തെരഞ്ഞെടുപ്പിൽ പ്രതിപക്ഷം ഏറ്റവുമധികം ആരോപണം ഉന്നയിച്ച വസ്തുക്കളിൽ ഒന്നായിരുന്നു ഇവിഎം. പല അവസരങ്ങളിലും ഇവിഎം ക്രമക്കേട് കാണിക്കുന്നതടക്കം ആരോപണങ്ങളുയർന്നിരുന്നു. എന്നാൽ പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ കൂടുതൽ ബലപ്പെടുത്തുന്നതാണ് ഇവിഎമ്മിനെതിരായി ഉയർന്നുവന്ന വോട്ടമാരെ ഇല്ലാതാക്കൽ നടപടി. വോട്ടേഴ്‌സ് ലിസ്റ്റിൽ നിന്നും പ്രത്യേക വിഭാഗങ്ങളെ ഒഴിവാക്കി ഇവിഎം വോട്ട് രേഖപ്പെടുത്തുന്നെന്നാണ് പുതിയ കണ്ടെത്തൽ.
വോട്ടർ ലിസ്റ്റിലുള്ള ആളുകളുടെ വോട്ട് ഇവിഎം ഇല്ലാതാക്കിയ സംഭവത്തെക്കുറിച്ച് ആന്ധ്രാ പ്രദേശിൽ 70 എഫ്‌ഐആറുകളാണുള്ളത്. ഇതിന് പിന്നാലെ ഡൽഹിയിലും ഇവിഎമ്മിനെതിരെ സമാനമായ ആരോപണങ്ങളുയരുന്നുണ്ട്.
സംഭവത്തെക്കുറിച്ച് സുപ്രിം കോടതിയിൽ കഴിഞ്ഞ വർഷം ഒരു പൊതുതാൽപര്യ ഹരജിയിൽ വാദമുണ്ടായിരുന്നു. വോട്ടർമാർക്ക് മുൻകൂട്ടി അറിയിപ്പ് നൽകാതെ അവരെ വോട്ടേഴ് ലിസ്റ്റിൽ നിന്നും ഒഴിവാക്കാനാകില്ലെന്നായിരുന്നു അന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വാദിച്ചത്. ഇതിന് പിന്നാലെ ഹരജി കോടതി തള്ളിയിരുന്നു.
എന്നാൽ വോട്ടർ ഡിലീഷനെതിരെ സ്വതന്ത്ര മാധ്യമ സ്ഥാപനമായ ന്യൂസ് ലൗണ്ടറി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്.
ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്ന മൂന്ന് മണ്ഡലങ്ങളിൽ സർവേ നടത്തിയായിരുന്നു ന്യൂസ് ലൗണ്ടറി തങ്ങളുടെ അന്വേഷണം ആരംഭിച്ചത്. ബിജെപി ജയിച്ച ഈ മൂന്ന് മണ്ഡലങ്ങളിലും ഗുരുതരമായ ക്രമക്കേട് നടന്നെന്നാണ് സർവേ വ്യക്തമാക്കുന്നത്.
കുറഞ്ഞ ഭൂരിപക്ഷവും ഉയർന്ന ഭൂരിപക്ഷവുമുള്ള മണ്ഡലങ്ങളിൽ ന്യൂസ് ലൗണ്ടറി സർവേ നടത്തി. ഉയർന്ന ശതമാനം വോട്ടേഴ്‌സ് ഡിലീഷൻ നടന്ന ബൂത്തുകളിലും മണ്ഡലങ്ങളിലും സർവേ നടന്നു. വോട്ടേഴ്‌സ് ലിസ്റ്റിൽ നിന്നും പുറത്താക്കപ്പെട്ട ആളുകളുടെ ശതമാനം കണ്ടെത്തി ഡിലീഷൻ റേറ്റും കണക്കുകൂട്ടി.
ഫറുഖാബാദ്, മീററ്റ്, ചാന്ദ്‌നി ചൗക്ക് എന്നിവിടങ്ങളിൽ നടത്തിയ അന്വേഷണങ്ങളിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് സർവേ കണ്ടെത്തിയത്.
ഉത്തർപ്രദേശിലെ ഫറൂഖാബാദിൽ 32,000 വോട്ടർമാരെയാണ് ലിസ്റ്റിൽ നിന്ന് പുറത്താക്കിയത്. ഇവിടത്തെ വിജയം 2,678 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു. എന്നാൽ സർവേയിൽ യാദവ്, മുസ്‌ലിം, ഷാക്യ, ജാദവ് വോട്ടർമാരിൽ വൻതോതിൽ വോട്ടേഴ്‌സ് ഡിലീഷൻ നടന്നതായി കണ്ടെത്തി. എന്നാൽ ഉയർന്ന ജാതിയിലുള്ള വോട്ടർമാരുള്ള പ്രദേശങ്ങളിൽ വോട്ടർ ഡിലീഷൻ വളരെ കുറഞ്ഞ നിരക്കിലാണ് ഉണ്ടായിരുന്നത്.
