X

നവാസ് ഷെരീഫിന് പെരുന്നാള്‍ ജയിലില്‍ തന്നെ; ജാമ്യം നിഷേധിച്ചു

ഇസ്‌ലാമാബാദ്: അഴിമതി കേസില്‍ പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന് ഇസ്‌ലാമാബാദ് ഹൈക്കോടതി ജാമ്യം നിഷേധിച്ചു. ഇതോടെ ഇത്തവണയും പെരുന്നാളിന് അദ്ദേഹത്തിന് ജയിലില്‍ കഴിയേണ്ടി വരും. നവാസ് ഷെരീഫിനു പുറമെ മകള്‍ മറിയം നവാസിനും മരുമകന്‍ ക്യാപ്റ്റന്‍ മുഹമ്മദ് സഫ്തറിനും കോടതി ജാമ്യം നിഷേധിച്ചു.

ഇത് രണ്ടാം തവണയാണ് നവാസ് ഷെരിഫ് പെരുന്നാള്‍ ദിനത്തില്‍ ജയിലില്‍ കഴിയുന്നത്. നേരത്തെ 1999 ഒക്ടോബറില്‍ പെരുന്നാള്‍ ദിനത്തില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നത്.
1977 ജൂലൈയിലാണ് മുന്‍ പ്രധാനമന്ത്രി സുല്‍ഫീക്കര്‍ അലി ഭൂട്ടോയും പെരുന്നാള്‍ ദിനത്തില്‍ ജയിലില്‍ കഴിഞ്ഞിട്ടുണ്ട്.

അഴിമതിക്കേസില്‍ പത്തു വര്‍ഷത്തെ തടവുശിക്ഷയാണ് നവാസ് ഷെരീഫിനെതിരെ കോടതി വിധിച്ചത്. മകള്‍ക്കെതിരെ ഏഴു വര്‍ഷവും മരുമകനെതിരെ ഒരു വര്‍ഷവും തടവുശിക്ഷ വിധിച്ചു. കൂടാതെ ഷെരീഫിന് എട്ട് മില്യന്‍ പൗണ്ടും മറിയത്തിന് രണ്ടു മില്യണ്‍ പൗണ്ടും പിഴ വിധിച്ചിരുന്നു.

അനധികൃത സ്വത്തു സമ്പാദനവുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീംകോടതി അയോഗ്യത കല്‍പിച്ചതിനെത്തുടര്‍ന്ന് 2017 ജൂലൈയിലാണ് ഷെരീഫ് പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചത്.

സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് 2017 സെപ്തംബറില്‍ ഷെരീഫിനും മക്കള്‍ക്കും മരുമകനുമെതിരെ നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ മൂന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

chandrika: