Connect with us

kerala

കോടിയേരിയുടെ പ്രസ്താവന ബിജെപിയെ നാണിപ്പിക്കുന്നത്-കെപിഎ മജീദ്

വോട്ടിനു വേണ്ടി ജമാഅത്തെ ഇസ്ലാമിയെ നിരന്തരം പുകഴ്ത്തിയിരുന്ന സി.പി.എം സെക്രട്ടറിയാണ് ഇപ്പോൾ കേരളത്തിന്റെ മുഖ്യമന്ത്രി.

Published

on

കോഴിക്കോട്: മതേതര കേരളത്തെ വര്‍ഗീയമായി വിഭജിക്കാനുള്ള ആസൂത്രിത നീക്കമാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നടത്തുന്നതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. ബിജെപിയെ പോലും നാണിപ്പിക്കുന്ന തരത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി സംസാരിക്കുന്നതെന്നും കെപിഎ മജീദ് പറഞ്ഞു.

പ്രസ്താവനയുടെ പൂര്‍ണരൂപം:

മതേതര കേരളത്തെ വർഗീയമായി വിഭജിക്കാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമായാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ യു.ഡി.എഫിനെതിരായ ആരോപണം. വെൽഫെയർ പാർട്ടി, എസ്.ഡി.പി.ഐ, പി.ഡി.പി തുടങ്ങിയ കക്ഷികളെ വോട്ടിനു വേണ്ടി തരാതരം ഉപയോഗിക്കുകയും ഇപ്പോഴും നിരവധി പഞ്ചായത്തുകളിൽ ഈ കക്ഷികളോടൊപ്പം ഭരണം പങ്കിടുകയും ചെയ്യുന്ന സി.പി.എം സെക്രട്ടറിക്ക് യു.ഡി.എഫിനെതിരെ പ്രതികരിക്കാനുള്ള യാതൊരു ധാർമിക അവകാശവുമില്ല.
വോട്ടിനു വേണ്ടി ജമാഅത്തെ ഇസ്ലാമിയെ നിരന്തരം പുകഴ്ത്തിയിരുന്ന സി.പി.എം സെക്രട്ടറിയാണ് ഇപ്പോൾ കേരളത്തിന്റെ മുഖ്യമന്ത്രി. തീവ്രവാദത്തിനും വർഗീയതക്കുമെതിരായ മുസ്‌ലിംലീഗിന്റെ നിലപാടിന് കോടിയേരിയുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല. അത് കേരളത്തിന്റെ പൊതുസമൂഹത്തിന് ബോധ്യമുള്ള കാര്യമാണ്. രാജ്യത്തിനോ സമൂഹത്തിനോ ദോഷം ചെയ്യുന്ന ഒരു നീക്കവും ലീഗിന്റെ ഭാഗത്തുനിന്ന് ഒരുകാലത്തും ഉണ്ടായിട്ടില്ല. എന്നാൽ എല്ലാ കാലത്തും വർഗീയ കക്ഷികളെ വോട്ടിനു വേണ്ടി ഉപയോഗിച്ച സി.പി.എം ഇപ്പോൾ നടത്തുന്ന ചാരിത്ര്യ പ്രസംഗം പരിഹാസ്യമാണ്.
എം.എം ഹസൻ-കുഞ്ഞാലിക്കുട്ടി-അമീർ കൂട്ടുകെട്ടാണ് യു.ഡി.എഫിന് നേതൃത്വം നൽകുന്നതെന്ന സി.പി.എം സെക്രട്ടറിയുടെ പ്രസ്താവന ബി.ജെ.പിയെ പോലും നാണിപ്പിക്കുന്നതാണ്. പ്രത്യേക വിഭാഗങ്ങളിൽപെട്ടവരുടെ മാത്രം പേരെടുത്ത് പച്ചയ്ക്ക് വർഗീയത പറയാൻ മടികാണിക്കാത്ത കോടിയേരിയുടെ ഉദ്ദേശ്യം വ്യക്തമാണ്. കേരളത്തെ വർഗീയമായി വിഭജിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള നാണംകെട്ട കളിയുമായാണ് സി.പി.എം മുന്നോട്ടുവരുന്നത്. ഇത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് വഴിവെക്കും. സി.പി.എമ്മിന്റെ രാഷ്ട്രീയ കാപട്യം ജനങ്ങൾ തിരിച്ചറിയും.

