X

ശാരദ ചിട്ടി തട്ടിപ്പ്: നളിനി ചിദംബരത്തിന്റെയും മുന്‍ സി.പി.എം എം.എല്‍.എയുടേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

ന്യൂഡല്‍ഹി: ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ മുന്‍ കേന്ദ്ര ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരത്തിന്റെ ഭാര്യ നളിനി ചിദംബരം, മുന്‍ സി.പി.എം എം.എല്‍.എ ദേബേന്ദ്രനാഥ് ബിശ്വാസ് തുടങ്ങിയവരുടേതടക്കം ആറുകോടിയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി.

കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം 3.30 കോടി രൂപയുടെ ജംഗമ സ്വത്തുക്കളും മൂന്നു കോടി രൂപയുടെ സ്ഥാവര സ്വത്തുക്കളുമാണ് കണ്ടുകെട്ടിയത്. ശാരദ ഗ്രൂപ്പിന്റെയും തട്ടിപ്പിലെ ഗുണഭോക്താക്കളായ നളിനി ചിദംബരം, ദേബബ്രത സര്‍ക്കാര്‍ (ഈസ്റ്റ് ബംഗാള്‍ ക്ലബ് ഉദ്യോഗസ്ഥന്‍), ദേബേന്ദ്രനാഥ് ബിശ്വാസ് (മുന്‍ ഐ.പി.എസ് ഓഫിസറും മുന്‍ സി.പി.എം എം.എല്‍.എയും), അസം മുന്‍ കാബിനറ്റ് മന്ത്രിയായിരുന്ന പരേതനായ അഞ്ജന്‍ ദത്തയുടെ അനുഭൂതി പ്രിന്റേഴ്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍സ് എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് സ്വത്തെന്ന് കണ്ടുകെട്ടല്‍ ഉത്തരവില്‍ പറയുന്നു.പശ്ചിമ ബംഗാള്‍, അസം, ഒഡിഷ എന്നിവിടങ്ങളില്‍ 2013 വരെ ശാരദ ഗ്രൂപ് നടത്തിയ ചിട്ടി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ടാണ് കേസ്.

2,459 കോടി രൂപ ചിട്ടിയിലൂടെ സമാഹരിച്ച കമ്ബനി 1,983 കോടി രൂപ നിക്ഷേപകര്‍ക്ക് മടക്കി നല്‍കാനുണ്ട്. പലിശ ഇതിനുപുറമെയാണ്. കേസില്‍ ഇതുവരെ 600 കോടി രൂപയുടെ സ്വത്തുക്കള്‍ ഇ.ഡി. കണ്ടുകെട്ടിയിട്ടുണ്ട്.

webdesk12: