Connect with us

kerala

നെന്മാറ ഇരട്ടക്കൊലക്കേസ്; ക്രൈം സീന്‍ പുനരാവിഷ്‌കരിക്കും; എസ്.പി രാജേഷ്‌കുമാര്‍

പ്രതി അതിവിദഗ്ധനായ ക്രിമിനല്‍, ഒളിവിലിരുന്ന പോത്തുണ്ടി മലയെ കുറിച്ച് അയാള്‍ക്ക് കൃത്യമായ ധാരണയുണ്ട്

Published

on

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകക്കേസിലെ പ്രതി ചെന്താമര അതിവിദഗ്ധനായ ക്രിമിനലെന്ന് പാലക്കാട് എസ്.പി രാജേഷ്‌കുമാര്‍. മണിക്കൂറുകളോളം ഒളിവിലിരുന്ന പോത്തുണ്ടി മലയെ കുറിച്ച് അയാള്‍ക്ക് കൃത്യമായ ധാരണയുണ്ട്. എവിടെ എങ്ങനെ ഒളിക്കണമെന്ന് വ്യക്തമായ ധാരണയുണ്ട്. മലയുടെ മുകളില്‍ മറഞ്ഞിരുന്ന് പൊലീസിന്റെ നീക്കങ്ങളെല്ലാം നിരീക്ഷിക്കുന്നുണ്ടായിരുന്നു. വിശപ്പു സഹിക്കാനാകാതെ രാത്രി പുറത്തുവരികയായിരുന്നു. ഏറെ നാളായുള്ള വൈരാഗ്യം ഭാര്യ വിട്ടുപോയതോടെ വര്‍ധിച്ചു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തേണ്ടതുണ്ട്. ക്രൈം സീന്‍ പുനരാവിഷ്‌കരിക്കുമെന്നും എസ്.പി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

”ഇന്നലെ രാത്രി പത്തരയോടെയാണ് പ്രതിയെ പിടികൂടിയത്. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനു ശേഷമാണ് ഇത് സാധ്യമായത്. ഇയാളെ വിവിധ സ്ഥലങ്ങളില്‍നിന്ന് കണ്ടതായി ആളുകള്‍ പറയുകയുണ്ടായി. എല്ലായിടത്തും പൊലീസ് അന്വേഷിച്ചു. ഒടുവില്‍ വീടിനു സമീപത്തെ വയലില്‍നിന്നാണ് പിടിയിലായത്. കസ്റ്റഡിയിലുള്ള പ്രതിയെ ഇതിനോടകം ഒരുതവണ വിശദമായി ചോദ്യം ചെയ്തിട്ടുണ്ട്. പ്രാഥമിക വിവരങ്ങള്‍ ലഭിച്ചെങ്കിലും വീണ്ടും ചോദ്യം ചെയ്യും.

സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തേണ്ടതുണ്ട്. ക്രൈം സീന്‍ പുനരാവിഷ്‌കരിക്കും. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം എവിടെനിന്ന് ലഭിച്ചെന്ന് ഇയാള്‍ പറഞ്ഞിട്ടില്ല. ഏറെ നാളായുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഭാര്യ വിട്ടുപോയതോടെയാണ് വൈരാഗ്യം കൂടിയതെന്നാണ് വിവരം. അയല്‍ക്കാര്‍ മന്ത്രവാദം ചെയ്തതോടെ ഭാര്യ വിട്ടുപോയെന്നാണ് പ്രതി കരുതുന്നത്. ഇതില്‍ കൂടുതല്‍ വ്യക്തത വരേണ്ടതുണ്ട്.

അതിവിദഗ്ധനായ ക്രിമിനലാണ് ചെന്താമര. മണിക്കൂറുകളോളം മറഞ്ഞിരുന്ന പോത്തുണ്ടി മല മുഴുവന്‍ അയാള്‍ക്ക് വ്യക്തമായി അറിയാം. എവിടെ, എങ്ങനെ ഒളിക്കണമെന്ന് വ്യക്തമായ ധാരണയുണ്ട്. മലയുടെ മുകളില്‍ മറഞ്ഞിരുന്ന് പൊലീസിന്റെ നീക്കങ്ങളെല്ലാം നിരീക്ഷിക്കുന്നുണ്ടായിരുന്നു. വിശപ്പു സഹിക്കാനാകാതെ രാത്രി പുറത്തുവരികയായിരുന്നു. അന്വേഷണ സംഘത്തിലെ എല്ലാവരുടെയും ശ്രമഫലമായാണ് പ്രതിയെ പിടികൂടിയത്. തിരിച്ചിലിന് സഹായിച്ച നെന്മാറയിലെ നാട്ടുകാരോടും പ്രത്യേകം നന്ദി പറയുന്നു” -എസ്.പി പറഞ്ഞു.

2019ല്‍ സജിത എന്ന അയല്‍വാസിയെ കൊന്ന് ജയിലില്‍ പോയ ചെന്താമര, ജാമ്യത്തിലിറങ്ങി കഴിഞ്ഞ ദിവസം സജിതയുടെ ഭര്‍ത്താവ് സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തുകയായിരുന്നു. ഇന്നലെ രാത്രി പോത്തുണ്ടിക്ക് സമീപം മാട്ടായിയിലെ വീടിന് സമീപത്തെ വയലില്‍ നിന്നാണ് ചെന്തമാര പിടിയിലായത്. കൊലപാതകം നടന്ന് 36 മണിക്കുറിന് ശേഷമാണ് പ്രതിയെ പിടികൂടിയത്.

kerala

കോട്ടയം നഴ്‌സിങ് കോളജ് റാഗിങ്: അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു

പ്രതികളെ അറസ്റ്റ് ചെയ്ത് 45ാം ദിവസത്തിലാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്.

Published

on

കോട്ടയം സര്‍ക്കാര്‍ നഴ്‌സിങ് കോളജില്‍ നടന്ന റാഗിങ്ങുമായി ബന്ധപ്പെട്ട് അന്വേഷണസംഘം കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു. പ്രതികളെ അറസ്റ്റ് ചെയ്ത് 45ാം ദിവസത്തിലാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്. 300 പേജിലധികമുള്ള കുറ്റപത്രത്തില്‍ കോളജിലെ മൂന്നാംവര്‍ഷ വിദ്യാര്‍ഥികളായ സാമുവല്‍ ജോണ്‍, രാഹുല്‍ രാജ്, റിജില്‍, വിവേക്, ജീവ എന്നിവരാണ് പ്രതികളായുള്ളത്.

അതേസമയം പഴുതടച്ച അന്വേഷണമാണ് നടത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. കേസില്‍ 40 സാക്ഷികളും 32 രേഖകളുമാണുള്ളത്. ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥികളായ ആറുപേരെ സീനിയേഴ്‌സ് വിദ്യാര്‍ത്ഥികളായ അഞ്ച് പ്രതികള്‍ ക്രൂരമായ റാഗിങ്ങിന് വിധേയമാക്കിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നവംബര്‍ മുതല്‍ നാലു മാസമാണ് പ്രതികള്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികളെ തുടര്‍ച്ചയായി ആക്രമിച്ചത്. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയും പ്രതികള്‍ ആഘോഷിച്ചെന്ന് കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. പ്രതികളുടെ മൊബൈല്‍ ഫോണില്‍നിന്ന് റാഗിങ്ങുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ അന്വേഷണ സംഘം കണ്ടെത്തി.

സ്ഥിരമായി ലഹരി ഉപയോഗിക്കുന്നവരാണ് പ്രതികളെന്നും ഇവരുടെ കയ്യില്‍ മാരകായുധങ്ങളുണ്ടായിരുന്നെന്നും കുറ്റപത്രത്തില്‍ പറയുന്നു. ഇരകളായ വിദ്യാര്‍ത്ഥികളില്‍ നിന്നാണ് ലഹരി ഉപയോഗത്തിന് പ്രതികള്‍ പണം കണ്ടെത്തിയതെന്നും റാഗിങ്ങിനെക്കുറിച്ച് പുറത്തുപറയാതിരിക്കാന്‍ ഇരകളെ ഭീഷണിപ്പെടുത്തിയെന്നും കുറ്റപത്രത്തില്‍ പറയുന്നു.

കേസിലെ അഞ്ച് പ്രതികള്‍ക്കും പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നും കോട്ടയം എസ്.പി. ഷാഹുല്‍ ഹമീദ് കുറ്റപത്രത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജന്മദിനാഘോഷത്തിന് പണം നല്‍കാത്തതാണ് ജൂനിയര്‍ വിദ്യാര്‍ഥികളെ ഉപദ്രവിച്ചതെന്നാണ് പ്രതികളുടെ മൊഴി. മദ്യം വാങ്ങാന്‍ പണം ചോദിച്ചിട്ട് നല്‍കാത്തതോടെ വൈരാഗ്യം തീര്‍ക്കാന്‍ വിദ്യാര്‍ത്ഥിയെ കട്ടിലില്‍ കെട്ടിയിട്ട് കോമ്പസുകൊണ്ട് കുത്തിപ്പരിക്കേല്‍പിച്ച് ക്രൂരമായി മര്‍ദിച്ചൈന്ന് കുറ്റപത്രത്തില്‍ പറയുന്നു. ഇതുസംബന്ധിച്ച പ്രതികളുടെ മൊഴികളും കുറ്റപത്രത്തിലുണ്ട്. ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. ഇതും തെളിവായി പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

Continue Reading

kerala

ചോദ്യപേപ്പര്‍ ചോര്‍ച്ച കേസ്; എം എസ് സൊല്യൂഷന്‍സ് ഉടമ ജയില്‍ മോചിതനായി

ഹൈക്കോടതിയാണ് ഒന്നാം പ്രതി ഷുഹൈബിന് ജാമ്യം അനുവദിച്ചത്.

Published

on

ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ എം എസ് സൊല്യൂഷന്‍സ് ഉടമ മുഹമ്മദ് ഷുഹൈബ് ജയില്‍ മോചിതനായി. അതേസമയം നിബന്ധനകള്‍ ഉള്ളത് കൊണ്ട് അഭിഭാഷകനുമായി സംസാരിച്ച ശേഷം പ്രതികരിക്കുമെന്നും ഷുഹൈബ് പ്രതികരിച്ചു. ഹൈക്കോടതിയാണ് ഒന്നാം പ്രതി ഷുഹൈബിന് ജാമ്യം അനുവദിച്ചത്. നേരത്തെ ഷുഹൈബിന്റെ ജാമ്യാപേക്ഷയെ ക്രൈംബ്രാഞ്ച് എതിര്‍ത്തിരുന്നു. ഇത് കണക്കിലെടുത്ത താമരശ്ശേരി മജിസ്‌ട്രേറ്റ് കോടതി ഷുഹൈബിന് ജാമ്യം അനുവദിച്ചിരുന്നില്ല. തുടര്‍ന്നാണ് പ്രതി ഹൈക്കോടതിയെ സമീപിച്ചത്.

അഭിഭാഷകരായ എസ് രാജീവ്, എം മുഹമ്മദ് ഫിര്‍ദൗസ് എന്നിവര്‍ മുഖേന സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ ജാമ്യമനുവദിച്ചത്. അതേസമയം കേസിലെ നാലാം പ്രതിയുമായ അബ്ദുള്‍ നാസറിന്റെ റിമാന്‍ഡ് കാലാവധി ഏപ്രില്‍ ഒന്നു വരെ നീട്ടി. നേരത്തെ കസ്റ്റഡിയില്‍ ലഭിച്ച പ്രതികളുമായി അന്വേഷണ സംഘം നടത്തിയ തെളിവെടുപ്പിനു പിന്നാലെ ഇലക്ട്രോണിക് ഉപകരണങ്ങളും ക്രൈംബ്രാഞ്ച് പിടിച്ചെടുത്തിരുന്നു.

ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ത്തിയത് പ്യൂണായിരുന്ന അബ്ദുല്‍ നാസറാണെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. പിന്നാലെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

പത്താം ക്ലാസിലെ ക്രിസ്മസ് പരീക്ഷയിലെ ചോദ്യപേപ്പറിലേതിന് സമാനമായ ചോദ്യങ്ങളാണ് എം എസ് സൊല്യൂഷ്യന്‍സിന്റെ യൂട്യൂബ് ചാനലില്‍ വന്നത്. രസതന്ത്ര പരീക്ഷയിലെ ആകെ 40 മാര്‍ക്കിന്റെ ചോദ്യങ്ങളില്‍ 32 മാര്‍ക്കിന്റെ ചോദ്യങ്ങളും എം എസ് സൊല്യൂഷന്‍സിന്റെ യൂട്യൂബ് ചാനലില്‍ വന്നതായി പരാതി ഉണ്ടായിരുന്നു.

Continue Reading

kerala

ആലപ്പുഴയിലെ ആശവര്‍ക്കര്‍മാരുടെ ഒരു മാസത്തെ ഓണറേറിയം തടഞ്ഞ സര്‍ക്കാര്‍ നടപടി അധികാര ധാര്‍ഷ്ട്യം: കെ.സി. വേണുഗോപാല്‍ എംപി

സ്വന്തം അമ്മമാരും സഹോദരിമാരും തെരുവില്‍ സമരം ചെയ്യുമ്പോള്‍ പക പോകുന്ന സമീപനം സ്വീകരിക്കുന്ന സര്‍ക്കാര്‍ നിലപാട് തരംതാഴ്ന്നതും ക്രൂരവുമാണെന്ന്  കെ.സി. വേണുഗോപാല്‍ വ്യക്തമാക്കി.

Published

on

അര്‍ഹതപ്പെട്ട അവകാശങ്ങള്‍ക്കു വേണ്ടി സെക്രട്ടറിയേറ്റിനു മുമ്പില്‍ ഒരുമാസത്തിലേറെയായി സമരം ചെയ്യുന്ന ആശ വര്‍ക്കര്‍മാരോട് സര്‍ക്കാര്‍ അനീതി തുടരുകയാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. വാക്കുകൊണ്ടും നോക്കുകൊണ്ടും ആശമാരോട് ഐക്യപ്പെടുന്നവരോട് വരെ അനീതി തുടരുന്ന ഒരു ജനാധിപത്യ സര്‍ക്കാര്‍ എന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആശ വര്‍ക്കര്‍മാരുടെ സെക്രട്ടറിയേറ്റ് ഉപരോധ സമരത്തില്‍ പങ്കെടുത്ത ആലപ്പുഴയിലെ ആശ വര്‍ക്കര്‍മാരുടെ ഒരു മാസത്തെ ഓണറേറിയം സര്‍ക്കാര്‍ തടഞ്ഞത് അധികാരത്തിന്റെ ധാര്‍ഷ്ട്യത്തില്‍ എന്ത് അധാര്‍മിക പ്രവൃത്തികളിലും ഏര്‍പ്പെടാമെന്ന സര്‍ക്കാര്‍ നിലപാടാണ് വ്യക്തമാക്കുന്നതെന്നും കെ.സി. വേണുഗോപാല്‍  പറഞ്ഞു. 146 പേരുടെ ഫബ്രുവരി മാസത്തിലെ ഓണറേറിയമാണ് ആലപ്പുഴയില്‍ മാത്രം തടഞ്ഞത്. തിരുവനന്തപുരം അടക്കം മറ്റു പല ജില്ലകളിലും സമാനമായ സ്ഥിതിവിശേഷമുണ്ടായെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.

മഴയും വെയിലും കൊണ്ടും അധിക്ഷേപങ്ങളും പരിഹാസങ്ങളുമേറ്റിട്ടും അവകാശ സമരത്തിനായാണ് ഒരു ജനത ഇപ്പോഴും തെരുവില്‍ തുടരുന്നതെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു. എന്നാല്‍ അതിലേക്ക് ശ്രദ്ധ കൊടുക്കാതെ പരസ്പരം കുറ്റപ്പെടുത്തുകയാണ് ഇപ്പോഴും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതും പോരാതെയാണ് തൊഴില്‍ ചെയ്ത ശമ്പളം നിഷേധിക്കുന്ന നിലപാട് സ്വീകരിക്കുന്നതെന്ന് വേണുഗോപാല്‍ പറഞ്ഞു.

സ്വന്തം അമ്മമാരും സഹോദരിമാരും തെരുവില്‍ സമരം ചെയ്യുമ്പോള്‍ പക പോകുന്ന സമീപനം സ്വീകരിക്കുന്ന സര്‍ക്കാര്‍ നിലപാട് തരംതാഴ്ന്നതും ക്രൂരവുമാണെന്ന്  കെ.സി. വേണുഗോപാല്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് ഭരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഓണറേറിയം വര്‍ധിപ്പിക്കുമ്പോള്‍, തൊഴിലാളിവര്‍ഗ പാര്‍ട്ടിയെന്ന് ഒരുനാള്‍ ഊറ്റം കൊണ്ടവര്‍ ഇന്ന് തൊഴിലാളികളെ ഒറ്റുകൊടുക്കുന്ന നെറികേടിന്റെ രാഷ്ട്രീയം പിന്തുടരുന്ന കാഴ്ച അപഹാസ്യമാണന്നെും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ഇത്രനാള്‍ വരെയും ഒപ്പം ചേര്‍ത്തുനിര്‍ത്തിയത് പോലെ ഇനിയും തുടരുമെന്നും നിയമപരമായി രാഷ്ട്രീയമായും നല്‍കുന്ന എല്ലാ പിന്തുണയും ആശ വര്‍ക്കര്‍മാര്‍ക്ക് കോണ്‍ഗ്രസ് നല്‍കുമെന്നും കെ.സി. വേണുഗോപാല്‍ വ്യക്തമാക്കി. അര്‍ഹിക്കുന്ന എല്ലാ ആനുകൂല്യങ്ങളും തൊഴില്‍ ചെയ്തതിന്റെ എല്ലാ അവകാശങ്ങളും അവര്‍ക്ക് ലഭിക്കും വരെ ഈ പോരാട്ടത്തിനൊപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

 

Continue Reading

Trending