മീററ്റിൽ രണ്ട് ബുത്തുകളിൽ നടത്തിയ സർവേകളിൽ നിന്നും മണ്ഡലത്തിലെ 27 ശതമാനം വോട്ട് ചെയ്തവരും വ്യാജന്മാരാണെന്ന് കണ്ടെത്തി. മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി പതിനായിരത്തിനടുത്ത് വോട്ടുകൾക്കായിരുന്നു വിജയിച്ചത്. പുതുതായി മണ്ഡലത്തിൽ ഒരു ലക്ഷം വോട്ടർമാരെയാണ് ലിസ്റ്റിൽ ചേർത്തത് എന്നും സർവേയിൽ കണ്ടെത്തി.
പഞ്ചാബികളും ഉയർന്ന ജാതിക്കാരും തിങ്ങിപ്പാർക്കുന്ന ചാന്ദ്‌നി ചൗക്കിൽ വോട്ടേഴ്‌സ് ഡിലീഷൻ വളരെ കുറഞ്ഞ നിരക്കിലാണെന്നും സർവേ കണ്ടെത്തി. എന്നാൽ മുസ്‌ലിംകളും മറ്റ് ജാതിക്കാരും തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് ഡിലീഷൻ നിരക്ക് വളരെ ഉയർന്ന നിലയിലായിരുന്നു. കോൺഗ്രസ് സ്ഥാനാർഥിയുടെ സ്വന്തം നാട്ടിലെ മൂന്ന് ബൂത്തുകളിലും ഉയർന്ന ഡിലീഷൻ നിരക്ക് സർവേ ശ്രദ്ധിച്ചു.
സർവേ പ്രകാരം ബിജെപിക്ക് വോട്ടുകൾ കുറയാൻ സാധ്യതയുള്ള ബൂത്തുകളിൽ ഉയർന്ന നിരക്കിൽ വോട്ടേഴ്‌സ് ഡിലീഷൻ നടന്നിട്ടുണ്ട്. പ്രധാനമായും ന്യൂനപക്ഷങ്ങളും പട്ടിക ജാതിക്കാരുമുള്ള പ്രദേശങ്ങളിൽ വോട്ടേഴ്‌സ് ഡിലീഷൻ ഉയർന്ന തോതിൽ നടന്നിട്ടുണ്ടെന്നും കണ്ടെത്തി. ഇത് കൂടാതെ പുതിയ വോട്ടർമാരിൽ എത്രത്തോളം യഥാർഥ വോട്ടർമാരുണ്ടെന്നതിലും സംശയം ജനിപ്പിക്കുന്നതാണ് സർവേ.
പല അവസരങ്ങളിലും രണ്ടിൽ കൂടുതൽ ശതമാനം വോട്ടർമാരെ ഒഴിവാക്കുന്ന സന്ദർഭങ്ങളിൽ ഇലക്ടറൽ ഓഫീസർ വോട്ടർമാരെക്കുറിച്ച് വ്യക്തിഗത പരിശോധന നടത്തണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിബന്ധനയുടെ ലംഘനം നടന്നിട്ടുണ്ട്. ഇവിഎമ്മുകളിൽ വോട്ടേഴ്‌സ് ലിസ്റ്റ് ചേർക്കേണ്ടത് ഇലക്ടറൽ ഓഫീസർ ആണെന്നിരിക്കെ പലയിടങ്ങളിലും അനധികൃത വോട്ടർ ഡിലീഷൻ വിരൽ ചൂണ്ടുന്നത് ഓഫീസർമാർക്ക് നേരെ തന്നെയാണ്.
തെരഞ്ഞെടുപ്പ് രജ്‌സട്രേഷൻ നിയമം 21 എ പ്രകാരം മരിച്ചവരുടെയും താമസം മാറിയവരുടെയും പേരുകൾ ഇല്ലാതാക്കാൻ ചീഫ് ഇലക്ടറൽ ഓഫീസർക്ക് അധികാരമുണ്ട്. എന്നാൽ ചാന്ദ്‌നി ചൗക്കിൽ വോട്ടർ ഡിലീഷനിൽ പെട്ട ആളുകളിൽ വലിയൊരു ശതമാനത്തിനും തങ്ങൾക്ക് വോട്ട് ഇല്ലാതായതിനെക്കുറിച്ച് ഒരു നോട്ടീസ് പോലും ലഭ്യമായിട്ടില്ല.
ഫറൂഖാബാദിലും വോട്ടേഴ്‌സ് ഡിലീഷനിൽ പെട്ട 15 ശതമാനത്തിലധികം ആളുകളും ഇതേ ആരോപണം നടത്തിയിട്ടുണ്ട്. ഈ കണക്കുകൾ വോട്ടിൽ ഉൾപ്പെടുത്തുകയാണെങ്കിൽ ഇത് ബിജെപിയുടെ വിജയശതമാനത്തേക്കാൾ കൂടുതലുണ്ടാവുമെന്നതാണ് ഞെട്ടിക്കുന്ന സത്യം.
ഏറ്റവും വിചിത്രമായ സംഭവം മീററ്റിലായിരുന്നു. 2017ൽ 1.6 ശതമാനം കള്ളവോട്ടർമാരുണ്ടായിരുന്ന ബൂത്തിൽ 2022ൽ വോട്ട് രേഖപ്പെടുത്തിയത് 43 ശതമാനം കള്ളവോട്ടർമാരെയാണ്. തങ്ങളുടെ കണക്കുകൾ ന്യൂസ് ലൗണ്ടറി തെരഞ്ഞെടുപ്പ് കമ്മീഷനുമായി പങ്കുവെച്ചപ്പോൾ തങ്ങൾ മതവും ജാതിയും നോക്കി ഒരു ഡാറ്റയും സൂക്ഷിക്കുന്നില്ല, പട്ടികജാതി നിയോജക മണ്ഡലങ്ങളിൽ മാത്രമാണ് തങ്ങൾ ഇത്തരം കണക്കുകൾ ശ്രദ്ധിക്കാറുള്ളത് എന്നുമാണ് മറുപടി ലഭിച്ചത്.
വോട്ടേഴ്‌സ് ലിസ്റ്റ് പുതുക്കുന്നതിനെക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമായ മാനദണ്ഡങ്ങളുണ്ട്. ആഗസ്റ്റോടെ ആരംഭിക്കുന്ന ഈ നടപടി ജനുവരിയിലാണ് പ്രസിദ്ധീകരിക്കാറ്. വോട്ടർമാരുടെ വീടുവീടാന്തരം കയറിയിറങ്ങി പരിശോധന നടത്തുകയാണ് ആദ്യ മാസത്തിലെ പ്രവർത്തനം. തൊട്ടടുത്ത മാസം കരട് വോട്ടേഴ്‌സ് ലിസ്റ്റ് നിർമിക്കുകയും, സംശയങ്ങൾ ദുരീകരിക്കുകയും, ബൂത്തുകൾ പുനക്രമീകരിക്കുകയും ചെയ്യും. തുടർന്ന് ഒക്ടോബറോടെ കരട് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ഇത് പരിശോധിക്കുകയും ചെയ്യും.
തുടർന്നുള്ള 30 മുതൽ 45 വരേയുള്ള ദിവസം കരട് ലിസ്റ്റിലെ തെറ്റുകളും കുറവുകളും തിരുത്താനായി പൊതുജനത്തിനും രാഷ്ട്രീയ പാർട്ടികൾക്കും അവസരം നൽകുന്നു. ഇതേ സമയം ജില്ലാ ഭരണകൂടം ലിസ്റ്റ് പരിശോധിക്കുകയും തെറ്റുകൾ ഡിസംബറിനുള്ളിൽ തിരുത്തുകയും ചെയ്യുന്നു. തുടർന്ന് അവസാനഘട്ട പരിശോധനകൾക്ക് ശേഷം വോട്ടേഴ്‌സ് ലിസ്റ്റ് ജനുവരി അവസാനത്തോടെ പ്രസിദ്ധീകരിക്കുന്നു.
എന്നാൽ നിയമസഭാ തെരഞ്ഞുടുപ്പുകളിൽ സ്ഥാനാർഥികൾക്ക് പത്രിക സമർപ്പിക്കാനുള്ള അവസാന ദിനമായിരിക്കും വോട്ടേഴ്‌സ് ലിസ്റ്റ് പൂർത്തീയാക്കാനുള്ള അവസാന ദിനം. ഈ ലിസ്റ്റ് സ്ഥാനാർഥികൾക്ക് പത്രിക നൽകാനുള്ള അവസാന ദിനത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു.
നിരവധി നടപടികൾക്ക് ശേഷമാണ് ഒരു വോട്ടേഴ്‌സ് ലിസ്റ്റ് പ്രസിദ്ധീകരിക്കേണ്ടതെന്നിരിക്കെ പല കാര്യങ്ങളും അവഗണിച്ചാണ് പലയിടത്തും തെരഞ്ഞെടുപ്പ് നടന്നിരിക്കുന്നതെന്ന് വ്യക്തമാക്കുകയാണ് ന്യൂസ് ലൗണ്ടറിയുടെ സർവേ.