X

നീറ്റ് പരീക്ഷാപ്പേടി: ചെന്നൈയില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

നീറ്റ് പരീക്ഷാപ്പേടിയെ തുടര്‍ന്ന് ചെന്നൈയില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. കേളാമ്പാക്കം സ്വദേശി ദേവദര്‍ശിനി (21) ആണ് മരിച്ചത്. വീട്ടില്‍ തൂങ്ങി മരിക്കുകയായിരുന്നു. മൂന്ന് തവണ നീറ്റ് എന്‍ട്രന്‍സ് പരീക്ഷയെഴുതി പരാജയപ്പെട്ടിരുന്ന വിദ്യാര്‍ത്ഥി പരീക്ഷാ പേടിയെ തുടര്‍ന്ന് ജീവനൊടുക്കുകയായിരുന്നു.

മേയില്‍ പരീക്ഷയെഴുതാനിരിക്കെയാണ് ആത്മഹത്യ ചെയ്തത്. കോച്ചിങ് സെന്ററില്‍ നടത്തിയ പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനു പിന്നാലെ വിദ്യാര്‍ത്ഥി അസ്വസ്ഥയായിരുന്നു. 2021 ലാണ് ഏവദര്‍ശിനി 12-ാം ക്ലാസ് പരീക്ഷ പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ രണ്ട് വര്‍ഷമായി അണ്ണാനഗറിലെ ഒരു സ്വകാര്യ അക്കാദമിയില്‍ ഓണ്‍ലൈനായും ഓഫ്ലൈനായും കോച്ചിംഗ് ക്ലാസുകളില്‍ പങ്കെടുത്തിരുന്നു.

അച്ഛന്‍ സെല്‍വരാജ് ഊരംപക്കത്ത് ബേക്കറി നടത്തുന്നു. പൊലീസ് റിപ്പോര്‍ട്ടുകള്‍ പ്രകാരം, ചൊവ്വാഴ്ച ദേവദര്‍ശിനി തന്റെ കോച്ചിംഗ് സെന്ററില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയപ്പോള്‍ ദുഃഖിതയായി കാണപ്പെട്ടു. അച്ഛന്‍ സെല്‍വരാജ് അവളെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു, പേടിക്കാതെ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആവശ്യപ്പെട്ടു.

അന്ന് വൈകുന്നേരം, അവള്‍ അച്ഛനെ സഹായിക്കാന്‍ അദ്ദേഹത്തിന്റെ ബേക്കറി സന്ദര്‍ശിച്ചു. തുടര്‍ന്ന് അവള്‍ വീട്ടിലേക്ക് മടങ്ങി. കടയില്‍ തിരിച്ചെത്താതെ ആയപ്പോള്‍ അച്ഛന്‍ മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു, പക്ഷേ മറുപടി നല്‍കിയില്ല. തുടര്‍ന്ന് ഭാര്യ ദേവിയെ അന്വേഷിക്കാന്‍ അയച്ചപ്പോള്‍ മകള്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

 

webdesk17: