത്.
ഏപ്രില്‍ 24നാണ് ഇന്ത്യയുള്‍പ്പെടെ14 രാഷ്ട്രങ്ങളില്‍ നിന്ന് നേരിട്ടുള്ള യാത്രക്ക് യു.എ.ഇ വിലക്കേര്‍പ്പെടുത്തിയത്. മൂന്നു മാസത്തിന് ശേഷമാണ് യാത്രാവിലക്കില്‍ ഇളവു വരുത്തി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇനി പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്തുമോയെന്ന ഭീതിയില്‍ എത്രയും പെട്ടെന്ന് യു.എ.ഇയില്‍ എത്താനാണ് പ്രവാസികളുടെ ശ്രമം. ഈ അവസരം മുതലെടുത്താണ് ഈ മാസം ടിക്കറ്റ് നിരക്ക് കുത്തനേ കൂട്ടിയത്. കുറഞ്ഞ നിരക്ക് ഈടാക്കാറുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസിലടക്കം 25,500 മുതല്‍ 30,600 രൂപ വരെ വേണം. തിരിച്ച് കേരളത്തിലേക്ക് 9,500 രൂപക്ക് ടിക്കറ്റുണ്ട്. എയര്‍ ഇന്ത്യയില്‍ ഈ മാസം 15 വരെയുള്ള ടിക്കറ്റുകള്‍ തീര്‍ന്നു. ഓഗസ്റ്റ് 16ന് 25,870 രൂപയാണ്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ചെറിയ വ്യത്യാസമേയുള്ളൂ. കോഴിക്കോട് – ദുബായ് ടിക്കറ്റ് നിരക്ക് പരിശോധിച്ചാല്‍ ഇന്നലെ ഫ്‌ളൈ ദുബായ്: 31,000, ഇന്‍ഡിഗോ: 37,000, എയര്‍ അറേബ്യ – 29,000 എന്നിങ്ങനെയാണ്. കൊച്ചി – ദുബായ് എമിറേറ്റ്‌സ് – 26,000, ഇന്‍ഡിഗോ – 36,000, സ്‌പൈസ് ജെറ്റ് – 37,000. എന്നാല്‍ സെപ്തംബര്‍ 15 മുതല്‍ 10,000 രൂപക്കും ടിക്കറ്റുണ്ടെന്നത് പ്രതിസന്ധി കാലത്തെ ചൂഷണത്തിന് ഉദാഹരണമാണ്.
കര്‍ശന നിയന്ത്രണങ്ങളോടെയാണ് ഇന്നലെ മുതല്‍ ദുബായിലേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. യു.എ.ഇയില്‍ നിന്നും 2 ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമാണ് പ്രവേശനം. ഇന്ത്യക്കാരായ ദുബായ് വിസയുള്ളവര്‍ താമസ-കുടിയേറ്റ വകുപ്പിന്റെ അനുമതി വാങ്ങണം. വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുള്‍പ്പെടെ രാജ്യം നിര്‍ബന്ധമാക്കിയ മുഴുവന്‍ രേഖകളും ഓണ്‍ലൈന്‍ വഴി സമര്‍പ്പിച്ചവര്‍ക്ക് ഈ അനുമതി കരസ്ഥമാക്കാനാവും. മറ്റു എമിറേറ്റ്‌സിലുള്ളവര്‍ക്ക് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് (ഐ.സി.എ) അനുമതിയും നിര്‍ബന്ധമാണ്. ഷാര്‍ജയില്‍ ഇറങ്ങുന്നവര്‍ക്ക് 10 ദിവസം ഹോം ക്വാറന്റൈന്‍ വേണം. നാല്, എട്ട് ദിവസങ്ങളില്‍ ആര്‍.ടി.പി.സി ആര്‍ പരിശോധന നടത്തണം. അബൂദാബിയില്‍ ഇറങ്ങുന്നവര്‍ക്ക് പത്ത് ദിവസം ഹോം ക്വാറന്റൈന്‍ നിര്‍ബന്ധമാണ്. ദുബായില്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന ഫലം വരുന്നത് വരെ ക്വാറന്റൈന്‍ മതിയാവും. യു.എ.ഇ അംഗീകരിച്ച കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് അടുത്ത ഘട്ടത്തില്‍ പ്രവേശനം അനുവദിക്കുമെന്നാണ് പ്രതീക്ഷ.
സഊദി യാത്രക്കാര്‍ക്ക് ഖത്തര്‍ വഴിയാണ് കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യാന്‍ സാധ്യമാകുന്നത്. ആറുമാസത്തെയെങ്കിലും കാലാവധിയുള്ള പാസ്‌പോര്‍ട്ട്, റിട്ടേണ്‍ ഉള്‍പ്പെടെ വിമാന ടിക്കറ്റ്, ഖത്തര്‍ സന്ദര്‍ശിക്കുന്ന അത്രയും ദിവസത്തേക്കുള്ള അംഗീകൃത ഹോട്ടല്‍ ബുക്കിങ്, ഖത്തര്‍ ആരോഗ്യ മന്ത്രാലയം അംഗീകരിച്ച കോവിഡ് വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ചതായുള്ള സര്‍ട്ടിഫിക്കറ്റ്, കോവിഡ് ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് പരിശോധന ഫലം, രേഖകള്‍ യാത്രക്ക് 12 മണിക്കൂര്‍ മുമ്പായി ഇഹ്തിറാസ് വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത അനുമതി, അക്കൗണ്ടിലോ കൈവശമോ 5,000 റിയാലോ തത്തുല്യമായ തുകയോ ഉണ്ടാകണം എന്നീ ഉപാധികളാണ് ഖത്തറിലേക്ക് ഓണ്‍ അറൈവല്‍ വിസയിലെത്താനായി യാത്രക്കാര്‍ക്കുള്ള നിര്‍ദേശം. എന്നാല്‍ ഇതിന് രണ്ട് ലക്ഷം രൂപയോളം ചെലവ് വരുന്നുണ്ട്. കഴിഞ്ഞ ദിവസം ടിക്കറ്റ് ബുക്ക് ചെയത് നൂറുകണക്കിന് യാത്രക്കാര്‍ക്ക് അംഗീകൃത ഹോട്ടല്‍ ലഭ്യമാവാത്തതിനെ തുടര്‍ന്ന യാത്ര നിശോധിച്ചതും പ്രതിഷേധത്തിനിടയാക്കിയിരുന്നു. അര ലക്ഷം രൂപയോളമാണ് ടിക്കറ്റ് നിരക്ക് ഇനത്തില്‍ യാത്രക്കാരന് നഷ്ടമായത്. മാസങ്ങളായി ഗള്‍ഫ് നാടുകളിലേക്ക് മടങ്ങാന്‍ സാധിക്കാതെ പ്രയാസത്തിലായവരാണ് പ്രവാസികളിലധികവും. പലരും കടം വാങ്ങിയും മുറ്റുമാണ് തങ്ങളുടെ ഓരോ ദിനവും തള്ളി നീക്കിയിരുന്നത്. അവസാനം പോറ്റമ്മ നാട് കനിയുന്ന സാഹചര്യം വന്നപ്പോള്‍ വിമാനക്കമ്പനികളും മറ്റും അവരെ ചൂഷണം ചെയ്യുന്നത് അതിന ദയനീയമാണ്.