ബംഗളൂരു: അമ്മയെ അധിക്ഷേപിക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സന്തോഷിക്കുന്നുണ്ടെങ്കില്‍ അത് അദ്ദേഹത്തിന്റെ നിലവാരമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സോണിയയെ ഇപ്പോഴും മോദിയും ബി.ജെ.പി നേതാക്കളും ഇറ്റലിക്കാരിയായി വിശേഷിപ്പിക്കുന്നതായി മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, അമ്മയെ അധിക്ഷേപിക്കുന്നതില്‍ പ്രധാനമന്ത്രി ആഹ്ലാദം കണ്ടെത്തുന്നുണ്ടെങ്കില്‍ അത് അദ്ദേഹത്തിന്റെ നിലവാരത്തെ കുറിച്ചാണ് സൂചിപ്പിക്കുന്നതെന്നും പറഞ്ഞു.
മറ്റു പലരേക്കാളും മികച്ച ഇന്ത്യക്കാരിയാണ് സോണിയാ ഗാന്ധി. അവര്‍ രാജ്യത്തിന് വേണ്ടിയാണ് ജീവിക്കുന്നതെന്നും, ജീവിതത്തിന്റെ ഏറിയ പങ്കും ഇന്ത്യയില്‍ ജീവിച്ച അവര്‍ രാജ്യത്തിന് വേണ്ടി ഒരുപാട് സഹനങ്ങളും ത്യാഗങ്ങളും അനുഭവിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. ബംഗളൂരുവിലെ ലളിത് അശോക് ഹോട്ടലില്‍ നടത്തിയ പത്ര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്തുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സംസ്ഥാന സര്‍ക്കാറിനെതിരെ ഭരണ വിരുദ്ധ വികാരമില്ലെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടകയുടെ ഭാവിയെ കുറിച്ചോ കര്‍ഷകരെ കുറിച്ചോ ഒന്നും പറയാനില്ലാത്തതിനാലാണ് മോദി വ്യക്തിപരമായ അധിക്ഷേപങ്ങള്‍ക്ക് മുതിരുന്നതെന്നും രാഹുല്‍ പറഞ്ഞു.
എതിര്‍ക്കുന്ന എല്ലാവരേയും മോദി ഭീഷണിയായാണ് കാണുന്നത്. തന്നെയും അത്തരത്തില്‍ ഭീഷണിയായി അദ്ദേഹം കാണുന്നു. ദേഷ്യവും പകയും ഉള്ളില്‍ സൂക്ഷിക്കുന്നയാളാണ് പ്രധാനമന്ത്രിയെന്ന് പറഞ്ഞ രാഹുല്‍, ബുദ്ധന്റെ കഥ ഉദാഹരിച്ചു കൊണ്ട് മോദിയുടെ ദേഷ്യമെന്ന സമ്മാനം താന്‍ ഏറ്റെടുക്കുന്നില്ലെന്നും പറഞ്ഞു.
കര്‍ഷകരുടേയും ന്യൂനപക്ഷങ്ങളുടേയും, ദളിതരുടേയും പ്രശ്‌നങ്ങളെ കുറിച്ച് മിണ്ടാന്‍ മോദിക്ക് സമയമില്ലെന്ന് രാഹുല്‍ ആവര്‍ത്തിച്ചു. പുരോഗമന ചിന്താഗതിക്കാരായ കന്നഡികര്‍ക്ക് വിദ്വേഷ ചിന്താഗതിക്കാരായ ആര്‍.എസ്.എസിനാല്‍ നിയന്ത്രിക്കപ്പെടണമോ എന്നത് അവര്‍ക്ക് തന്നെ തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു. താന്‍ ക്ഷേത്രങ്ങളും ക്രിസ്ത്യന്‍, മുസ്്‌ലിം പള്ളികളടക്കം എല്ലാ മതത്തിന്റെ ആരാധനാലയങ്ങളും സന്ദര്‍ശിക്കാറുണ്ട്. അത് എല്ലാ മതങ്ങളേയും ആദരിക്കുന്നതിനാലാണ്. തെരഞ്ഞെടുപ്പ് സമയത്തെ ഹിന്ദുവാണ് താനെന്ന ബി.ജെ.പിയുടെ ആരോപണം ഹിന്ദുവെന്ന വാക്കിന്റെ അര്‍ത്ഥം അവര്‍ക്ക് അറിയാത്തതിനാലാണെന്നും രാഹുല്‍ വ്യക്തമാക്കി. കര്‍ണാടകയില്‍ വ്യക്തമായ ഭൂരിപക്ഷം കോണ്‍ഗ്രസ് നേടും. ബി.ജെ. പി ഭയപ്പെടുന്നുണ്ടെന്നതിന്റെ കൃത്യമായ സൂചനയാണ് അവസാന ദിവസം പ്രധാനമന്ത്രിയും അമിത് ഷായും 22 കേന്ദ്രമന്ത്രിമാരും പ്രചാരണത്തിനായി ഇറങ്ങിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സീപ്ലെയിനും ബുള്ളറ്റ് ട്രെയിനും പ്രചരണ വിഷയമാക്കുന്ന മോദിക്ക് ബലാത്സംഗവും സ്ത്രീകള്‍ക്കെതിരായ അതിക്രമവുമൊന്നും വിഷയമല്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ വിദേശ നയം ബി.ജെ.പി ഭരണത്തില്‍ പൂര്‍ണമായും തകര്‍ന്നതായും അദ്ദേഹം ആരോപിച്ചു. കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതൃത്വത്തെ മുഴുവന്‍ ഒരേ വേദിയില്‍ അവതരിപ്പിച്ചായിരുന്നു രാഹുല്‍ പത്ര സമ്മേളനം നടത്തിയത്.
മുഖ്യമന്ത്രി സിദ്ധരാമയ്യ, ഡി. കെ ശിവകുമാര്‍, കെ.പി.സി. സി പ്രസിഡന്റ് പി പരമേശ്വരയ്യ, എ.ഐ. സി.സി ജന. സെക്രട്ടറി കെ.സി വേണുഗോപാല്‍, മല്ലികാര്‍ജ്ജുന ഖാര്‍ഗെ, റഹ്മാന്‍ ഖാന്‍, രണ്‍ദീപ് സിങ് സുര്‍ജേവാല എന്നിവരും രാഹുലിനൊപ്പമുണ്ടായിരുന്നു.