സി.പി. സൈതലവി
നരിപ്പറ്റയില്‍നിന്നൊരു പാട്ട് വന്നു പാണക്കാട്ട്. മണ്ണിലുംമാനത്തും രാഷ്ട്രീയംമുഴങ്ങുന്ന വടകര താലൂക്കിന്റെ കുന്നിറങ്ങി പുഴ കടന്നെത്തിയ ആ പാട്ടില്‍ തന്റെ ബാല്യ-കൗമാരം കേട്ട കഥകള്‍ ചിറകുവെച്ചു പറക്കുന്നതുകണ്ടു സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. പച്ചക്കൊടിയൊന്നുയര്‍ത്താന്‍, മുസ്‌ലിംലീഗ് എന്നു പറയാന്‍ ആരെയെങ്കിലും കിട്ടുമോ ഇന്നാട്ടില്‍ എന്നന്വേഷിച്ചലഞ്ഞ ഒരു തലമുറയുടെ ത്യാഗവും കണ്ണീരും സ്വപ്നങ്ങളും നിറഞ്ഞു തുളുമ്പിയ ഓര്‍മകള്‍. ആളും അധികാരവും പേരും പെരുമയും കൈവന്ന പുതിയ കാലം വീണ്ടുമൊരു മാര്‍ച്ച് 10നെ സമീപിക്കുമ്പോള്‍ നരിപ്പറ്റയിലെ പാട്ടു കേള്‍ക്കാം.
”മലനാട് നാട്ടില് നരിപ്പറ്റ ദേശത്ത്
കേള്‍ക്കണം നമ്മള്‍ അറിയാത്തൊരു കഥയുണ്ട്.
ലീഗ് മുളപ്പിക്കാന്‍ ഈ മണ്ണോട് മല്ലിട്ട
ഒരുപാട് പേരുടെ ത്യാഗം നാം കാണേണം
ബാഫഖി തങ്ങള് കൊയിലാണ്ടീന്നെങ്ങാനും
ഒ.കെ. മുഹമ്മദ് (കുഞ്ഞി) കണ്ണൂര്കാരനും
വി.എ.കെ പോക്കര്‍ ഹാജി നാദാപുരവും
നരിപ്പറ്റ വന്നിട്ട് ലീഗിന് വിത്തിട്ട്
നമ്പ്യത്താംകുണ്ടില് തങ്ങള് വന്നിട്ട്
പള്ളിക്കു ചേര്‍ന്നൊരു കല്ലിലിരുന്നിട്ട്
ബാഫഖി തങ്ങള് ചൊല്ലിപോല്‍ ഒരുകാര്യം
ഭാരമുള്ളൊരു കാര്യം പറയാന്‍ ഞാന്‍ വന്നത്
അണിചേര്‍ന്നു നില്‍ക്കാന്‍ അവകാശം നേടുവാന്‍
ഹരിതക്കൊടിക്കീഴില്‍ സംഘടിച്ചീടുവാന്‍
ജന്മി പ്രഭുക്കന്മാര്‍ ഒന്നും അതു കേട്ടില്ല
വ്യസനത്താല്‍ ബാഫഖി തങ്ങളും പോകുന്നേ
തിരികെ പോകുന്നേരം പിറകെ വന്നൊരു കൂട്ടര്‍
സിന്ദാബാദും ചൊല്ലി പിറകെ ഓടികൂടി
വണ്ടി നിര്‍ത്തിച്ചുപോല്‍ അതിലെ കൊടിയൂരി
മക്കളെ മാറോടണച്ചിട്ടു ചൊല്ലിപോല്‍
ഊരിയ പച്ചപ്പതാക കൊടുത്തിട്ട്
ഈ കൊടി നാട്ടുവീന്‍ നിങ്ങളിറങ്ങുവീന്‍
ജന്മിക്കിഷ്ടമില്ല കുടിയാനിതേന്തിയാല്‍
കുടിയൊഴിഞ്ഞുപോകാന്‍ കല്പന വന്നേക്കും
അതുതന്‍ നിമിത്തമായ് കൊടിയേന്താന്‍ ഭയമാണ്
ഉള്ളിലിരിപ്പൊന്നും പുറമെ ഭാവിച്ചൂടാ
എന്നിട്ടും തങ്ങളോടിഷ്ടപ്പെട്ടൊരു കൂട്ടര്‍
പാതിരാ നേരത്ത് ഒളിയോഗം ചേര്‍ന്നിട്ട്
വളര്‍ത്തി വലുതായതാണീ പ്രസ്ഥാനം
ഓര്‍ക്കേണം നമ്മളും അവരുടെ ത്യാഗങ്ങള്‍
(രചന: സി.പി കുഞ്ഞബ്ദുല്ല)
1948 മാര്‍ച്ച് 10ന് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് പിറക്കുമ്പോള്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്കു പ്രായം ഒന്നേകാല്‍ വയസ്സ്. ഓര്‍മവെച്ച നാള്‍ മുതല്‍ കാണുന്നതും കേള്‍ക്കുന്നതുമെല്ലാം മുസ്‌ലിംലീഗ്. കൊടപ്പനക്കല്‍ വീടിന്റെ അകവും പുറവും ഹരിതമയം. സ്വതന്ത്ര ഇന്ത്യയില്‍ മുസ്‌ലിംലീഗിനു നേതൃത്വം നല്‍കിയ മഹാപുരുഷന്‍മാരിലേറെപ്പേരെയും നേരില്‍കണ്ടും പരിചരിച്ചും അവരുമായി സഹവസിച്ചും കഴിഞ്ഞ കാലം.
അക്ഷരാര്‍ത്ഥത്തില്‍ മുസ്‌ലിംലീഗിനൊപ്പമുള്ള ജീവിതയാത്ര. 1962ല്‍ ഖാഇദേമില്ലത്ത് മത്സരിച്ച മഞ്ചേരി പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് തൊട്ട് സംഘടനാ പ്രവര്‍ത്തനരംഗത്തുണ്ട് തങ്ങള്‍. മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പദവി വഹിച്ച പി.എം.എസ്.എ പൂക്കോയ തങ്ങളുടെ പുത്രന്‍. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സഹോദരന്‍.
പല നാടുകളില്‍നിന്നായി പാണക്കാട് പൂക്കോയ തങ്ങളെ കാണാനെത്തുന്നവര്‍ ആതിഥേയനായി ഓടിനടക്കുന്ന ഈ പുത്രനുമായി കഥകളെത്രയോ പങ്കുവെച്ചിട്ടുണ്ട്. ഓരോ ഗ്രാമത്തിലും മുസ്‌ലിംലീഗിനായി ജീവിതം ഉരുകിത്തീര്‍ത്ത അനേകായിരം സാധാരണക്കാരുടെ കഥകള്‍. അവരൊന്നും നേതാക്കന്മാര്‍ എന്ന പട്ടികയിലിടം നേടിയില്ല. പദവികളിലിരുന്നില്ല. പത്രത്തില്‍ പേരച്ചടിച്ചു വന്നില്ല. ഒരു സദസ്സിലും മുന്നില്‍ തിക്കിത്തിരക്കിയില്ല. അവരാണ്മുസ്‌ലിംലീഗിന്റെ കൊടിമരങ്ങള്‍ കാത്തത്. ആ പേരുകളേറെയും സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ മനസ്സിലുണ്ട്; മാഞ്ഞുപോകാതെ.
നരിപ്പറ്റ പഞ്ചായത്തിലെ പ്രധാന മുസ്‌ലിംകേന്ദ്രമായ നമ്പ്യത്താംകുണ്ടിലേക്കു 1950കളില്‍ ബാഫഖി തങ്ങള്‍ പോകുന്നത് അത്രയും ദുര്‍ഘടമായ വഴികള്‍ താണ്ടിയാണ്. ആരും ക്ഷണിച്ചിട്ടല്ല. അവിടെയൊരു കമ്മിറ്റിയുണ്ടാക്കണമെന്നു തോന്നി. ജന്മിമാരും സ്വന്തം കുടിയാന്മാരും എന്ന സാമ്രാജ്യത്തില്‍ അന്നു മുസ്‌ലിംലീഗിനു ഇടമില്ലായിരുന്നു. നാടു ഭരിക്കുന്ന കക്ഷികളുടെ ഖജാന സൂക്ഷിപ്പുകാരായിരുന്നു പ്രമാണിമാര്‍.
റോഡരികിലെ കല്ലിലിരുന്ന്, ഒന്നു നില്‍ക്കണേ എന്ന ബാഫഖി തങ്ങളുടെ അഭ്യര്‍ത്ഥന കേള്‍ക്കാന്‍ മനസ്സില്ലാതെ സമ്പന്നവര്‍ഗവും ആശ്രിതരും തിരിഞ്ഞുനോക്കാതെ പോകുമ്പോള്‍ നിരാശനായി മടങ്ങുന്ന ആ വലിയ മനുഷ്യന്റെ പിറകെ ഓടിച്ചെന്ന് കാറിലെ കൊടിയൂരി മക്കളെ ഏല്‍പിച്ച് നെഞ്ചില്‍ കൊണ്ടുനടക്കണമിതെന്ന് വസിയത്ത് ചെയ്ത പിതാക്കന്മാരാണ് മുസ്‌ലിംലീഗിന്റെ അസ്സല്‍ പോരാളികള്‍. ഗ്രാമങ്ങളില്‍ സംഘടനക്ക് അസ്തിവാരമൊരുക്കിയവര്‍. അന്നൊരു പഞ്ചായത്ത് മെമ്പര്‍ പദവി പോലും പ്രതീക്ഷിക്കാനില്ലായിരുന്നു. പകരമുള്ളത് ജന്മിയുടെ കുടിയിറക്കും മര്‍ദനവും പൊലീസും കേസും.
അതിന്റെ വരുംവരായ്കകള്‍ ഗൗനിക്കാതെ പച്ചക്കൊടിയേന്തിയ ധീരന്മാരുടെ സഹനവും സമര്‍പ്പണവുമാണ് നൂറ്റാണ്ടുകളായി അവഗണിക്കപ്പെട്ട ഒരു ജനതയെ രാജ്യത്തിന്റെ മുഖ്യധാരയിലേക്കും പരിഗണനയുടെ വെളിച്ചത്തിലേക്കും അന്തസ്സുറ്റ ജീവിതത്തിലേക്കും നയിച്ചതെന്നു ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് ദേശീയ കാര്യ സമിതി ചെയര്‍മാന്‍കൂടിയായ മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു:
”ഈ പാട്ടില്‍ പറയുന്ന ഒ.കെ മുഹമ്മദ് കുഞ്ഞി സാഹിബിനെ ഞാന്‍ കുട്ടിക്കാലം മുതല്‍ കാണുന്നുണ്ട്. 1950കളില്‍ തന്നെ കണ്ണൂര്‍ ഭാഗത്തേക്കു ബാപ്പയെ ക്ഷണിക്കാനും കൂട്ടിക്കൊണ്ടു പോകാനും വരും. കറുത്ത തൊപ്പി, ഷാള്‍, ഒരു ബാഗുമുണ്ടാകും. അദ്ദേഹം കേരളത്തില്‍ മുസ്‌ലിംലീഗിന്റെ സ്ഥാപക നേതാക്കളില്‍പ്പെട്ടവരാണെന്ന് പിന്നെയും കുറെ കാലം കഴിഞ്ഞാണു മനസ്സിലാക്കുന്നത്. വടക്കേമലബാറില്‍ ആദ്യകാലത്ത് പാര്‍ട്ടിക്കുവേണ്ടി അത്രയേറെ പ്രസംഗിച്ചവരുണ്ടാകില്ല. ഒടുവില്‍ ശബ്ദം തന്നെ നഷ്ടപ്പെട്ടു. എന്നിട്ടും കഴുത്തിലൊരു ഉപകരണം വെച്ച് അടഞ്ഞുപോയ ഒച്ചയില്‍ പ്രസംഗിച്ചു നടന്നു. തനിക്കുള്ളതെല്ലാം സമുദായത്തിനും നാടിനും പാര്‍ട്ടിക്കും നല്‍കി.
