ടി.കെ പ്രഭാകരകുമാര്‍
ഇന്ത്യയില്‍ മറ്റ് ഭാഷകളെ അരികുവത്കരിച്ചുകൊണ്ട് സര്‍വതലങ്ങളിലും ഹിന്ദിഭാഷയുടെ ആധിപത്യം അരക്കിട്ടുറപ്പിക്കുന്നതിനായി കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാരും സംഘ്പരിവാറും നടത്തുന്ന നീക്കങ്ങള്‍ക്ക്പിന്നില്‍ കൃത്യമായ ലക്ഷ്യങ്ങളുണ്ട്. രാജ്യത്ത് ഒരു മതവും ഒരു സംസ്‌കാരവും മാത്രം മതിയെന്ന് ആഗ്രഹിക്കുന്ന അവര്‍ അത്തരമൊരു സാഹചര്യത്തിന് അനുകൂലമായ പരിസരം ഒരുക്കുന്നതിന് വേണ്ടിയാണ് ഇന്ത്യയില്‍ ഒരു ഭാഷ മാത്രം മതിയെന്ന ചിന്തയോടെ ഹിന്ദിവാദത്തില്‍ പിടിമുറുക്കിയിരിക്കുന്നത്. മറ്റെല്ലാ ഭാഷകളെയും പുറന്തള്ളി ഹിന്ദി ഭാഷയില്‍ മാത്രം കേന്ദ്രീകരിച്ചുള്ള ഭാഷാസംസ്‌കാരത്തിന്‌വേണ്ടി അവര്‍ മുമ്പെ നടത്തിക്കൊണ്ടിരിക്കുന്ന നീക്കങ്ങളുടെ തുടര്‍ച്ച തന്നെയാണ് പുതിയ നീക്കങ്ങളുമെന്ന് വ്യക്തമാണ്. ബി.ജെ.പിയുടെ വോട്ടുബാങ്ക് ഏറ്റവും സുരക്ഷിതമായിരിക്കുന്നത് ഹിന്ദി ഭാഷയുമായി ബന്ധപ്പെട്ടുള്ള ആളുകള്‍ക്കിടയിലാണ്.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ വോട്ടുകളാണ് പ്രധാനമായും ബി.ജെ.പിക്ക് രാജ്യത്ത് അധികാരം നിലനിര്‍ത്തിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്നത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കര്‍ണാടകയെ മാറ്റിനിര്‍ത്തിയാല്‍ കേരളവും തമിഴ്‌നാടും ആന്ധ്രാപ്രദേശും ബി.ജെ.പിയുടെ വര്‍ഗീയ രാഷ്ട്രീയത്തോട് മുഖംതിരിച്ചുനില്‍ക്കുന്നു. മഹാരാഷ്ട്രയും ഇപ്പോള്‍ ബി. ജെ.പിയുടെ രാഷ്ട്രീയ കുതന്ത്രങ്ങള്‍ക്ക് പിടികൊടുക്കാതെ മാറിനില്‍ക്കുന്നു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ജനാധിപത്യബോധവും മതേതരത്വ ബോധവും വളരെ കൂടുതലാണ്. ഭാഷാപരമായ സവിശേഷതകളുമുണ്ട്. കര്‍ണാടകയില്‍ മാത്രമാണ് ബി.ജെ.പിക്ക് ആധിപത്യം സ്ഥാപിച്ച് ഭരണം കൈപ്പിടിയിലൊതുക്കാന്‍ കഴിഞ്ഞത്. അതിന് കാരണം കര്‍ണാടകയില്‍ സവര്‍ണ ജാതിവെറി വളരെ കൂടുതലാണെന്നതാണ്. അതിനെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ സാധിക്കുന്നത് ബി.ജെ.പിക്കായതിനാല്‍ അവിടെ സംഘ്പരിവാര്‍ രാഷ്ട്രീയത്തിന് കൂടുതല്‍ സ്വീകാര്യത വരുന്നുവെന്ന് മാത്രം. കേരളവും തമിഴ്‌നാടും ആന്ധ്രാപ്രദേശും പിടിച്ചെടുക്കാന്‍ ബി.ജെ.പി പതിനെട്ടടവും പയറ്റിയിട്ടും സാധിച്ചിട്ടില്ല. മാത്രമല്ല കേരളത്തില്‍ ബി.ജെ.പി അഴിമതിയിലും വിഭാഗീയതയിലുംപെട്ട് തകര്‍ന്നുകൊണ്ടിരിക്കുകയാണ്. ഈ സംസ്ഥാനങ്ങളിലും ബി.ജെ.പിയെ അകറ്റിനിര്‍ത്തുന്ന മറ്റ് സംസ്ഥാനങ്ങളിലും വര്‍ഗീയ അജണ്ടകള്‍ ഫലപ്രാപ്തിയിലെത്തിക്കാന്‍ എന്താണ് വഴിയെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായും അടക്കമുള്ള ബി.ജെ.പി നേതാക്കള്‍ ആലോചിക്കുന്നത്. കേരളത്തില്‍ തമ്പടിച്ച് ഇവിടത്തെ ജനങ്ങളില്‍ വിഭാഗീയതയുണ്ടാക്കാന്‍ അമിത്ഷാ നടത്തിയ പദ്ധതികള്‍ എട്ടുനിലയില്‍ പൊട്ടുകയാണ് ചെയ്തത്. കേരള ജനതയുടെ മതേതര ബോധത്തിന്മുന്നില്‍ പ്രയോഗിക്കാന്‍ തന്റെ കൈവശം നിലവിലുള്ള ആയുധങ്ങള്‍ മതിയാവുകയില്ലെന്ന് അമിത്ഷായും കൂട്ടാളികളും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലടക്കം ഹിന്ദി പ്രധാന ഭാഷയാക്കിയാല്‍ സ്വാഭാവികമായും എല്ലാവര്‍ക്കും ഈ ഭാഷയോട് ആഭിമുഖ്യം വരുമെന്നും അതിലൂടെ സവര്‍ണജാതി ബോധത്തിന് അനുകൂലമായ മനോഭാവം വളര്‍ത്തി സംഘ്പരിവാറിന്റെ വളര്‍ച്ചക്കായി ഉപയോഗിക്കാമെന്നും കേന്ദ്രം കണക്കുകൂട്ടുന്നു. ഹിന്ദിയുടെ മറവില്‍ സംസ്‌കൃതഭാഷയും അടിച്ചേല്‍പ്പിക്കാമെന്ന് അവര്‍ കരുതുന്നുണ്ട്. മതേതരചിന്താഗതിക്കാരില്‍ പോലും ചാതുര്‍വര്‍ണ്യബോധം വളര്‍ത്തുകയാണ് ഇതിന് പിന്നിലെ താല്‍പര്യം. ഹിന്ദി സംസ്‌കൃതം ഭാഷകള്‍ മാത്രം എഴുതുകയും വായിക്കുകയും സംസാരിക്കുകയും ചെയ്യുന്ന രാജ്യമാക്കി ഇന്ത്യയെ മാറ്റുക. മലയാളവും തമിഴും തെലുങ്കും ഉള്‍പ്പെടെയുള്ള മറ്റ് ഭാഷകളെ ഇല്ലായ്മ ചെയ്യുക. ഹിന്ദി സംസ്‌കൃത ഭാഷാസംസ്‌കാരത്തിനനുസരിച്ചുള്ള ജീവിതരീതികള്‍ വളര്‍ത്തിയെടുത്ത് ഇന്ത്യയെ പൂര്‍ണമായും ഹിന്ദു രാഷ്ട്രമാക്കി പരിവര്‍ത്തനപ്പെടുത്തിയെടുക്കുക. ഇതൊക്കെയാണ് അമിത്ഷായുടെ കരുട്ടുബുദ്ധിയില്‍ തെളിയുന്ന കാര്യങ്ങള്‍.
ഭരണഘടനാനുസൃതമായ മറ്റ് സ്വാതന്ത്ര്യങ്ങളെ പൊലെ പ്രധാനപ്പെട്ട ഒന്നാണ് ഭാഷാസ്വാതന്ത്ര്യം. പലതരം ഭാഷകള്‍ വാമൊഴിയിലും വരമൊഴിയിലും രാജ്യത്ത് പ്രചാരത്തിലുണ്ട്. ഭൂരിപക്ഷം പേരും സംസാരിക്കുന്ന ഭാഷ ഹിന്ദി ആണെന്നതുകൊണ്ട് മറ്റ്ഭാഷകള്‍ക്ക് പ്രാധാന്യം ഇല്ലാതാകുന്നില്ല. എല്ലാ സംസ്ഥാനങ്ങളിലും ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള നീക്കം കേന്ദ്രസര്‍ക്കാര്‍ നേരത്തെ ആരംഭിച്ചതാണ്. ശക്തമായ എതിര്‍പ്പുകള്‍ ഉയര്‍ന്നതിനാല്‍ ഈ നീക്കത്തില്‍നിന്ന് അല്‍പ്പം പിറകോട്ടുപോയെങ്കിലും വീണ്ടും ഹിന്ദിയില്‍ പിടിമുറുക്കിയിരിക്കുന്നു. കേരളം അടക്കം ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും പ്രധാനഭാഷ ഹിന്ദിയായിരിക്കണമെന്ന കര്‍ശന നിലപാടില്‍ കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ എത്തിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായി 112 നിര്‍ദേശമടങ്ങിയ റിപ്പോര്‍ട്ടാണ് രാഷ്ട്രപതിക്ക് സമര്‍പ്പിച്ചിരിക്കുന്നത്.
ഹിന്ദി പഠിച്ചാല്‍മാത്രമേ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ലഭിക്കുകയുള്ളൂവെന്ന നിര്‍ദേശമാണ് അതില്‍ പ്രധാനപ്പെട്ടത്. രാജ്യത്തെ ഉന്നതവിദ്യാഭ്യാസരംഗത്ത് ഇത് വലിയ പ്രശ്‌നങ്ങളുണ്ടാക്കും. ഹിന്ദി ഭാഷ അറിയില്ലെങ്കില്‍ എത്ര വിദ്യാഭ്യാസയോഗതയുണ്ടെങ്കിലും കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ലഭിക്കുകയില്ലെന്ന വസ്തുത ഏറെ ആശങ്ക ജനിപ്പിക്കുന്നതാണ്. കേന്ദ്ര സര്‍ക്കാര്‍ സര്‍വീസുകള്‍ ഹിന്ദി ഭാഷക്കാര്‍ മാത്രം കയ്യടക്കുന്ന സാഹചര്യമാണ് ഇതുമൂലമുണ്ടാവുക. രാജ്യത്തെ ലക്ഷക്കണക്കിന് ഉദ്യോഗാര്‍ഥികള്‍ കേന്ദ്രസര്‍ക്കാര്‍ സര്‍വീസുകളില്‍നിന്ന് ഒഴിവാക്കപ്പെടും. തമിഴ്‌നാട് പോലെയുള്ള സംസ്ഥാനങ്ങള്‍ പൊതുവെ ഹിന്ദി ഭാഷയോട് മുഖംതിരിച്ചുനില്‍ക്കുന്നുണ്ട്. അവര്‍ക്ക് മാതൃഭാഷയാണ് ജീവന്‍. ഇത്തരം സംസ്ഥാനങ്ങളില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുന്നത് ഭാഷാപരമായ തര്‍ക്കങ്ങള്‍ക്കം സംഘര്‍ഷങ്ങള്‍ക്കും ഇടവരുത്തും. ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കുന്നതിനെതിരെ രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പ്രക്ഷോഭ പരിപാടികള്‍ രൂപപ്പെട്ടുകഴിഞ്ഞു. ഹിമാചല്‍പ്രദേശിലും ഗുജറാത്തിലും ഈ വര്‍ഷം തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഹിന്ദി മേഖലകളായ മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലും നാല് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് നടക്കുന്നു.
അതു കഴിഞ്ഞ് ആറു മാസത്തിന് ശേഷമാണ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതൊക്കെ മുന്നില്‍ കണ്ടുകൊണ്ട്കൂടിയാണ് ഹിന്ദി അനുകൂല വികാരം ഇളക്കിവിടുന്നതെന്ന് പകല്‍പോലെ വ്യക്തമാണ്. ഭരണഘടനാ നിര്‍മാണസഭയില്‍ ഹിന്ദി ദേശീയ ഭാഷയാക്കണമെന്ന്ചിലര്‍ നിര്‍ബന്ധം പിടിച്ചിരുന്നു. ഹിന്ദിയേക്കാള്‍ പഴക്കവും പാരമ്പര്യവുമുള്ള തമിഴ്, തെലുങ്ക്, ബംഗാളി ഭാഷകള്‍ക്ക് വേണ്ടി മറ്റ് ചിലരും ഇതേ വാദം ഉന്നയിക്കുകയുണ്ടായി. തര്‍ക്കം രൂക്ഷമായതോടെ വിഷയം 15 വര്‍ഷത്തേക്ക് മാറ്റിവെച്ച സഭ ഹിന്ദി ഔദ്യോഗികഭാഷകളില്‍ ഒന്ന് മാത്രമായി തീരുമാനിക്കുകയായിരുന്നു. 2014ല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടന്‍ ആഭ്യന്തരമന്ത്രാലയം സര്‍ക്കാര്‍ വകുപ്പുകളും ബാങ്കുകള്‍ അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങളും സമൂഹമാധ്യമ അക്കൗണ്ടുകളില്‍ ഹിന്ദിക്ക് പ്രാധാന്യം നല്‍കണമെന്ന് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ ഏപ്രിലില്‍ പാര്‍ലമെന്റിന്റെ ഔദ്യോഗിക ഭാഷായോഗത്തില്‍ അധ്യക്ഷത വഹിച്ച അമിത്ഷാ വീണ്ടും ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കുന്നതിന് ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചിരുന്നു. ഇതിനെതിരെ വ്യാപകമായ പ്രതിഷേധമാണുയര്‍ന്നത്. ഭാഷാസ്വാതന്ത്യത്തിന്റെ കടയ്ക്കല്‍ കത്തിവെക്കുന്ന നടപടിയില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്‍മാറണം. മതസ്വാതന്ത്ര്യവും മനുഷ്യാവകാശവുംപോലെ തന്നെ പരമപ്രധാനമാണ് ഭാഷാസ്വാതന്ത്ര്യവുമെന്ന് തിരിച്ചറിയണം. സങ്കുചിത രാഷ്ട്രീയവര്‍ഗീയ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്നതിന്‌വേണ്ടി രാജ്യത്തെ എല്ലാ മേഖലകളിലും ഒരു ഭാഷയെ പ്രതിഷ്ഠിക്കാനുള്ള നീക്കത്തിനെതിരെ ജനാധിപത്യമതനിരപേക്ഷ ചെറുത്ത്‌നില്‍പ്പുകള്‍ ശക്തമാക്കണം.