Connect with us

Culture

കെ.എ.എസ് സംവരണം മുസ്‌ലിംലീഗിന്റെ പോരാട്ട വിജയം

Published

on


ഫിര്‍ദൗസ് കായല്‍പ്പുറം
തിരുവനന്തപുരം: കേരളത്തിലെ പിന്നാക്ക, ന്യൂനപക്ഷ, ദലിത് സമൂഹങ്ങളുടെ അവകാശ സമരപോരാട്ടങ്ങളില്‍ എല്ലാക്കാലത്തും മുസ്‌ലിം ലീഗിന് കാര്യമായ റോളുണ്ട്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസില്‍ (കെ.എ.എസ്) മൂന്നു സ്ട്രീമുകള്‍ക്കും സംവരണം ബാധകമാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനം. വരും തലമുറയുടെ അവകാശമാണ് കെ.എ.എസിലെ ചട്ടഭേദഗതിയിലൂടെ നേടിയെടുത്തത്.
സംവരണം ഔദാര്യമല്ല, അവകാശമാണെന്ന ബോധത്തിലേക്ക് ന്യൂനപക്ഷ, പിന്നാക്ക, ദലിത് വിഭാഗങ്ങളെ പാകമാക്കുന്നതില്‍ മുസ്‌ലിം ലീഗ് വഹിച്ച പങ്ക് വിസ്മരിക്കാനാവില്ല. എഴുപത്തിരണ്ട് സംവത്സരങ്ങള്‍ പിന്നിടുന്ന സമ്പന്നമായൊരു രാഷ്ട്രീയ ചരിത്രമുണ്ടതിന്. സംവരണത്തിന്റെ ചരിത്രവും വര്‍ത്തമാനവും പരിശോധിക്കുമ്പോള്‍ അത് ബോധ്യമാവുകതന്നെ ചെയ്യും.
ചട്ടം ഭേദഗതി ചെയ്യാതെ കെ.എ.എസ് നടപ്പിലാക്കിയിരുന്നെങ്കില്‍ മുസ്‌ലിം, ക്രൈസ്തവ, ഈഴവ, ദലിത്, മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്ക് കെ.എ.എസിലൂടെ കനത്ത സംവരണ നഷ്ടം ഉണ്ടാകുമായിരുന്നു. കേരള നിയമസഭയില്‍ ഈ വിഷയം ആദ്യമായി ഉന്നയിച്ചത് 2018 ജനുവരി 30ന് ടി.വി ഇബ്രാഹിം എം.എല്‍.എയാണ്. നന്ദിപ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവെ അദ്ദേഹം കെ.എ.എസിലെ അപകടക്കെണി ചൂണ്ടിക്കാട്ടി. പിന്നീട് 2018 മാര്‍ച്ച് 15ന് കെ.എ.എസ് അമെന്റ്‌മെന്റ് ബില്ലിന്റെ ചര്‍ച്ചയില്‍ പങ്കെടുത്ത മുസ്‌ലിം ലീഗ് എം.എല്‍.എമാര്‍ ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് നിയസഭയില്‍ പ്രഖ്യാപിച്ചു. മുസ്‌ലിം ലീഗിലെ ഡോ.എം.കെ മുനീര്‍, ടി.വി ഇബ്രാഹിം, പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍, എം. ഉമ്മര്‍, അഡ്വ.എന്‍ ഷംസുദ്ദീന്‍, പി. ഉബൈദുള്ള എന്നിവരാണ് ബില്ലില്‍ ഏറ്റവും കൂടുതല്‍ ഭേദഗതി നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചത്. 28 ഭേദഗതികളാണ് നിര്‍ദേശിച്ചത്. രണ്ട് ഭേദഗതികള്‍ അംഗീകരിക്കുകയും ചെയ്തു. നിര്‍ണായകമായ ഒരു ബില്ല് നിയമസഭയില്‍ വന്നപ്പോള്‍ മുസ്‌ലിം ലീഗിന് പുറമെ വി.ടി ബലറാം മാത്രമാണ് ഭേദഗതി നിര്‍ദേശം മുന്നോട്ടുവെച്ചത്. ഇടതുപക്ഷത്തെ എല്ലാ അംഗങ്ങളും ഈ ഘട്ടത്തില്‍ നിശബ്ദരായിരുന്നത് വിചിത്രമായ കാഴ്ചയായി.
ഐ.എ.എസ് പോലെ ഉന്നതമായ കേഡര്‍ തസ്തികകള്‍ ഉള്‍പെടുന്ന കെ.എ.എസില്‍ സംവരണം നിഷേധിക്കാന്‍ ആസൂത്രിതമായ നീക്കമാണ് ഇടത് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്. ‘ഒരിക്കല്‍ സംവരണത്തിന്റെ ആനുകൂല്യം നേടി സര്‍വീസില്‍ ചേര്‍ന്നവര്‍ക്ക് പിന്നെന്തിനാണ് സംവരണം’? എന്ന മറുചോദ്യം ഉന്നയിച്ചാണ് കെ.എ.എസില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ ചതിക്കുഴി തോണ്ടിയത്. ആദ്യത്തെ സ്ട്രീമില്‍ മാത്രം സംവരണം നല്‍കാമെന്ന ‘ഔദാര്യ’വും സര്‍ക്കാര്‍ മുന്നോട്ടുവെച്ചു. എന്നാല്‍ രണ്ട്, മൂന്ന് സ്ട്രീമുകളില്‍ സംവരണം നല്‍കിയേ മതിയാവൂ എന്ന ഉറച്ചനിലപാടുമായി മുസ്‌ലിം ലീഗും പോഷകസംഘടനകളും സമരരംഗത്തിറങ്ങി.
2018 ജനുവരി 31ന് യൂത്ത്‌ലീഗ് സെക്രട്ടറിയേറ്റിന് മുന്നില്‍ സംവരണ അട്ടിമറിക്കെതിരെ ധര്‍ണ സംഘടിപ്പിച്ചു. ഇത് വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. മുസ്‌ലിം ലീഗിന് പുറമെ ദലിത് സംഘടനകളുടെ പ്രമുഖ നേതാക്കള്‍ സെക്രട്ടറിയേറ്റിന് മുന്നിലെത്തി അഭിവാദ്യമര്‍പ്പിച്ചു. ഫെബ്രുവരി ഒന്‍പതിന് സംസ്ഥാന വ്യാപകമായി നിശാസമരങ്ങളും സംഘടിപ്പിച്ചു.
ഇതിനിടെ കെ.എ.എസിലെ മൂന്ന് സ്ട്രീമുകളിലും സംവരണം നടപ്പിലാക്കണമെന്നു കാട്ടി 2018 മെയ് മാസത്തില്‍ നിയമവകുപ്പ് സെക്രട്ടറി നല്‍കിയ റിപ്പോര്‍ട്ട് തള്ളിയ മുഖ്യമന്ത്രിയുടെ നടപടി ചന്ദ്രിക വളരെ പ്രാധാന്യത്തോടെ വെളിച്ചത്തുകൊണ്ടുവന്നു. മുഖ്യമന്ത്രി സ്വീകരിച്ചതാകട്ടെ സംവരണം നല്‍കേണ്ടതില്ലെന്ന അഡ്വക്കേറ്റ് ജനറലിന്റെ റിപ്പോര്‍ട്ടായിരുന്നു. ഇതോടെയാണ് മുസ്‌ലിം ലീഗ് സമരം ശക്തമാക്കിയത്. മുഖ്യമന്ത്രിയെ നേരില്‍ക്കണ്ട് മുസ്‌ലിം ലീഗ് നേതാക്കള്‍ നിവേദനം നല്‍കി.
പിന്നീട് മുസ്‌ലിം ലീഗ് കോഴിക്കോട് മുസ്‌ലിം സംഘടനകളുടെ യോഗം വിളിച്ചു ചേര്‍ത്തു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ, കേരള നദ്‌വത്തുല്‍ മുജാഹിദീന്‍, ജമാഅത്തെ ഇസ്‌ലാമി, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ, എം.ഇ.എസ്, എം.എസ്.എസ് തുടങ്ങിയ സംഘടനകള്‍ പങ്കെടുത്ത യോഗം സര്‍ക്കാരിനെതിരെ പ്രക്ഷോഭം പ്രഖ്യാപിക്കുകയും അതിനു മുന്നോടിയായി മുഖ്യമന്ത്രിയെ നേരില്‍ കാണാനും തീരുമാനിച്ചു. പി.കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ മത നേതാക്കള്‍ അടങ്ങിയ സംഘം മുഖ്യമന്ത്രിയെ നേരില്‍ കണ്ട് നിവേദനം നല്‍കി.
എന്നാല്‍ ഓരോ ഘട്ടത്തിലും സര്‍ക്കാര്‍, പ്രത്യേകിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ കെ.എ.എസിലെ സംവരണ വിഷയത്തെ നിസാരവല്‍ക്കരിക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. എന്നാല്‍ ശബരിമല പ്രശ്‌നവുമായി ബന്ധപ്പെട്ട് നിയമസഭാ നടപടികള്‍ തടപ്പെടുകയായിരുന്നു. തുടര്‍ന്ന് സംവരണം നിഷേധിക്കുന്ന സാഹചര്യമുണ്ടായാല്‍ ശക്തമായ പ്രക്ഷോഭത്തിന് പാര്‍ട്ടി നേതൃത്വം നല്‍കുമെന്ന് ടി.എ അഹമ്മദ് കബീര്‍ സര്‍ക്കാരിനെ അറിയിച്ചു. തുടര്‍ന്ന് മുസ്‌ലിം ലീഗും മുസ്‌ലിം യൂത്ത് ലീഗും നേതൃത്വം നല്‍കി നിരവധി പ്രക്ഷോഭങ്ങളാണ് സംഘടിപ്പിച്ചത്. ഒടുവില്‍ സര്‍ക്കാരിന് നിലപാട് തിരുത്തേണ്ടിവന്നു. സ്ട്രീം രണ്ടിലും മൂന്നിലും സംവരണം ലഭിക്കാത്ത സാഹചര്യമുണ്ടായാല്‍ ആകെ തസ്തികകളുടെ മൂന്നിലൊന്ന് അവസരം സംവരണ സമുദായങ്ങള്‍ക്ക് നഷ്ടമാകുമായിരുന്നു. അത്രത്തോളം ഗുരുതരമായ സാമൂഹ്യനീതി നിഷേധത്തിനെതിരെയാണ് മുസ്‌ലിം ലീഗ് നേതൃത്വം നിലകൊണ്ടത് എന്നത് എക്കാലവും അഭിമാനിക്കാവുന്നതാണ്.

Film

‘തെക്ക് വടക്ക്’ ഒടിടിയിലേക്ക്

മനോരമ മാക്സിലൂടെയാണ് തെക്ക് വടക്ക് ഒടിടിയിലെത്തുന്നത്

Published

on

മലയാളത്തിലെ പ്രിയ താരങ്ങളായ വിനായകൻ, സുരാജ് വെഞ്ഞാറമ്മൂട് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിൽ എത്തിയ ചിത്രം തെക്ക് വടക്ക് ഒടിടിയിലേക്ക്. പ്രേം ശങ്കർ സംവിധാനം നിർവഹിച്ച ചിത്രത്തിന് തീയേറ്ററുകളിൽ മികച്ച പ്രതികരണം ലഭിച്ചിരുന്നു. മധ്യവയസ്ക്കരായ കഥാപാത്രങ്ങാളായാണ് വിനായകനും സുരാജും ചിത്രത്തിലെത്തിയത്. റിലീസായി മാസങ്ങൾക്ക് ശേഷമാണ് തെക്ക് വടക്ക് ഒടിടിയിൽ പ്രദർശനത്തിനൊരുങ്ങുകയാണ്.

സുരാജ് വെഞ്ഞാറമ്മൂടും വിനായകനും ആദ്യമായി നായകരായി ഒന്നിക്കുന്ന സിനിമയാണ് തെക്ക് വടക്ക്. കോമഡിക്ക് പ്രാധാന്യം നൽകി ഒരുക്കിയ ചിത്രം തിയേറ്ററിൽ മിശ്ര പ്രതികരണം നേടിയിരുന്നു. എസ്. ഹരീഷ് എഴുതിയ “രാത്രി കാവൽ” എന്ന കഥയെ ആസ്പദമാക്കിയാണ് തെക്ക് വടക്ക് ഒരുക്കിയത്. ഹരീഷ് തന്നെയാണ് സിനിമയുടെയും രചന. അൻജന ഫിലിപ്പും വി.എ ശ്രീകുമാറും, അൻജന തിയറ്റേഴ്സിന്റെയും വാർസ് സ്റ്റുഡിയോസിന്റെയും ബാനറിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

മെൽവിൻ ബാബു, ഷമീർ ഖാൻ, കോട്ടയം രമേഷ്, മെറിൻ ജോസ്, വിനീത് വിശ്വം, ബാലൻ പാലക്കൽ എന്നിവരുൾപ്പെടെ നൂറോളം പേർ ചെറുതും വലുതുമായ വേഷങ്ങളിൽ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സാം സി. എസ് സംഗീതവും, സുരേഷ് രാജൻ ഛായാഗ്രഹണവും, കിരൺ ദാസ് എഡിറ്റിങും നിർവഹിക്കുന്നു. മനോരമ മാക്സിലൂടെയാണ് തെക്ക് വടക്ക് ഒടിടിയിലെത്തുന്നത്. ചിത്രം ഉടൻ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് വിവരം.

Continue Reading

Film

‘പ്രേക്ഷകർ തലവേദനയെടുത്ത് ഇറങ്ങിപ്പോയാൽ ചിത്രത്തിന് റിപീറ്റ്‌ വാല്യൂ കിട്ടില്ല’; റസൂൽ പൂക്കുട്ടി

നമ്മുടെ ജനപ്രിയ സിനിമകളിലൊന്നിന്റെ സൗണ്ടിനെക്കുറിച്ചുള്ള റിവ്യൂ കാണുമ്പോൾ നിരാശയുണ്ട് എന്ന് റസൂൽ പൂക്കുട്ടി പറയുന്നു

Published

on

തമിഴ് സൂപ്പർ താരം സൂര്യ ഇരട്ട വേഷത്തിലെത്തിയ ചിത്രം കങ്കുവ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. സിരുത്തൈ ശിവ സംവിധാനം ചെയ്ത സിനിമയ്ക്ക് സമ്മിശ്ര പ്രതികരണം മാത്രമാണ് ലഭിക്കുന്നത്. സിനിമയിലെ ശബ്ദ മിശ്രണത്തിനും പശ്ചാത്തല സംഗീതത്തിനും പല കോണുകളിൽ നിന്ന് വിമർശനം നേരിടുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി നടത്തിയ പ്രതികരണം ഏറെ ശ്രദ്ധ നേടുകയാണ്.

നമ്മുടെ ജനപ്രിയ സിനിമകളിലൊന്നിന്റെ സൗണ്ടിനെക്കുറിച്ചുള്ള റിവ്യൂ കാണുമ്പോൾ നിരാശയുണ്ട് എന്ന് റസൂൽ പൂക്കുട്ടി പറയുന്നു. നമ്മുടെ കലാമികവ് ഈ ‘ലൗഡ്‌നെസ്സ് വാറിൽ’ കുരുങ്ങികിടക്കുകയാണ്. ഇതിൽ ആരെയാണ് പഴിക്കേണ്ടത്? ശബ്ദം ഒരുക്കിയ ആളെയോ? അതോ ഓരോരുത്തരുടെ അരക്ഷിതാബോധം പരിഹരിക്കുന്നതിന് അവസാന നിമിഷം കൊണ്ടുവരുന്ന തിരുത്തലുകളെയോ? ഈ പ്രശ്നങ്ങളെ ഉച്ചത്തിൽ തന്നെ അഭിസംബോധന ചെയ്യേണ്ടതുണ്ട്. പ്രേക്ഷകർ തലവേദനയെടുത്ത് ഇറങ്ങിപ്പോയാൽ ഒരു സിനിമയ്ക്കും റിപീറ്റ് വാല്യു ഉണ്ടാകില്ല എന്ന് റസൂൽ പൂക്കുട്ടി പറഞ്ഞു.

കങ്കുവയെക്കുറിച്ച് ഒരു ദേശീയ മാധ്യമത്തിൽ വന്ന റിവ്യൂ പങ്കുവെച്ചുകൊണ്ടാണ് റസൂൽ പൂക്കുട്ടി തന്റെ അഭിപ്രായം കുറിച്ചത്. ചിത്രം അമിതമായ ശബ്‍ദത്തിന്റെ പേരിൽ വിമർശിക്കപ്പെടുന്നതായാണ് റിവ്യൂവിൽ പറയുന്നത്. അമിത ശബ്ദത്തിലുള്ള ഡയലോഗുകളും സംഗീതവും പ്രേക്ഷകരിൽ മടുപ്പ് ഉളവാക്കുന്നതായും റിവ്യൂവിൽ പറയുന്നു.

Continue Reading

Film

ദുല്‍ഖറിനും 100 കോടി; ലക്കി ബാസ്‌ക്കര്‍ കുതിക്കുന്നു

തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളില്‍ റിലീസ് ചെയ്ത ചിത്രം എല്ലാ ഭാഷകളിലും സൂപ്പര്‍ ഹിറ്റായിക്കഴിഞ്ഞു.

Published

on

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രം ലക്കി ഭാസ്‌കര്‍ ആഗോള ഗ്രോസ് കളക്ഷന്‍ 100 കോടി കടന്ന് കുതിക്കുന്നു. റിലീസ് ചെയ്ത് മൂന്നാം വാരത്തിലും മെഗാ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായി പ്രദര്‍ശനം തുടരുകയാണ് ചിത്രം.

തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളില്‍ റിലീസ് ചെയ്ത ചിത്രം എല്ലാ ഭാഷകളിലും സൂപ്പര്‍ ഹിറ്റായിക്കഴിഞ്ഞു. ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഗ്രോസര്‍ ആയും ലക്കി ഭാസ്‌കര്‍ മാറി. ചിത്രത്തിലെ ദുല്‍ഖര്‍ സല്‍മാന്റെ പ്രകടനത്തിന് വലിയ പ്രശംസയാണ് പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍നിന്നും ലഭിക്കുന്നത്.

തെലുങ്കില്‍ ഹാട്രിക് ബ്ലോക്ക്ബസ്റ്റര്‍ എന്ന അപൂര്‍വ നേട്ടവും ഈ ചിത്രത്തിന്റെ വിജയത്തോടെ ദുല്‍ഖര്‍ സല്‍മാന്‍ സ്വന്തമാക്കി. കേരളത്തില്‍ 20 കോടി ഗ്രോസ് എന്ന നേട്ടം ലക്ഷ്യമാക്കി മുന്നേറുന്ന ചിത്രം കുടുംബ പ്രേക്ഷകരുടെ പിന്തുണയോടെയാണ് കുതിപ്പ് തുടരുന്നത്. കേരളത്തിലും ഗള്‍ഫിലും ചിത്രം വിതരണം ചെയ്തത് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ആണ്. ആവേശവും ആകാംക്ഷയും സമ്മാനിക്കുന്ന രീതിയില്‍ കഥപറയുന്ന ഈ ചിത്രത്തില്‍ കുടുംബ ബന്ധങ്ങളിലെ വൈകാരികതയ്ക്കും പ്രാധാന്യമുണ്ട്. മീനാക്ഷി ചൗധരിയാണ് ചിത്രത്തിലെ നായിക.

വെങ്കി അറ്റ്‌ലൂരി രചിച്ച് സംവിധാനം ചെയ്ത ഈ പിരീഡ് ഡ്രാമ ത്രില്ലര്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റര്‍ടൈന്‍മെന്റ്‌സും ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസും ചേര്‍ന്നാണ്. ചിത്രം അവതരിപ്പിച്ചിരിക്കുന്നത് ശ്രീകര സ്റ്റുഡിയോസ് ആണ്.

Continue Reading

Trending