kerala

ലൈംഗികാതിക്രമക്കേസ്: നടന്‍ ബാബുരാജിന് മുന്‍കൂര്‍ ജാമ്യം

ഉപാധികളോടെയാണ് ബാബുരാജിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

Published

on

ലൈംഗികാതിക്രമക്കേസില്‍ നടന്‍ ബാബുരാജിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി. ഉപാധികളോടെയാണ് ബാബുരാജിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി സഹകരിക്കണം, പത്തു ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങണം എന്നീ ഉപാധികളാണ് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുള്ളത്. സിനിമയില്‍ അവസരം വാഗ്ദാനം നല്‍കി നടിയെ പീഡിപ്പിച്ചുവെന്നായിരുന്നു ബാബുരാജിനെതിരായ കേസ്.

ജസ്റ്റിസ് സി എസ് ഡയസിന്റെ ബെഞ്ചാണ് ബാബുരാജിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിച്ചത്. പരാതി നല്‍കാനുള്ള കാലതാമസം പരിഗണിച്ച് ജാമ്യം അനുവദിക്കുകയായിരുന്നു. സിനിമയില്‍ അവസരം വാഗ്ദാനം നല്‍കി ബാബുരാജിന്റെ ആലുവയിലെ വീട്ടില്‍ വെച്ചും അടിമാലിയിലെ റിസോര്‍ട്ടിലും വെച്ച് പീഡിപ്പിച്ചുവെന്നായിരുന്നു പരാതി.

ബാബുരാജിനെതിരെ നടി ഡിജിപിക്കാണ് പരാതി നല്‍കിയത്. ഈ പരാതി അടിമാലി പൊലീസിന് കൈമാറിയിരുന്നു. അടിമാലി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ബാബുരാജ് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നു.

 

 

Continue Reading

kerala

വിദ്യാര്‍ത്ഥികള്‍ തമ്മില്‍ കയ്യാങ്കളി; പരിഹരിക്കാനെത്തിയ പ്രിന്‍സിപ്പാളിന് മര്‍ദനം

രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി കമന്റിട്ടതിനെ തുടര്‍ന്നാണ് തര്‍ക്കമുണ്ടായത്

Published

on

തിരുവനന്തപുരം: ഇന്‍സ്റ്റാഗ്രാം കമന്റിനെ ചൊല്ലി വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ കയ്യാങ്കളിയില്‍ പ്രിന്‍സിപ്പാളിന് മര്‍ദനം. പൂവച്ചല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്രിന്‍സിപ്പാള്‍ പ്രിയയ്ക്കാണ് മര്‍ദനമേറ്റത്. തലയ്ക്കും മൂക്കിനും പരിക്കേറ്റ പ്രിയയെ ഉടന്‍ കാട്ടാക്കട മമല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിടിഎ പ്രസിഡണ്ടിനും മര്‍ദ്ദനമേറ്റിട്ടുണ്ട്.

രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി കമന്റിട്ടതിനെ തുടര്‍ന്നാണ് തര്‍ക്കമുണ്ടായത്. ഇത്തരം തര്‍ക്കങ്ങള്‍ പതിവായത് മൂലം രക്ഷിതാക്കളുടെയും കുട്ടികളുടെയും യോഗം ഇന്ന് സ്‌കൂളില്‍ വിളിച്ചിരുന്നു.

ഈ യോഗത്തില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ വീണ്ടും തര്‍ക്കമുണ്ടാകുകയായിരുന്നു. ഇതിനിടെ തര്‍ക്കം പരിഹരിക്കാനെത്തിയ പ്രിന്‍സിപ്പാള്‍ സംഘര്‍ഷത്തിനിടെ നിലത്ത് വീഴുകയും നെറ്റിയില്‍ പരുക്കേല്‍ക്കുകയുമായിരുന്നു. എന്നാല്‍ കസേര ഉപയോഗിച്ച് വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പാളിനെ മര്‍ദിക്കുകയായിരുന്നെന്നും വിവരമുണ്ട്. കാട്ടാക്കട പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്തിട്ടുണ്ട്. പ്രശ്ന പരിഹാരത്തിനായി വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളുമായി അധ്യാപകര്‍ ചര്‍ച്ച ചെയ്ത് കൊണ്ടിരിക്കുകയാണ്.

