Connect with us

Video Stories

നവോത്ഥാന സംരക്ഷകര്‍ കലഹിച്ച് പോകുമ്പോള്‍

Published

on

ഒരു നൂറ്റാണ്ടിലധികം നടന്ന ചെറുതും വലുതുമായ സമരങ്ങളുടെയും ചെറുത്തുനില്‍പ്പുകളുടേയും ചരിത്രമുണ്ട് കേരള നവോത്ഥാനത്തിന്. പല കാലങ്ങളിലായി നിരവധി വഴികളിലൂടെയാണ് സാമൂഹ്യ പരിഷ്‌കരണ പ്രസ്ഥാനങ്ങള്‍ കേരളീയ സാമൂഹ്യ ജീവിതത്തിലേക്ക് സംക്രമിച്ചത്. ഇന്ത്യയുടെ പൊതുപരിപ്രേക്ഷ്യത്തില്‍നിന്നും തികച്ചും വിഭിന്നമായാണ് നവോത്ഥാന പ്രസ്ഥാനങ്ങളില്‍ മലയാളി ജീവിതത്തെ സ്വാധീനിച്ചത്. റാം മോഹന്‍ റായിയുടെയോ, ദയാനന്ദ സരസ്വതിയുടെയോ രീതിശാസ്ത്രം കേരള നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്ക് പരിചിതമായിരുന്നില്ല. തികച്ചും വ്യത്യസ്തമായ സാമൂഹിക വീക്ഷണമാണ് കേരളത്തിലെ നവോത്ഥാന പ്രസ്ഥാനങ്ങള്‍ മുന്നോട്ടുവെച്ചത്.
ജാതി ഉച്ഛനീചത്വങ്ങള്‍ക്കെതിരായ അടിയാള ജനതയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ് നവോത്ഥാനത്തിന്റെ കേരള മുഖമായിരുന്നു. ജാതി പരിഷ്‌കരണമല്ല, സമൂലവും സമഗ്രവുമായ സാമൂഹിക മാറ്റമെന്ന വിശാല അജണ്ടയാണ് നവോത്ഥാന ധാരകളിലെല്ലാം ഉള്‍ച്ചേര്‍ന്നത്. മഹാത്മാഅയ്യങ്കാളിയും ശ്രീനാരായണ ഗുരുവും അയ്യാ വൈകുണ്ഠ സ്വാമിയും കുമാരഗുരുവുമെല്ലാം കേരളീയ നവോത്ഥാനത്തിന്റെ പതാകവാഹകരായിരുന്നു. ഇവരോടൊപ്പം പറയേണ്ട പേരുകള്‍ തന്നെയാണ് മക്തി തങ്ങള്‍, കുര്യാക്കോസ് ഏലിയാസ് ചാവറ, മന്നത്ത് പത്മനാഭന്‍, വി.ടി ഭട്ടതിരിപ്പാട്, വക്കം മുഹമ്മദ് അബ്ദുല്‍ ഖാദര്‍ മൗലവി എന്നിവരുടേതും. കേരള നവോത്ഥാന ചരിത്രം ഏക ശിലാത്മകമോ, ഏകധാരയോ ആയിരുന്നില്ല. അടിസ്ഥാനപരമായി അത് ജാതി വിവേചനത്തിനെതിരായ കലാപവും ആധുനികതയിലേക്കുള്ള ചുവടുവെയ്പുമായിരുന്നു. അതേസമയം പില്‍ക്കാലത്ത് കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ പ്രചരിപ്പിച്ചതുപോലെ കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലെങ്ങും അവര്‍ക്ക് പ്രാധാന്യമോ പങ്കാളിത്തമോ ഉണ്ടായിരുന്നില്ല. നവോത്ഥാനത്തിന്റെ പിന്തുടര്‍ച്ചാവകാശം ഏറ്റെടുക്കാനായിരുന്നു പില്‍ക്കാലത്ത് അവരുടെ ശ്രമം. നവോത്ഥാനം സൃഷ്ടിച്ചെടുത്ത മലയാളിയുടെ ആധനുക ബോധത്തെ പ്രത്യയശാസ്ത്രപരമായി തങ്ങള്‍ക്കനുകൂലമാക്കാമെന്ന മിഥ്യാധാരണയായിരുന്നു ഇതിന്റെ കാതല്‍. എന്നാല്‍ ആധുനിക കേരളീയ സമൂഹത്തിലലിഞ്ഞ് ചേര്‍ന്ന സവിശേഷമായ ജനാധിപത്യ ബോധത്തെ ഉള്‍ച്ചേര്‍ക്കാനുള്ള വിശാല കാഴ്ചപ്പാട് ഒരു കാലഘട്ടത്തിലും കമ്യൂണിസ്റ്റുകാര്‍ക്കുണ്ടായിരുന്നില്ല.
