Connect with us

More

മുഷീറുല്‍ ഹസന്‍: ഭരണകൂട ഭീകരതയെ ചെറുത്ത ചരിത്രകാരന്‍

Published

on

 

സലീല്‍ ചെമ്പയില്‍

(ദില്ലി ജാമിയ മില്ലിയ ഇസ്‌ലാമിയയില്‍
ഗവേഷണ വിദ്യാര്‍ത്ഥിയാണ് ലേഖകന്‍)

വര്‍ഗീയ വിദ്വേഷത്തിന്റെ ആസുരകാലത്ത് ഒരു ചിരാത് കൂടിയണത്തു. ദക്ഷിണേഷ്യന്‍ ചരിത്രരചനയിലെ അതികായനായ പ്രൊഫസര്‍ മുഷീറുല്‍ ഹസന്‍ മരണമടഞ്ഞു. നാലു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹരിയാനയിലെ മേവാത്തില്‍ വെച്ചുണ്ടായ കാറപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ വിയോഗം താങ്ങാവുന്നതിലുമപ്പുറമാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച ചരിത്രകാരില്‍ ഒരാള്‍, ജാമിയ മില്ലിയ ഇസ്‌ലാമിയ സര്‍വകലാശാലയില്‍ ദീര്‍ഘകാലം അധ്യാപകന്‍, 2004 2009 കാലയളവില്‍ യൂണിവേഴ്‌സിറ്റിയുടെ വൈസ് ചാന്‍സലര്‍, നാഷണല്‍ ആര്‍കൈവ്‌സ് ഡയറക്ടര്‍ ജനറല്‍, ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസ് അധ്യക്ഷന്‍, തുടങ്ങിയ ഒട്ടനേകം പദവികള്‍ വഹിച്ച അദ്ദേഹം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പിതൃതുല്യനായ ഒരു അധ്യാപകനായും സഹപ്രവര്‍ത്തകര്‍ക്കിടയില്‍ തങ്ങളുടെ സ്വകാര്യ അഹങ്കാരമായും അറിയപ്പെടും.
ജാമിയ മില്ലിയ്യ ഇസ്‌ലാമിയ ആയിരുന്നു പ്രൊഫസറുടെ പ്രവര്‍ത്തന വൈവിധ്യങ്ങളുടെ പ്രഭവകേന്ദ്രം. അധ്യാപകനായും ഒടുവില്‍ ജാമിയയുടെ തലവനായും തന്റെ അക്കാദമിക ജീവിതത്തിലെ വലിയൊരു ഭാഗം ചിലവഴിച്ചത് അവിടെതന്നെ. പുസ്തകങ്ങളിലൂടെയും മറ്റു രചനകളിലൂടെയും അതിപ്രശസ്തനായ, താര പ്രഭാവമുള്ള പ്രൊഫസറെ വിദ്യാര്‍ത്ഥികള്‍ അതിരറ്റ് ഇഷ്ടപ്പെട്ടതില്‍ അത്ഭുതമില്ല. വൈസ് ചാന്‍സലറായി അദ്ദേഹമിരുന്ന അഞ്ചുവര്‍ഷം (2004-2009) ജാമിയയുടെ സുവര്‍ണ്ണകാലഘട്ടമായി അക്ഷരാര്‍ത്ഥത്തില്‍, ഒട്ടും അതിശയോക്തിയില്ലാതെ തന്നെ, വിലയിരുത്താനാവും.
വിദ്യാര്‍ത്ഥി സംഘട്ടനങ്ങള്‍ കൊണ്ടും പ്രാദേശിക ഗ്രൂപ്പ് പോരുകള്‍ കൊണ്ടും കലുഷിതവും സംഘര്‍ഷഭരിതവുമായ കാലത്താണ് പ്രൊഫസര്‍ മുഷീര്‍ വിസിയായി സ്ഥാനമേല്‍ക്കുന്നത്. ആക്രമണോത്സുകമായ വിദ്യാര്‍ത്ഥി ഗ്രൂപ്പുകളുടെ നേരിട്ട് സംസാരിച്ച് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ അദ്ദേഹത്തിന് സാധിച്ചു. നിരന്തര സംഘര്‍ഷങ്ങള്‍ കാരണം അക്കാദമിക് വ്യവഹാരങ്ങള്‍ അസാധ്യമാക്കിയ ഒരു ഘട്ടത്തില്‍ ജാമിയ ദീര്‍ഘകാലം അടച്ചിടുകയും ഒടുവില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിക്കുകയും ചെയ്യേണ്ടിവന്നു. പക്ഷേ അതൊന്നും ജാമിയയുടെ അക്കാദമിക് അന്തരീക്ഷം മോശമാക്കാന്‍ അദ്ദേഹം അനുവദിച്ചില്ല. സാമൂഹികശാസ്ത്ര പഠനങ്ങളില്‍ വിശിഷ്യാ വൈവിധ്യമാര്‍ന്ന പുതിയ കോഴ്‌സുകള്‍ ജാമിയയില്‍ അദ്ദേഹം അവതരിപ്പിച്ചു. ഇന്റര്‍ ഡിസിപഌനറി കോഴ്‌സുകളുടെ ഒരു പുതിയ തരംഗം തന്നെ സൃഷ്ടിച്ചെടുത്തു. അന്ന് തുടങ്ങിയ പല കോഴ്‌സുകളും രാജ്യത്തെ തന്നെ ഏറ്റവും മികച്ച കോഴ്്‌സുകളാണ്. മൂന്നാംലോക പഠന അക്കാദമി, ഇന്ത്യ അറബ് സാംസ്‌കാരിക കേന്ദ്രം, നെല്‍സണ്‍ മണ്ടേല സെന്റര്‍ ഫോര്‍ പീസ് ആന്‍ഡ് കോണ്‍ഫ്‌ലിക്ട് സ്റ്റഡീസ്, കള്‍ച്ചര്‍ മീഡിയ ആന്‍ഡ് ഗവേണന്‍സ് സെന്റര്‍, കെ ആര്‍ നാരായണന്‍ സെന്റര്‍ ഫോര്‍ ദളിത് ആന്‍ഡ് മൈനോറിറ്റി സ്റ്റഡീസ് തുടങ്ങി നിരവധി സെന്ററുകള്‍ ജാമിയയില്‍ അദ്ദേഹം ആരംഭിച്ചു. ജാമിയയില്‍ പുതിയൊരു അക്കാദമിക് സംസ്‌കാരത്തിന്റെ പ്രൗഢമായ ചിഹ്നങ്ങളായി ഈ മിനാരങ്ങള്‍ ഉയര്‍ന്നുനില്‍ക്കുന്നു. പ്രമുഖമായ ഈ കേന്ദ്രങ്ങളെല്ലാം അദ്ദേഹം രൂപകല്‍പന ചെയ്തത് സ്വയംഭരണാവകാശമുള്ള സ്ഥാപനങ്ങളെ പോലെയാണ്. മറ്റു യൂനിവേഴ്‌സിറ്റികളുമായി അക്കാദമിക് പങ്കാളിത്തം സാധ്യമാകുന്ന രീതിയില്‍ സര്‍വകലാശാലയില്‍ അക്കാദമിക് അധികാര വികേന്ദ്രീകരണം എങ്ങനെ സാധ്യമാകുമെന്ന ഉദാഹരണങ്ങളുമായിരുന്നു ഇവ.
പഠനകേന്ദ്രങ്ങള്‍ തുടങ്ങിയതോടൊപ്പം തന്നെ ഏറ്റവും മികച്ച അധ്യാപകരെ രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് കണ്ടെടുത്ത് നിയമിക്കുവാനും അദ്ദേഹം അത്യുത്സാഹത്തോടെ പ്രവര്‍ത്തിച്ചു. നിരവധി മികച്ച അധ്യാപകരെ അദ്ദേഹം ജാമിയയിലേക്കെത്തിച്ചു. പീസ് ആന്‍ഡ് കോണ്‍ഫ്‌ലിക്റ്റ് സ്റ്റഡീസില്‍ പ്രൊഫസര്‍ രാധ കുമാര്‍, പിന്നീട് രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് കാശ്മീര്‍ സമാധാന പ്രവര്‍ത്തനങ്ങളുടെ മധ്യസ്ഥയായി നിയമിതയായി. മൂന്നാംലോക പഠന അക്കാദമിയുടെ വിസിറ്റിംഗ് പ്രൊഫസര്‍, വെസ്റ്റ് ഏഷ്യന്‍ സ്റ്റഡീസിന്റെ ഡയറക്ടര്‍ എന്നീ സ്ഥാനത്തു നിന്നാണ് ഡോക്ടര്‍ ഹാമിദ് അന്‍സാരി ഇന്ത്യയുടെ ഉപരാഷ്ട്രപതിയായി പോവുന്നത്. സെന്റര്‍ ഫോര്‍ വെസ്റ്റ് ഏഷ്യന്‍ സ്റ്റഡീസിലേക്ക് പ്രൊഫ. എകെ രാമകൃഷ്ണന്‍, ഇന്ത്യ അറബ് കള്‍ച്ചറല്‍ സെന്ററില്‍ പ്രൊഫ. എംഎച്ച് ഇല്യാസ്, ചിരിത്ര വിഭാഗത്തിലേക്ക് ഇന്ത്യന്‍ ഓഷ്യന്‍ സ്റ്റഡീസിലെ പ്രഗല്‍ഭയായ പ്രൊഫസര്‍ ലക്ഷ്മി സുബ്രഹ്മണ്യം, പ്രോ-വൈസ് ചാന്‍സലര്‍ കാലത്ത് മുകുള്‍ കേശവന്‍, യോഗീന്ദര്‍ സിക്കന്ത് തുടങ്ങിയവരും ജാമിയയില്‍ എത്തി. അദ്ദേഹത്തിന്റെ വൈസ് ചാന്‍സലര്‍ കാലഘട്ടത്തിലാണ് ഡോക്ടര്‍ തന്‍വീര്‍ ഫസല്‍, മനീഷ സേഥി തുടങ്ങിയ യുവ അക്കാദമികളുടെ നീണ്ടനിര ജാമിയയിലേ ബൗദ്ധിക സംവാദങ്ങളെ സമ്പന്നമാക്കിയത്. ചര്‍ച്ചകളും സംവാദങ്ങളും കൊണ്ട് ധന്യമായ ആ കാലഘട്ടം ഇന്ന് ജാമിയയുടെ നൊസ്റ്റാള്‍ജിയയുടെ ഭാഗമാണ്. മിക്ക പരിപാടികളിലും വൈസ് ചാന്‍സലര്‍ ഉണ്ടാവും, ചിലപ്പോള്‍ ഉദ്ഘാടകനായോ മറ്റ് ചിലപ്പോള്‍ മുഖ്യ പ്രഭാഷകനായിട്ടോ ആവുമത്. മിക്കവാറും ശ്രോതാക്കളുടെ ഇടയില്‍ ആണ് അദ്ദേഹത്തെ കാണാന്‍ സാധിക്കാറ്. ജാമിയയുടെ പ്രൗഡമായ ദേശീയ സമര ചരിത്രം വിസ്മരിച്ച് പോകാതിരിക്കുവാനും സ്ഥാപനത്തിന്റെ സ്ഥാപക ലക്ഷ്യങ്ങള്‍ സദാ ഉണര്‍ത്തുവാനും വേണ്ടി ജാമിയയുടെ കവാടങ്ങളേയും പൂന്തോട്ടങ്ങളേയും ചരിത്രപുരുഷന്മാരുടെയും വനിതകളുടയും പേരുചൊല്ലി വിളിച്ചു. അബുല്‍കലാം ആസാദും ഖുറത്തുല്‍ ഐന്‍ ഹൈദറും, മൗലാനാ മദനിയും ജാമിയയുടെ കവാടങ്ങളായി. ഗാന്ധിയും നെഹ്‌റുവും മൗലാനാ മുഹമ്മദലിയും നോം ചോംസ്‌ക്കിയും യാസര്‍ അറാഫത്തും എഡ്വേര്‍ഡ് സയെദും സെന്ററുകളായി. മീര്‍ തഖീ മീറും, മീര്‍ അനീസ് മീറും, ഗാലിബും, ഇഖ്ബാലും പൂന്തോട്ടങ്ങളായി ഇന്നും ജാമിയയില്‍ ജീവിക്കുന്നു.
2008ലെ ബട്‌ല ഹൗസ് വ്യാജ ഏറ്റുമുട്ടലും ശേഷമുയര്‍ന്ന പ്രതിഷേധങ്ങളുമാണ് മുഷീറുല്‍ ഹസന്‍ എന്ന സ്ഥാപനമേധാവിയെ പിതൃതുല്യനായ ഗുരുവര്യരാക്കി വിദ്യാര്‍ത്ഥി മനസുകളില്‍ സ്ഥിര പ്രതിഷ്ഠ നല്‍കിയത്. 2008 സെപ്റ്റംബര്‍ 19ന് വെള്ളിയാഴ്ച ജുമുഅ യുടെ സമയത്തുണ്ടായ വ്യാജ ഏറ്റുമുട്ടലില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെടുന്നു, രണ്ടുപേര്‍ അറസ്റ്റ് ചെയ്യപ്പെടുന്നു. ഭീതിതമായ അന്തരീക്ഷം മുഴുവന്‍ ജാമിയ നഗറിനേയും അക്ഷരാര്‍ത്ഥത്തില്‍ സ്തബ്ധമാക്കി. കൊല്ലപ്പെട്ടവര്‍ ജാമിയ വിദ്യാര്‍ത്ഥികളാണ് എന്നകാര്യത്തില്‍ ആദ്യ റിപ്പോര്‍ട്ടുകള്‍ കനത്ത ആശയക്കുഴപ്പം സൃഷ്ടിച്ചു. തൊട്ടടുത്ത ദിവസംതന്നെ വൈസ് ചാന്‍സലര്‍ ക്യാംപസിലെ അന്‍സാരി ഓഡിറ്റോറിയത്തില്‍ കലാലയ സമൂഹത്തെ അഭിസംബോധന ചെയ്യുന്നു, അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധം നടന്നത് വ്യാജഏറ്റുമുട്ടലാണന്ന് പ്രഖ്യാപിക്കുകയും, നിയമ സഹായ സെല്‍ രൂപീകരിക്കുകയും ചെയ്യുന്നു. തിങ്ങിനിറഞ്ഞ സദസ്സിനെ അഭിമുഖീകരിച്ച് കാര്യങ്ങള്‍ അദ്ദേഹം വിശദമാക്കി, ജാമിയ തന്റെ വിദ്യാര്‍ത്ഥികളുടെ മേലുള്ള ഉത്തരവാദത്തില്‍ നിന്ന് ഒഴിഞ്ഞുമാറില്ലെന്ന് ഉറപ്പു പറഞ്ഞു. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി ഈ സംഭവത്തെക്കുറിച്ച് നടത്തിയ പ്രസംഗം കുപ്രസിദ്ധമായിരുന്നു. ജാമിയയെ തീവ്രവാദി വളര്‍ത്തല്‍ കേന്ദ്രമായും വൈസ് ചാന്‍സലറെ അതിന്റെ പ്രധാന പരിശീലകനായും രാജ്യത്തെ സാധാരണക്കാരന്റെ നികുതിപ്പണം ഭീകരവാദികള്‍ക്ക് നിയമ സഹായം നല്‍കുന്നതിന് ദുരുപയോഗം ചെയ്യുന്നു എന്നും പറഞ്ഞു നരേന്ദ്രമോദി അലറി പ്രസംഗിക്കുന്നത് രാജ്യം കേട്ടു. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രധാനമന്ത്രിയെന്ന നിലയില്‍ നരേന്ദ്രമോദിയെ കോണ്‍വൊക്കേഷന്‍ ചടങ്ങിലേക്ക് കൊണ്ടുവരാന്‍ ജാമിയ അഡ്മിനിസ്‌ട്രേഷന്‍ ശ്രമിച്ചപ്പോള്‍, താങ്കളുടെ മുന്‍ നിലപാടില്‍ വല്ല മാറ്റവും വന്നിട്ടുണ്ടോ എന്ന് ജാമിയ സമൂഹം മോദിയോട് തിരിച്ചു ചോദിച്ചു. പ്രതിഷേധം ഭയന്നിട്ടോ അതോ നിലപാടില്‍ മാറ്റം ഇല്ലാത്തതിനാലോ പ്രധാനമന്ത്രി ജാമിയയിലേക്ക് വന്നില്ല.
മുഷീറുല്‍ ഹസന്റെ ഉറച്ച നിലപാടും ബട്‌ല ഹൗസ് കേസില്‍ അറസ്റ്റിലായവര്‍ക്ക് നല്‍കിയ നിയമസഹായവും അദ്ദേഹത്തിന് സര്‍വ്വകലാശാലാ സമൂഹത്തിനുമപ്പുറം പൊതുസമ്മതി നേടിക്കൊടുക്കുന്നതിന് കാരണമായി. അതിന് കുറച്ചുകാലം മുമ്പ് നടന്ന സല്‍മാന്‍ റുഷ്ദിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ അദ്ദേഹത്തിന്റെ നിലപാട് മുസ്‌ലിം സമുദായത്തില്‍നിന്ന് വലിയ വിമര്‍ശനത്തിനു കാരണമായിരുന്നു. വ്യാജഏറ്റുമുട്ടല്‍ നടന്നപ്പോഴും പലരും ആശങ്കപ്പെട്ടത് വിസി അത്തരമൊരു നിലപാട് എടുത്ത് അള്‍ട്രാ മതേതരത്വം ചമയുമോ എന്നായിരുന്നു. എന്നാല്‍ അന്‍സാരി ഓഡിറ്റോറിയത്തിലെ അദ്ദേഹത്തിന്റെ ചരിത്രപ്രസിദ്ധമായ പ്രസംഗത്തിനുശേഷം വിദ്യാര്‍ത്ഥികളും പൊതുജനവും അദ്ദേഹത്തിനു സിന്ദാബാദ് വിളിക്കുന്നത് ഇപ്പോഴും അവിടെ അലയടിക്കുന്നുണ്ട്. അന്ന് പറഞ്ഞ പിന്തുണ വെറും വാക്കില്‍ ഒതുങ്ങിയില്ല ജാമിയ ടീച്ചേഴ്‌സ് അസോസിയേഷനും ജാമിയ ടീച്ചേഴ്‌സ് സോളിഡാരിറ്റി അസോസിയേഷനും നിയമ സഹായവുമായി മുന്നോട്ടു പോയി.
ജാമിയയുടെ കയ്യേറ്റം നടത്തപ്പെട്ട ഭൂമി തിരിച്ചുപിടിക്കാന്‍ നിരന്തരമായ നിയമ പോരാട്ടം നടത്തിയ മുഷീര്‍ ഒരുപാട് സ്ഥലം തിരിച്ചു നേടുകയും നിരവധി പുതിയ ഹോസ്റ്റലുകള്‍ നിര്‍മ്മിക്കുകയും ചെയ്തു. ഇന്ന് ജാമിയയിലുള്ള ഭൂരിഭാഗം ഹോസ്റ്റലുകളും ഒന്നുകില്‍ അദ്ദേഹത്തിന്റെ കാലത്ത് പണികഴിപ്പിച്ചതോ അല്ലെങ്കില്‍ തുടങ്ങിവെച്ചതോ ആണ്. മാനവിക സാമൂഹിക ശാസ്ത്ര വിഷയങ്ങളില്‍ പുതിയ കോഴ്‌സുകളും അതിപ്രഗത്ഭരായ അധ്യാപകരുടെ സാന്നിധ്യവും മെച്ചപ്പെട്ടു കൊണ്ടിരിക്കുന്ന ഹോസ്റ്റല്‍ സൗകര്യവുമൊക്കെ മുഷീറുല്‍ ഹസന്റെ നിത്യസാന്നിധ്യം ഓര്‍മപ്പെടുത്തുന്നുണ്ട്. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികളെ ജാമിയയിലേക്ക് ആകൃഷ്ഠരാക്കിയതിന് സ്ഥാപനം ഈ ദീര്‍ഘദര്‍ശിയോടു കടപ്പെട്ടിരിക്കുന്നു.
ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തേയും വിഭജനത്തെയും ദക്ഷിണേഷ്യന്‍ ഇസ്‌ലാമിക ചരിത്രത്തെയും, സംസ്‌കാരത്തെയും സമഗ്രമായി അടയാളപ്പെടുത്തിയ ചരിത്രകാരനാണദ്ധേഹം. ദക്ഷിണേഷ്യയിലെ ഇസ്‌ലാമിക് ജീവിതത്തിന്റെ വൈവിധ്യപൂര്‍ണമായ തലങ്ങളെ വ്യത്യസ്തമായ കോണുകളിലൂടെ അദ്ദേഹം വിശകലനം ചെയ്തു. സ്വതന്ത്രാനന്തര ഇന്ത്യയിലെ മുസ്‌ലിം ജീവിതത്തില്‍ വിശദീകരിച്ചു. പത്തൊമ്പതാം നൂറ്റാണ്ട് മുതലുള്ള മുസ്‌ലിം ബുദ്ധിജീവികളെ കുറിച്ചുള്ള പഠനം അതീവ ശ്രദ്ധനേടി. ദേശീയതയും, കമ്മ്യൂണല്‍ പൊളിറ്റിക്‌സും, കൊളോണിയല്‍ കാലത്തെ സാമൂഹിക ഘടനയും, ജാമിയ മില്ലിയയും, സമകാലിക മുസ്‌ലിം നിര്‍മ്മിതിയും, ആധുനികതയും, ഗാന്ധിയും, നെഹ്‌റുവും, ആസാദും എല്ലാം ആ അതുല്യപ്രതിഭയുടെ ഈടുറ്റ പഠനങ്ങളായി അക്കാദമിക ലോകത്തിനും ചരിത്രാന്വേഷികള്‍ക്കും മുതല്‍ കൂട്ടായി. ഇരുപതോളം പുസ്തകങ്ങള്‍, എണ്ണിയാലൊടുങ്ങാത്ത അക്കാദമിക് ലേഖനങ്ങള്‍, പത്രക്കോളങ്ങള്‍, പ്രഭാഷണങ്ങള്‍, ജ്ഞാന മണ്ഡലങ്ങളെ പ്രശോഭിതമായ ഒരിക്കലും മങ്ങാത്ത അര നൂറ്റാണ്ടോളം നീണ്ട വിജ്ഞാന സപര്യ.
തനത് ‘കേംബ്രിഡ്ജ് സ്‌കൂള്‍’ ചരിത്രധാരയില്‍ നിന്ന് അല്‍പം വിഭിന്നമായാണ് വിഭജനത്തെക്കുറിച്ചുള്ള ഹസന്റെ പഠനങ്ങള്‍ നിലകൊണ്ടത്. സതീര്‍ത്ഥ്യയും സുഹൃത്തുമായ ആയിഷ ജലാലിനോടും ഈ വിഷയത്തില്‍ അദ്ധേഹം വിയോജിക്കുന്നുണ്ട്. ആര്‍. എസ്. എസ് ചിന്താധാര മുന്നോട്ടു വെക്കുന്ന പുണ്യഭൂമി-പിതൃഭൂമി വാദത്തിനെതിരെ അദ്ധേഹം ദക്ഷിണേഷ്യന്‍ മുസ്‌ലിംകളുടെ സാംസ്‌കാരിക സാമൂഹിക പൈതൃകത്തിന്റെ ശക്തമായ വേരുകള്‍ ഉയര്‍ത്തി ഫലപ്രദമായ അക്കാദമിക പ്രതിരോധം തീര്‍ത്തു. ഇസ്‌ലാമിക സംസ്‌കൃതിയുടെ വൈവിധ്യങ്ങളില്‍ അഭിമാനം കൊണ്ട അദ്ധേഹം തന്റെ കൃതികളില്‍ ഈ പ്രത്യേകതകളെ ആവര്‍ത്തിച്ച് ഓര്‍മ്മപ്പെടുത്തി.
ചരിത്രകാരനായും അദ്ധ്യാപകനായും മാര്‍ഗദര്‍ശിയായും സ്ഥാപനമേധാവി സകലമേഖലകളിലും തന്നെ കയ്യൊപ്പ് പതിപ്പിച്ചു അതീവ ലളിതമായി കടന്നുപോയ മഹാമനീഷി എന്നദ്ദേഹത്തെ ചരിത്രം ഓര്‍ത്തുവയ്ക്കും. ഫാസിസത്തിനെതിരെയും വര്‍ഗീയതയ്‌ക്കെതിരെയും കടുത്ത നിലപാടുകള്‍ എടുക്കാന്‍ പ്രാപ്തിയുള്ള ബുദ്ധിജീവികളുടെ വിയോഗം ഭീതിപ്പെടുത്തുന്നുണ്ട്. ഇന്ത്യ ഉപഭൂഖണ്ഡത്തിലെ സങ്കര സംസ്‌കാര പൈതൃകത്തെക്കുറിച്ച് ഭരണകൂടങ്ങളെ ഓര്‍മ്മപ്പെടുത്തുവാന്‍ കെല്‍പ്പുള്ളവരുടെ അഭാവം നമ്മുടെ നിലപാടുകളെയും ചെറുത്തുനില്‍പുകളെയും കൂടുതല്‍ ദുര്‍ബലപ്പെടുത്താന്‍ ഇടവരുത്താതിരിക്കട്ടെ.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

‘സോഫിയ ഖുറേഷിയെ തീവ്രവാദിയുടെ സഹോ​ദരിയെന്ന് വിളിച്ചവർ ഒരു നിമിഷം പോലും പദവിയിൽ തുടരാൻ അർഹതയില്ല’: ഷാഫി പറമ്പില്‍

Published

on

കേണൽ സോഫിയ ഖുറേഷിക്കെതിരായ BJP മന്ത്രിയുടെ അധിക്ഷേപത്തിൽ പ്രതികരണവുമായി ഷാഫി പറമ്പില്‍ MP. BJP അവരുടെ തനിനിറം കാണിച്ചു, മന്ത്രിയെ പുറത്താക്കണം. ആർമിക്ക് വേണ്ടി സേവനം ചെയ്യുന്ന കുടുംബത്തിലെ അം​ഗമായ കേണൽ സോഫിയ ഖുറേഷിയെ തീവ്രവാദിയുടെ സഹോ​ദരിയെന്ന് വിളിച്ചവർ ഒരു നിമിഷം പോലും ആ പദവിയിൽ തുടരാൻ അർഹതയില്ലാത്തവരാണ്.

ഒരിക്കലും രാജ്യത്തിന് അംഗീകരിക്കാൻ കഴിയില്ല. ആർമി മേധാവിയെ പോലും സൈബർ ലിഞ്ചിങിന് ഇരയാക്കി. രാജ്യത്തിൻറെ അഭിമാനമാണവർ. തീവ്രവാദത്തെ പരാജയപ്പെടുത്തിയത് രാജ്യം ഒറ്റക്കെട്ടായാണ്. മന്ത്രിയെ ബിജെപി പുറത്താക്കണം. ഓപ്പറേഷൻ സിന്ദൂർ ലോകത്തിന് അഭിമാനമാണ്. ഇന്ത്യയെ സംബന്ധിച്ച് കശ്മീരിന് ഒരു മൂന്നാംകക്ഷി ഇടപെടൽ ആവശ്യമില്ലെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി.

മന്ത്രിയുടെ വിവാദ പരാമര്‍ശത്തിനെതിരേ ജോൺ ബ്രിട്ടാസ് എം പിയും രംഗത്തെത്തി. കുന്‍വര്‍ വിജയ് ഷായുടെ പ്രസംഗം വിഷലിപ്തം.മന്ത്രിയെ പുറത്താക്കണമെന്ന് ജോൺ ബ്രിട്ടാസ് എംപി ആവശ്യപ്പെട്ടു. ബിജെപിക്ക് ആത്മാർത്ഥതയുണ്ടെങ്കിൽ മന്ത്രിയെ പുറത്താക്കണം. പ്രസംഗം നടത്തുമ്പോൾ വേദിയിലുള്ള ബിജെപി നേതാക്കൾ ആർത്ത് അട്ടഹസിച്ചു ചിരിച്ചുവെന്നും അദ്ദേഹം വിമർശിച്ചു.

ഓപ്പറേഷന്‍ സിന്ദൂറിനേക്കുറിച്ചുള്ള വാര്‍ത്താ സമ്മേളനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് കേണല്‍ സോഫിയ ഖുറേഷിയായിരുന്നു. വിജയ് ഷായുടെ പരാമര്‍ശം ഇന്ത്യന്‍ സേനയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

വിജയ് ഷാ നടത്തിയത് അങ്ങേയറ്റം അപമാനകരവും ലജ്ജാകരവും അസഭ്യവുമാണെന്ന് കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പറഞ്ഞു. ബിജെപിയും ആർഎസ്എസും സ്ത്രീവിരുദ്ധ മനോഭാവം പുലർത്തുന്നുവരാണെന്നും ഖർഗെ കുറ്റപ്പെടുത്തി.

കേണല്‍ സോഫിയ ഖുറേഷിക്കെതിരേ അധിക്ഷേപ പരാമര്‍ശവുമായി മധ്യപ്രദേശിലെ ബിജെപി മന്ത്രി കുന്‍വര്‍ വിജയ് ഷാ രംഗത്തെത്തിയിരുന്നു. സോഫിയ ഖുറേഷി ഭീകരവാദികളുടെ സഹോദരിയാണെന്നായിരുന്നു ഇദ്ദേഹത്തിന്റെ പരാമര്‍ശം.

Continue Reading

kerala

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

Published

on

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ ഇന്നും തുടരും. നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. തിരുവനന്തപുരം, പത്തനംതിട്ട, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, നിക്കോബര്‍ ദ്വീപ്, തെക്കന്‍ ആന്‍ഡമാന്‍ കടല്‍ എന്നിവിടങ്ങളില്‍ കാലവര്‍ഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. സാധാരണ ഈ മേഖലയില്‍ കാലവര്‍ഷം എത്തിയാല്‍ പത്ത് ദിവസത്തിനകം കേരളത്തില്‍ എത്താറുണ്ട്. ഇത്തവണ മെയ് 27 ന് കാലാവര്‍ഷം കേരളത്തില്‍ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരുന്നു.

അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ/ഇടത്തരം മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Continue Reading

kerala

തിരുവല്ലയിൽ ബിവറേജസ് ഗോഡൗണിലും ഔട്ട്ലെറ്റിലും വൻ തീപിടുത്തം; ലക്ഷങ്ങളുടെ മദ്യം കത്തിനശിച്ചു

Published

on

പത്തനംതിട്ട: തിരുവല്ല പുളിക്കീഴിലുള്ള ബെവ്‌കോ വെയര്‍ഹൗസില്‍ വന്‍ തീപിടിത്തം. ഏഴ് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സ്ഥലത്ത് എത്തിയിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ലക്ഷങ്ങളുടെ മദ്യം കത്തിനശിച്ചു. ഏട്ടേകാല്‍ ഓടെയാണ് തീ ആളിപ്പടര്‍ന്നത്. ജവാന്‍ മദ്യം ഉത്പാദിപ്പിക്കുന്ന സ്ഥലത്താണ് തീപിടത്തമുണ്ടായതെന്നാണ് അറിയാന്‍ കഴിയുന്നത്. ചെറിയ ചെറിയ പൊട്ടിത്തെറികള്‍ ഉണ്ടായതായും വിവരമുണ്ട്. ഒരു മണിക്കൂറിലേറേ നേരം തീയണയ്ക്കാന്‍ ശ്രമം നടത്തിയിട്ടും തീ നിയന്ത്രണവിധേയമായാക്കാനായിട്ടില്ല.

കെട്ടിടത്തിന്‍റെ പിൻവശത്ത് വെൽഡിങ് പണികൾ നടക്കുന്നുണ്ടായിരുന്നു. ഇതിൽ നിന്നും തീ പടർന്നത് ആവാമെന്നാണ് പ്രാഥമിക നിഗമനം. അലൂമിനിയം ഷീറ്റിന്‍റെ മേൽക്കൂരിയുള്ള കെട്ടിടം പൂർണമായും കത്തിയമര്‍ന്നു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്.

തീ കുടുതല്‍ മേഖലയിലേക്ക് വ്യാപിക്കാതിരിക്കാനുള്ള ശ്രമം നടത്തുകയാന്നെ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒരു ഗോഡൗണിന്റെ ഒരുഭാഗം പൂര്‍ണമായി കത്തിനശിച്ചു.

 

Continue Reading

Trending