ലുഖ്മാന്‍ മമ്പാട്
1972ലാണ് സഊദിയിലേക്ക് എന്നെ വിവാഹം ചെയ്തയച്ചത്. ഏതാനും മാസങ്ങള്‍ക്ക് ശേഷം, ജനുവരി ആദ്യം ജിദ്ദയിലെ വീട്ടിലേക്കാണ് വാപ്പ നാട്ടില്‍ നിന്ന് നേരെ വന്നത്. കുറച്ചു കാലമായി പലവിധ അസുഖങ്ങള്‍ അലട്ടിയിരുന്നതിന് പുറമെ മാസങ്ങള്‍ക്ക് മുമ്പ് അപകടത്തില്‍ മകന്‍ ഉസ്മാന്‍ (എന്റെ സഹോദരന്‍) മരിച്ച സങ്കടവുമുണ്ടായിരുന്നു. രാത്രി അവിടെ നില്‍ക്കാന്‍ നിര്‍ബന്ധിച്ചെങ്കിലും മക്കത്തെത്തണം എന്നു പറഞ്ഞ് പോയി. അഞ്ചിന് ഫൈസല്‍ രാജാവിന്റെ വിരുന്നിലൊക്കെ പങ്കെടുക്കാന്‍ വീണ്ടും ജിദ്ദയിലെത്തി. അദ്ദേഹത്തിന്റെ പിതാവ് അസീസ് രാജാവുമായും വാപ്പാക്ക് അടുപ്പമുണ്ടായിരുന്നു. അന്നു തന്നെ നടന്ന ഇന്ത്യന്‍ സംഘത്തെ നയിച്ചെത്തിയ കേന്ദ്രമന്ത്രി ഖുറൈശിയുടെ വിരുന്നിലും പങ്കെടുത്ത ശേഷമാണ് വീട്ടില്‍ വന്നത്. ചെറിയ പനിയുണ്ടായിരുന്നതിനാല്‍ നില്‍ക്കാന്‍ ഏറെ നിര്‍ബന്ധിച്ചിട്ടും മക്കത്തെത്തണം എന്നു തന്നെയായിരുന്നു മറുപടി.
പുതുതായി വാങ്ങിയ ടേപ്പ് റിക്കോര്‍ഡര്‍ കാണിച്ചപ്പോള്‍ സുറത്തുത്തഹ്രീറിലെ ഏതാനും വരികള്‍ മനോഹരമായി ഓതിയാണ് റിക്കോര്‍ഡിംഗ് പരിശോധിച്ചത്. ഇന്നും നിധി പോലെ അതു സൂക്ഷിക്കുന്നുണ്ട്.
പിറ്റേന്ന് ഞാനും ഭര്‍ത്താവ് അമീന്‍കയും ഭര്‍തൃമാതാവും ഭര്‍തൃസഹോദരനുമെല്ലാം ഹജ്ജിനായി മക്കത്തെത്തി വാപ്പക്കൊപ്പം ചേര്‍ന്നു. ജിദ്ദയില്‍ നാട്ടുകാരുടെ സൗകര്യവും മറ്റും അന്വേഷിക്കുന്ന അദ്ദേഹത്തിന് ഹറമിലെത്തിയാല്‍ പിന്നെ അതീവ സൂക്ഷ്്മതയും ഇബാദത്തുമാണ്. കാണുമ്പോള്‍ നിസ്‌കരിച്ചോ എന്നാണ് ആദ്യം ചോദിക്കുക. പതിവുപോലെ സ്നേഹത്തില്‍ പൊതിഞ്ഞ ഉപദേശങ്ങളായിരുന്നു. ശാരീരികമായ ക്ലേശങ്ങളൊന്നും വകവെക്കാതെ ഇബാദത്തുകളെല്ലാം കണിശമായി തന്നെ അദ്ദേഹം മുന്നോട്ടു കൊണ്ടുപോയി. ഹറമില്‍ പോയി ജമാഅത്തായി തന്നെ നിസ്‌കരിച്ചു. ഹജ്ജ് വേളയിലെല്ലാം ഉറക്കെ തക്്ബീര്‍ ചൊല്ലി ഞങ്ങളെ നയിച്ചു. മുമ്പ് 25 ഹജ്ജ് ചെയ്ത പരിചയമുണ്ടായിരുന്നല്ലോ അദ്ദേഹത്തിന്. അറഫയിലേക്ക് ഉറക്കെ ലബ്ബൈക്ക് ചൊല്ലി ഞങ്ങളുടെ മുന്നില്‍ നടക്കുന്ന അദ്ദേഹം ഇപ്പോഴും എന്റെ കണ്ണിലുണ്ട്. കൂടെ വന്ന കേയി സാഹിബിനോട് ഇടക്ക്, ‘ഇവിടെ നിന്ന് നാട്ടിലേക്ക് നിങ്ങള്‍ ഒറ്റക്ക് മടങ്ങേണ്ടി വരുമല്ലോ’ എന്നു പറയുമ്പോള്‍, ‘അങ്ങനെയൊന്നും പറയല്ലീ തങ്ങളേ’യെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അതിന്റെ ഗൗരവമൊന്നും ചെറുപ്പക്കാരിയായ എനിക്കപ്പോള്‍ പിടികിട്ടിയില്ല. തിരക്കില്‍ പെടേണ്ടെന്ന് പറഞ്ഞ് എന്റെ കൈപിടിച്ചാണ് ജംറയില്‍ കല്ലെറിയാനൊക്കെ വാപ്പ കൊണ്ടു പോയത്. ഹജ്ജിന്റെ കര്‍മ്മങ്ങളൊക്കെ കഴിഞ്ഞ് കത്രികയെടുത്ത് എന്റെ മുടി മുറിച്ച് തന്നതും വാപ്പയാണ്. ചൊവ്വാഴ്ച മക്കത്ത് മടങ്ങിയെത്തി താമസിച്ചതും ഒന്നിച്ചാണ്.
മുഹമ്മദ് ബക്രു മലബാരിയുടെ ബൈത്തുല്‍ ഫാസില്‍ എന്ന വീടിന്റെ താഴെ നിലയില്‍ അദ്ദേഹവും കൂടെ വന്നവരും മുകളില്‍ ഞങ്ങളുമായിരുന്നു. പിറ്റേന്ന് അദ്ദേഹത്തിന്റെ പനി കൂടി. പരിശോധിച്ചപ്പോള്‍ 103 ഡിഗ്രി പനിയുണ്ടെന്ന് പറഞ്ഞ് ഡോക്ടര്‍മാര്‍ നല്‍കിയ മരുന്ന് കഴിച്ചപ്പോള്‍ ചെറിയ ആശ്വാസം കിട്ടി. പിറ്റേന്ന് കനത്ത പനിയുണ്ടായിരുന്നെങ്കിലും സുബഹിയും ളുഹ്റും അസ്വറും നിന്ന് കൊണ്ട് തന്നെയാണ് നിസ്‌കരിച്ചത്. ജമാഅത്തിനൊന്നും പോവാതെ റൂമില്‍ വെച്ചാണ് മഗ്രിബ് നമസ്‌കരിച്ചത്. പനി പിന്നെയും കൂടി. മരുന്ന് കഴിച്ച് ഉറങ്ങി, പത്തരയോടെ ഉണര്‍ന്ന് നിന്നു കൊണ്ടു തന്നെ ഇശാ നമസ്‌കരിച്ചു. തന്നോട് റൂമില്‍ പോയി നമസ്‌കരിക്കാനും ഉറങ്ങാനും പറഞ്ഞ് വീണ്ടുമുറങ്ങി. ഒന്നരയോടെ കേയി സാഹിബിന്റെയൊക്കെ കരച്ചില്‍ കേട്ടാണ് ഉണരുന്നത്. പന്ത്രണ്ടരയോടെ വീണ്ടുമുണര്‍ന്ന് കേയീ സാഹിബിനെയും കല്ലട്രയെയുമൊക്കെ വിളിച്ചു വേദന സഹിക്കാന്‍ പറ്റുന്നില്ലെന്ന് പറഞ്ഞപ്പോള്‍ വീണ്ടും ഡോക്ടര്‍മാരെ വിളിച്ചു. മൂത്രമൊഴിച്ചു, ചായ കുടിച്ചു. വലതു വശത്തേക്ക് ചെരിച്ചു കിടത്താന്‍ ആവശ്യപ്പെട്ടു. ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്നുറക്കെ പറഞ്ഞ് മുറിഞ്ഞപ്പോഴാണ് കേയി സാഹിബും കല്ലട്ര സാഹിബുമൊക്കെ കരഞ്ഞത്. 1973 ജനുവരി 19 (ദുല്‍ഹജ്ജ് 13); വെള്ളിയാഴ്ച രാവില്‍ കണ്ണുകളില്‍ ഇരുട്ട് പരന്നു…
ജനങ്ങള്‍ വന്നു നിറഞ്ഞു. കുളിപ്പിച്ച് എല്ലാവരെയും കാണിച്ചു. വെള്ളിയാഴ്ച ജുമുഅ സമയത്ത് മസ്്ജിദുല്‍ ഹറമിലേക്ക് അദ്ദേഹത്തിന്റെ മയ്യിത്ത് കൊണ്ടു പോയി. ഹജ്ജിനെത്തിയ ലക്ഷങ്ങള്‍ കഅബയുടെ തൊട്ടടുത്ത് ജമുഅക്ക് ശേഷം അദ്ദേഹത്തിന്റെ മയ്യിത്ത് നിസ്‌കാരത്തിലും പങ്കുകൊണ്ടു. പരിശുദ്ധ മക്കയിലെ ജന്നത്തുല്‍ മുഅല്ലയില്‍ പ്രവാചക പത്നി ഖദീജ (റ)യുടെയും പുത്രന്‍ ഖാസിം (റ)ന്റെയും മക്കയിലെ പ്രമുഖ പണ്ഡിതന്‍ സയ്യിദ് അലവി മാലിക്കിയുടെയും ഖബറിനരികെയാണ് അന്ത്യവിശ്രമമൊരുക്കിയത്. പിന്നെയും നാല്‍പത് വര്‍ഷത്തോളം ഭര്‍ത്താവിന്റെ വിയോഗം വരെ സഊദിയില്‍ തന്നെയായിരുന്നു. ഇടക്ക് വാപ്പാന്റെ ഖബര്‍ സിയാറത്ത് ചെയ്യാമല്ലോ എന്നതായിരുന്നു സമാധാനം. ഒരു മാസം മുമ്പ് ഉംറക്ക് പോയപ്പോഴും ആ ഖബറിങ്ങല്‍ പോയി സലാം പറഞ്ഞു; അസ്സലാമുഅലൈക്കും യാ അബീ…
ഓര്‍മ്മകള്‍ക്ക് കൂട്ടിരുന്ന്
സഹധര്‍മ്മിണിയും
പത്തു മക്കളും
ബാഫഖി തങ്ങളുടെ ഓര്‍മ്മകളില്‍ അര നൂറ്റാണ്ടായി പ്രാര്‍ത്ഥനാ പൂര്‍വ്വം കഴിയുകയാണ് ഭാര്യ സയ്യിദത്ത് ഫാത്തിമ. വിയോഗ സമയത്ത് 42ന്റെ ചെറുപ്പമായിരുന്നു അവര്‍ക്ക്. 92ന്റെ അവശതകളിലും ബാഫഖി തങ്ങളുടെ ആരെയും വശീകരിക്കുന്ന നിറഞ്ഞ ചിരിയും ആത്മീയ പ്രഭയും ഊര്‍ജ്ജമാക്കുന്നു അവര്‍. അഞ്ചു ഭാര്യമാരാണ് അദ്ദേഹത്തിന്റെ വൈവാഹിക ജീവിതത്തിന്റെ ഭാഗമായത്. ആദ്യത്തെ ഭാര്യ സയ്യിദത്ത് ഖദീജ മരിച്ചപ്പോഴാണ് സയ്യിദത്ത് ആയിഷയെ വിവാഹം ചെയ്തത്. വൈകാതെ അവരും മരിച്ചു. ഇരുവരിലും മക്കളുണ്ടായില്ല. തുടര്‍ന്ന് മൂന്ന് വിവാഹങ്ങളാണ് കഴിച്ചത്. താനൂരില്‍ നിന്നുള്ള സയ്യിദത്ത് ഖദീജ, ചാലിയത്തു നിന്ന് സയ്യിദത്ത് ശരീഫ, പുതിയങ്ങാടിയില്‍ നിന്ന് സയ്യിദത്ത് ഫാത്തിമ. മൂവരിലുമായി 21 മക്കളാണ് അദ്ദേഹത്തിനുണ്ടായത്. ഇതില്‍ 11 പേരും അദ്ദേഹത്തിന്റെ വഴിയെ പോയി. പുതിയങ്ങാടി കോയ റോഡിലുണ്ടായ കാര്‍ അപകടത്തില്‍ പട്ടിക്കാട് പഠിക്കുകയായിരുന്ന മകന്‍ ഉസ്്മാന്‍ പതിനേഴാം വയസ്സില്‍ മരിച്ചത് ബാഫഖി തങ്ങളെ പിടിച്ചുലച്ചു. ഒരു മരണത്തില്‍ അദ്ദേഹം പൊട്ടിക്കരഞ്ഞത് അന്നായിരുന്നു. ബാഫഖി തങ്ങളുടെ കാലശേഷം ഇതുവരെ മുഹമ്മദ് ബാഫഖി തങ്ങള്‍, ഹാമിദ് ബാഫഖി തങ്ങള്‍, ഷരീഫ ഫാത്തിമ (പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഭാര്യ), ഷരീഫ റൗള (സെയ്തുമര്‍ ബാഫഖി തങ്ങളുടെ ഭാര്യ), ഹാഫിള് അബ്ദുല്‍ ഖാദര്‍ ബാഫഖി തങ്ങള്‍, ഷരീഫ റുഖിയ, ഷരീഫ കുഞ്ഞീബി, ഷരീഫ ഖദീജ, സൈതുമര്‍ ബാഫഖി തങ്ങള്‍, സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍ മലേഷ്യ എന്നിവരാണ് വിടവാങ്ങിയത്. ഹാഫിള് ഹുസൈന്‍ ബാഫഖി തങ്ങള്‍, അബ്ദള്ള ബാഫഖി തങ്ങള്‍, ഇബ്രാഹീം ബാഫഖി തങ്ങള്‍, സൈതാലി ബാഫഖി തങ്ങള്‍, ഹസ്സന്‍ ബാഫഖി തങ്ങള്‍, ഷരീഫ മറിയം, അഹമ്മദ് ബാഫഖി തങ്ങള്‍, അബൂബക്കര്‍ ബാഫഖി തങ്ങള്‍, ഹംസ ബാഫഖി തങ്ങള്‍, ഷരീഫ നഫീസ എന്നിവര്‍ പിതാവിന്റെ ഓര്‍മ്മകള്‍ക്ക് കൂട്ടിരിക്കുന്നു.
മാലിയില്‍ നികുതിയില്ല
ഹസ്രത്ത് അലി (റ)വിന്റെ സന്താന പരമ്പരയില്‍പ്പെട്ട ബാഫഖി കുടുംബത്തിലെ സയ്യിദ് അഹമ്മദ് ബാഫഖി ഏതാണ്ട് ഇരുനൂറിലേറെ കൊല്ലം മുമ്പാണ് മലബാറിലെത്തുന്നത്. അദ്ദേഹത്തിന്റെ പുത്രന്‍ സയ്യിദ് അബ്ദുല്ല ബാഫഖി കൊയിലാണ്ടിയില്‍ നിന്ന് വിവാഹം കഴിച്ചു. അവരുടെ പുത്രന്‍ മുഹമ്മദ് ബാഫഖിയുടെ മകന്‍ നബി (സ) തങ്ങളുടെ സന്താന പരമ്പരയില്‍ 37-ാമത്തെ കണ്ണിയായ സയ്യിദ് അബ്ദുല്‍ ഖാദര്‍ ബാഫഖി തങ്ങളാണ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളുടെ പിതാവ്. 1906 ഫെബ്രുവരി 21 നാണ് (ഹി 1323 ദുല്‍ഹിജ്ജ 25) കൊയിലാണ്ടിയില്‍ ജനനം. മൂന്ന് കൊല്ലം വെളിയങ്കോട് ദര്‍സ്സില്‍ മത പഠനം നടത്തി. കുറച്ചു കാലം അറബിയിലും ഉര്‍ദുവിലും വീട്ടില്‍ ട്യൂഷനെടുത്തും പഠിച്ചു. പിതാവില്‍ നിന്ന് തന്നെ ആത്മീയതയുടെയും കച്ചവടത്തിന്റെയും ആഴങ്ങളറിഞ്ഞു.
12 വയസ്സായപ്പോള്‍ കൊയിലാണ്ടിയില്‍ പിതൃസഹോദരന്റെ കടയില്‍ പ്രതിമാസം ഒരു രൂപ ശമ്പളത്തിന് ജോലി തുടങ്ങി. ഇരുപത്താറാം വയസ്സില്‍ കൊപ്ര ബസാറില്‍ സ്വന്തമായി കച്ചവടം തുടങ്ങി. പിന്നീട് വലിയങ്ങാടിയിലേക്ക് വിപുലീകരിച്ചു. താമസിയാതെ തന്നെ ബര്‍മ്മയുടെ തലസ്ഥാനമായ ബാഫഖി & കമ്പനി എന്ന പേരില്‍ റംഗൂണിലേക്കും വ്യാപിപ്പിച്ചു. ജറുസലേം, ബാഗ്ദാദ്, കൂഫ, ബസ്വറ, ഹിജാസ്, ഈജിപ്ത്, ഇന്തോനേഷ്യ, മലേഷ്യ, ബര്‍മ്മ തുടങ്ങിയ ദേശങ്ങളിലേക്കെല്ലാം വ്യാപാരാവശ്യാര്‍ത്ഥം യാത്രപോയി. കച്ചവടത്തിലെ സത്യസന്ധത പിതാവ് സയ്യിദ് അബ്ദുല്‍ ഖാദര്‍ ബാഫഖി തങ്ങളുടെയും മുഖമുദ്രയായിരുന്നു. അദ്ദേഹത്തോടുള്ള ബഹുമാനാര്‍ത്ഥം മാലി ദ്വീപിലെ കച്ചവടത്തിന് രാജാവ് നികുതി ഒഴിവാക്കിക്കൊടുത്തിരുന്നു.
രാഷ്ട്രീയം മതം ആത്മീയത
ബാഫഖി തങ്ങളുടെ സഹോദരീ ഭര്‍ത്താവും വിദ്യാ സമ്പന്നനുമായിരുന്ന സയ്യിദ് ഹാഷിം ബാഫഖി തങ്ങള്‍, സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി നടന്ന നിസ്സഹകരണ പ്രസ്ഥാനത്തിലും ഖിലാഫത്ത് പ്രസ്ഥാനത്തിലും സജീവമായി പങ്കെടുത്തിരുന്നു. ഹാഷിം ബാഫഖിയുടെ അകാല വേര്‍പാടിന് ശേഷം സഹോദരിയെ വിവാഹം ചെയ്ത ഖാന്‍ ബഹദൂര്‍ ആറ്റക്കോയ തങ്ങള്‍, 1936 ല്‍ ജില്ലാ കൗണ്‍സിലിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചപ്പോള്‍ അദ്ദേഹത്തെ പിന്തുണച്ചതാണ് ബാഫഖി തങ്ങളുടെ ആദ്യ രാഷ്ട്രീയ ഇടപെടല്‍. മുസ്്ലിം ലീഗിന്റെ ബി. പോക്കര്‍ സാഹിബിനെ ആറ്റക്കോയ തങ്ങള്‍ തോല്‍പ്പിച്ചെങ്കിലും ഒരു വര്‍ഷത്തിനകം ബാഫഖി തങ്ങള്‍ മുസ്ലിംലീഗില്‍ ചേര്‍ന്നു. കോഴിക്കോട് ടൗണ്‍ ലീഗ് പ്രസിഡണ്ട്, മലബാര്‍ ജില്ലാ പ്രസിഡണ്ട് തുടങ്ങിയ സ്ഥാനങ്ങളോടെയാണ് നേതൃരംഗത്തേക്ക് വരുന്നത്. 1956 നവമ്പര്‍ 18 ന് എറണാകുളത്ത് ചേര്‍ന്ന മുസ്്ലിം ലീഗ് സമ്മേളനത്തില്‍ വെച്ച് ഖായിദെ മില്ലത്ത് പ്രഖ്യാപിച്ച പ്രഥമ സംസ്ഥാന മുസ്്ലിം ലീഗ് കമ്മിറ്റിയുടെ പ്രസിഡണ്ട് സ്ഥാനം ഏറ്റെടുത്ത ബാഫഖി തങ്ങള്‍ ഖാഇദെ മില്ലത്തിന്റെ വിയോഗ ശേഷം ദേശീയ പ്രസിഡന്റുമായി.
1945ലെ കാര്യവട്ടം സമ്മേളനത്തിലൂടെയാണ് ബാഫഖി തങ്ങള്‍ സമസ്തയുടെ മുന്നണിയിലേക്ക് എത്തുന്നത്. 1949 സെപ്തംബര്‍ ഒന്നിന് ബാഫഖി തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമസ്ത മുഷാവറ യോഗമാണ് മഹല്ലുകളില്‍ മദ്രസ സ്ഥാപിക്കാന്‍ നയപരമായ തീരുമാനം കൈകൊണ്ടത്. 1951 മാര്‍ച്ചില്‍ സമസ്ത ഇസ്്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് രൂപീകരിക്കുന്നതിന് ചുക്കാന്‍ പിടിച്ചതും മറ്റാരുമല്ല. 1954ല്‍ ബാഫഖി തങ്ങളുടെ ആഗ്രഹപ്രകാരം താനൂര്‍ ഇസ്്ലാഹുല്‍ ഉലൂം സമസ്ത ഏറ്റെടുത്ത് നടത്താന്‍ തീരുമാനിച്ചതാണ് മതഭൗതിക സമന്വയ വിദ്യാഭ്യാസത്തിന് വിത്തിട്ടത്. വെല്ലൂരിലേക്കും ദയൂബന്ദിലേക്കും ഉന്നത മത പഠനത്തിനും ബിരുദത്തിനും പോകുന്ന കാലത്ത് 1962ല്‍ ജാമിഅ നൂരിയ്യ അറബിക് കോളജ് രൂപീകരിച്ചത് ബാഫഖി തങ്ങള്‍ പ്രസിഡന്റായായിരുന്നു. എം.ഇ.എസ് വളര്‍ച്ചയില്‍ കൈകോര്‍ത്ത തങ്ങള്‍ പിന്നീട് നയപരമായ വിയോജിപ്പിനെ തുടര്‍ന്ന് അവരുമായി അകന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റി ഉള്‍പ്പെടെ സ്ഥാപിച്ച്, വൈജ്ഞാനിക രംഗത്ത് മലബാര്‍ മുന്നോട്ടു വരാന്‍ ആത്മവിശ്വാസത്തോടെ ശ്രമിച്ചു തുടങ്ങിയതിനു ശിലപാകിയതിനു കാരണക്കാരില്‍ പ്രധാനി ബാഫഖി തങ്ങള്‍ തന്നെയാണ്.
സജീവ സുന്നീ നേതാവാകുമ്പോള്‍ തന്നെ, മുസ്്ലിംകളെല്ലാം ‘പൊതുവെ യോജിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. സമസ്തയുടെയും മുജാഹിദിന്റെയും നേതാക്കളെ അദ്ദേഹം ചേര്‍ത്തുപിടിച്ചു. ഇസ്്ലാമിക വിശ്വാസ പ്രമാണങ്ങളില്‍ അടിയുറച്ചു ജീവിച്ച ബാഫഖി തങ്ങള്‍, എല്ലാ മത വിശ്വാസികളോടും സ്നേഹവും സഹിഷ്ണുതയും ഊട്ടിയുറപ്പിച്ചു; സമാധാന ദൂതുമായി ഓടിനടന്നു. പയ്യോളിയിലും നടുവട്ടത്തും മണത്തലയിലും അങ്ങാടിപ്പുറത്തും തലശ്ശേരിയിലുമെല്ലാം സമാധാനം ഉറപ്പാക്കിയത് ബാഫഖി തങ്ങളുടെ സാന്നിധ്യമാണെന്നത് അവിതര്‍ക്കിതമാണ്.
യാത്രയിലുടനീളം മുസല്ലയും വുളു ചെയ്യാനുള്ള വെള്ളപ്പാത്രവും കൊണ്ട് നടക്കാറുള്ള ബാഫഖി തങ്ങള്‍, ഫര്‍ള് നിസ്‌കാരത്തെപ്പോലെത്തന്നെ ‘തഹജ്ജുദ്’ അടക്കമുള്ള സുന്നത്ത് നിസ്‌കാരവും കണിശമായി പാലിച്ചു. സീതി സാഹിബിനും സി.എച്ചിനും ലഭിച്ച സ്പീക്കര്‍ പദവി, 1967 ലെ സപ്തകക്ഷി മുന്നണി രൂപീകരണവും മുസ്്ലിം ലീഗ് മന്ത്രിമാരുടെ സത്യ പ്രതിജ്ഞ, പിന്നീട് അച്യുതമേനോനെ മുഖ്യമന്ത്രിയാക്കുന്നതടക്കം സുപ്രധാനമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന വേളയിലെല്ലാം അദ്ദേഹം രണ്ട് റകഅത്ത് സുന്നത്ത് നിസ്‌കാരം നിര്‍വ്വഹിച്ചിരുന്നു. ബാങ്ക് വിളി കേട്ടാല്‍ സ്ഥലം ഏതെന്നു പോലും നോക്കാതെ നിസ്‌കാരം നിര്‍വ്വഹിക്കാന്‍ ധൃതി കൂട്ടുന്ന തങ്ങള്‍, ഒരിക്കല്‍ കഥകളി ക്ലാസ്സ് നടക്കുന്ന സ്ഥലത്ത് പോയി നിസ്‌കരിച്ചത് കലാമണ്ഡലം കൃഷ്ണന്‍ നായര്‍ അനുസ്മരിച്ചിരുന്നു.
മക്കത്തെ സകാത്ത് വിതരണം
സകാത്ത് പണവുമായി മക്കത്തെത്തുന്ന ബാഫഖി തങ്ങളെ കാത്തിരിക്കുന്നതിനെ കുറിച്ച് പറഞ്ഞാല്‍ ഇന്നു പലര്‍ക്കും മനസ്സിലാവില്ല. പെട്രോളിയം കണ്ടെത്തി സാമ്പത്തികമായി ഏറെ മെച്ചപ്പെട്ട സഊദിയല്ല ഏഴു പതിറ്റാണ്ട് മുമ്പ് മക്കത്ത് ഹിഫല്‍ പഠിക്കാന്‍ പോയ ഹാഫിള് ഹുസൈന്‍ ബാഫഖി തങ്ങള്‍ക്ക് പറയാനുള്ളത്. പരേതനായ ഹാഫിള് അബ്ദുല്‍ഖാദര്‍ ബാഫഖിക്കൊപ്പം ഹറമിനേട് ചേര്‍ന്ന മദ്രസത്തുല്‍ ഫലാഹില്‍ പഠനത്തിന് ചേരുമ്പോള്‍ ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ അവിടെയുണ്ട്. സാമ്പത്തികമായി അര നൂറ്റാണ്ടിന് മുമ്പുള്ള ഇന്ത്യന്‍ അവസ്ഥയാണ് അവിടെ. പണത്തിന്റെ മൂല്ല്യത്തിലും ഇന്ത്യയാണ് മുമ്പില്‍. പണവും വസ്ത്രവും സാധനങ്ങളുമായി പിതാവ് ബാഫഖി തങ്ങളോ ദൂതരോ എത്തുന്നതിന്റെ സന്തോഷം അവിടെ പഠിച്ചിരുന്ന പാവപ്പെട്ടവര്‍ക്കെല്ലാമുണ്ടായിരുന്നു.
ബാഫഖി തങ്ങള്‍ കൊടുത്തയച്ച റേഡിയോ കിട്ടിയപ്പോള്‍ അതു കാണാനും കേള്‍ക്കാനും കൂടെ പഠിക്കുന്നവര്‍ മാത്രമല്ല, ആ ചുറ്റുവട്ടത്തെ മുതിര്‍ന്ന സഊദിക്കാര്‍ പോലും എത്തി. തൊട്ടടുത്തൊരു വീട്ടിലാണ് താമസം. അവിടെ ജോലിക്ക് നിന്ന സ്ത്രീക്ക് കുട്ടി ജനിച്ചപ്പോള്‍ ബാപ്പ സ്വര്‍ണ്ണ വളയും ചെയിനും കൊടുത്തയച്ചു.
അസീസ് രാജാവുമായും പിന്നീട് വന്ന ഫൈസല്‍ രാജാവുമായുമൊക്കെ ഉണ്ടായിരുന്ന അടുത്ത ബന്ധത്തിന് ബാപ്പ കണ്ണീരൊപ്പിയ ഒട്ടേറെ സഊദികളുടെ കൂടി കണ്ണികളുടെ ഈടുമുണ്ടായിരുന്നു. മുംബൈയില്‍ നിന്ന് പന്ത്രണ്ടു ദിവസം കപ്പല്‍ യാത്ര ചെയ്താലാണ് സഊദിയിലെത്തുക. ഇക്കാലത്ത് വിമാനവും ഏതാനും മണിക്കൂറുകളുടെ പറക്കലും മതി. നാടും കാലവും പരസ്പരം വെച്ചുമാറിയ കൗതുകമാണ് മക്കത്തെ അഞ്ചു വര്‍ഷത്തോളം നീണ്ട പഠന കാലം ഓര്‍ക്കുമ്പോള്‍ മനസ്സിലെത്തുക. കൊയിലാണ്ടിയില്‍ ഇപ്പോള്‍ താമസിക്കുന്ന വീടിന് ബൈത്തുല്‍ ഫലാഹ് എന്നു പേരിട്ടാണ് ആ ഓര്‍മ്മകളെ ഹുസൈന്‍ ബാഫഖി തങ്ങള്‍ ഹൃദയത്തോട് സദാ ചേര്‍ത്തുവെക്കുന്നത്.
അര നൂറ്റാണ്ടിനിപ്പുറം, ബാഫഖി ജീവിതം സമര്‍പ്പിച്ച ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് മുക്കാല്‍ നൂറ്റാണ്ടിന്റെ അഭിമാനകരമായ ചരിത്രവും സംഗമിക്കുന്നു. ഒരു ജനതയൊന്നാകെ പ്രാര്‍ത്ഥനാ പൂര്‍വ്വം ആ മഹാമനീഷിയുടെ ഓര്‍മകള്‍ ധന്യമാക്കുന്നു.
ഇസ്സത്തതേറും ജുബ്ബ
തലയില്‍ കെട്ടുവേഷമേ,
ഇനി കാണുകില്ല
ചന്ദ്രമുഖം ആ പ്രകാശമേ…