Connect with us

kerala

നവീൻ ബാബുവിനെ കൊന്ന് കെട്ടിത്തൂക്കിയത്, പി ശശിയുടെ പങ്ക് പരിശോധിക്കണം: പി വി അൻവർ

നവീൻ ബാബുവിന്റെ ഭാരം കണക്കാക്കിയാൽ കയർ പൊട്ടി വീഴേണ്ടതാണെന്ന് കയറിന്റെ മാതൃക കാണിച്ചുകൊണ്ട് അൻവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Published

on

എ.ഡി.എം നവീൻ ബാബുവി​ന്റെ മരണത്തിൽ അടിമുടി ദുരൂഹതയാണുള്ളതെന്ന് പി.വി. അൻവർ എം.എൽ.എ. 0.5 സെന്റിമീറ്റർ വീതിയുള്ള കയറിൽ തൂങ്ങിയാണ് മരണമെന്നാണ് പൊലീസ് പറയുന്നത്. നവീൻ ബാബുവിന്റെ ഭാരം കണക്കാക്കിയാൽ കയർ പൊട്ടി വീഴേണ്ടതാണെന്ന് കയറിന്റെ മാതൃക കാണിച്ചുകൊണ്ട് അൻവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

തനിക്ക് കണ്ണൂരിലെ ജോലി മടുത്തെന്ന് നവീൻ ബാബു പറഞ്ഞു. പി. ശശി നിയമവിരുദ്ധമായ കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുന്നു. ഇക്കാര്യം നവീൻ ബാബു അടുപ്പമുള്ളവരോട് പറഞ്ഞിരുന്നതായി അൻവർ കൂട്ടിച്ചേർത്തു.

തുടക്കം മുതലേ ഞാൻ പറയുന്നത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയുമായി ബന്ധപ്പെട്ട ചില രഹസ്യങ്ങൾ നവീന് അറിയാമായിരുന്നുവെന്നാണ്. ഒരു പെട്രോൾ പമ്പിന്റെ വിഷയം മാത്രമല്ലിത്. നവീൻ ബാബു കണ്ണൂരിൽനിന്ന് സ്ഥലംമാറ്റം ആവശ്യപ്പെട്ടതല്ല. തനിക്ക് ജോലിചെയ്യാൻ കഴിയുന്നില്ലെന്നാണ് കുടുംബത്തോടും അടുപ്പമുള്ളവരോടും അദ്ദേഹം പറഞ്ഞിട്ടുള്ളത്. നിയമവിരുദ്ധമായ എല്ലാ കാര്യങ്ങൾക്കും പി.ശശി ഉൾപ്പെടെയുള്ളവർ നിർബന്ധിക്കുമ്പോൾ പറ്റാവുന്നതിന്റെ പരമാവധി ചെയ്തുകൊടുത്തു. ഇനി അവിടെ നിൽക്കാൻ കഴിയില്ലെന്ന് നവീൻ ബാബു കുടുംബാം​ഗങ്ങളോട് പറഞ്ഞിട്ടുണ്ട്. അവിടെയാണീ വിഷയം ​ഗൗരവമുള്ളതായി മാറുന്നത്.

എങ്ങനെ മരിച്ചു എന്ന് അറിയാനാണ് പോസ്റ്റ് മോർട്ടം നടത്തുന്നത്. ആരുടെയൊക്കെയോ താത്പര്യപ്രകാരം ചെയ്തതാണിത്. നവീൻ ബാബു ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം പറഞ്ഞതാണ്. ആത്മഹത്യയുടെ സൂചന നൽകുന്ന ഒരു സംസാരവും അദ്ദേഹം അന്ന് ഭാര്യയുമായി നടത്തിയിട്ടില്ല. മാനസിക വിഷമം പ്രകടിപ്പിച്ചിട്ടില്ല. രാത്രിയിൽ നാട്ടിലേക്ക് പുറപ്പെടുന്നില്ലെങ്കിൽ വിളിച്ചറിയിക്കേണ്ടതാണ്. കുടുംബത്തെ അറിയിക്കും മുൻപ് ഇൻക്വസ്റ്റ് നടന്നു. പോസ്റ്റ്മോർട്ടവും ബന്ധുക്കൾ എത്തും മുൻപേ നടന്നു. ഇത്തരം കുറേ കാര്യങ്ങൾ അവ്യക്തമായി കിടക്കുകയാണെന്നും അൻവർ കുറ്റപ്പെടുത്തി.

നവീൻ ബാബുവിന്റെ പോസ്റ്റ്മാർട്ടം, ഇൻക്വസ്റ്റ് റിപ്പോർട്ടുകളിൽ പൊലീസിന്റെ കള്ളക്കളി നടന്നിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികളിൽ കുടുംബാംഗങ്ങളുടെ സാന്നിധ്യം ആവശ്യമാണ്. നവീൻ ബാബുവിന്റെ നടപടികളിൽ അത് ഉണ്ടായില്ല.

ആന്തരികാവയവങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടില്ല. ആരുടെയൊക്കെയോ താല്പര്യം സംരക്ഷിക്കുംവിധമാണ് റിപ്പോർട്ടുകൾ തയ്യാറാക്കിയത്. ഈ സാഹചര്യത്തിൽ കേസിൽ കക്ഷി ചേരുമെന്നും അൻവർ പറഞ്ഞു.

പി. ശശിയുടെ ബിനാമിയാണ് പി.പി. ദിവ്യയുടെ ഭർത്താവെന്നും അവരെ യാത്രയയപ്പ് ചടങ്ങിലേക്ക് പറഞ്ഞുവിട്ടത് ശശിയാണെന്നും അൻവർ ആരോപിച്ചു. ഇതിന്റെ തെളിവ് അന്വേഷണ സംഘത്തിന് കൈമാറുമെന്നും അൻവർ കൂട്ടിച്ചേർത്തു

ഇന്നുവരെയുള്ള തൂങ്ങിമരണത്തിൽ കണ്ടത്. മരിച്ചയാൾ മലമൂത്ര വിസർജ്ജനം നടത്തിയതായാണ്. എന്നാൽ, ഇവിടെ യൂനിറനറി ബ്ലാഡർ ശൂന്യമാണെന്നാണ് റിപ്പോർട്ട്. ശ്വാസം മുട്ടിയാവണം മരണം. എല്ലാം നോർമലാണെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. അടിവസ്ത്രത്തിൽ രക്തക്കറയുണ്ടെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നു. അത്, പോസ്റ്റ് മോർട്ടം റിപ്പോർട്ടിലില്ല. പൊലീസ് റിപ്പോർട്ടിൽ തിരിമറി നടന്നു. നേരത്തെ തന്നെ ഈ വിഷയത്തിൽ അൻവർ നടത്തുന്ന ആരോപണം തള്ളിയ പി. ശശി നിയമനടപടി ആരംഭിച്ചിരിക്കുകയാണ്.

kerala

ബോര്‍ഡുകളും ഫ്ളക്സുകളും 10 ദിവസത്തിനുള്ളില്‍ നീക്കം ചെയ്യാന്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ നിര്‍ദേശം

നിര്‍ദേശം പാലിച്ചില്ലെങ്കില്‍ പിഴ തദ്ദേശ വകുപ്പ് സെക്രട്ടറിമാരില്‍ നിന്ന് ഈടാക്കുമെന്നും കോടതി വ്യക്തമാക്കി.

Published

on

വഴിയരികിലെ അനധികൃത ബോര്‍ഡുകളും ഫ്ളക്സുകളും പത്ത് ദിവസത്തിനുള്ളില്‍ നീക്കം സര്‍ക്കാരിന് ഹൈക്കോടതിയുടെ നിര്‍ദേശം. നിര്‍ദേശം പാലിച്ചില്ലെങ്കില്‍ പിഴ തദ്ദേശ വകുപ്പ് സെക്രട്ടറിമാരില്‍ നിന്ന് ഈടാക്കുമെന്നും കോടതി വ്യക്തമാക്കി. ഇതു സംബന്ധിച്ച വ്യക്തമായ കണക്കുകള്‍ തദ്ദേശവകുപ്പ് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

അനധികൃത ബോര്‍ഡുകളും ഫ്ലെക്സുകളുമൊക്കെ നീക്കം ചെയ്യണമെന്നും ഇല്ലെങ്കില്‍ 5000 രൂപ പിഴയീടാക്കുമെന്നും സര്‍ക്കാരിന്റെ തന്നെ ഉത്തരവുള്ള കാര്യം ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഓര്‍മ്മപ്പെടുത്തി. കേസ് അടുത്തയാഴ്ച പരിഗണിക്കുമ്പോള്‍ അനധികൃത ബോര്‍ഡുകളും ഫ്ളക്സുകളു സംബന്ധിച്ച കണക്കുകള്‍ നല്‍കണമെന്നും തദ്ദേശവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ശര്‍മിള മേരി ജോസഫിന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശിച്ചു.