ശബരിമലയുമായി ബന്ധപ്പെട്ട വിഷയത്തിലും ഈ പ്രതിസന്ധിയാണ് ഇടതു സര്‍ക്കാരിനും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കും വിനയായത്. നവോത്ഥാനത്തിന്റെ പിന്തുടര്‍ച്ചക്കാരെന്നും നേരവകാശികളെന്നും മേനി നടിച്ചായിരുന്നു ശബരിമല വിഷയവുമായി ബന്ധപ്പെട്ടുണ്ടായ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഇടതുസര്‍ക്കാര്‍ കോപ്പുകൂട്ടിയത്. സുപ്രീംകോടതി വിധി നടപ്പാക്കാന്‍ കാട്ടിയ അമിത താല്‍പര്യം മാത്രമല്ല, ആ വിധിയിലേക്ക് നയിച്ച സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലവും കേരളത്തിന്റെ സാമൂഹ്യ സാഹചര്യം വിലയിരുത്തിയായിരുന്നില്ല. വിശ്വാസികളുടെ ഭാഗത്ത് നിന്നുണ്ടായ ശക്തമായ എതിര്‍പ്പിനെ വനിതാമതില്‍ തീര്‍ത്തും രണ്ട് യുവതികളെ പൊലീസ് വേഷത്തില്‍ അയ്യപ്പ സന്നിധിയിലെത്തിച്ചും പരാജയപ്പെടുത്തുകയെന്ന സങ്കുചിത ചിന്തയാണ് സര്‍ക്കാരിനെ നയിച്ചത്.
എന്നാല്‍ സി.പി.എം തെറ്റു തിരുത്താന്‍ തയാറായെങ്കിലും സര്‍ക്കാര്‍ മുന്‍നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. ആയിരം തെരഞ്ഞെടുപ്പുകളില്‍ തോറ്റാലും ശബരിമലയില്‍ സ്ത്രീ പ്രവേശനം എന്ന നിലപാട് മാറ്റില്ലെന്ന് പ്രഖ്യാപിച്ച സി.പി.എം തങ്ങള്‍ക്ക് തെറ്റ് പറ്റിയെന്ന് ഏറ്റു പറയുമ്പോള്‍, അതേ പാര്‍ട്ടി നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ വിരുദ്ധ നിലപാട് സ്വീകരിക്കുന്നത് അത്ഭുതാവഹമാണ്. നവോത്ഥാന വീണ്ടെടുപ്പെന്ന തട്ടിപ്പ്‌നയം ആവര്‍ത്തിച്ച് സര്‍ക്കാര്‍ വിശ്വാസി സമൂഹത്തെ ആര്‍ക്കാണ് ഒറ്റിക്കൊടുക്കാന്‍ ശ്രമിക്കുന്നതെന്ന ചോദ്യം ഉയരുന്നതും ഈ സാഹചര്യത്തിലാണ്.
കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചാണ് ഒരു വര്‍ഷം മുമ്പ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നവോത്ഥാന മൂല്യ സംരക്ഷണ സമിതി രൂപീകരിച്ചത്. കേരളം തിരസ്‌കരിക്കുന്ന വര്‍ഗീയ നിലപാടുകള്‍ക്ക് ചൂട്ട്പിടിച്ച രണ്ട് പേരെ ചെയര്‍മാനും വൈസ് ചെയര്‍മാനുമാക്കിയായിരുന്നു നവോത്ഥാന മൂല്യ സംരക്ഷണ സമിതിയുടെ രൂപീകരണം. ഇസ്‌ലാം മതം സ്വീകരിച്ച ഹാദിയക്കെതിരെ കൊലവിളി നടത്തിയ സി.പി സുഗതന്‍ വൈസ് ചെയര്‍മാനും കോഴിക്കോട് മാന്‍ഹോളില്‍ വീണ് ജീവന് വേണ്ടി നിലവിളിച്ച മനുഷ്യനെ രക്ഷിക്കുന്നതിനിടെ രക്തസാക്ഷിയായ നൗഷാദിന്റെ ജാതി അന്വേഷിച്ച വെള്ളാപ്പള്ളി നടേശന്‍ ചെയര്‍മാനുമായ സമിതിക്കായിരുന്നു അയ്യങ്കാളിയും ശ്രീനാരായണ ഗുരുവും വക്കം മൗലവിയും നവോത്ഥാന പാതയില്‍ നയിച്ച കേരളത്തെ നവീകരിക്കാനുള്ള ഉത്തരവാദിത്തം.
സമൂഹത്തിന്റെ സമസ്ത മേഖലയില്‍ നിന്നും വിമര്‍ശനവും എതിര്‍പ്പുമുയര്‍ന്നിട്ടും സമിതിയില്‍ മാറ്റമുണ്ടായില്ല. ന്യൂനപക്ഷങ്ങളെ മാറ്റിനിര്‍ത്തിയും വര്‍ഗീയ പ്രസ്താവനകളാല്‍ കേരളത്തെ ഇരുട്ടിലേക്ക് നയിച്ചവരെ മുന്‍നിര്‍ത്തിയും ഏച്ചുകെട്ടി ഉണ്ടാക്കിയ നവോത്ഥാന സമിതി ഇപ്പോള്‍ നെടുകെ പിളര്‍ന്നിരിക്കുകയാണ്. നവോത്ഥാനം കൊണ്ടുവന്ന സമൂല സാമൂഹ്യ പരിഷ്‌കരണത്തിന്റെ ബാറ്റണ്‍ താഴെ വീണിരിക്കുന്നു. നവോത്ഥാനത്തിന്റെ അന്തസത്തയെ ബലാത്സംഗം ചെയ്യാനിറങ്ങി പുറപ്പെട്ട സര്‍ക്കാരിന് തന്നെയാണ് ഇതിന്റെ ഉത്തരവാദിത്തം. ഹിന്ദു പാര്‍ലമെന്റിന്റെ നേതാവ് സി.പി സുഗതന്റെ നേതൃത്വത്തിലാണ് 50 ഓളം സംഘടനകള്‍ സമിതി വിട്ടത്. വിശാല ഹിന്ദു ഐക്യമെന്ന ഹിന്ദു പാര്‍ലമെന്റിന്റെ നയത്തിനെതിരാണ് സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ എന്ന് ചൂണ്ടിക്കാട്ടിയാണ് സി.പി സുഗതനും കൂട്ടരും ഇറങ്ങിപോയിരിക്കുന്നത്.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ മനുഷ്യരെല്ലാം സമന്മാരെന്ന് പ്രഖ്യാപിച്ച അയ്യാ വൈകുണ്ഠ സ്വാമിയും ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന് പ്രഖ്യാപിച്ച ശ്രീനാരായണ ഗുരുവും നിര്‍മിച്ചെടുത്ത നവോത്ഥാന കേരളത്തിന് കാവലാളാക്കിയവര്‍ ജാതിയും മതവും പറഞ്ഞ് ഇങ്ങിപ്പോകുമ്പോള്‍ സര്‍ക്കാര്‍ ഉത്തരം പറയുക തന്നെ വേണം. തെറ്റുകള്‍ ഏറ്റുപറഞ്ഞ് ശരിയിലേക്ക് സഞ്ചരിക്കുകയാണ് വേണ്ടത്. മൗനത്തിന്റെ വാത്മീകത്തിലിരുന്ന് തെറ്റിനെ ന്യായീകരിക്കാനുള്ള ശ്രമം ദൗര്‍ഭാഗ്യകരമാണ്. കേരളത്തെ നയിക്കേണ്ടത് ഇരുട്ടിലേക്കല്ല, വെളിച്ചത്തിലേക്കാണെന്ന നവോത്ഥാനത്തിന്റെ പ്രാഥമിക പാഠമെങ്കിലും സര്‍ക്കാര്‍ മറക്കരുത്.

Video Stories

പെരിയ ഇരട്ടക്കൊലപാതക കേസ്; വിധി ഈ മാസം 28ന്

സിപിഎം പെരിയ ഏരിയ സെക്രട്ടറിയായിരുന്ന എ. പീതംബരനാണ് കേസിലെ ഒന്നാം പ്രതി

Published

on

എറണാകുളം: പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൃപേഷിനേയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസിലെ വിധി ഈ മാസം 28ന്. എറണാകുളം സിബിഐ കോടതിയാണ് വിധി പറയുന്നത്.

2019 ഫെബ്രുവരി 17നാണ് കല്യാട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവത്തകരായിരുന്ന കൃപേഷും ശരത്‌ലാലും കൊല്ലപ്പെട്ടത്.തുടക്കത്തില്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് ഹൈക്കോടതി നിര്‍ദേശപ്രകാരം സിബിഐ ഏറ്റെടുക്കുകയായിരുന്നു. ക്രൈംബ്രാഞ്ച് 14 പേരെ പ്രതിചേര്‍ത്ത കേസില്‍ സിബിഐ പത്ത് പ്രതികളെക്കൂടി ഉള്‍പ്പെടുത്തുകയായിരുന്നു.

സിപിഎം പെരിയ ഏരിയ സെക്രട്ടറിയായിരുന്ന എ. പീതംബരനാണ് കേസിലെ ഒന്നാം പ്രതി. 24 പ്രതികളാണ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുള്ളത്. നിരവധി പ്രാദേശിക നേതാക്കളും പ്രതികളാണ്. ഒന്നാംപ്രതി പീതാംബരനടക്കം 11 പ്രതികള്‍ അഞ്ചര വര്‍ഷത്തിലേറെയായി ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

Continue Reading

Video Stories

ലൈംഗികാതിക്രമക്കേസ്; മുകേഷ് എംഎല്‍എക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

നടന്‍ ഇടവേള ബാബുവിനും എതിരെയും കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.

Published

on

തിരുവനന്തപുരം: ലൈംഗികാതിക്രമക്കേസില്‍ മുകേഷ് എംഎല്‍എക്കും നടന്‍ ഇടവേള ബാബുവിനും എതിരെ കുറ്റപത്രം സമര്‍പ്പിച്ചു. തൃശ്ശൂര്‍ വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ലൈംഗികാതിക്രമ കേസിലാണ് മുകേഷിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. ജി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇടവേള ബാബുവനെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്.

മുപ്പത് സാക്ഷികളാണ് മുകേഷിനെതിരെ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഉള്ളത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് മുകേഷിനെതിരെ നടി ലൈംഗികാരോപണം ഉന്നയിച്ചത്. ആലുവ സ്വദേശിയായ യുവതിയുടെ പരാതിയില്‍ എറണാകുളം മരട് പൊലീസ് സ്റ്റേഷനിലും മുകേഷിനെതിരെ കേസ് നിലനില്‍ക്കുന്നുണ്ട്. ‘അമ്മ’യില്‍ അംഗത്വം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നാണ് ഇടവേള ബാബുവിനെതിരായ പരാതി. ഇടവേള ബാബുവിനെതിരെ കോഴിക്കോട് നടക്കാവ് പൊലീസ് കേസെടുത്തിരുന്നു.

Continue Reading

Video Stories

ലൈസന്‍സ് ലഭിക്കാന്‍ ‘ഇമ്മിണി വിയര്‍ക്കും’, പുതിയ ഡ്രൈവര്‍മാര്‍ക്ക് രണ്ടുവര്‍ഷത്തെ പ്രൊബേഷന്‍ കാലയളവ് ഏര്‍പ്പെടുത്താന്‍ എംവിഡി

ഒന്നിലധികം തവണ ഗതാഗത കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെട്ടാല്‍ ഡ്രൈവിങ് ലൈസന്‍സ് റദ്ദ് ചെയ്യും. പിന്നീട് ആദ്യം മുതല്‍ ലേണേഴ്സ് മുതല്‍ ലൈസന്‍സ് ലഭിക്കാന്‍ മുഴുവന്‍ പ്രക്രിയയും നടത്തേണ്ടി വരും

