Connect with us

More

കൂടെ നില്‍ക്കേണ്ടത് മതേതര സമൂഹം

Published

on

നജീബ് കാന്തപുരം
നാടാകെ ഭയം നിറച്ച് രാഷ്ട്രീയ വിജയം കൊയ്യാന്‍ സംഘ്പരിവാര്‍ ബഹുമുഖ പദ്ധതികള്‍ ആവിഷ്‌കരിക്കുകയും നിരപരാധികളായ നിരവധി ചെറുപ്പക്കാര്‍ അതിദാരുണമായി കൊല്ലപ്പെടുകയും ചെയ്ത ഒരു ഘട്ടത്തില്‍ മുസ്‌ലിം സമുദായം ഒരു തലോടല്‍ ആഗ്രഹിച്ചു നില്‍ക്കേയാണ് മുന്‍ ഡി.ജി.പി സെന്‍കുമാര്‍ ശവത്തില്‍കുത്തുന്ന പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്. ശത്രുവിനെ നിര്‍മ്മിക്കുകയെന്നത് ഫാഷിസത്തിന്റെ ആഗോള രീതിയാണ്. ചരിത്രത്തിന്റെ പല ഘട്ടങ്ങളിലും പല സമൂഹങ്ങളാണ് അതിനിരയാക്കപ്പെട്ടത്. ഇന്ത്യയില്‍ മുസ്‌ലിംകളാദി ന്യൂനപക്ഷ, ദലിത് വിഭാഗങ്ങളെ ഉന്നംവെച്ച് നടക്കുന്ന കയ്യേറ്റങ്ങളെല്ലാം മറുപക്ഷത്ത് വിപുലമായ ഏകീകരണം ലക്ഷ്യമിട്ടുകൊണ്ടു തന്നെയാണ്. രാഷ്ട്രീയ കൊയ്ത്തില്‍ ഇത് വിജയം കാണുന്നുവെന്ന ആവേശമാണ് യു.പി സംഘ്പരിവാറിന് നല്‍കിയിരിക്കുന്നത്. അതിന് തൊട്ടുപിറകെ ബംഗാളില്‍ കലാപം പടര്‍ന്നുകൊണ്ടിരിക്കുന്നു. രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്ന് പുതിയ ആക്രോശങ്ങള്‍ ഉയരുന്നു. ഒരു സമുദായത്തെ വകവരുത്തണമെന്ന് പച്ചക്കു പറയുന്ന ജനപ്രതിനിധികള്‍ വാഴ്ത്തപ്പെടുന്നു. മുസ്‌ലിം വ്യക്തിത്വം ഉയര്‍ത്തിപ്പിടിക്കുന്നതുപോലും പലയിടത്തും അപകടകരമായി മാറുന്നു. വര്‍ഗീയതക്കു വേരോട്ടമില്ലാത്ത കേരളത്തിലേക്ക് അത് ഇറക്കുമതിയ ചെയ്യാന്‍ സംഘികള്‍ വെമ്പല്‍കൊള്ളുമ്പോഴാണ് സെന്‍കുമാര്‍ അതിന്റെ മൊത്തക്കച്ചവടമേറ്റെടുക്കുന്ന ദല്ലാളായി രംഗത്തുവന്നിരിക്കുന്നത്.

ഒരു പഞ്ചായത്ത് മെമ്പര്‍ പോലുമില്ലെങ്കിലും ആര്‍.എസ്.എസിന് അവരുടെ അജണ്ട നടപ്പാക്കാന്‍ ആയിരക്കണക്കിന് ബ്യൂറോക്രാറ്റുകളുണ്ടെന്ന് പറഞ്ഞത് മാര്‍ക്കണ്‌ഡേയ കട്ജുവാണ്. ഇപ്പോള്‍ സെന്‍കുമാറിന്റെ വിഷം വമിക്കുന്ന വാക്കുകള്‍ കട്ജുവിന്റെ പ്രസ്താവനയെ ശരിവെക്കുകയാണ്. സ്വാഭാവികമായും ശശികല സംസാരിക്കുന്നതും സെന്‍കുമാര്‍ സംസാരിക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. ശശികല പറഞ്ഞതും സുരേന്ദ്രന്‍ എഴുതുന്നതും സെന്‍കുമാറിന്റെ ചുണ്ടിലൂടെ പുറത്തുവരുമ്പോള്‍ അതിന് പ്രാധാന്യവും വിശ്വാസ്യതയുമുണ്ട്. അതുകൊണ്ടുതന്നെ സെന്‍കുമാര്‍ സംഘ്പരിവാറിന്റെ ഉച്ചഭാഷിണിയായി മാറുമ്പോള്‍ മറ്റുള്ളവരുടെ മനസ്സില്‍ ഈ വാക്കുകള്‍ ചലനമുണ്ടാക്കുക സ്വാഭാവികവുമാണ്. അതുതന്നെയാണ് സംഘ്പരിവാര്‍ ആഗ്രഹിക്കുന്നതും.
ഒരു സിവില്‍ സെര്‍വെന്റ് എന്ന നിലയില്‍ ജനങ്ങളുമായി ദീര്‍ഘകാലം ഇടപഴകാന്‍ അവസരമുണ്ടായ വ്യക്തിയാണ് സെന്‍കുമാര്‍. കേരളത്തിലുടനീളം സൗഹൃദങ്ങളുള്ള വിവിധ മത വിശ്വാസികളെ സൂക്ഷ്മമായി മനസ്സിലാക്കാന്‍ അവസരമുള്ള ഒരാള്‍ കേരളത്തില്‍ ജീവിച്ചുകൊണ്ട് മുസ്‌ലിം സമുദായത്തെക്കുറിച്ച് ഇത്തരമൊരു ധാരണ മനസ്സില്‍ സൂക്ഷിക്കുമെന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ട്. സെന്‍കുമാര്‍ ഒരു സാധാരണക്കാരനല്ല. മതത്തെക്കുറിച്ചും സാമൂഹ്യ വ്യവസ്ഥയെക്കുറിച്ചും അവധാനതയുണ്ടാവേണ്ട ഒരു ഐ.പി.എസ് ഓഫീസറാണ്. അതുകൊണ്ടുതന്നെ സെന്‍കുമാറില്‍ നിന്ന് അബദ്ധംകൊണ്ടോ തെറ്റിദ്ധാരണ കൊണ്ടോ ഉണ്ടായതല്ല ഈ പ്രസ്താവന. സംഘ്പരിവാറിന് പായ വിരിക്കാന്‍ ബോധപൂര്‍വം നടത്തുന്ന ശ്രമം തന്നെയാണിത്. ശശികല തോല്‍ക്കുന്നിടത്ത് സെന്‍കുമാറിനെ പയറ്റി ജയിക്കാനാണ് ആസൂത്രിത ശ്രമം. ഇതിന്റെ പാരിതോഷികം വൈകാതെ കൈപ്പറ്റാന്‍ കാത്തിരിക്കുകയുമാകും.

തീര്‍ത്തും അവാസ്തവവും യുക്തിരഹിതവുമായ ഈ ആക്ഷേപങ്ങളൊന്നും മറുപടി അര്‍ഹിക്കുന്നില്ല. കാരണം അത്തരമൊരു സംവാദത്തിലൂടെ മുസ്‌ലിംകളെ പഠിക്കാനോ പഠിപ്പിക്കാനോ അല്ല ഇദ്ദേഹം ഉദ്ദേശിച്ചിട്ടുള്ളത്. അതുകൊണ്ടു തന്നെ ആരോപണങ്ങള്‍ക്ക് മറുപടി പറയുന്നതില്‍ പ്രസക്തിയില്ല. എന്നാല്‍ 35 വര്‍ഷം സര്‍വീസിലിരുന്ന് നാടിന്റെ നികുതിപ്പണത്തില്‍ നിന്ന് ശമ്പളം പറ്റിയ ഒരാളെന്ന നിലയില്‍ അദ്ദേഹം വെളിപ്പെടുത്തിയ വിവരങ്ങളുടെ ആധികാരികത പുറത്തുപറയേണ്ടതുണ്ട്. നൂറു കുട്ടികള്‍ ജനിക്കുമ്പോള്‍ 42 പേര്‍ മുസ്‌ലിംകളാണെന്ന നിഗമനം ഏത് സ്ഥിതി വിവര കണക്കിനെ ആസ്പദമാക്കിയുള്ളതാണ്. ഇത്തരത്തില്‍ ജാതി തിരിച്ചുള്ള കണക്ക് തദ്ദേശ വകുപ്പിന് കീഴിലുണ്ടോ? 2001ലെയും 2011ലെയും സെന്‍സസ് പ്രകാരം മുസ്‌ലിം ജനസംഖ്യയുടെ വളര്‍ച്ചാനിരക്ക് കേരളത്തില്‍ കുറഞ്ഞതായാണ് വ്യക്തമാവുന്നത്. എന്നിരിക്കേ ഇത്തരത്തിലൊരു കണക്ക് ആര്‍ക്കുവേണ്ടിയാണ് സെന്‍കുമാര്‍ നിരത്തുന്നത്?

