മൈലപ്രയിലെ കൊലപാതകവുമായി ബന്ധപ്പെട്ട് 3 പേര്‍ പൊലീസ് കസ്റ്റഡിയില്‍. ഒരു ഓട്ടോ ഡ്രൈവറെയും മറ്റ് രണ്ട് പേരെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് പുലര്‍ച്ചെ 1.30ക്കായിരുന്നു നടപടി. കസ്റ്റഡിയിലെടുത്തവരില്‍ 2 പേരെ പൊലീസ് നിലവില്‍ വിട്ടയച്ചിട്ടുണ്ട്. ഓട്ടോ ഡ്രൈവറാണ് കസ്റ്റഡിയില്‍ തുടരുന്നതെന്നാണ് സൂചന.
കടയിലെ സി.സി.ടി.വിയും ഹാര്‍ഡ് ഡിസ്‌കും കാണാതായെങ്കിലും സമീപത്തെ കടകളിലെയും റോഡിലേയും ക്യാമറകള്‍ പരിശോധിച്ച് പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു പൊലീസ്. പ്രദേശത്തെ റൂട്ടിലോടുന്ന ബസ്സുകളിലെ സിസിടിവിയും ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. പിന്നാലെ, 46-ഓളം ബസ്സുകളില്‍ നിന്നുള്ള ക്യാമറ ദൃശ്യങ്ങള്‍ ശേഖരിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിലവില്‍ മൂവരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്.
ശനിയാഴ്ചയായിരുന്നു വ്യാപാരി പുതുവേലില്‍ ജോര്‍ജ് ഉണ്ണൂണ്ണിയെ (73) പകല്‍ കടയ്ക്കുള്ളില്‍ കൊലപ്പെടുത്തി സ്വര്‍ണവും പണവും കവര്‍ന്നത്. ശനിയാഴ്ച ഉച്ചയ്ക്കുശേഷമാണ് ഇദ്ദേഹത്തെ കൊലപ്പെടുത്തിയതെന്നാണ് കരുതുന്നത്. കഴുത്തുഞെരിച്ചനിലയിലായിരുന്നു. വായില്‍ തുണിതിരുകി, കൈകാലുകള്‍ കെട്ടിയിട്ടനിലയിലുമാണ് മൃതദേഹം കണ്ടെത്തിയത്.
കവര്‍ച്ചയ്ക്ക് ഒന്നിലധികം പേരുണ്ടായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. മാലയും പണവും കവര്‍ന്നപ്പോള്‍ ചെറുത്തുനിന്ന ജോര്‍ജിനെ കൊലപ്പെടുത്തുകയായിരുന്നെന്നും പൊലീസ് കരുതുന്നു. അന്വേഷണത്തിന്റെ ഭാഗമായി, മൈലപ്രയിലും പരിസരങ്ങളിലും അതിഥിത്തൊഴിലാളികള്‍ താമസിക്കുന്ന ലോഡ്ജുകളിലും വീടുകളിലും പൊലീസ് പരിശോധന നടത്തി.