 

Continue Reading

kerala

സ്‌കൂള്‍ കലോത്സവത്തില്‍ അപ്പീല്‍ ഫീസ് ഇരട്ടിയാക്കിയ സര്‍ക്കാര്‍ നടപടി തിരുത്തണം : എം.എസ്.എഫ്

അപ്പീല്‍ ഫീസ് ഇരട്ടിയാക്കി വര്‍ധിപ്പിച്ച നടപടിക്കെതിരെ കലോത്സവ നഗരിയിലേക്ക് എം. എസ്. എഫ് പ്രതിഷേധം സംഘടിപ്പിക്കും.

Published

on

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അപ്പീല്‍ നല്‍കേണ്ട ഫീസ് വര്‍ധിപ്പിച്ച സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധവുമായി എം.എസ്.എഫ്. കഴിഞ്ഞ കാലങ്ങളില്‍ നല്‍കിയിരുന്ന അപ്പീല്‍ ഫീസ് ഇരട്ടിയായാണ് സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരിക്കുന്നത്. സ്‌കൂള്‍ തലം മുതല്‍ സംസ്ഥാന തലം വരെ അപ്പീല്‍ നല്‍കേണ്ട ഫീസാണ് ഇരട്ടിയാക്കിയിരിക്കുന്നത്. ഉപജില്ലാ കലോത്സവ നടതിതിപ്പിനായി സ്‌കൂളുകളില്‍ നിന്ന് നല്‍കേണ്ട വിഹിതവും ഉയര്‍ത്തിയ സര്‍ക്കാര്‍ നടപടി അംഗീകരിക്കാനാവില്ല.

നേരത്തെ തന്നെ എം.എസ്.എഫ് അടക്കമുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധം അറിയിയിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ പരിഹരിക്കാനുള്ള ഇടപെടലുകള്‍ നടത്താന്‍ ശ്രമിക്കുന്നില്ല. ഫീസ് വര്‍ധനവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികളുടെ ഭാഗത്ത് നിന്നും വലിയ പ്രതിഷേധമാണ് ഉയരുന്നത്. സ്‌കൂള്‍ തലത്തില്‍ അഞ്ഞൂറ് രൂപ എന്നത് ആയിരം രൂപയാക്കി വര്‍ധിപ്പിച്ചു. ഉപജില്ലാ തലത്തില്‍ ആയിരം എന്നത് രണ്ടായിരവും ജില്ലാ തലത്തില്‍ രണ്ടായിരം എന്നത് അയ്യായിരവും ആയി വര്‍ധിപ്പിച്ചു. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പ്രസ്തുത ഫീസ് രണ്ടായിരത്തി അഞ്ഞൂറില്‍ നിന്ന് പതിനായിരം രൂപയാക്കി വര്‍ധിപ്പിച്ച സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളെ ചൂഷണം ചെയ്യുന്ന നടപടിയുമായി മുന്നോട്ട് പോകുകയാണ്.

സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി വിദ്യാര്‍ത്ഥികളുടെ മുകളില്‍ ഭാരമാകുന്ന അവസ്ഥയാണ്. അപ്പീല്‍ ഫീസ് ഇരട്ടിയാക്കി വര്‍ധിപ്പിച്ച നടപടിക്കെതിരെ കലോത്സവ നഗരിയിലേക്ക് എം. എസ്. എഫ് പ്രതിഷേധം സംഘടിപ്പിക്കും. സര്‍ക്കാര്‍ ഈ കൊള്ളയില്‍ നിന്ന് പിന്‍മാറണം. വിദ്യാര്‍ത്ഥികളെ ചൂഷണം ചെയ്യുന്ന ഇടപെടലുകള്‍ സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, ജന : സെക്രട്ടറി സി.കെ നജാഫ് എന്നിവര്‍ പറഞ്ഞു

Continue Reading

Trending