കെ. സുരേന്ദ്രന്‍ ഇന്നലെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത് കേരളത്തിലെ സാമുദായിക അനുപാതം മാറിയാല്‍ വന്‍ വിപത്താകുമെന്നും അതുകൊണ്ട് ഇത് സന്തുലിതമാക്കാന്‍ നടപടിയെടുക്കണമെന്നുമാണ്. വാദത്തിനു വേണ്ടി ചോദിക്കട്ടെ, മുസ്‌ലിം ജനസംഖ്യ ഇത്തരത്തില്‍ വര്‍ധിച്ചാല്‍ തന്നെ എന്തപടകമാണ് സുരേന്ദ്രന്‍ പ്രതീക്ഷിക്കുന്നത്. സുരേന്ദ്രനെ പോലെ സെന്‍കുമാറും മുസ്‌ലിംകളെ മനുഷ്യ ബോംബുകളായാണോ കാണുന്നത്?

ജിഹാദിനെക്കുറിച്ചും ലൗ ജിഹാദിനെക്കുറിച്ചുമുള്ള ആക്ഷേപങ്ങള്‍ക്ക് മറുപടി പറയാന്‍ ബാധ്യസ്ഥമായ ഒരു കസേരയില്‍ നിന്നാണ് അദ്ദേഹം ഒരാഴ്ച മുമ്പ് എഴുന്നേറ്റത്. ലൗ ജിഹാദ് എന്ന സംവിധാനം കേരളത്തില്‍ നടക്കുന്നുണ്ടെന്ന് ജന്മഭൂമിയുടെ പരിപാടിയിലും സെന്‍കുമാര്‍ ആവര്‍ത്തിച്ചിരിക്കുന്നു. എങ്കില്‍ എത്ര കേസുകള്‍ ഇതു സംബന്ധമായി കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തു? ആരൊക്കെയാണ് പ്രതികള്‍ ? ഇങ്ങനെയൊരു ക്രൈം നടക്കുന്നുണ്ടെങ്കില്‍ ആ പ്രതികളെ പുറത്തുകൊണ്ടുവരേണ്ടത് ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ ബാധ്യതയല്ലേ ? അത് നിര്‍വഹിക്കാതെ പദവി ഒഴിഞ്ഞ ശേഷം ആരോപിക്കുന്നത് എത്രമാത്രം ദുരുദ്ദേശ്യപരമാണ് ?