സിനിമ, മതസ്ഥാപനങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ അടക്കമാണ് അനധികൃതമായി ബോര്‍ഡുകളും മറ്റും സ്ഥാപിച്ചിരിക്കുന്നത്. സിനിമാ ഫ്ലെക്സുകളും മറ്റും നീക്കം ചെയ്യാമെന്നും മതസ്ഥാപനങ്ങളുടെ ബോര്‍ഡുകള്‍ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കോടതി നോക്കിക്കൊള്ളാമെന്നും കോടതി പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടിയുടെ അനധികൃത ബോര്‍ഡുകളും മറ്റും നീക്കം ചെയ്യാന്‍ സെക്രട്ടറിമാര്‍ക്ക് പേടിയാണെന്നും അവര്‍ ആക്രമിക്കപ്പെടുന്നതു കൂടാതെ സ്ഥലം മാറ്റുമെന്ന ഭീഷണിയുമുണ്ടെന്നും കോടതി പറഞ്ഞു. അത്തരം ഭീഷണിക്ക് വഴങ്ങുന്നവര്‍ ജോലി രാജിവച്ചു പോകണമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

 

 

Continue Reading

kerala

റോഡ് മുറിച്ചുകടക്കുന്നതിനിടയില്‍ കെഎസ്ആര്‍ടിസി ബസിടിച്ചു; ഭിന്നശേഷിക്കാരിയായ യുവതിക്ക് ദാരുണാന്ത്യം

തിരുവനന്തപുരത്തെ കെ റെയില്‍ ഓഫീസിലെ ജീവനക്കാരിയായ നിഷ(39) ആണ് മരിച്ചത്.

Published

on

തിരുവനന്തപുരത്ത് റോഡ് മുറിച്ചുകടക്കുന്നതിനിടയില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതിക്ക് ദാരുണാന്ത്യം. തിരുവനന്തപുരത്തെ കെ റെയില്‍ ഓഫീസിലെ ജീവനക്കാരിയായ നിഷ(39) ആണ് മരിച്ചത്. തിരുവനന്തപുരം വിമന്‍സ് കോളജിന് സമീപം ഇന്ന് രാവിലെയായിരുന്നു അപകടം.

രാവിലെ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം. ഇതിനിടെ കെഎസ്ആര്‍ടിസി ബസ് ഇടിച്ചുകയറുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് നിഷയുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങി.

യുവതിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

 

 

Continue Reading

kerala

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; മറ്റൊരു നടി കൂടി സുപ്രിം കോടതിയെ സമീപിച്ചു

ഹേമ കമ്മിറ്റിക്ക് നല്‍കിയ മൊഴിയില്‍ കൃത്രിമത്വം നടന്നെന്ന് സംശയിക്കുന്നതായി നടി.

Published

on

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ അന്വേഷണവുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ മറ്റൊരു നടി കൂടി സുപ്രിം കോടതിയെ സമീപിച്ചു. ഹേമ കമ്മിറ്റിക്ക് നല്‍കിയ മൊഴിയില്‍ കൃത്രിമത്വം നടന്നെന്ന് സംശയിക്കുന്നതായി നടി. പ്രത്യേക അന്വേഷണ ഏജന്‍സി ഇത് വരെ തന്നെ സമീപിച്ചിട്ടില്ലെന്ന് നടി പറഞ്ഞു.

ഹേമ കമ്മിറ്റിക്ക് മൊഴി നല്‍കിയ നടിയാണ് ഇന്ന് സുപ്രീംകോടതിയെ സമീപിച്ചത്. ഹര്‍ജികള്‍ക്കെതിരെ വനിതാ കമ്മീഷന്‍ സത്യവാങ്മൂലം നല്‍കി. കേസെടുക്കാന്‍ പ്രാഥമിക അന്വേഷണം ആവശ്യമില്ലെന്ന് സംസ്ഥാന വനിത കമ്മീഷന്‍ പറഞ്ഞു. സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തിലാണ് കമ്മീഷന്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

അതേസമയം റിപ്പോര്‍ട്ടിന്മേല്‍ എടുത്ത 32 കേസുകളില്‍ നിലവില്‍ അന്വേഷണം നടന്നുവരികയാണെന്നും ഇതില്‍ 11 എണ്ണം ഒരു അതിജീവിതയുടെ പരാതിയില്‍ റജിസ്റ്റര്‍ ചെയ്തതാണെന്നും നാല് കേസുകള്‍ പ്രാഥമികാന്വേഷണം നടത്തിയപ്പോള്‍ തെളിവുകളില്ലാത്തതിനാല്‍ അവസാനിപ്പിച്ചതായും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞിരുന്നു.

 

 

Continue Reading

Trending