Published

on

കൊച്ചി: അടുത്ത വര്‍ഷം മുതല്‍ ഡ്രൈവിങ് ലൈസസന്‍സ് ലഭിക്കാന്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍. റോഡപകടങ്ങള്‍ കുറയ്ക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് പുതിയ ഡ്രൈവര്‍മാര്‍ക്ക് രണ്ടുവര്‍ഷത്തെ പ്രൊബേഷന്‍ കാലയളവ് ഏര്‍പ്പെടുത്തും. ഒന്നിലധികം തവണ ഗതാഗത കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെട്ടാല്‍ ഡ്രൈവിങ് ലൈസന്‍സ് റദ്ദ് ചെയ്യും. പിന്നീട് ആദ്യം മുതല്‍ ലേണേഴ്സ് മുതല്‍ ലൈസന്‍സ് ലഭിക്കാന്‍ മുഴുവന്‍ പ്രക്രിയയും നടത്തേണ്ടി വരും.

സംസ്ഥാനത്തെ റോഡ് അപകടങ്ങളില്‍ 70 ശതമാനവും ലൈസന്‍സ് ലഭിച്ചതിന്റെ ആദ്യമൂന്ന് വര്‍ഷങ്ങളിലാണ് സംഭവിക്കുന്നതെന്നു പഠനത്തില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ പുതിയ നടപടി.

ഒന്നിലധികം തവണ ഗതാഗത കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെട്ടാല്‍ പിഴ ചുമത്തുന്നതിന് പുറമേ നെഗറ്റീവ് പോയിന്റുകള്‍ ലഭിക്കും. പുതിയ ലൈസന്‍സ് ഉടമകളെ പോയിന്റ് അടിസ്ഥാനമാക്കിയുള്ള സംവിധാനത്തിലൂടെ വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. സിഗ്നല്‍ മറികടക്കുകയോ സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുകയോ പോലുള്ള ഗതാഗത കുറ്റകൃത്യത്തിന് പിടിക്കപ്പെട്ടാല്‍, പുതിയ ലൈസന്‍സ് ഉടമയ്ക്ക് രണ്ട് നെഗറ്റീവ് പോയിന്റുകള്‍ നല്‍കും. ആറ് തവണ നെഗറ്റീവ് പോയിന്റ് ലഭിച്ചാല്‍ അവരുടെ ലൈസന്‍സ് റദ്ദാക്കും. തുടര്‍ന്ന് ലേണേഴ്‌സ് ലൈസന്‍സില്‍ തുടങ്ങി മുഴുവന്‍ പ്രക്രിയയും അവര്‍ വീണ്ടും നടത്തേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

കുറ്റകൃത്യത്തിന്റെ ഗൗരവം അനുസരിച്ച് നല്‍കുന്ന നെഗറ്റീവ് പോയിന്റുകള്‍ വര്‍ധിക്കും. ലേണേഴ്‌സ് ലൈസന്‍സിന്റെ കാര്യത്തില്‍, പുതിയ ലൈസന്‍സുള്ളവര്‍ പ്രൊബേഷന്‍ കാലയളവിന്റെ ഒന്നും രണ്ടും വര്‍ഷങ്ങളില്‍ അവരുടെ വാഹനങ്ങള്‍ക്ക് പ്രൊബേഷന്‍ ഒന്നാം വര്‍ഷമെന്നും പ്രൊബേഷന്‍ രണ്ടാം വര്‍ഷമെന്നും കാലയളവ് ഏര്‍പ്പെടുത്തും.

അപകടങ്ങളോ ഗതാഗത നിയമലംഘനങ്ങളോ ഇല്ലാതെ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ പുതിയ ലൈസന്‍സ് ലഭിച്ചവര്‍ക്ക് ആറ് പോയിന്റുകള്‍ ലഭിക്കും, ’12 പോയിന്റുകള്‍ കൂടി നേടിയാല്‍ അവര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കും. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ ഈ നിയമം അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Trending