ഇസ്‌ലാമിലെ ജിഹാദിനെക്കുറിച്ച് ധാരണയില്ലാതെയാണ് സെന്‍കുമാര്‍ ഇത്തരമൊരു ആരോപണമുന്നയിച്ചിരിക്കുന്നതെന്ന് വിശ്വസിക്കാന്‍ കഴിയില്ല. അപ്പോള്‍ പൊതുവേ മറ്റു സമുദായങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ നിലനില്‍ക്കുന്ന പദാവലികള്‍ കൊണ്ട് ഭയമുണ്ടാക്കുക മാത്രമാണ് സെന്‍കുമാര്‍ ചെയ്തിരിക്കുന്നത്. കേരളത്തില്‍ എത്ര നൂറ്റാണ്ടുകളായി ഹിന്ദുക്കളും മുസ്‌ലിംകളും ക്രൈസ്തവരും ഒന്നിച്ചു കഴിയുന്നു. ഈ കാലഘട്ടത്തിനിടയിലെവിടെയെങ്കിലും സ്വര്‍ഗം പൂകാന്‍ മറ്റൊരു മതസ്ഥനെ വകവരുത്തിയ മുസ്‌ലിമിന്റെ കഥ സെന്‍കുമാറിന് പറയാന്‍ കഴിയുമോ? ഇതെല്ലാം ഉന്നയിക്കുമ്പോള്‍തന്നെ അത്രയും അവാസ്തവമാണെന്ന് തിരിച്ചറിയാന്‍ കഴിയുന്ന സെന്‍കുമാര്‍ യഥാര്‍ത്ഥത്തില്‍ വര്‍ഗീയത ഇളക്കിവിടാനുള്ള ശ്രമമാണ് നടത്തിയിരിക്കുന്നത്. ഈ വര്‍ഗീയ പ്രചാരണത്തിനെതിരെ യു.എ.പി.എ ചുമത്തി കേസെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയാറാകുമോ ? എങ്കില്‍ മാത്രമേ നിയമസഭയില്‍ അദ്ദേഹം സെന്‍കുമാറിനെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ ആത്മാര്‍ത്ഥതയോടെയുള്ളതാണെന്ന് വിശ്വസിക്കാന്‍ കഴിയൂ.

രാഷ്ട്രീയ പൊടിക്കൈകള്‍കൊണ്ട് ഇത്തരം വിഷയങ്ങളെ തങ്ങള്‍ക്ക് ഗുണപരമാക്കുന്നതിനു പകരം ഇതുണ്ടാക്കുന്ന മുറിവുകള്‍ ഉണക്കാന്‍ അടിയന്തരവും പ്രായോഗികവും ആത്മാര്‍ത്ഥവുമായ നടപടികളാണിനി വേണ്ടത്. പേപ്പട്ടികളെപോലെ സ്വന്തം സഹോദരങ്ങളെ അടിച്ചുകൊല്ലുമ്പോഴും വാവിട്ടുകരയാന്‍ പോലും ഭയക്കുന്ന സാഹചര്യത്തിലാണ് ഇപ്പോള്‍ ന്യൂനപക്ഷങ്ങളുള്ളത്. അവരുടെ തൊണ്ടയില്‍ കുടുങ്ങിയ ആ നിലവിളി പുറത്തെത്തിക്കാന്‍ മതേതര സമൂഹം കൂടെയുണ്ടാകുന്നതു മാത്രമാണ് പ്രതീക്ഷ. പൊതു സമൂഹം ഇപ്പോള്‍ മുസ്‌ലിം സമുദായത്തെ കൂടുതല്‍ ചേര്‍ത്തുനിര്‍ത്തേണ്ട സന്ദര്‍ഭമാണ്. അവരുടെ ഭയാശങ്കകള്‍ മാറ്റാന്‍, അവരുടെ ആത്മവിശ്വാസം തിരിച്ചു ലഭിക്കാന്‍, അവര്‍ക്ക് സുരക്ഷിത ബോധം നല്‍കാന്‍. ഇന്ത്യയാകെ അങ്ങിനെയൊരു സമൂഹം മനസ്സ് തുറന്നു നില്‍ക്കുന്നുണ്ടെന്നത് തന്നെയാണ് മുസ്‌ലിം സമുദായത്തിന്റെ പ്രതീക്ഷ.

നമ്മുടെ നാട് വര്‍ഗീയതയുടെ പേരില്‍ കീറിമുറിക്കപ്പെടരുത്. ഒരേ ബെഞ്ചില്‍ ഒരേ ടിഫിന്‍ ബോക്‌സില്‍ നിന്ന് ഉച്ച ഭക്ഷണം പങ്കിട്ടു കഴിച്ചവരാണ് നമ്മള്‍. സുഖ ദുഃഖങ്ങളില്‍ ഒന്നിച്ചു പങ്കു ചേര്‍ന്ന് സ്‌നേഹത്തിന്റെ ചൂടറിഞ്ഞവരാണ് നമ്മള്‍. ആ നമുക്കിടയില്‍ വിഷം തളിയ്ക്കാന്‍ വരുന്ന വരെ അകറ്റി നിര്‍ത്താനുള്ള തന്റേടവും ഔന്നിത്യവും ഈ നാട്ടിലെ ഭൂരിപക്ഷ സമുദായത്തിലെ സഹോദരങ്ങള്‍ക്കുണ്ടെന്ന് ഞങ്ങള്‍ ഉറച്ചുവിശ്വസിക്കുന്നു.

കേരളം സമാധാനത്തിന്റെ തുരുത്താണ്. ഇങ്ങനെയൊരു പാരമ്പര്യത്തിന്റെ നാട് യാഥാര്‍ത്ഥ്യമാക്കുന്നതില്‍ ഏറെ പങ്കു വഹിച്ച പ്രസ്ഥാനമാണ് മുസ്‌ലിംലീഗ്. സമൂഹങ്ങള്‍ തമ്മിലുള്ള പാലമായി നിന്ന പാണക്കാട് കുടുംബമാണ് മുസ്‌ലിംലീഗിനെ നയിക്കുന്നത്. മതേതരത്വമെന്നത് വാക്കിലും പ്രവൃത്തിയിലും ചിന്തയിലും നിറച്ച് സമുദായത്തിനകത്തെ എല്ലാ വികാര ജീവികള്‍ക്കെതിരെയും നെഞ്ചുവിരിച്ച് നിന്നാണ് മുസ്‌ലിം യൂത്ത്‌ലീഗ് മുന്നോട്ടുപോകുന്നത്. ഫാഷിസം എന്ന ഭീകരത രാജ്യത്തിനുമേല്‍ വിരിച്ച കരിമ്പടം മാറണമെങ്കില്‍ മതേതര ബോധമുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും വിവേകപൂര്‍വം ഒന്നിച്ചുനില്‍ക്കണമെന്ന ആഹ്വാനമാണ് മുസ്‌ലിംലീഗ് മുഴക്കുന്നത്. ശിഥിലീകരിക്കപ്പെടുന്ന മതേതര ചേരിയെ ഐക്യപ്പെടുത്താനും ഇത്തരത്തില്‍ ഭിക്ഷാംദേഹികളായി കടന്നുവരുന്ന വിലകുറഞ്ഞ വ്യക്തികളെ തിരിച്ചറിയാനും നമുക്കു സാധിക്കണം. വ്യക്തികളെയല്ല നിലപാടുകളെയാണ് പിന്തുണക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്നത്. അതുകൊണ്ടുതന്നെ സെന്‍കുമാര്‍ അഴിച്ചുവിട്ട ഈ ആക്ഷേപങ്ങള്‍ അതി നിശിതമായി വിമര്‍ശിക്കുകതന്നെ വേണം. അതോടൊപ്പം ബ്യൂറോക്രസിയെ അടക്കിവാഴുന്ന സംഘി ഏജന്റുമാരെ ഓരോന്നോരോന്നായി പുറത്തുകൊണ്ടുവരാന്‍ കഴിയണം. അതാണ് പുതിയ കേരളം ആഗ്രഹിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

പശ്ചിമബംഗാളിലെ ഈ നഗരത്തില്‍ ഹോളി ആഘോഷങ്ങള്‍ക്ക് നിരോധനം; എതിര്‍പ്പുമായി ബിജെപി

പ്രദേശത്തെ പച്ചപ്പ് നിറഞ്ഞ പരിസ്ഥിതിയ്ക്ക് കോട്ടം സംഭവിക്കുമെന്ന ആശങ്ക ചൂണ്ടിക്കാട്ടിയാണ് ആഘോഷങ്ങള്‍ നിരോധിച്ചത്

Published

on

ന്യൂഡല്‍ഹി: പശ്ചിമബംഗാളിലെ ശാന്തിനികേതനിലെ ബിര്‍ഭും ജില്ലയിലെ സോനാജ്ഹുരി ഹാത്തില്‍ ഇത്തവണ ഹോളി ആഘോഷങ്ങള്‍ നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. പ്രദേശത്തെ പച്ചപ്പ് നിറഞ്ഞ പരിസ്ഥിതിയ്ക്ക് കോട്ടം സംഭവിക്കുമെന്ന ആശങ്ക ചൂണ്ടിക്കാട്ടിയാണ് ആഘോഷങ്ങള്‍ നിരോധിച്ചത്. യുനെസ്‌കോയുടെ ലോകപൈതൃക പട്ടികയിലുള്‍പ്പെട്ട വിശ്വഭാരതി സര്‍വകലാശാല ക്യാംപസിനടുത്താണ് പ്രശസ്തമായ ഈ മാര്‍ക്കറ്റ് സ്ഥിതി ചെയ്യുന്നത്.

