X
    Categories: CultureMoreNewsViews

മനുഷ്യാവകാശപ്രവര്‍ത്തകന്‍ ഗൗതം നാവ്‌ലാഖയെ വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിച്ചു

ന്യൂഡല്‍ഹി: ഭീമ കൊറെഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അഞ്ച് മനുഷ്യാവകാശ പ്രവര്‍ത്തകരിലൊരാളായ ഗൗതം നാവ്‌ലാഖയെ വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിച്ചു. ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് അദ്ദേഹത്തെ വിട്ടയച്ചത്. നാവ്‌ലാഖയെ 48 മണിക്കൂറിലധികം വീട്ടുതടങ്കലിലാക്കിയത് ന്യായീകരിക്കാനാവാത്തതാണെന്ന് കോടതി പറഞ്ഞു.

കഴിഞ്ഞ ദിവസം മനുഷ്യാവകാശ പ്രവര്‍ത്തകരുടെ വീട്ടുതടങ്കല്‍ നാല് ആഴ്ചത്തേക്ക് കൂടി ദീര്‍ഘിപ്പിച്ച സൂപ്രീംകോടതി പ്രതികള്‍ക്ക് ഉചിതമായ കീഴ്‌ക്കോടതികളെ സമീപിക്കാമെന്ന് വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നാവ്‌ലാഖ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്.

ജസ്റ്റിസ് എസ്. മുരളീധര്‍, ജസ്റ്റിസ് വിനോദ് ഗോയല്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് നാവ്‌ലാഖയെ വീട്ടുതടങ്കലില്‍ നിന്ന് വിട്ടയച്ചത്. നാവ്‌ലാഖക്ക് അദ്ദേഹത്തിനെതിരായ കേസിനെക്കുറിച്ച് അറിവുണ്ടായിരുന്നില്ല. അദ്ദേഹത്തിന് നോട്ടീസ് പോലും നല്‍കാതെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസ് ലാഘവത്തോടെയാണ് കൈകാര്യം ചെയ്തതെന്നും കോടതി നിരീക്ഷിച്ചു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: