മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനായി രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന പ്രതി നളിനി ശ്രീഹരന്‍ പരോളിലിറങ്ങി. തമിഴ്‌നാട്ടിലെ വെല്ലൂര്‍ ജയിലില്‍നിന്ന് ഇന്ന് രാവിലെയാണ് ഒരു മാസത്തെ പരോളിനിറങ്ങിയത്. വെല്ലൂര്‍ വിട്ട് പുറത്തിറങ്ങുന്നതിനും രാഷ്ട്രീയപരമായി സ്മ്പര്‍ക്കങ്ങള്‍ക്കും മധ്യമങ്ങളെ കാണുന്നതിനും വിലക്കുണ്ട്.
ബ്രിട്ടനില്‍ മെഡിസിന് പഠിക്കുന്ന മകള്‍ ഹരിത്രയുടെ വിവാഹത്തില്‍ പങ്കെടുക്കാനും ഒരുക്കള്‍ നടത്താനുമാണ് മദ്രാസ് ഹൈക്കോടതി നളിനിക്ക് പരോള്‍ അനുവദിച്ചത്. തടവില്‍ കഴിയവെ ജയിലില്‍ വെച്ചാണ് നളിനി മകളെ പ്രസവിച്ചത്. ബ്രിട്ടനില്‍ നിന്നും മകള്‍ അടുത്തയാഴ്ച നാട്ടിലെത്തും.
വനിതാ പൊലീസുകാരോടൊപ്പം പുറത്തുവന്ന നളിനിയെ സ്വീകരിക്കാന്‍ അമ്മയാണ് എത്തിയത്.
കഴിഞ്ഞ വര്‍ഷം പിതാവ് ശങ്കര നാരായണന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്നതിന് നളിനിക്ക് ഒരു ദിവസത്തെ പരോള്‍ അനുവദിച്ചിരുന്നു. ഇത് കൂടാതെ 28 വര്‍ഷത്തിന് ശേഷം ആദ്യമായാണ് നളിനി ജയിലില്‍നിന്ന് പുറത്തുവരുന്നത്.
നളിനിയുടെ ഭര്‍ത്താവ് മുരുകനും ഇതേ ജയിലില്‍ ജീവപര്യന്തം തടവ് അനുഭവിക്കുന്നുണ്ട്. കേസില്‍ ഇവര്‍ക്ക് വധശിക്ഷയാണ് വിധിച്ചിരുന്നതെങ്കിലും സോണിയ ഗാന്ധിയുടെ ഇടപെടലിനെ തുടര്‍ന്ന് ശിക്ഷ ജീവപര്യന്തമാക്കി ചുരുക്കുകയായിരുന്നു. വധശിക്ഷക്ക് വിധിക്കപ്പെട്ട മറ്റ് ആറ് പേരുടെ ശിക്ഷയും സുപ്രീംകോടതി ജീവപര്യന്തമാക്കി ചുരുക്കി.