മഞ്ചേരിയിലെ ഹസ്സന്‍കുട്ടി കുരിക്കള്‍ ഏറനാട് താലൂക്ക് സെക്രട്ടറിയായിരുന്നു. ആരോഗ്യവും സമ്പത്തും തന്ത്രവുമെല്ലാം പാര്‍ടിക്കായി പയറ്റി. വലിയ ധൈര്യശാലി. മലപ്പുറത്ത് 1950ല്‍ കൊയപ്പത്തൊടി അഹമ്മദ്കുട്ടി ഹാജി മരണപ്പെട്ട ഉപതെരഞ്ഞെടുപ്പില്‍ മദിരാശി അസംബ്ലിയിലേക്ക് സ്ഥാനാര്‍ത്ഥിയാവാന്‍ ലീഗിനു ആരെയും കിട്ടുന്നില്ല. ഹൈദരാബാദ് ആക്ഷനും അറസ്റ്റുമൊക്കെ കഴിഞ്ഞ ഉടനെയാണ്. ബാപ്പയും കുരിക്കളും എന്‍.വി അബ്ദുസ്സലാം മൗലവിയും പാലക്കാട്ടെ ഹനീഫ ഹാജി (ഇ.എസ്.എം)യുമൊക്കെ ജയിലില്‍ കിടന്നവരാണ്. മുസ്‌ലിംലീഗില്‍ പ്രവര്‍ത്തിച്ചതിനാണ് പിടിച്ചുകൊണ്ടുപോയത്. ആ പേടി എല്ലാവര്‍ക്കുമുണ്ട്. അതുകൊണ്ട് സ്ഥാനാര്‍ത്ഥിയെ ആവശ്യമുണ്ട് എന്ന് പത്രത്തില്‍ പരസ്യം കൊടുത്തിട്ടുപോലും ആരും വന്നില്ല. ഒടുവില്‍ കെ.എം സീതി സാഹിബും ബാഫഖി തങ്ങളും ബാപ്പ (പൂക്കോയ തങ്ങള്‍)യുമൊക്കെ പറഞ്ഞ് നിര്‍ബന്ധിച്ചാണ് ഹസ്സന്‍കുട്ടി കുരിക്കളെ നിര്‍ത്തിയത്. എം.കെ ഹാജിയും ചാക്കീരി അഹമ്മദ്കുട്ടിയും പെരൂല്‍ അഹമ്മദ് സാഹിബുമെല്ലാമാണ് പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. നല്ല ഭൂരിപക്ഷത്തിനു കുരിക്കള്‍ ജയിക്കുകയും ചെയ്തു. അതോടെയാണ് മലബാറില്‍ പാര്‍ട്ടി ഉണര്‍ന്നത്. അന്നത്തെ കാര്യമൊക്കെ പറഞ്ഞു കേട്ടതാണ്. ഹസ്സന്‍കുട്ടി കുരിക്കള്‍ പിന്നീട് കൊടപ്പനക്കല്‍ ബാപ്പയെ കാണാന്‍ വരുമ്പോഴൊക്കെ അന്നത്തെ കാര്യങ്ങള്‍ പറഞ്ഞുതരാറുണ്ട്. മഞ്ചേരിയില്‍ പാലാഴി അബൂബക്കര്‍ എന്നൊരു പ്രവര്‍ത്തകനുണ്ടായിരുന്നു. പള്ളിക്കമ്മിറ്റിയിലും അമ്പലത്തിലെ ഘോഷയാത്രക്കും ലീഗിന്റെ ജാഥക്കും ഒരേപോലെ മുന്നിലുണ്ടാകും. നാട്ടിലെ എല്ലാ വിഭാഗങ്ങള്‍ക്കും സ്വീകാര്യനായിരുന്നു സാധാരണക്കാരനായ ഈ ലീഗ് പ്രവര്‍ത്തകന്‍. തൃശൂരിലെ നാട്ടിക അബ്ദുല്‍ മജീദ് സാഹിബ് മുസ്‌ലിംലീഗിന്റെ ഓര്‍ഗനൈസറായി നടന്ന നേതാവാണ്. നല്ല വാഗ്മി. ജനസേവനത്തിനുള്ള എല്ലാ രേഖയും കടലാസും ബാഗിലുണ്ടാകും.
വയനാട്ടിലെ എസ്.ടി.യു നേതാവായിരുന്ന മുഹമ്മദ്കുഞ്ഞി സാഹിബ് പട്ടിണി കിടന്നു പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിച്ച വ്യക്തിയാണ്. കുറുവ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന പാങ്ങിലെ പി.കെ ബാപ്പുട്ടി സാഹിബ് നാട്ടുകാര്‍ക്കു വേണ്ടി ജീവിച്ചു. രാഷ്ട്രീയ പ്രേരിതമായി നല്‍കിയ കേസില്‍ കോഴിക്കോട് കോടതിയില്‍വെച്ച് എതിരാളികളുടെ കുത്തേറ്റു മരിക്കുകയായിരുന്നു. ‘മലപ്പുറം ജില്ല’ എന്ന ആശയം അദ്ദേഹമാണ് ആദ്യം പ്രമേയമായി കൊണ്ടുവന്നത്.
ചില പേരുകള്‍ ഓര്‍മയില്‍വന്നതാണ്. ഇങ്ങനെ ഒരുപാട് അടുപ്പമുള്ളവരുണ്ട്. ഇതു പറയാന്‍ കാരണം പല ശൈലിയിലുമുള്ള പ്രവര്‍ത്തകരും ഇടത്തരം നേതാക്കളും ഓരോ നാട്ടിലും പാര്‍ട്ടിക്കുണ്ടായി. അങ്ങനെയുള്ള ആയിരക്കണക്കിനു പേര്‍ സംഘടനക്കു വേണ്ടി സഹിച്ച കഷ്ടപ്പാടുകളുടെ നേട്ടമാണ് ഇന്നു കാണുന്നതെല്ലാം.
ഭാഷാ സമരത്തില്‍ മരണപ്പെട്ട മജീദ്, റഹ്മാന്‍, കുഞ്ഞിപ്പ എന്നിവരെപോലെ എത്രയോ പേര്‍ പാര്‍ട്ടിക്കുവേണ്ടി രക്തസാക്ഷികളായി. അവരില്‍ ചിലര്‍ വളരെ ചെറുപ്രായമുള്ള യുവാക്കളായിരുന്നു. പലരും കുടുംബനാഥന്‍മാരായിരുന്നു. മാതാപിതാക്കളുടെയും കൂടപ്പിറപ്പുകളുടെയും ആശ്രയമായിരുന്നു. നമ്മുടെ ഈ പതാക ഉയര്‍ത്തിപ്പിടിക്കാനാണ് അവര്‍ ജീവന്‍ വെടിഞ്ഞത്. ഒരിക്കലും മറക്കാനാവില്ല. അങ്ങനെ തന്നെ എത്രയോ നേതാക്കന്മാര്‍ ഈ സംഘടനക്കായി ആരോഗ്യവും ആയുസ്സും കൊടുത്തു ചരിത്രത്തിന്റെ ഭാഗമായി. അവരെല്ലാം നമ്മുടെ പ്രാര്‍ത്ഥനയിലുണ്ടാവണം.
ഇന്നു ലക്ഷക്കണക്കിനു പ്രവര്‍ത്തകര്‍ മുസ്‌ലിംലീഗിനെ ശക്തിപ്പെടുത്താനുള്ള പോരാട്ടത്തിലാണ്. നാട്ടിലും പ്രവാസ ലോകത്തുമെല്ലാം സംഘടനയുടെ സന്ദേശം പ്രചരിപ്പിച്ചും അതിന്റെ വളര്‍ച്ചക്കായി ജീവിതത്തിന്റെ വലിയൊരു പങ്ക് നല്‍കിയും കഴിയുന്നു നമ്മുടെ കര്‍മഭടന്മാര്‍.
ഭയപ്പെട്ടു നില്‍ക്കുന്ന ഒരു ജനസമൂഹത്തിന് ആശ്വാസവും ആത്മധൈര്യവും അഭിമാനവും പകരുകയായിരുന്നു ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗിന്റെ ആദ്യ ദൗത്യം. വര്‍ഗീയ കലാപങ്ങളും അക്രമങ്ങളും ദുര്‍ബല ജനവിഭാഗങ്ങളെ തകര്‍ത്തുകൊണ്ടിരിക്കുകയായിരുന്നു. അതിലേക്കാണ് പ്രതീക്ഷയുടെ പതാകയുമേന്തി ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബ് ‘അഭിമാനകരമായ അസ്തിത്വം’ എന്ന മുദ്രാവാക്യവുമായി വന്നത്.