ഈ പ്രദേശത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുതെന്നും ഹോളി ആഘോഷിക്കരുതെന്നും അഭ്യര്‍ത്ഥിച്ച് ബാനറുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് ബോല്‍പൂര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ രാഹുല്‍ കുമാര്‍ പറഞ്ഞു. കൂടാതെ ആഘോഷങ്ങളുടെ വീഡിയോകള്‍ റെക്കോര്‍ഡ് ചെയ്യരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

നിരോധനം നടപ്പിലാക്കുന്നതിന് പൊലീസിന്റെയും സര്‍ക്കാര്‍ അധികൃതരുടെയും പിന്തുണ തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുനെസ്‌കോയുടെ പൈതൃക പട്ടികയിലുള്‍പ്പെട്ടതിനാല്‍ ഹോളി ആഘോഷങ്ങള്‍ക്കായി ക്യാംപസ് പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കാന്‍ കഴിയില്ലെന്ന് വിശ്വഭാരതി സര്‍വകലാശാല വക്താവ് അറിയിച്ചു.

സോനാജ്ഹുരിയിലെ വനപ്രദേശത്ത് ഹോളി ആഘോഷിക്കുന്നതില്‍ വിശദീകരണവുമായി ഡിഎഫ്ഒയും രംഗത്തെത്തി. ’’ ഞങ്ങള്‍ ഒരു ഉത്തരവുകളും പുറപ്പെടുവിക്കുന്നില്ല. ദോല്‍ യാത്ര ദിവസമായ മാര്‍ച്ച് 14ന് വലിയ കൂട്ടമായി ആളുകള്‍ സോനാജ്ഹുരി ഖൊവായ് ബെല്‍റ്റിലേക്ക് നടന്നുനീങ്ങുന്നത് തടയും,’’ ഡിഎഫ്ഒ പറഞ്ഞു.

’’ ഹോളി ദിനത്തില്‍ പച്ചപ്പ് നിറഞ്ഞ പ്രദേശത്തേക്ക് ആയിരക്കണക്കിന് ആളുകള്‍ ഒത്തുകൂടുന്നത് ഒഴിവാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. നിറങ്ങള്‍ കലര്‍ത്തിയ വെള്ളം തളിക്കുന്നത് മരങ്ങള്‍ക്ക് കേടുപാട് വരുത്തും. മാര്‍ച്ച് പതിനാലിന് സോനാജ്ഹുരിയെ പരിസ്ഥിതി നാശത്തില്‍ നിന്ന് രക്ഷിക്കുമെന്ന് എല്ലാവരും പ്രതിജ്ഞയെടുക്കണം,’’ അദ്ദേഹം പറഞ്ഞു. ഇതാദ്യമായാണ് വനംവകുപ്പ് സോനാജ്ഹുരി ഹാത്തില്‍ ഇത്തരമൊരു നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. യുനെസ്‌കോയുടെ ലോക പൈതൃക പദവി ലഭിച്ചതിനാല്‍ ബസന്ത് ഉത്സവിനായി സര്‍വകലാശാല ക്യാംപസ് പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കില്ലെന്ന് വിശ്വഭാരതി വക്താവ് അറിയിച്ചു.

Continue Reading

crime

പ്ലസ്ടു വിദ്യാര്‍ത്ഥിയെ ലഹരി വസ്തുക്കള്‍ നല്‍കാന്‍ തട്ടിക്കൊണ്ടുപോയി; പ്രതി അറസ്റ്റില്‍

തടയാൻ ശ്രമിച്ച കുട്ടിയുടെ പിതാവിനെ പ്രതി ചവിട്ടി വീഴ്ത്തുകയായിരുന്നു

Published

on

തൃശൂർ: പ്രായ പൂർത്തിയാകാത്ത ആൺകുട്ടിയെ ലഹരി നൽകാനായി വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോയ പ്രതി പിടിയിൽ. കഴിഞ്ഞ ദിവസം പെരിങ്ങോട്ടുകരയിലെ വീട്ടിൽ നിന്നാണ് താന്ന്യം സ്വദേശി വിവേക് മദ്യവും ബീഡിയും നൽകുന്നതിനായി ആൺകുട്ടിയെ ബലമായി തട്ടിക്കൊണ്ടുപോയത്.

