Connect with us

Features

പ്രമേഹത്തെ തടയാന്‍ വിറ്റാമിന്‍ കെയ്ക്ക് സാധിക്കുമെന്ന് പുതിയ പഠനം

Published

on

പ്രമേഹമുള്ളവരുടെ ശരീരം മുറിഞ്ഞാല്‍ രക്തം കട്ടപിടിക്കാന്‍ വളരെ പ്രയാസമാണ്. ഇത്തരക്കാര്‍ രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന മൈക്രോ ന്യൂട്രിയന്റായ വിറ്റാമിന്‍ കെ അടങ്ങിയ ഭക്ഷണം കഴിക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കാറുണ്ട്. എന്നാല്‍ പ്രമേഹത്തെ തടയാന്‍ വിറ്റാമിന്‍ കെയ്ക്ക് സാധിക്കുമെന്നാണ് പുതിയ പഠനം പറയുന്നത്. മോണ്‍ട്രില്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഗവേഷകരുടെതാണ് പുതിയ കണ്ടുപിടിത്തം.

ജേണല്‍ സെല്‍ റിപ്പോര്‍ട്ടില്‍ പ്രസിദ്ധീകരിച്ച പഠനം അനുസരിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുന്ന പാന്‍ക്രിയാറ്റിക് ബീറ്റാ കോശങ്ങളില്‍ വിറ്റാമിന്‍ കെ യുടെ വലിയ തോതിലുള്ള അളവു കണ്ടെത്തി. രക്തത്തില്‍ ബീറ്റ സെല്ലുകളുടെ എണ്ണത്തിലെ കുറവോ അല്ലെങ്കില്‍ അവയ്ക്ക് ആവശ്യമായ ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാന്‍ കഴിയാതെ വരുകയോ ചെയ്യുമ്പോഴാണ് പ്രമേഹം ഉണ്ടാകുന്നത്. കൂടാതെ ഇആര്‍ജിപി എന്ന പുതിയ ഗാമാ-കാര്‍ബോക്‌സിലേറ്റഡ് പ്രോട്ടീന്‍ തിരിച്ചറിയാന്‍ സാധിച്ചതായും സംഘം വ്യക്തമാക്കി. ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കുന്നത് തടസപ്പെടുത്താതിരിക്കാന്‍ ബീറ്റാ കോശങ്ങളിലെ കാല്‍ഷ്യത്തിന്റെ ഫിസിയോളജിക്കല്‍ ലെവല്‍ നിലനിര്‍ത്തുന്നതില്‍ ഈ പ്രോട്ടീന്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് പഠനത്തില്‍ പറയുന്നു. ഗാമാ-കാര്‍ബോക്‌സിലേഷനിലൂടെ വിറ്റാമിന്‍ കെ ഇആര്‍ജിപിയുടെ പ്രവര്‍ത്തനത്തിന് വളരെ പ്രധാനമാണെന്ന് കണ്ടെത്തി.15 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഒരു പുതിയ വിറ്റാമിന്‍ കെ-ആശ്രിത പ്രോട്ടീന്‍ കണ്ടെത്തുന്നത്.

Features

ഒളവട്ടൂരിലെ ആദ്യവനിതാ ഡോക്ടര്‍ ഹാര്‍വാര്‍ഡിലേക്ക്

Published

on

അശ്‌റഫ് തൂണേരി

കുഞ്ഞു അമീനക്ക് പലരേയും പോലെ ഇന്നതാവണമെന്ന് സ്വപ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. കൊണ്ടോട്ടി, ഒളവട്ടൂര്‍, താഴെചാലില്‍ എം.സി മുഹമ്മദിന്റെയും മറിയം കോണിയകത്തിന്റേയും മകള്‍ മൊറയൂര്‍ വി.എച്ഛ്.എം ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നിന്ന് മികച്ച മാര്‍ക്കോടെ സയന്‍സില്‍ പ്ലസ്ടു വിജയിച്ചതോടെയാണ് വീട്ടുകാര്‍ക്കും അവള്‍ക്ക് സ്വന്തവും ഡോക്ടറായാല്‍ കൊള്ളാമെന്ന് തോന്നിയത്. ഒളവട്ടൂര്‍ ഹയാത്തുല്‍ ഇസ്‌ലാം ഓര്‍ഫനേജ് യു.പി, ഹയര്‍സെക്കണ്ടറി സ്‌കൂളുകളിലാണ് പത്താംതരം വരെ പഠിച്ചത്. പാല ബ്രില്യന്റില്‍ പരിശീലനത്തിന് ശേഷം പാലക്കാട് പി.കെ ദാസ് മെഡിക്കല്‍ കോളെജില്‍ പ്രവേശനം നേടി എം.ബി.ബി.എസ് പൂര്‍ത്തിയാക്കുകയായിരുന്നു. അത് ഒളവട്ടൂര്‍ ഗ്രാമത്തിലെ ആദ്യ വനിതാ ഡോക്ടര്‍ എന്ന പദവിയിലേക്കുള്ള സന്ദര്‍ഭം കൂടിയായി മാറിയത് ചരിത്ര നിയോഗം. ബിരുദം നേടി ആറുമാസം മാത്രമാണ് ആര്‍.എം.ഒ ആയി മഞ്ചേരി കൊരമ്പയില്‍ ആശുപത്രിയില്‍ സേവനമനുഷ്ഠിച്ചത്. പിന്നീടവര്‍ ഇന്ത്യന്‍ ഗ്രാമങ്ങളിലേക്ക് യാത്ര തിരിച്ചു, കമ്മ്യൂണിറ്റി ഹെല്‍ത്‌കെയറില്‍ തന്റേതായ രീതിയില്‍ ശ്രമങ്ങള്‍ നടത്താന്‍. ഇപ്പോഴിതാ ലോകത്തെ മുന്‍നിര സര്‍വ്വകലാശാലയായ ഹാര്‍വാര്‍ഡില്‍ ഉന്നത പഠനത്തിന് പ്രവേശനം നേടി മലയാളികളുടെ അഭിമാനമായി മാറിയിരിക്കുന്നു. ‘മാസ്റ്റേഴ്‌സ് ഓഫ് മെഡിക്കല്‍ സയന്‍സസ് ഇന്‍ ഗ്ലോബല്‍ ഹെല്‍ത് ഡെലിവറി’ എന്ന വിഷയത്തില്‍ ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയില്‍ നിന്ന് പി.ജി ചെയ്യാന്‍ ഉടന്‍ അമേരിക്കയിലേക്ക് പറക്കാനിരിക്കുകയാണ് ഡോ.അമീന മുംതാസ്.

കുയി ഭാഷയും എച്ഛ്.ഐ.വി ബാധിതരായ കുട്ടികളും

ഒഡീഷയിലെ കാലഹാന്ദിയിലുള്ള സ്വസ്ഥിയ സ്വരാജ് സൊസൈറ്റിക്ക് കീഴിലായിരുന്നു ഡോ.അമീന 2022-ഫെബ്രുവരി മുതല്‍ 2023 മാര്‍ച്ച് വരെ പ്രവര്‍ത്തിച്ചത്. ഒഡീഷയിലെ പ്രധാന ഗോത്രജനതയായ, ഖോണ്ടുകള്‍ എന്നറിയപ്പെടുന്ന ആദിവാസി ഗോത്രവിഭാഗങ്ങളാണ് കാലഹാന്ദിയില്‍ കൂടുതല്‍. അവര്‍ക്കുള്ള പ്രാഥമിക ചികിത്സയും ആരോഗ്യബോധവത്കരണവുമെല്ലാമാണ് നടത്തിയത്. കുയി എന്ന ഭാഷയാണ് ഇവര്‍ സംസാരിക്കുക. ഒഡിയ ലിപിയില്‍ തന്നെയാണ് എഴുത്ത്. പ്രാദേശിക ആരോഗ്യപ്രവര്‍ത്തകരാണ് കുയി ഭാഷ ഇംഗ്ലീഷിലേക്കോ ഹിന്ദിയിലേക്കോ മൊഴിമാറ്റി ചികിത്സക്ക് ഡോക്ടര്‍മാരെ സഹായിക്കുക. പട്ടിണിയിലൂടെ ഡയബറ്റിക് ആയി മാറിയ രോഗികള്‍ വരെ ഇവിടെയുണ്ട്. പാടത്തും മലയടിവാരങ്ങളിലും പണിയെടുക്കാന്‍ പോവുന്ന ഗോത്ര വിഭാഗങ്ങളിലുള്ള സ്ത്രീകള്‍ ജോലി സ്ഥലത്ത് പോലും പ്രസവിക്കും. ജോലിക്കെത്തുന്നവര്‍ ഇടക്ക് വേദന തോന്നുമ്പോള്‍ പ്രസവിക്കുന്ന സാഹചര്യമാണ്. അതും കുത്തിയിരുന്നാണ് പ്രസവിക്കുക. ഇത്തരം നോര്‍മല്‍ ഡെലിവറി അറ്റന്റ് ചെയ്യാന്‍ പ്രാപ്തരായിക്കും പ്രാദേശിക ആരോഗ്യപ്രവര്‍ത്തകര്‍. സ്വസ്ഥിയ സ്വരാജ് സൊസൈറ്റി നടത്തുന്ന ആശുപത്രിയില്‍ നിന്നും അവര്‍ ബേസിക് നഴ്‌സിംഗ് ഡിപ്ലോമ പരിശീലനം പൂര്‍ത്തിയാക്കുന്നത് ആരോഗ്യ സാക്ഷരത തീരെയില്ലാത്ത ഒരു സമൂഹത്തില്‍ വലിയ കാര്യമാണ്.

2023 മാര്‍ച്ച് മുതല്‍ സപ്തംബര്‍ വരെ മിസോറാമിലായിരുന്നു പ്രവര്‍ത്തനം. ഡോക്‌ടേഴ്‌സ് വിത്തൗട്ട് ബോഡേഴ്‌സിന് കീഴില്‍ സൊകത്താര്‍ എന്ന വില്ലേജില്‍ മ്യാന്‍മറിലെ ആഭ്യന്തര കലാപത്തില്‍ പെട്ട ആളുകളെ ചികിത്സിച്ചു. ആശുപത്രി സൗകര്യങ്ങള്‍ തീരെയില്ലാത്ത ഈ പ്രദേശത്ത് നിന്ന് പട്ടാളക്കാരേയും സാധാരണക്കാരേയും പോരാട്ടത്തിനിറങ്ങിയവരെയുമെല്ലാം മാറി മാറി ചികിത്സിച്ചു. മിസോറാമിന്റെ അതിര്‍ത്തി ഗ്രാമത്തിലായതിനാല്‍ തന്നെ പലപ്പോഴും ബോംബ് പൊട്ടുന്ന ശബ്ദം കേട്ട നാളുകളുണ്ടെന്ന് ഡോ.അമീന ഓര്‍ക്കുന്നു. പിന്നീടാണ് ബീഹാറിലെ പാട്‌നയില്‍ ഡോക്‌ടേഴ്‌സ് വിത്തൗട്ട് ബോഡേഴ്‌സിന് കീഴില്‍ അഡ്വാന്‍സ് എച്ച്.ഐ.വി പ്രൊജക്ടില്‍ ജോലി നോക്കിയത്. 2024 ജൂലൈ അവസാനം വരെ അത് തുടര്‍ന്നു. ഗുരുതര എച്ഛ്.ഐ.വി ബാധിതരായ ആളുകളെയാണ് പരിചരിച്ചത്. പ്രതിരോധി ശേഷി കുറഞ്ഞതിനാല്‍ അത്തരക്കാര്‍ക്ക് പല തരം അണുബാധ വരും. ഇത്തരം രോഗികളെ ചികിത്സിക്കാന്‍ അവിടെയുള്ള സര്‍ക്കാര്‍ ആശുപത്രികള്‍ പോലും തയ്യാറാവാത്ത സ്ഥിതിയുണ്ട്. ഇന്ത്യയില്‍ കൂടുതല്‍ എച്ഛ്.ഐ.വി ബാധിതരുള്ള പ്രദേശങ്ങളിലൊന്നാണ് പാട്‌ന. രോഗികളില്‍ ചെറിയ കുട്ടികളും ഏറെയുണ്ട്. മിക്കവാറും അമ്മമാരിലൂടേയാണ് ഇത് പകരുന്നത്. യഥാസമയത്ത് കണ്ടെത്താത്തതും സാമൂഹിക ഭയം മൂലം ചികിത്സക്കാത്തതും പുറത്ത് പറയാത്തതുമായ അനവധി കേസുകള്‍. അഞ്ചു വയസ്സുള്ള കുട്ടി പോലും ഉണ്ടായിരുന്നുവെന്നത് വല്ലാത്ത സങ്കടക്കാഴ്ചയാണെന്ന് ഡോ.അമീന മുംതാസ് ദു:ഖിതയാവുന്നു.

വെര്‍ബല്‍ ഓട്ടോപ്‌സി നടത്തേണ്ടി വന്നപ്പോള്‍

വാക്കാലുള്ള പോസ്റ്റ്മാര്‍ട്ടം ആണ് വെര്‍ബല്‍ ഓട്ടോപ്‌സി. മൃതശരീരമല്ല പകരം മരിച്ചയാളിന്റെ ബന്ധുവോ നാട്ടുകാരോ അയല്‍ക്കാരോ ആയ ആളുകളെ കീറിമുറിച്ച് ചോദ്യം ചെയ്ത് മരണ കാരണം കണ്ടെത്തുന്നു. പോസ്റ്റ്മാര്‍ട്ടത്തിന് സാങ്കേതിക സൗകര്യമില്ലാത്ത ലോകത്തെ പല ഗ്രാമങ്ങളിലും ഇപ്പോഴും വെര്‍ബല്‍ ഓട്ടോപ്‌സി പിന്തുടരുന്നുണ്ട്. ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും പഠന ഭാഗമായി കേള്‍ക്കുന്ന ഈ രീതി കേരളത്തില്‍ അസാധാരണം.
ഒഡീഷയിലെ കാലാഹന്ദിയില്‍ വെച്ച് ഒരു യുവതി മരണപ്പെട്ടതിനെത്തുടര്‍ന്ന് വെര്‍ബല്‍ ഓട്ടോപ്‌സി നടത്താന്‍ നേതൃത്വം നല്‍കേണ്ടി വന്നു ഡോ.അമീനക്ക്. ഡോക്ടര്‍ക്ക് പുറമെ നഴ്‌സ്, ഹെല്‍ത് വര്‍ക്കര്‍ (ജോലി ചെയ്ത സ്വസ്ഥിയ സ്വരാജ് സൊസൈറ്റി മുഖേന പരിശീലനം കിട്ടിയവര്‍. സ്വസ്ഥ്യ സാദി എന്ന പേരില്‍ അറിയപ്പെടും), നാട്ടില്‍ സഹായത്തിനായുള്ള പ്രാദേശിക നിവാസികളായ ഫീല്‍ഡ് ആനിമേറ്റേഴ്‌സ് എന്നിവരായിരുന്നു സംഘത്തില്‍. എല്ലാ ദിവസവും ജോലിക്ക് പോകാറുള്ള യുവതിയാണ് പെട്ടെന്ന് ശരീരവേദനയും പനിയും അനുഭവപ്പെട്ട് മരണത്തിന് കീഴടങ്ങുന്നത്. പനി, ചുമ, അണുബാധ എന്നിവ നേരത്തെ ഉണ്ടായില്ല. രക്തസ്രാവമോ മറ്റു ആഘാതങ്ങളോ ഒന്നുമില്ല. ബന്ധുക്കളും അയല്‍ക്കാരും കുട്ടികളുമായവരോടെല്ലാം വിവരങ്ങള്‍ തേടി. മരിക്കുന്ന തലേദിവസം വെള്ളം കുടിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ആരോ പറഞ്ഞു. അവള്‍ക്ക് ഹൈഡ്രോഫോബിയയും എയറോഫോബിയയും ഉണ്ടെന്ന് മനസ്സിലാക്കി. മരണകാരണം പേവിഷബാധ ആയിരിക്കാം എന്നാണ് നിഗമനത്തിലെത്തിയത്.

രണ്ടു വര്‍ഷത്തെ ഇന്ത്യന്‍ ഗ്രാമങ്ങളിലെ അനുഭവവും ആതുര സേവനരംഗത്തെ ആവശ്യകത മനസ്സിലാക്കി കൂടുതല്‍ എന്തെങ്കിലും ചെയ്യണമെന്ന തോന്നലും ആരോഗ്യരംഗത്തെ ഗവേഷണത്തിലേക്ക് ഡോ.അമീനയെ വഴിതെളിയിക്കുകയായിരുന്നു. അങ്ങിനെയാണ് ഹെല്‍ത്‌കെയര്‍ പ്രോഗ്രാമിന്റെ ഡിസൈനിംഗും ഇംപ്ലിമെന്റേഷനും വിശദമായി മനസ്സിലാക്കാന്‍ ഗ്ലോബല്‍ ഹെല്‍ത് ഡെലിവറിയില്‍ വിശദ പഠനമാവാമെന്നും ആ അന്വേഷണം ഹാര്‍വാര്‍ഡിലും എത്തിച്ചേരുന്നത്. കമ്മ്യൂണിറ്റി മെന്റല്‍ ഹെല്‍ത്ത് മേഖലയില്‍ ഇന്ത്യയില്‍ പലേടങ്ങളിലും പ്രത്യേകിച്ച് കേരളത്തിലും തനിക്ക് ഏറെ ചെയ്യാനുണ്ടെന്ന് വിശ്വസിക്കുന്നു അവര്‍. രോഗ കാരണവും മറ്റും കൃത്യമായി കണ്ടെത്താനുള്ള കാലതാമസം, ഇനി കണ്ടെത്തിയാലും അതിന് ശേഷമുള്ള സ്റ്റിഗ്മയും മാനസികമായി സാമൂഹിക പിന്തുണയില്ലാത്ത ക്രമവുമെല്ലാം നമ്മുടെ ചുറ്റുപാടിലുണ്ട്. ഇത് മാറേണ്ടതുണ്ട്. പഠനം പൂര്‍ത്തിയാക്കി സ്വന്തം നാട്ടില്‍ സമൂഹത്തിന്റെ അടിത്തട്ടിലുള്ളവര്‍ക്കായി വേറിട്ട പരിചരണ രീതികള്‍ കൊണ്ടുവരാമെന്ന മോഹം കൊണ്ടുനടക്കുന്നു ഡോ.അമീന മുംതാസ്. ലോകത്ത് പൊതുജനാരോഗ്യ പഠനത്തിന് ഒന്നാം റാങ്കുള്ള ഒരു സര്‍വ്വകലാശാലയില്‍ പഠിക്കാനാവുമെന്ന് സ്വപ്‌നേപി പോലും നിനക്കാത്ത ഒരാള്‍, തന്റെ ശ്രമകരമായ നീക്കങ്ങൡലൂടെ ആ ഉയരങ്ങളിലേക്കുള്ള പടവുകളിലേക്ക് കയറാനിരിക്കുന്നു. പക്ഷെ താങ്ങാനാവാത്ത ഫീസ് ഇപ്പോഴും നേരിയ തടസ്സമായി മുമ്പിലുണ്ട്. രണ്ടു വര്‍ഷത്തേക്ക് 1 കോടി 41 ലക്ഷം ഇന്ത്യന്‍ രൂപയോളമാണ് (1,68,992 അമേരിക്കന്‍ ഡോളര്‍) മൊത്തം പഠനത്തിനുള്ള തുക. ചില സ്‌കോളര്‍ഷിപ്പിലൂടേയും ലോണിലൂടേയും അഭ്യുദയകാംക്ഷികളുടെ പിന്തുണയാലും സ്റ്റുഡന്‍സ് ലോണിലൂടേയും 1,00,992 ഡോളര്‍ ലഭിച്ചു. രണ്ടു വര്‍ഷത്തേക്ക് ഏകദേശം 57 ലക്ഷം ഇന്ത്യന്‍ രൂപ ഇനിയും വേണം. ഒന്നാം വര്‍ഷത്തെ ഫീസിനത്തില്‍ മാത്രം 10 ലക്ഷത്തോളം രൂപയുടെ കുറവ് ഉണ്ട്. ഈ മാസം അവസാന വാരം അമേരിക്കയിലെത്തി അഡ്മിഷന്‍ എടുക്കേണ്ടതുമാണ്. മലപ്പുറത്തിന്റെ അഭിമാനമായി ഒരു പെണ്‍കുട്ടി ഹാര്‍വാര്‍ഡില്‍ ചേരാനിരിക്കെ, ആ അപൂര്‍വ്വ സന്ദര്‍ഭത്തെ സാമ്പത്തികമായി സഹകരിച്ച് നാം ഏറ്റെടുക്കേണ്ടതുണ്ട്. സ്‌പോണ്‍സര്‍ ചെയ്യാന്‍ കഴിവുള്ള സംഘടനകളോ ശേഷിയുള്ള വ്യക്തികളോ മലപ്പുറത്തെയും മലയാളത്തേയും ലോകാടിസ്ഥാനത്തില്‍ പ്രതിനിധീകരിക്കുന്ന ആ മിടുക്കിയെ ചേര്‍ത്തുപിടിക്കാന്‍ തയ്യാറാവുമെന്ന് തന്നെയാണ് പ്രതീക്ഷ.

Continue Reading

Features

മക്കയില്‍ സ്റ്റാഫ്നഴ്സ് ഒഴിവുകള്‍; നോര്‍ക്ക-സൗദി MoH റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

മക്ക നഗരത്തിൽ ജോലിചെയ്യാന്‍ താല്‍പര്യമുളള മുസ്ലീം വിഭാഗത്തില്‍പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമാണ് അപേക്ഷിക്കാനാകുക.

Published

on

വിശുദ്ധനഗരമായ മക്കയില്‍ സൗദിഅറേബ്യ ആരോഗ്യമന്ത്രാലയത്തിലേയ്ക്കുളള സ്റ്റാഫ്നഴ്സ് ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. മക്ക നഗരത്തിൽ ജോലിചെയ്യാന്‍ താല്‍പര്യമുളള മുസ്ലീം വിഭാഗത്തില്‍പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമാണ് അപേക്ഷിക്കാനാകുക. BMT, കാത്ത് ലാബ്, CCU, ജനറൽ കാർഡിയാക്, ICU, ICU ന്യൂറോ, കിഡ്നി ട്രാൻസ്പ്ലാൻറ്, മെഡിക്കൽ & സർജിക്കൽ, ന്യൂറോ സർജിക്കൽ, ഓങ്കോളജി, ഓപ്പറേഷൻ റൂം), കാർഡിയാക്, ന്യൂറോ സ്പെഷ്യാലിറ്റികളിലാണ് ഒഴിവുകള്‍. നഴ്സിങില്‍ ബി.എസ്.സി പോസ്റ്റ് ബി.എസ്.സി വിദ്യാഭ്യാസയോഗ്യതയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയമുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.
വിശദമായ CV യും വിദ്യാഭ്യാസം, പ്രവര്‍ത്തിപരിചയം, പാസ്സ്പോര്‍ട്ട് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം rmt3.norka@kerala.gov.in എന്ന ഇ-മെയില്‍ ഐ.‍ഡിയിലേയ്ക്ക് ഫെബ്രുവരി 29 രാവിലെ 11 മണിക്കകം അപേക്ഷ നല്‍കണമെന്ന് നോർക്ക റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത്ത് കോളശ്ശേരി അറിയിച്ചു.

Continue Reading

Features

ഓര്‍മ്മകളുടെ ‘ജമാലിയ്യത്തില്‍’ അവര്‍ സുമംഗലികളായി

Published

on

കെ.പി മുഹമ്മദ് പേരോട്

താഴ്മയുടെ പ്രതിരൂപവും അന്തസ്സിന്റെയും അഭിമാനത്തിന്റെയും ചിറകുകളുമായി നമുക്കിടിയിലൂടെ നടന്നു പോയ, ആയിരക്കണക്കിന് കുഞ്ഞുങ്ങളുടെ ജമാലുപ്പയെന്ന് നാം പേരിട്ടു വിളിച്ച എം.എ മുമുഹമ്മദ് ജമാല്‍ സാഹിബിന്റെ വിയോഗാന്തരമുള്ള, മുട്ടില്‍ യതീംഖാനയുടെ പതിനാറാമത് സമൂഹ വിവാഹ നടക്കുകയുണ്ടായി. മുട്ടില്‍ മലയുടെ താഴ്വാരത്ത്, കനിവിന്റെയും സ്നേഹത്തിന്റെയും സുഗന്ധ വാഹികളായ കുളിര്‍ക്കാറ്റുകളില്‍ പോലും പക്ഷേ ഒരു മൂഖത അനുഭവപ്പെടുന്നുണ്ടായിരുന്നു. ആ ‘സച്ചരിതരുടെ ഉദ്യാനത്തിലേക്ക്’ മുമ്പ് പല തവണ കടന്നു ചെന്നിട്ടുണ്ടെങ്കിലും അതു പോലെയായിരുന്നില്ല ഇത്തവണത്തേത്. കാല്‍ നൂറ്റാണ്ട് കാലത്തിലേറെ ആ മഹാസൗധത്തിന്റെ ഉമ്മറത്തുണ്ടായിരുന്ന, അഴകൊത്തെ പുഞ്ചിരിയുടെയും ആരെയും ആകര്‍ഷിക്കുന്ന സ്നേഹവായ്പുകളുടെയും ജമാലിയത്തുള്ള ആ മഹാസാന്നിദ്ധ്യത്തെ അറിയാതെയെങ്കിലും പലരും പരതുന്നുണ്ടായിരുന്നു. എം.എ മുഹമ്മദ് ജമാല്‍ സാഹിബെന്ന മഹാമനീഷിയെ. വിശേഷണങ്ങള്‍ക്കപ്പുറത്ത് തലമുറകളെ ചോദിപ്പിച്ച ആ അതികായന്റെ പേര് പോലെ തന്നെ സുന്ദരമായ ഓര്‍മ്മകളായിരുന്നു ആ മംഗലപ്പന്തലിലാകെ മുറ്റി നിന്നത്.

2005ല്‍ സ്ത്രീധന രഹിത സമൂഹ വിവാഹം എന്ന ആശയവുമായി വയനാട് മുസ്ലിം യതീംഖാന മുന്നോട്ട് വരുമ്പേള്‍, അതിനെ അനിവാര്യമാക്കുന്ന നിരവധി സാമൂഹിക സാഹചര്യങ്ങള്‍ വയനാട് ജില്ലയിലും സമീപത്തുമായി ഉണ്ടായിരുന്നു. മൈസൂര്‍ കല്യാണങ്ങളും കുടക് കല്യാണങ്ങളും തീര്‍ക്കുന്ന അനിശ്ചിത്വത്തിലേക്ക് നിരവധി കൂടുംബങ്ങളെ തള്ളപ്പെടേണ്ടി വരുന്ന സാഹചര്യം. കല്യാണാന്തരം അവര്‍ കടന്നു പോവുന്ന മാനസികവും സാമ്പത്തികവും സാമൂഹികവുമായ അരക്ഷിതാവസ്ഥകള്‍ ഒരു വലിയ ചോദ്യ ചിഹ്നമായിരുന്നു. സ്ത്രീധന പീഢകള്‍ മറ്റൊരു വശത്ത് കൂടി സമൂഹത്തെ കാര്‍ന്ന് തിന്നുകയും ചെയ്യുന്ന ആ അസന്നിഗ്ദ ഘട്ടത്തില്‍ നിസ്സഹായമായി നോക്കി നില്‍ക്കാന്‍ വയനാട് മുസ്ലിം ഓര്‍ഫനേജിന്റെ സാരഥ്യത്തിലിരിക്കുന്ന പ്രിയപ്പെട്ട ജമാല്‍ സാഹിബിന് സാധിക്കുമായിരുന്നില്ല.

കാരണം, അനാഥരെ എടുത്ത് വളര്‍ത്തുന്നതിന്റെ സാമ്പ്രദായിക ചട്ടങ്ങളെയും സങ്കല്‍പ്പങ്ങളെയും മാറ്റിത്തിരുത്തിയാണ് ജമാല്‍ സാഹിബെന്ന യുഗപുരുഷന്റെ കടന്നു വരവ് തന്നെ. അനാഥര്‍ക്കും ആശ്രിതര്‍ക്കും എക്കാലത്തും ആശ്വസിക്കാവുന്നൊരു തണലിടമായി വയനാട് മുസ്ലിം ഓര്‍ഫനേജിനെ അദ്ദേഹം വികസിപ്പിച്ചു. യത്തീംഖനാകളുടെ പ്രകൃതങ്ങളെ കുറിച്ചുള്ള കാഴ്ചപ്പാടുകളേ അദ്ദേഹം പൊളിച്ചെഴുതി. അനാഥരെ ഏറ്റെടുത്ത് വളര്‍ത്തുക എന്നതിലുപരി അവരെ സ്വതന്ത്രരും സ്വയംപര്യാപ്തരുമാക്കിത്തീര്‍ക്കാന്‍ വേണ്ട ഭൗതികവും ബൗദ്ധികവുമായ വ്യവഹാരങ്ങളെ കുറിച്ച് അദ്ദേഹം സ്വപ്നം കാണുകയും അത് പ്രാവര്‍ത്തികമാക്കാന്‍ അക്ഷീണം പ്രയത്നിക്കുകയും ചെയ്തു. ഒരു കുഞ്ഞിനോടുള്ള പെരുമാറ്റം പോലും ഔദാര്യപരമായ വാത്സല്യം എന്നതിലപ്പുറം ആദരവിന്റെ അവകാശികളെന്ന് പൊതു ബോധത്തിലേക്കുള്ള അതൊരു സാമുഹിക മാറ്റത്തിന് ജമാല്‍ സാഹിബ് നിതാനമായി.
അതുകൊണ്ടു തന്നെ, തന്റെ ആരാമത്തില്‍ പറന്നു നടന്ന വളര്‍ന്ന ശലഭങ്ങളുടെ കുടുംബ ജീവിതം പോലും തുടര്‍ന്നു സുന്ദരമാവണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. സ്ത്രീധന പീഡകളിലേക്കോ, മറ്റു സാമൂഹിക വിപത്തുകളിലേക്ക് തന്റെ കുഞ്ഞുങ്ങളെ തള്ളിവിടാന്‍ ജമാല്‍ സാഹിബ് ഒരുക്കമല്ലായിരുന്നു. അത്തരം ചിന്തകളില്‍ നിന്നാണ് സമൂഹ വിവാഹമെന്ന് ആശയം ഉദിക്കുന്നതും പ്രവാസികളുടെയും നാട്ടുകാരുടെയും കൈയഴിഞ്ഞ സഹായത്താല്‍ ആ മഹത്തായ പദ്ധതി ഇന്ന്, പതിനാറാമത് ഭാഗം പൂര്‍ത്തിയാക്കിയിരിക്കുന്നതും.

പ്രായത്തിന്റെ വിവശതകളില്‍ വിവാഹം ഒരു സ്വപ്നം മാത്രമായി അവശേഷിച്ചിരുന്ന അനേക സ്ത്രീകള്‍, അവരെ മംഗലപ്പന്തലിലേക്ക് കൈപിടിച്ചു കൊണ്ടു പോവാന്‍ ഉറ്റവരും ഉടയവരുമില്ലാത്ത നിസ്സംഗമായ കുടുംബ സാഹചര്യങ്ങളിലൊക്കെയാണ് ജമാല്‍ സാഹിബിന്റെ ഊഷ്മളമായ കരുതലും ദീര്‍ഘവീക്ഷണവും നനവും കുളിരും പടര്‍ത്തിയത്.

കഴിഞ്ഞ ദിവസം മുട്ടില്‍ മലയുടെ താഴ് വാരത്തെ, ജമാല്‍ സാഹിബിന്റെ ഓര്‍മ്മകളും അനുഭവങ്ങളും തിങ്ങി നിറഞ്ഞ് വീര്‍പ്പ് മുട്ടിയ അന്തരീക്ഷത്തില്‍, ജാതിമത വര്‍ഗ വര്‍ണ ഭേദമന്യേ മാനവ സാഹോദര്യത്തിന്റെ മഹത്തായ പ്രഖ്യാപനമായി പതിനാറാമത് സമൂഹ വിവാഹം നടന്നു. ആ കര്‍മ്മങ്ങള്‍ക്ക് സാക്ഷികളാവാന്‍ സമൂഹത്തിന്റെ എല്ലാ തുറകളില്‍ നിന്നുമുള്ളവര്‍ ഒഴുകിയെത്തി. പതിനായിരങ്ങള്‍ തിങ്ങി നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി പാണക്കാട് സയ്യിദ് സാദിഖലി തങ്ങളുടെ കാര്‍മ്മികത്വത്തില്‍ നടന്ന പിറകെ 17 മുസ്ലിം ദമ്പതികളുടെ വിവാഹ നടത്തി. ആദ്യം രണ്ട് ഹൈന്ദവ ദമ്പതികളുടെ വിവാഹവും നടന്നു. വഴികാട്ടികള്‍ നടന്നു പോയാലും അവര്‍ കാണിച്ച വഴികള്‍ അനേകം സുകൃതങ്ങള്‍ക്കുള്ള പെയ്തിറങ്ങാനുള്ള നിമിത്തങ്ങളാണന്നതില്‍ സംശയമില്ല. ചന്ദ്രിക പുറത്തിറക്കിയ ജമാല്‍ സാഹിബ് ഓര്‍മ്മപ്പതിപ്പും വേദിയില്‍ വെച്ച് വന്ദ്യരായ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളില്‍ നിന്ന് ഏറ്റുവാങ്ങാന്‍ സാധിച്ചതും എന്റെ വ്യക്തിജീവിതത്തില്‍ പോലും ആ ഓര്‍മ്മകളും ഇടപഴക്കങ്ങളും എന്നും മരണമില്ലാതെ തുടരുന്നുവെന്ന തോന്നലാണ് സൃഷ്ടിക്കുന്നതെന്ന് പറയാതെ വയ്യ.

Continue Reading

Trending