കെ.എം സീതി സാഹിബ്, സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍, പി.എം.എസ്.എ പൂക്കോയ തങ്ങള്‍, ബി. പോക്കര്‍ സാഹിബ്, കെ. ഉപ്പി സാഹിബ്, കെ.എം മൗലവി, സി.എച്ച് മുഹമ്മദ്‌കോയ സാഹിബ്, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, ഇബ്രാഹിം സുലൈമാന്‍ സേട്ട് സാഹിബ്, ജി.എം ബനാത്ത്‌വാല സാഹിബ്, ഇ. അഹമ്മദ് സാഹിബ് തുടങ്ങി പല കാലഘട്ടങ്ങളിലായി സംഘടനക്കു നേതൃത്വം കൊടുത്തവര്‍ മഹത്തായ ലക്ഷ്യത്തിലേക്കു നമ്മെ നയിച്ചു.
മുസ്‌ലിംലീഗ് സംഘടിപ്പിക്കാന്‍ കേരളമെങ്ങും വിശ്രമമില്ലാതെ പ്രസംഗിച്ചുകൊണ്ടിരുന്ന പ്രമുഖ വാഗ്മിയും പണ്ഡിതനുമായ കെ.സി അബൂബക്കര്‍ മൗലവിയെ കാണാനും അദ്ദേഹത്തിനു കെ.എം.സി.സിയുടെ അവാര്‍ഡ് കൊടുക്കാനുമായി ഒരിക്കല്‍ അരീക്കോട്ടെ വീട്ടില്‍ ചെന്നു. റഹീം മേച്ചേരി, പുത്തൂര്‍ റഹ്മാന്‍, പി.വി മുഹമ്മദ് അരീക്കോട്, വണ്ടൂര്‍ ഹൈദരലി എന്നിവരൊക്കെയുണ്ട്. ‘ഒരു പഞ്ചായത്ത് മെമ്പര്‍പോലും ആകാമെന്ന് കരുതി ആരും മുസ്‌ലിംലീഗില്‍ ചേരേണ്ട’ എന്നു പറഞ്ഞിരുന്ന കാലത്തെകുറിച്ച് കെ.സി ഓര്‍മിപ്പിച്ചു. എന്നിട്ടു പറഞ്ഞു. അതൊക്കെ പോയി. മുഖ്യമന്ത്രിവരെ ആയില്ലേ മുസ്‌ലിംലീഗ്. ഇനി കേന്ദ്രത്തിലും ഒരു മന്ത്രി മുസ്‌ലിംലീഗിനുണ്ടായി കണ്ടിട്ട് മരിച്ചാല്‍മതി എന്ന്. കേന്ദ്രമന്ത്രിയായ ശേഷം ഇ. അഹമ്മദ് സാഹിബ് കെ.സി അബൂബക്കര്‍ മൗലവിയെ പോയി കണ്ടപ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാനാവാത്തതായിരുന്നു. അത് നമ്മള്‍ ഈ 73 വര്‍ഷത്തിനിടയില്‍ ജനങ്ങള്‍ക്കിടയിലുണ്ടാക്കിയ സ്വീകാര്യതയുടെ ബഹുമതിയാണ്. കോണ്‍ഗ്രസ് മാത്രമല്ല, കമ്യൂണിസ്റ്റുകാരും മുസ്‌ലിംലീഗിനെ അംഗീകരിച്ചു. ഒരുമിച്ചു ഭരിച്ചു. മുസ്‌ലിംലീഗിന്റെ നയവും നിലപാടും ജനാധിപത്യത്തിനും മതേതരത്വത്തിനും ബലം നല്‍കുന്നതാണെന്ന് അവര്‍ക്കു ബോധ്യമുള്ളതുകൊണ്ടാണ്.
മുസ്‌ലിംലീഗിനു ശക്തിയുള്ള ഒരു പ്രദേശത്തും വര്‍ഗീയമായ ചേരിതിരിവുണ്ടാകില്ല. മതമൈത്രി കാത്തുസൂക്ഷിക്കുന്നു. ഫാസിസത്തിനും അക്രമരാഷ്ട്രീയത്തിനും അഴിമതിക്കും ജീര്‍ണതകള്‍ക്കുമെതിരെ മുസ്‌ലിംലീഗ് പൊരുതുന്നു. രാജ്യക്ഷേമത്തിനുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നു. വിദ്യാഭ്യാസ, സാമൂഹിക രംഗത്തെല്ലാം വമ്പിച്ച പുരോഗതിക്കു മുസ്‌ലിംലീഗ് മുന്നില്‍നിന്നു. മാറ്റിനിര്‍ത്തപ്പെട്ട ജനങ്ങളുടെ ക്ഷേമത്തിനു പ്രവര്‍ത്തിച്ചു. ഒരാള്‍ പ്രയാസപ്പെടുന്നുണ്ടെങ്കില്‍ അവിടെ മുസ്‌ലിംലീഗ് ഓടിയെത്തി.
വീട് നിര്‍മാണം (ബൈത്തുറഹ്മ), ചികിത്സാ സഹായം (സി.എച്ച് സെന്റര്‍), സന്നദ്ധ സേവനം (കെ.എം.സി.സി, വൈറ്റ് ഗാര്‍ഡ്), വിദ്യാഭ്യാസ, നിയമ സഹായം, മറ്റു റിലീഫ് പ്രവര്‍ത്തനങ്ങള്‍ (ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍) തുടങ്ങി എല്ലാ രംഗത്തും മുസ്‌ലിംലീഗുണ്ട്. കലാപങ്ങള്‍ക്ക് ഇരയായവരെ ആശ്വസിപ്പിക്കാനും അവരുടെ പുനരധിവാസത്തിനും മുസ്‌ലിംലീഗ് പ്രയത്‌നിക്കുന്നു. നിയമനിര്‍മാണരംഗത്തും ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കുന്നു. തെരഞ്ഞെടുപ്പുകളില്‍ മികച്ച മുന്നേറ്റമാണ്. രാഷ്ട്രീയത്തിലെ ജയപരാജയങ്ങള്‍ സ്വാധീനിക്കാത്ത സേവനരംഗമാണ് മുസ്‌ലിംലീഗിന്റേത്.”
ഒരു വിത്തില്‍നിന്ന് നാടിനാകെ തണല്‍ നല്‍കുന്ന വന്‍വൃക്ഷത്തിലേക്കുള്ള മുസ്‌ലിംലീഗിന്റെ വളര്‍ച്ചാഘട്ടങ്ങളെ ഹൃദയത്തില്‍ തൊട്ടുപറയാനാവും സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക്. മുസ്‌ലിംലീഗ് ഉപേക്ഷിക്കണമെന്ന അധികൃതരുടെ കല്‍പന നിരസിച്ചതിന് ജയില്‍ശിക്ഷ ഏറ്റുവാങ്ങേണ്ടിവന്ന പൂക്കോയ തങ്ങള്‍ എന്ന ധീരനേതാവിന്റെ പുത്രന്. 1948 സെപ്തംബറിലെ ഒരു സുബ്ഹിയില്‍ കൊടപ്പനക്കല്‍ വീട്ടില്‍നിന്നു പൊലീസ് വാനില്‍ കയറ്റി രാഷ്ട്രീയത്തടവുകാരനായി പൂക്കോയ തങ്ങളെ കൊണ്ടുപോകുന്നനേരം, എഴുന്നേറ്റിരിക്കാന്‍പോലുമാവാതെ മാരകരോഗത്താല്‍ പുളയുന്ന ഉമ്മയ്ക്കരികിലെ ഒരു വയസ്സുള്ള കുഞ്ഞിന്റെ പേരാണ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. ഇന്നു കാണുന്ന സംഘടനാ വളര്‍ച്ചയുടെ പൂര്‍ണത വിളയിക്കാന്‍ വേദന വരിച്ച നാമങ്ങളിലൊന്ന്.