X

ഭരിക്കാനറിയില്ലെങ്കില്‍ മോദി രാജിവെച്ചൊഴിയണം: മുജാഹിദ് സമ്മേളനം

മുജാഹിദ് സംസ്ഥാന പ്രതിനിധി സമ്മേളനം കേരള ജംഇയ്യത്തുല്‍ ഉലമ വര്‍ക്കിംഗ് പ്രസിഡന്റ് സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: കേരളീയ മുസ്‌ലിംകളുടെ നവോത്ഥാന മുന്നേറ്റങ്ങളെ യാഥാസ്ഥിതികതയുടെ ചങ്ങലക്കെട്ടുകളില്‍ തളച്ചിടാനുള്ള ഗൂഢ ശ്രമങ്ങളെ ചെറുത്തു തോല്പിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് ആയിരങ്ങള്‍ ഒത്തുകൂടിയ മുജാഹിദ് സംസ്ഥാന പ്രതിനിധി സമ്മേളനം ശ്രദ്ധേയമായി. പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന നവോത്ഥാന വിപ്ലവത്തിലൂടെ കേരള മുസ്‌ലിംകളില്‍ നിന്നും പിഴുതെറിയപ്പെട്ട അന്ധവിശ്വാസങ്ങളെ നവോത്ഥാന പ്രസ്ഥാനത്തിന്റെ ബാനറില്‍ പുനരവതരപ്പിക്കുന്നതിനെ സംഘടിതമായി നേരിടും. നവോത്ഥാന വീഥിയിലെ യുവജന-വിദ്യാര്‍ഥി-വനിതാ സംഘടനകളെ ചിറകരിഞ്ഞ് അരുക്കാക്കാനുള്ള കുതന്ത്രങ്ങളെ ഇസ്‌ലാഹീ കേരളം ഒറ്റക്കക്കെട്ടായി ചെറുക്കുമെന്ന് സമ്മേളനം പ്രതിജ്ഞ ചെയ്തു.

വിലക്കയറ്റവും തൊളിലില്ലായ്മയും രാജ്യത്തെ ജനജീവിതം ദു:സ്സഹമാക്കിയ സാഹചര്യത്തില്‍ രാഷ്ട്രീയ പ്രതിയോഗികളോടുള്ള അധരവ്യായാമം അവസാനിപ്പിച്ച് ജനങ്ങളോടുള്ള ബാധ്യത നിറവേറ്റാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തയ്യാറാവണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. നോട്ട് നിരോധനത്തിലൂടെ രാജ്യത്തിന്റെ സമ്പദ് ഘടനയുടെ ഭദ്രത തകര്‍ത്തെറിഞ്ഞ മോദി സര്‍ക്കാര്‍ പ്രശ്‌ന പരിഹാരം സാധ്യമല്ലെങ്കില്‍ രാജിവെച്ചൊഴിയണം. അധികാരത്തിലേറ്റിയ ജനതയോടുള്ള ബാധ്യത നിര്‍വഹിക്കാതെ ഉലകം ചുറ്റി രാഷ്ട്രീയ പ്രസംഗം നടത്തുന്നത് പ്രധാനമന്ത്രി പദത്തോടുള്ള അവഹേളനമാണ്.

കാര്‍ഷിക മേഖലയിലെ പ്രതിസന്ധി സഹിക്ക വയ്യാതെ രാജ്യത്തെ കര്‍ഷകര്‍ നാള്‍ക്കുനാള്‍ ആത്മഹത്യ ചെയ്തുകൊണ്ടിരിക്കെ കര്‍ഷക ദുരിതാശ്വാസത്തിന് ഒന്നും ചെയ്യാതെ ലോകത്തെമ്പാടുമുള്ള ഹൈന്ദവ മിത്തുകളുടെ പുരനുദ്ധാരണത്തിന് പൊതു ഖജനാവ് കൊള്ളയടിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. വിലക്കയറ്റം നിയന്ത്രിക്കുവാനോ കര്‍ഷക ദുരിതാശ്വാസത്തിനോ പദ്ധതി വിഹിതം നീക്കിവെക്കാന്‍ തയ്യാറാകാതെ കോര്‍പ്പറേറ്റുകളുടെ ലക്ഷക്കണക്കിന് കോടികള്‍ എഴുതിത്തള്ളുന്ന മോദി സര്‍ക്കാറിന് അധികാരത്തില്‍ തുടരാന്‍ അര്‍ഹത നഷ്ടപ്പെട്ടിരക്കുകയാണ്.

പ്രത്യയ ശാസ്ത്രപരമായ വരട്ടു തത്വവാദങ്ങള്‍ അവസാനിപ്പിച്ച് ഫാസിസ്റ്റ് ശക്തികളെ അധികാരത്തില്‍ നിന്ന് താഴെയിറക്കാന്‍ 2019 ലെ പൊതുതിരഞ്ഞെടുപ്പില്‍ മതേതര- ഇടതു കക്ഷികള്‍ ഐക്യപ്പെടണമെന്ന് സമ്മേളനം ആഹ്വാനം ചെയ്തു. കേരള ജംഇയ്യത്തുല്‍ ഉലമ വര്‍ക്കിംഗ് പ്രസിഡന്റ് സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. ഡോ. ഇ കെ അഹ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. അബ്ദുല്‍ അലി മദനി, ഡോ. ഫുഖാര്‍ അലി, ഇസ്മാഈല്‍ കരിയാട്, എന്‍ എം അബ്ദുല്‍ ജലീല്‍, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, ഡോ. ജാബിര്‍ അമാനി, അലി മദനി മൊറയൂര്‍, സല്‍മ അന്‍വാരിയ്യ, റിഹാസ് പുലാമന്തോള്‍, എം അഹ്മദ് കുട്ടി മദനി, സി അബ്ദുല്ലത്തീഫ് പ്രസംഗിച്ചു.

മതേതര പ്രതിസന്ധി-സാംസ്‌കാരിക പ്രതിരോധം എന്ന വിഷയത്തില്‍ നടന്ന സാംസ്‌കാരിക സദസ്സ് ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രൊഫ.കെ.പി സകരിയ്യ അധ്യക്ഷത വഹിച്ചു. സുഫ്‌യാന്‍ അബ്ദുസ്സത്താര്‍ വിഷയമവതരിപ്പിച്ചു. നിജേഷ് അരവിന്ദ്, സി.പി ജോണ്‍, കമാല്‍ വരദൂര്‍, സി.എം മൗലവി ആലുവ ചര്‍ച്ചയില്‍ പങ്കെടുത്തു. ഫൈസല്‍ നന്മണ്ട, ഖദീജ നര്‍ഗീസ്, ഹാസില്‍ മുട്ടില്‍, ഡോ.ഐ.പി അബ്ദുസ്സലാം, ബി.പി.എ ഗഫൂര്‍ പ്രസംഗിച്ചു.

chandrika: