ന്യൂഡല്‍ഹി: ഇന്ത്യയില്‍ അഭിപ്രായം സ്വാതന്ത്ര്യം നിയമം ഉപയോഗിച്ച് അധികാരികള്‍ തന്നെ അടിച്ചമര്‍ത്തുന്നതായി ആഗോള മനുഷ്യാവകാശ സംഘടന ആംനസ്റ്റി ഇന്റര്‍നാഷണല്‍. രാജ്യത്തെ മത ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായും ആംനസ്റ്റി പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
ബീഫ് തിന്നുന്നതിന്റെ പേരില്‍ ഇന്ത്യയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഗോ സംരക്ഷണ ഗുണ്ടകള്‍ നടത്തിയിട്ടുള്ള അഴിഞ്ഞാട്ടവും, ദളിത്, മുസ്്‌ലിം വിഭാഗക്കാരെ തല്ലിക്കൊന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഗോ സംരക്ഷകരെന്ന പേരില്‍ രാജ്യത്ത് അഴിഞ്ഞാടുന്ന ഗുണ്ടകള്‍ 10 മുസ്്‌ലിംകളെ തല്ലിക്കൊല്ലുകയും നിരവധി പേര്‍ക്ക് പരിക്കേല്‍പിച്ചതായും റിപ്പോര്‍ട്ട് പറയുന്നു. അക്രമങ്ങളെല്ലാം ഭരണ കക്ഷിയായ ബി.ജെ.പിയുടെ പിന്തുണയോടെയാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
രാജ്യത്ത് പത്ര പ്രവര്‍ത്തകര്‍ക്കെതിരായ അധിക്രമങ്ങളും വര്‍ധിച്ചതായി ആംനസ്റ്റി പറയുന്നു. ലങ്കേഷ് പത്രികയുടെ എഡിറ്റര്‍ ഗൗരിലങ്കേഷ് കൊല്ലപ്പെട്ടതിനു ശേഷം പത്രപ്രവര്‍ത്തകര്‍ ഭീഷണി നേരിടുന്നതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യം അടിച്ചമര്‍ത്തുന്നതിനായി വിവിധ സംസ്ഥാന സര്‍ക്കാറുകള്‍ പല നിയമങ്ങളും ഉപയോഗിച്ചതായി പറയുന്ന റിപ്പോര്‍ട്ടില്‍ പുസ്തകങ്ങള്‍ നിരോധിച്ചതും ചില സിനിമകള്‍ക്ക് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചതും എടുത്തു കാണിക്കുന്നുണ്ട്.
പ്രശസ്തിയുടെ രാഷ്ട്രീയവും ഭയപ്പെടുത്തലും ലോകത്തെല്ലായിടത്തും വ്യാപിക്കുകയാണെന്നും ഇതിനെതിരെ അമേരിക്കയിലും ഇന്ത്യയിലുമടക്കം പ്രതിരോധം ഉയരുന്നതായും ആംനസ്റ്റി ഡയരക്ടര്‍ ഓഫ് ഓപറേഷന്‍സ് മിനാര്‍ പിംപിള്‍ പറഞ്ഞു. ദക്ഷിണേഷ്യയില്‍ എല്ലായിടത്തും പൊതു സമൂഹത്തിന്റെ ഇടം കുറഞ്ഞു വരികയാണെന്ന് ദക്ഷിണേഷ്യ റീജണല്‍ ഡയരക്ടര്‍ ബിരാജ് പട്‌നായിക് പറഞ്ഞു.
ഇന്ത്യയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമം, ജാതി വിവേചനം, വര്‍ഗീയ സംഘര്‍ഷം എന്നിവ കൂടി വരികയാണെന്നു പറയുന്ന റിപ്പോര്‍ട്ടില്‍ ജമ്മുകശ്മീരില്‍ സിവിലിയന്‍മാര്‍ക്കു നേരെ അനധികൃതമായി പെല്ലറ്റുകള്‍ ഉപയോഗിക്കുന്നത് കാരണം നിരവധി പേരുടെ കാഴ്ചകള്‍ നഷ്ടമായതായും കശ്മീരില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ തുടരുന്നതായും പറയുന്നു. 2016ല്‍ ഇന്ത്യയില്‍ ദളിതുകള്‍ക്കു നേരെ 40,000 കുറ്റകൃത്യങ്ങള്‍ നടന്നതായും രേഖപ്പെടുത്തിയിട്ടുണ്ട്. തോട്ടിപ്പണി ഇന്ത്യയില്‍ ഇപ്പോഴും യാഥാര്‍ത്ഥ്യമാണെന്നും ഓടകളും മാന്‍ഹോളുകളും വൃത്തിയാക്കുന്നതിനിടെ കഴിഞ്ഞ വര്‍ഷം 90 ദളിതുകള്‍ കൊല്ലപ്പെട്ടതായും ആംനസ്റ്റി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടക്കമുള്ള ലോകനേതാക്കള്‍ക്കെതിരെയും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്. റഷ്യന്‍ പ്രസിഡന്റ് വല്‍ദ്മിര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് തുടങ്ങി നിരവധി ലോക നേതാക്കള്‍ പിന്തിരിപ്പന്‍ നയങ്ങളിലൂടെ മനുഷ്യാവകാശങ്ങള്‍ക്ക് തുരങ്കംവെക്കുകയാണെന്ന് ആംനസ്റ്റിയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈജിപ്ത്, ഫിലിപ്പീന്‍സ്, വെനസ്വേല ഭരണത്തലന്മാരെയും ആംനസ്റ്റി പേരെടുത്ത് വിമര്‍ശിക്കുന്നുണ്ട്. അന്താരാഷ്ട്രതലത്തില്‍ വിദ്വേഷവും ഭീതിയും കൂടുതല്‍ പ്രകടമായിക്കൊണ്ടിരിക്കുകയാണ്. കലുഷിതമായ ഈ കാലത്ത് മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്ന ചുരുക്കം ഭരണകൂടങ്ങള്‍ മാത്രമേ ഉള്ളൂ-ആംനസ്റ്റി സെക്രട്ടറി ജനറല്‍ സലീല്‍ ഷെട്ടി പറഞ്ഞു. 159 രാജ്യങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.