തടയാൻ ശ്രമിച്ച കുട്ടിയുടെ പിതാവിനെ പ്രതി ചവിട്ടി വീഴ്ത്തുകയായിരുന്നു. തുടർന്ന് പിതാവ് നൽകിയ പരാതിയിൽ പ്രതി വിവേകിനെ അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. അന്തിക്കാട്, വലപ്പാട് പൊലീസ് സ്റ്റേഷനുകളിലായി പ്രതിക്കെതിരെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Continue Reading

kerala

‘കേരളത്തിലെ കൂടുതല്‍ പരിപാടികളില്‍ പങ്കെടുക്കണം, പിന്തുണ’; തുഷാര്‍ ഗാന്ധിയെ ഫോണില്‍ വിളിച്ച് വി.ഡി സതീശന്‍

Published

on

തുഷാര്‍ ഗാന്ധിക്ക് എല്ലാ പിന്തുണ വാഗ്ദാനം ചെയ്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തുഷാര്‍ ഗാന്ധിയുമായി ഫോണില്‍ സംസാരിച്ചുവെന്നും മഹാത്മാ ഗാന്ധിയുടെ ആലുവ സന്ദര്‍ശനത്തിന്റെ ശതാബ്ദിയുമായി ബന്ധപ്പെട്ട് നാളെ ആലുവ യു.സി കോളജില്‍ നടക്കുന്ന പരിപാടിയില്‍ തുഷാര്‍ ഗാന്ധിക്ക് ഒപ്പം പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ കൂടുതല്‍ പരിപാടികളില്‍ പങ്കെടുക്കണമെന്ന് അദ്ദേഹത്തോട് അഭ്യര്‍ഥിച്ചുവെന്നും പറഞ്ഞു.

അതേസമയം, തുഷാര്‍ ഗാന്ധിയെ തടഞ്ഞ സംഭവത്തില്‍ അഞ്ച് പേരെ നെയ്യാറ്റിന്‍കര പൊലീസ് അറസ്റ്റ് ചെയ്തു. ആര്‍എസ്എസ് – ബിജെപി പ്രവര്‍ത്തകരെയാണ് അറസ്റ്റ് ചെയ്തത്. വാര്‍ഡ് കൗണ്‍സിലര്‍ കൂട്ടപ്പന മഹേഷ്, ഹരികുമാര്‍, കൃഷ്ണകുമാര്‍, സൂരജ്, അനൂപ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇവരെ സ്റ്റേഷന്‍ ജ്യാമ്യത്തില്‍ വിട്ടു.

തുഷാര്‍ ഗാന്ധിയുടെ വാഹനം തടഞ്ഞ് മുദ്രാവാക്യം വിളിച്ചതിനാണ് നെയ്യാറ്റിന്‍കര പൊലീസ് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തത്. നിസാര വാകുപ്പായതിനാലാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷന്‍ ജ്യാമ്യത്തില്‍ വിട്ടത്. ഗാന്ധിമിത്ര മണ്ഡലത്തിന്റെ പരിപാടിക്കിടെ തുഷാര്‍ ഗാന്ധി ആര്‍എസ്എസിനെതിരെയും ഭരണകൂടത്തിനെതിയും നടത്തിയ പരാമര്‍ശത്തെ തുടര്‍ന്നാണ് പ്രതിഷേധമുയര്‍ന്നത്. തുഷാര്‍ ഗാന്ധിയുടെ പരാമര്‍ഷം പിന്‍വലിക്കണമെന്നറിയിച്ച് മുദ്രാവാക്യം വിളിച്ചെങ്കിലും നിലപാടില്‍ മാറ്റമില്ലെന്നറിയിച്ച് കാറില്‍ നിന്നുമിറങ്ങി പ്രതിഷേധമറിയിച്ചാണ് അദ്ദേഹം മടങ്ങിയത്.

Continue Reading

Trending