ഇടുക്കി ജില്ലയിലെ തമിഴ്നാടിനോട് ചേര്‍ന്ന് 126 വര്‍ഷംമുമ്പ് നിര്‍മിച്ച മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്ഷയം ഉണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. സുപ്രീംകോടതി കഴിഞ്ഞദിവസം വിഷയത്തില്‍ ഇടപെടുകയും സംസ്ഥാന സര്‍ക്കാരിനോട് തമിഴ്നാടുമായി ചര്‍ച്ചചെയ്ത് പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയുമാണ്. സംയുക്ത സമിതിയുമായി ചര്‍ച്ച നടത്താത്തതിന് കോടതിയുടെ രൂക്ഷവിമര്‍ശനവും കേരളത്തിന് കേള്‍ക്കേണ്ടിവന്നു. അണക്കെട്ട് ബലക്ഷയമുള്ളതിനാല്‍ വെള്ളത്തിന്റെ ഉയര്‍ന്ന പരിധി 137 അടിയാക്കണമെന്നാണ് കേരളം ആവശ്യപ്പെടുന്നത്. ഇതനുവദിക്കാന്‍ തമിഴ്നാട് തയ്യാറല്ലെന്നുമാത്രമല്ല, 2014ല്‍ 142 അടിയായി നിശ്ചയിച്ച സുപ്രീംകോടതി വിധിപോലും അംഗീകരിക്കാന്‍ അവര്‍ കൂട്ടാക്കുന്നില്ല. തുലാവര്‍ഷം കനക്കുന്നു, നിലവില്‍ 138 അടിയാണ് ജലനിരപ്പ്. 2014ലും 18ലും 142 അടിയായി. കഴിഞ്ഞദിവസം 139 അടിയില്‍ കൂടുതല്‍ വെള്ളം നിര്‍ത്തരുതെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി തമിഴ്നാട് മുഖ്യമന്ത്രിക്ക് കത്തെഴുതുകയും തമിഴ്നാടും കേരളവുമായുള്ള പരമ്പരാഗത ബന്ധം ഓര്‍മിപ്പിക്കുകയുംചെയ്തു. പക്ഷേ നിയമസഭയില്‍ വിഷയം ഉന്നയിച്ചതിന്റെ പേരില്‍ മുഖ്യമന്ത്രി പ്രതിപക്ഷത്തെയും ജനങ്ങളെയും കുറ്റപ്പെടുത്താനാണ് ശ്രമിച്ചത്. ഡാമിന്റെ തകര്‍ച്ചയെക്കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെയും മറ്റും ആശങ്കപരത്തിയാല് നിയമ നടപടി സ്വീകരിക്കുമെന്നാണ് പിണറായിയുടെ പ്രസ്താവം. ഇത് അദ്ദേഹത്തിന്റെയും അദ്ദേഹത്തിന്റെ മുന്‍ വൈദ്യുതി വകുപ്പുമന്ത്രിയുടെയും തന്നെ പ്രസ്താവനകള്‍ക്ക് കടകവിരുദ്ധമാണ്. ആത്മവഞ്ചനയെന്നല്ലാതെ ഇതിനെ വിശേഷിപ്പിക്കാന്‍ വാക്കുകളില്ല.
50 വര്‍ഷത്തേക്കെന്ന് നിശ്ചയിച്ച് 1895ല്‍ നിര്‍മിച്ച അണക്കെട്ടില്‍നിന്ന് വെള്ളമെടുക്കാന്‍ 999 വര്‍ഷത്തേക്ക് തമിഴ്നാടുമായി കരാറുണ്ടാക്കിയതുതന്നെ വലിയ തെറ്റായിരുന്നു. ആ തമിഴ്നാടാണ് ഇപ്പോള്‍ ഡാമിന്റെ ബലക്ഷയത്തെക്കുറിച്ചുള്ള ആശങ്കയൊക്കെ അടിസ്ഥാനരഹിതമാണെന്ന്വാദിക്കുന്നത്. മുല്ലപ്പെരിയാര്‍ ഡാമിനായി കേരളത്തിന് പത്തു ലക്ഷം രൂപമാത്രം നല്കുന്ന തമിഴ്നാടിന് പ്രതിവര്‍ഷം ലഭിക്കുന്നത് 750 കോടി രൂപയുടെ ജലമാണെന്നത് മാത്രംമതി അവരുടെ ഇപ്പോഴത്തെ നിലപാടിന്റെ കാരണമറിയാന്‍. മധുര, തേനി, രാമനാഥപുരം, ദിണ്ഡിക്കല്‍ എന്നീ ജില്ലകളുടെ ജീവനാഡിയാണ് മുല്ലപ്പെരിയാറിലെ വെള്ളമെന്നിരിക്കെ തമിഴ്നാട്ടുകാരുടെ വികാരത്തെ തള്ളിക്കളയാനാവില്ല. പക്ഷേ അതിലുമെത്രയോ മുകളിലല്ലേ നാല്പതു ലക്ഷം വരുന്ന, ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ മനുഷ്യരുടെ ജീവനും കോടിക്കണക്കിന്രൂപയുടെ വസ്തുവഹകളും ഭൂമിയും. അതിന് തൃപ്തികരമായ മറുപടി കൊടുക്കലാണ് സര്‍ക്കാരുകള്‍ ചെയ്യേണ്ടതെന്നിരിക്കെ വസ്തുതകള്‍ വെച്ച് പ്രശ്നത്തിന്റെ രൂക്ഷത ചൂണ്ടിക്കാട്ടുന്നവരെപോലും വിമര്‍ശിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് ആരെ തൃപ്തിപ്പെടുത്താനാണ്. ഡാം ദുര്‍ബലമാണെന്നും ഉടന്‍ ഡീകമ്മീഷന്‍ ചെയ്യണമെന്നും നിര്‍ദേശിച്ചത് ഐക്യരാഷ്ട്ര സംഘടനയുടെ പരിസ്ഥിതി സര്വകലാശാലയടക്കമാണ്. കഴിഞ്ഞദിവസങ്ങളില്‍ നടന് പൃഥ്വിരാജ് അടക്കമുള്ളവര്‍ സമൂഹമാധ്യമങ്ങളില്‍ ആശങ്ക പങ്കുവെച്ചതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. എന്നാല്‍ ഇതേ പിണറായി വിജയന്‍തന്നെ പാര്‍ട്ടി സെക്രട്ടറിയായിരിക്കെ മുല്ലപ്പെരിയാറിന്റെ ബലക്കുറവിനെക്കുറിച്ച് പൊതുവേദിയില്‍ ആശങ്ക പ്രകടിപ്പിച്ചതും അന്നത്തെ സര്‍ക്കാരിനെ കുറ്റപ്പെടുത്തിയതും ലഭ്യമാണിപ്പോഴും. മന്ത്രിയായിരുന്ന എം.എം മണിയും സമാനമായ ആശങ്കയാണ് പൊതുവേദിയില്‍ മുമ്പ് പങ്കുവെച്ചത്. മുന്‍ ജലവിഭവ വകുപ്പുമന്ത്രിയും കേരളകോണ്‍ഗ്രസ് നേതാവുമായ പി.ജെ ജോസഫും ഇതുപോലെ തന്റെ അറിവനുസരിച്ചുള്ള വിവരം പങ്കുവെക്കുകയും ഭയം കാരണം തനിക്ക് ഉറങ്ങാന്‍പോലും കഴിയുന്നില്ലെന്ന് പറയുകയുംചെയ്തു. പൃഥ്വിരാജിനെതിരെ തമിഴ്നാട്ടില്‍ വ്യാപകമായി പോസ്റ്റര്‍ പതിക്കുകയും അദ്ദേഹത്തിന്റെ സിനിമകള്‍ പ്രദര്‍ശിപ്പിക്കരുതെന്ന് ആഹ്വാനം നല്കിയിരിക്കുകയുമാണ്. പ്രശ്നം രമ്യമായി പരിഹരിക്കാന്‍ ഡി.എം.കെ സര്‍ക്കാറിനെ വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോകണം.
അടുത്ത കാലത്തായി കേരളം വലിയതോതിലുള്ള കാലാവസ്ഥാമാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണെന്നാണ് വസ്തുതകള്‍ വിളിച്ചുപറയുന്നത.് 2018ലെ മഹാപ്രളയം മുതല്‍ അടുത്തിടെ ഇടുക്കിയിലെയും കോട്ടയത്തുമുള്ള മേഘവിസ്ഫോടനങ്ങളും അതുവഴി അമ്പതോളം പേര് കൊല്ലപ്പെടാനിടയായതും മറക്കാറായിട്ടില്ല. കേന്ദ്രകാലാവസ്ഥാവകുപ്പും ഭൂകമ്പമുന്നറിയിപ്പുകളുമെല്ലാം തരുന്ന ചിത്രവും ഇനിയും ഏതുസമയത്തും കേരളത്തില്‍ വലിയതോതില്‍ മഴയും ഭൂചലനവും സംഭവിച്ചേക്കാമെന്നാണ്. ഏതാനുംവര്‍ഷങ്ങളായി തുടരെത്തുടരെയുള്ള ചെറുഭൂചലനങ്ങള്‍ മുല്ലപ്പെരിയാറുള്പ്പെടെയുള്ള പ്രദേശങ്ങളില്‍ സംഭവിച്ചിട്ടുണ്ടെന്ന് പഠനംപറയുന്നു. മുല്ലപ്പെരിയാറിനെയും ഇടുക്കി അടക്കമുള്ള അഞ്ച് അണക്കെട്ടുകളെയും ഗുരുതരമായി ബാധിക്കാനിടയുള്ള വിഷയത്തില്‍ സംസ്ഥാനസര്‍ക്കാര്‍ ആളുകളെ കബളിപ്പിക്കുന്നത് ക്ഷന്തവ്യമല്ലാത്തതാണ്. നിയമ നടപടികളിലൂടെയും ചര്‍ച്ചയിലൂടെയും പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിനുപകരം സ്വജീവന്‍ ആശങ്ക പരക്കുമ്പോള്‍ കേസെടുക്കുമെന്നുപറഞ്ഞ് ജനത്തെ ഭയപ്പെടുത്തുകയല്ല വേണ്ടത്. അണക്കെട്ടിലെ വെള്ളം കുറച്ചുനിര്‍ത്തുന്നതിനും പുതിയ ഡാം പണിയുന്നതിനുമുള്ള സത്വര നടപടികളിലാണ് സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ടത്.