Connect with us

kerala

പിന്നോക്ക വിരുദ്ധ ഇടതു മുന്നണിക്കെതിരെ ശക്തമായ സമരത്തിന് യൂത്ത്‌ലീഗ് നേതൃത്വം നല്‍കും: പി.കെ ഫിറോസ്

ദളിത് പിന്നോക്ക ന്യൂനപക്ഷ കൂട്ടായ്മയുടെ പ്രക്ഷോഭങ്ങളുടെ മുന്‍നിരയില്‍ യൂത്ത്‌ലീഗ് ഉണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി.

Published

on

കോഴിക്കോട്: അനേകവര്‍ഷങ്ങളുടെ പോരാട്ടത്തിന്റെ ഫലമായി പിന്നോക്ക വിഭാഗക്കാര്‍ നേടിയെടുത്ത സംവരണം എന്ന അവകാശത്തെ ഇല്ലാതാക്കുന്ന ഇടത് സര്‍ക്കാറിനെ ശക്തമായ സമരങ്ങള്‍ ഉയര്‍ന്നുവരണമെന്ന് യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. ദളിത് പിന്നോക്ക ന്യൂനപക്ഷ കൂട്ടായ്മയുടെ പ്രക്ഷോഭങ്ങളുടെ മുന്‍നിരയില്‍ യൂത്ത്‌ലീഗ് ഉണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രസ്താവനയുടെ പൂര്‍ണരൂപം:
പതിറ്റാണ്ടുകൾ നീണ്ടുനിന്ന പേരാട്ടങ്ങളുടെ ഫലമായാണ് ഭരണഘടനാ ശിൽപികൾ രാജ്യത്തെ പിന്നാക്ക സമുദായങ്ങൾക്ക് വിദ്യാഭ്യാസ/തൊഴിൽ മേഖലകളിൽ സംവരണം ഏർപ്പെടുത്തിയത്. നൂറ്റാണ്ടുകളായി നിലനിന്നുപോന്ന ജാതീയമായ അടിച്ചമർത്തലുകളുടെയും വിവേചനങ്ങുടെയും ഫലമായി സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്തള്ളപ്പെട്ട ബഹുജന സമൂഹങ്ങളെ സാമൂഹിക മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തുന്നതിനുള്ള പരിഹാരക്രിയ എന്ന നിലയിലാണ് സംവരണം എന്ന ആശയം ആവിഷ്കരിക്കപ്പെട്ടത്. ചില സമുദായങ്ങളിൽ ജനിച്ചു എന്നത് കൊണ്ടു മാത്രം അധികാര കേന്ദ്രങ്ങളിൽ നിന്ന് മാറ്റി നിർത്തപ്പെടുന്നത് ഒഴിവാക്കാനും അധികാരം ചില സമുദായങ്ങളിൽ മാത്രം കേന്ദ്രീകരിക്കുന്നത് തടയാനുമാണ് സംവരണം കൊണ്ട് ലക്ഷ്യം വെക്കുന്നത്. സംവരണം അധികാരത്തിലുള്ള പങ്കാളിത്തവും അവസരസമത്വവും ഉറപ്പുവരുത്താനുള്ളതാണ്. അത് തൊഴിൽദാന സംരംഭമോ/ദാരിദ്യനിർമാർജന പദ്ധതിയോ അല്ല.
മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുവേണ്ടി സാമ്പത്തികനിലയെ ആധാരമാക്കി നിരവധി പദ്ധതികൾ സർക്കാറുകൾ ആവിഷ്കരിച്ചു നടപ്പാക്കാറുണ്ട്. നിലവിലുള്ള വിവിധതരം പെൻഷനുകൾ അടക്കമുള്ള ആനുകൂല്യങ്ങളും സാമൂഹിക സുരക്ഷാ പദ്ധതികളും സാമ്പത്തിക മാനദണ്ഡങ്ങൾ അനുസരിച്ചുള്ളതാണ്. എപിഎൽ/ബിപിൽ തരംതിരിവുകളിലടക്കം സാമ്പത്തികമായ ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്ന ഒരു സർക്കാർ പദ്ധതികളിലും മുന്നോക്കർ വിവേചനമോ അനീതിയോ നേരിടുന്നതായി ചൂണ്ടിക്കാണിക്കാനാവില്ല. മാത്രമല്ല, മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികപിന്നാക്കാവസ്ഥ നേരിടുന്നവർക്ക് അതിനുള്ള കൂടുതൽ പരിഹാര പദ്ധതികൾ ആവശ്യമുണ്ടെങ്കിൽ അത് നൽകുന്നതിന് സംവരണീയ സമുദായങ്ങളോ സംഘടനകളോ ഇന്നേവരെ എതിരുനിന്നിട്ടുമില്ല. സാമൂഹിക പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനുള്ള സംവരണപദ്ധതിയെ സാമ്പത്തിക മാനദണ്ഡങ്ങൾ ഉൾപ്പെടുത്തി അട്ടിമറിക്കരുത് എന്നുമാത്രമാണ് ആവശ്യം.
കേരളത്തിൽ സി.പി.എം സാമ്പത്തിക സംവരണം കൊണ്ടുവരിക മാത്രമല്ല, രാജ്യവ്യാപകമായി അത് നടപ്പിലാക്കാൻ കൊടിയേരി ബാലകൃഷ്ണൻ ആർ എസ് എസിനെയും ബിജെപി സർക്കാരിനെയും വെല്ലുവിളിക്കുകയുമാണ് ചെയ്യുന്നത്. സി.പി.എമ്മിന്റെ ആവശ്യം മോദി അംഗീകരിക്കുന്നതാണ് പിന്നീട് നാം കാണുന്നത്.
സംവരണത്തിനായുള്ള ബിൽ പാർലമെന്റിൽ കൊണ്ടു വന്നപ്പോൾ എതിർത്ത് വോട്ടുചെയ്യാൻ മുസ്‌ലിം ലീഗിന്റെ എം.പിമാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. രാജ്യത്ത് പിന്നാക്ക സമുദായത്തിനാണ് ഭൂരിപക്ഷമെങ്കിലും രാജ്യത്തിന്റെ ഗതി നിർണ്ണയിക്കുന്നത് മുന്നോക്ക സമുദായം തന്നെയാണെന്നാണ് ഇത് തെളിയിക്കുന്നത്.
കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല. രാജ്യത്ത് പത്ത് ശതമാനം മുന്നോക്ക സംവരണം ഏർപ്പെടുത്താൻ തീരുമാനിച്ചപ്പോൾ കേരളത്തിൽ പന്ത്രണ്ട് ശതമാനമാണ് സി.പി.എം നടപ്പിലാക്കുന്നത്. അത് ഫലത്തിൽ മെറിറ്റ് ക്വാട്ടയുടെ ഇരുപത് ശതമാനവും അതിൽ കൂടുതലുമാണ്. എംബിബിഎസ് പ്രവേശനത്തിൽ ഇതിനകം അത് നടപ്പിലാക്കിക്കഴിഞ്ഞു.
കാലിക്കറ്റ് സർവകലാശാലയിലേക്ക് 116 അധ്യാപക തസ്തികളിലേക്ക് നിയമനം നടക്കാനിരിക്കുകയാണ്. ബാക്ക്ലോഗ് നികത്തേണ്ടതില്ലെന്നാണ് തീരുമാനിച്ചിരിക്കുന്നത്. ഏറ്റവും വലിയ നഷ്ടം സംഭവിക്കാൻ പോകുന്നത് വിശ്വകർമ്മ സമുദായത്തിനാണ്. പിന്നെ ഈഴവർക്കും മുസ്‌ലിംകൾക്കും.
കേരളത്തിൽ 15 സർവകലാശാലയിൽ ഒന്നിൽ പോലും ഒരു മുസ്‌ലിം വി.സി ഇല്ല. ഒടുവിൽ പെട്ടിക്കടയിലോ മറ്റോ തുടങ്ങിയ ഒരു ഓപ്പൺ സർവകലാശാലയിലാണ് ആകെ ഒരു മുസ്‌ലിം വിസിയെ നിയമിച്ചിരിക്കുന്നത്. അതിലാകട്ടെ പിന്നാക്ക വിഭാഗങ്ങളെ തന്നെ തമ്മിലടിപ്പിക്കുന്ന കുറുക്കന്റെ കൗശലമാണ് സി.പി.എം പ്രയോഗിച്ചത്.
പിന്നാക്ക വിഭാഗങ്ങൾക്കെതിരെയുള്ള സി.പി.എമ്മിന്റെയും ഇടതു സർക്കാറിന്റെയും നയങ്ങൾക്കെതിരെ പിന്നാക്ക വിഭാഗങ്ങളുടെ കൂട്ടായ മുന്നേറ്റം അനിവാര്യമായ സമയമാണിത്. ഒളിമ്പിക്സിൽ ഇന്ത്യക്ക് മെഡൽ കിട്ടാത്തത് പോലും ഇന്ത്യയിൽ സംവരണമുള്ളത് കൊണ്ടാണെന്ന് കളിയാക്കിയവരൊന്നും മുന്നോക്ക സംവരണം വന്നപ്പോൾ മിണ്ടുന്നില്ല. സംവരണം വന്നാൽ മെറിറ്റിനെ ബാധിക്കുമെന്ന് ന്യായം പറഞ്ഞവരും ഇപ്പോൾ മിണ്ടുന്നില്ല. മിണ്ടില്ല. കാരണം പ്രശ്നം സംവരണമല്ല. പിന്നാക്ക വിഭാഗങ്ങളോടുള്ള സമീപനമാണ്.
1957 ലെ ആദ്യ കമ്യൂണിസ്റ്റ് സർക്കാറിന്റെ കാലം മുതൽ ഇ എം ശങ്കരൻ നമ്പൂതിരിപ്പാട് അധ്യക്ഷനായ ഒന്നാം ഭരണപരിഷ്കാര കമ്മീഷനാണ് ഇന്ത്യയിലാദ്യമായി സാമ്പത്തിക സംവരണം എന്ന ആശയം മുന്നോട്ടുവെച്ചത്. കെഎം സീതിസാഹിബും കെ സുകുമാരനും കെ ആർ നാരായണനുമടക്കമുള്ള പിന്നാക്ക സമുദായ നേതാക്കളുടെ ധീരമായ ചെറുത്തുനിൽപ്പിനുമുന്നിൽ ഒടുവിൽ ഇഎംഎസിന് മുട്ടുമടക്കേണ്ടിവന്ന ചരിത്രം പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും മറന്നുപോകരുത്. പിന്നാക്ക വിരുദ്ധ ഇടതുമുന്നണിക്കെതിരെ ശക്തമായ സമരം ഉയർന്നു വരട്ടെ. ദളിത് പിന്നാക്ക ന്യൂനപക്ഷ സമുദായ കൂട്ടായ്മ അതിനു നേതൃത്വം നൽകട്ടെ. ആ സമരങ്ങളുടെ മുന്നണിപ്പടയായി അണിനിരക്കാൻ മുസ്‌ലിം യൂത്ത് ലീഗ് പ്രതിജ്ഞാബദ്ധമാണ്.

kerala

‘കേന്ദ്രം കേരളത്തോട് കാണിക്കുന്നത് അങ്ങേയറ്റത്തെ ക്രൂരത’, വയനാടിനോടുള്ള അവഗണനയില്‍ പ്രതികരിച്ച് കെ സി വേണുഗോപാല്‍

1500 കോടി രൂപയുടെ പുനരധിവാസ പാക്കേജ് ആവശ്യപ്പെട്ട ഒരു സംസ്ഥാനത്തോട് എസ്ഡിആര്‍എഫ് ഫണ്ടിലെ ബാക്കിയുള്ള തുക ഉപയോഗിച്ചോളു എന്ന് പറയുന്നത് അങ്ങേയറ്റത്തെ അധിക്ഷേപമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി

Published

on

വയനാടിനോടുള്ള അവഗണന കേന്ദ്രം കേരളത്തോട് കാണിക്കുന്നത് അങ്ങേയറ്റത്തെ ക്രൂരതയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ഇത് എന്തെങ്കിലും ഒരു ഔദാര്യമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എസ്ഡിആര്‍എഫ് ഫണ്ട് ഉപയോഗിക്കണമെന്നാണ് നിര്‍ദേശം. 1500 കോടി രൂപയുടെ പുനരധിവാസ പാക്കേജ് ആവശ്യപ്പെട്ട ഒരു സംസ്ഥാനത്തോട് എസ്ഡിആര്‍എഫ് ഫണ്ടിലെ ബാക്കിയുള്ള തുക ഉപയോഗിച്ചോളു എന്ന് പറയുന്നത് അങ്ങേയറ്റത്തെ അധിക്ഷേപമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേന്ദ്രത്തിന്റെ നടപടി രാജ്യത്തോടുള്ള വെല്ലുവിളിയെന്ന് വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് കെ വി തോമസ് പറഞ്ഞു. കേരളത്തിന്റെ ഭാഗത്തു നിന്ന് വീഴ്ച ഉണ്ടായിട്ടില്ല. ധനമന്ത്രിയോട് നേരിട്ട് ആവശ്യപ്പെട്ടതാണ്. മുഖ്യമന്ത്രി ആദ്യം കത്ത് അയച്ചു. ദുരന്തം ഉണ്ടായി 6 മാസം കഴിഞ്ഞു. മുനമ്പത്ത് എടുക്കുന്ന അമിത രാഷ്ട്രീയ താത്പര്യം വയനാടിന്റെ കാര്യത്തില്‍ എടുത്തില്ല – അദ്ദേഹം വ്യക്തമാക്കി. 7000 കോടി രൂപ ആന്ധ്രക്ക് കൊടുത്തുവെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം വിഷയത്തില്‍ പ്രതിപക്ഷം രാഷ്ട്രീയം കാണരുതെന്നും പറഞ്ഞു. വയനാടിനായി പ്രതിപക്ഷവും ബിജെപിയും ഒരുമിച്ചു നില്‍ക്കണമെന്നും കേന്ദ്രസഹായം കേരളത്തിന്റെ അവകാശം ആണ് ഔദാര്യം അല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

kerala

ഇ.പിയുടെ പുസ്തകവും പാര്‍ട്ടിയിലെ ജീര്‍ണതയും

Published

on

നാളിതുവരെ സി.പി.എം കാട്ടിക്കൂട്ടിയ നെറികേടുകള്‍ക്കുള്ള തിരിച്ചടികളാണ് ഓരോ തിരഞ്ഞെടുപ്പ് വേളയിലും അവര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ചേലക്കരയിലേയും വയനാട്ടിലേയും ഉപതിരഞ്ഞടുപ്പുദിവസം സി.പി.എം കേന്ദ്രകമ്മിറ്റി അംഗം ഇ.പി ജയരാജന്റെ ആത്മകഥ വിവാദം അവര്‍ ചെയ്തുകൂട്ടിയതിനുള്ള കാലത്തിന്റെ തിരിച്ചടിയായിവേണം കരുതാന്‍. വേങ്ങര ഉപതിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ സോളാര്‍ കേസില്‍

ഉമ്മന്‍ ചാണ്ടിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് കേസെടുക്കുകയും പാലാ ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനു തൊട്ടുമുമ്പ് ഉമ്മന്‍ചാണ്ടിയെ ഉള്‍പ്പെടുത്തി ടൈറ്റാനിയം കേസ് സി .ബി.ഐക്കുവിടുകയും 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് സോളാര്‍ കേസ് സി.ബി.ഐക്കു വിടുകയും ചെയ്തത് സി.പി.എമ്മിന്റെ രാഷ്ട്രീയ പ്രതികാരത്തിന്റെ ഭാഗമാണ്. ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയതിന് കാലംനല്‍കുന്ന തിരിച്ചടിയാണ് ഇ.പി ജയരാജന്റെ പുസ്തക വിവാദം. കൊടുത്തത് തിരിച്ചുകിട്ടുമെന്ന പഴമൊഴി പോലെ ഇവിടെ പഴയതിനൊക്കെ സി.പി.എമ്മിന് തിരിച്ചുകിട്ടുകയാണ്. തിരഞ്ഞെടുപ്പു ദിനത്തോടനുബന്ധിച്ചു വോട്ടര്‍മാരില്‍ പ്രതികൂല ചിന്തയുണ്ടാക്കാന്‍ സാധ്യതയുള്ള യാതൊന്നിനും മുതിരാതിരിക്കുന്നതാണ് രാഷ്ട്രീയ മര്യാദ. നിഷ്പക്ഷ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ചെറിയ വിവാദങ്ങള്‍ക്കുപോലും കഴിയും എന്നതുകൊണ്ട് ഇക്കാര്യത്തില്‍ മുന്നണികള്‍ പരമാവധി ശ്രദ്ധ നല്‍കാറുമുണ്ട്. എന്നാല്‍ സി.പി.എം ഈ മര്യാദകളൊക്കെ കാറ്റില്‍പറത്തുകയായിരുന്നു.

ഉമ്മന്‍ചാണ്ടിയോട് സി.പി.എം കാണിച്ച രാഷ്ട്രീയ നെറികേടിന് അവര്‍ക്കു കിട്ടുന്ന തിരിച്ചടികള്‍ പക്ഷേ അവരില്‍ നിന്നു തന്നെയാണെന്ന വസ്തുതയും കാണേണ്ടതുണ്ട്. നെയ്യാറ്റിന്‍കര തിരഞ്ഞെടുപ്പ് നടക്കുമ്പോഴാണ് രമയെ കാണാന്‍ വി.എസ് അച്യുതാനന്ദന്‍ പോയത്. ഭരണകക്ഷിക്ക് 72 എം.എല്‍.എമാരും പ്രതിപക്ഷത്തിന് 68 പേരുമുള്ള കാലമായിരുന്നു അത്. ഒരു സീറ്റിന് സര്‍ക്കാരിന്റെ തന്നെ വിലയുള്ള കാലം, എന്നാല്‍ അച്യുതാനന്ദന്‍ കോഴിക്കോട് എത്തിയത് മുതല്‍ വോട്ടെടുപ്പ് ദൃശ്യങ്ങള്‍ മാഞ്ഞ് ഒഞ്ചിയം ദൃശ്യങ്ങള്‍ തല്‍സമയം തെളിഞ്ഞു. ഒടുവില്‍ ആറായിരത്തി എഴുനൂറ് വോട്ടിന് പൊതുതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് വിജയിച്ച നെയ്യാറ്റിന്‍കര മണ്ഡലം ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റേതായി. ഇക്കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ദിവസമാണ് പ്രകാശ് ജാവദേക്കറെ കണ്ടെന്ന് ഇ.പി പറയുന്നത്. ആക്കുളത്തു മകന്റെ ഫ്‌ലാറ്റില്‍വച്ചു ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്കറെ കണ്ടതായുള്ള ലോക്‌സഭാ തിരഞ്ഞെടുപ്പ് ദിവസത്തെ ഇ.പിയുടെ തുറന്നുപറച്ചില്‍ സി.പി.എമ്മിനും മുന്നണിക്കും ഏല്‍പ്പിച്ച പരുക്ക് ചെറുതായിരുന്നില്ല. അതില്‍നിന്നു കരകയറി, ഇ.പിയും പാര്‍ട്ടിയും തമ്മിലുള്ള അകല്‍ച്ച കുറയുന്നതിന്റെ സൂചനക്കിടയിലാണ് ആത്മകഥാ പ്രഹരം. പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ച ലോക്‌സഭാ തിരഞ്ഞെടുപ്പിനുമുമ്പ് ചര്‍ച്ചയാക്കി യതിനുപിന്നില്‍ ഗൂഢാലോചന ആരോപിക്കുന്നുണ്ട് ഇ.പി.

ഇടതുപക്ഷത്തിന്റെ ദൗര്‍ബല്യം ദിനംപ്രതി കൂടിവരികയാണ്. സി.പി.എമ്മിലും എല്‍.ഡി.എഫിലും അമര്‍ഷവും പ്രതിഷേധവും ഉള്ളവരുടെ എണ്ണം വര്‍ധിച്ചുവരുന്നതിനിടയിലാണ് വിവാദങ്ങളും സി.പി.എമ്മിനെ പിടികൂടുന്നത്. ജാവദേക്കറെ കണ്ടതായി ഇ.പി ജയരാജന്‍ തുറന്നു സമ്മതിച്ചതോടെയായിരുന്നു കൂടിക്കാഴ്ചാ വിവാദത്തില്‍ സി.പി.എം പ്രതിസന്ധിയിലായത്. പുസ്തക വിവാദത്തില്‍ പുറത്തുവന്ന കാര്യങ്ങള്‍ ഇ.പി തള്ളിക്കളഞ്ഞത് പാര്‍ട്ടിക്കു താല്‍ക്കാലിക പിടിവള്ളിയാകുമെങ്കിലും ഉള്ളില്‍ സംശയിച്ചുതന്നെയാണ് സി.പി.എം നേതൃത്വം നിലകൊള്ളുന്നത്. സംഘടനാ പ്രവര്‍ത്തനം തുടങ്ങിയതു മുതലുള്ള കാര്യങ്ങള്‍ പുറത്തുവന്ന ആത്മകഥയില്‍ അക്കമിട്ട് പറയുന്നുണ്ട്. ഇതിന് പുറമേയാണ് സ്വകാര്യ ശേഖരത്തിലെ ഫോട്ടോകളും പുസ്തകത്തിന്റെ പകര്‍പ്പിലുണ്ടെന്നത് പാര്‍ട്ടിയെ അലോസരപ്പെടുത്തുന്നുണ്ട്. വളരെ അസ്വസ്ഥനായാണ് ഇ.പി പാര്‍ട്ടിയില്‍ കഴിയുന്നതെന്ന സൂചന പുസ്‌കത്തില്‍ വേണ്ടുവോളമുണ്ട്. എം.വി ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറിയായതിന് ശേഷം നടത്തിയ ജനകീയ പ്രതിരോധ ജാഥയില്‍ പങ്കെടുക്കാതെ എറണാകുളത്തേക്ക് പോയ ഇ.പി

അവിടെ ദല്ലാള്‍ നന്ദകുമാറിന്റെ അമ്മയെ ആദരിക്കുന്ന ചടങ്ങില്‍ പങ്കെടുത്തതും വിവാദമായത് ഓര്‍ക്കേണ്ടതുണ്ട്. എന്നാല്‍ ദല്ലാള്‍ നന്ദകുമാറുമായുള്ള ബന്ധത്തിനെതിരെ പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ പക്ഷേ, ജാവദേക്കറെ കണ്ടത് തള്ളിപ്പറഞ്ഞില്ല എന്നു മാത്രമല്ല അത് ന്യായീകരിക്കുകയുമായിരുന്നു. ഞാനും അഞ്ചാറ് തവണ കണ്ടിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി ഇതേക്കുറിച്ച് പറഞ്ഞത്.

സി.പി.എം അകപ്പെട്ട ജീര്‍ണ്ണതയുടെ ആഴമാണ് ഓരോ സംഭവത്തിലൂടെയും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇതില്‍ നിന്നും പുറത്തുകടക്കാന്‍ പര്യാപ്തമായ മറുപടി ജനങ്ങളോടു പറയുന്നതിന് സി.പി.എം നേതൃത്വത്തിനും കഴിയുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

Continue Reading

kerala

സംസ്ഥാനത്ത് ഇന്നും ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യത; ശനിയാഴ്ച വരെ മഴ തന്നെയെന്നു സൂചന

ഇന്ന് മുതൽ ഒറ്റപ്പെട്ട ഇടങ്ങളിൽ, നവംബർ 16 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന 16 വരെ ഇടിമിന്നലോടെ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. രണ്ട് ചക്രവാതച്ചുഴികൾ രൂപ്പെട്ട സാഹചര്യത്തിലാണ് മുന്നറിയിപ്പ്. നിലവിൽ തെക്കൻ തമിഴ്‌നാടിനു മുകളിലും ലക്ഷദ്വീപിന്‌ മുകളിലുമായാണ് ചക്രവാതച്ചുഴികൾ സ്ഥിതിചെയ്യുന്നത്. കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് ഇന്നലെ പുറത്തുവന്ന കാലാവസ്ഥാ മുന്നറിയിപ്പിൽ പറയുന്നത്. ഇന്ന് മുതൽ ഒറ്റപ്പെട്ട ഇടങ്ങളിൽ, നവംബർ 16 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

ഇന്ന് ആലപ്പുഴ, തൃശ്ശൂർ ജില്ലകളിലും നവംബർ 16ന് എറണാകുളം ജില്ലയിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇന്നലെ എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലായിരുന്നു മുന്നറിയിപ്പ്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

Continue Reading

Trending