മുജാഹിദ് ഐക്യം യാഥാര്‍ഥ്യമായി. 2002 ആഗസ്്തില്‍ ഭിന്നിച്ച രണ്ടു മുജാഹിദ് സംഘടനകളും ഇനി ഒന്നായി പ്രവര്‍ത്തിക്കും. ഇന്നലെ കോഴിക്കോട് അരയിടത്തു പാലത്തുള്ള മുജാഹിദ് സെന്ററില്‍ നടന്ന സംഗമത്തിലാണ് കേരള നദ്‌വത്തുല്‍ മുജാഹിദീനും പോഷക സംഘടനകളും ഐക്യപ്പെട്ടു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്്. കേരള നദ്‌വത്തുല്‍ മുജാഹിദീന്റെയും മര്‍ക്കസുദ്ദഅ്‌വ ആസ്ഥാനമായിട്ടുള്ള കെ.എന്‍.എമ്മിന്റെയും സംയുക്ത ഭരണ സമതികളും ജില്ലാ പ്രസിഡന്റ്, സെക്രട്ടറിമാരും ഐ.എസ്.എം, എം.എസ്.എം, എം.ജി.എം എന്നീ പോഷക ഘടകങ്ങളുടെ പ്രസിഡന്റ്, സെക്രട്ടറിമാരുമാണ് ഇന്നലെ ഒത്തു ചേര്‍ന്നത്.
കെ.എന്‍.എം ജനറല്‍ സെക്രട്ടറി പി. പി ഉണ്ണീന്‍ കുട്ടി മൗലവി ആമുഖ പ്രഭാഷണം നടത്തി. തുടര്‍ന്ന് ഐക്യശ്രമത്തിന് നേതൃത്വം നല്‍കിയ എം. അബ്ദുറഹിമാന്‍ സലഫിയും എ. അസ്ഗറലിയും ആദര്‍ശ പ്രശ്‌നങ്ങളിലും സംഘടനാ പ്രശ്‌നങ്ങളിലുമുണ്ടായ തീരുമാനങ്ങള്‍ വിശദീകരിച്ചു. കെ.എന്‍.എം സംസ്ഥാന പ്രസിഡന്റ് ടി. പി അബ്ദുല്ല കോയ മദനി ഐക്യ പ്രമേയം അവതരിപ്പിച്ചു. സി. പി ഉമര്‍ സുല്ലമി പിന്താങ്ങി. കേരളമുസ്‌ലിം നവോത്ഥാന പരിശ്രമങ്ങള്‍ക്ക് നിസ്തുലമായ സംഭാവനകള്‍ അര്‍പ്പിച്ച മുജാഹിദ് പ്രസ്ഥാനത്തില്‍ ഒന്നര പതിറ്റാണ്ടായി നിലനിന്നിരുന്ന ആദര്‍ശപരവും സംഘടനാപരവുമായ ഭിന്നതകള്‍ ഒരു വര്‍ഷം നീണ്ടു നിന്ന വൈജ്ഞാനിക സംവാദങ്ങള്‍ക്കും ആദര്‍ശചര്‍ച്ചകള്‍ക്കും ശേഷം പരിഹാരം കണ്ട സാഹചര്യത്തില്‍ ഐക്യത്തോടെ മുന്നോട്ട് പോകാനും ഐക്യസന്ദേശം മുഴുവന്‍ കീഴ്ഘടകങ്ങളിലും യാഥാര്‍ഥ്യമാക്കാനും യോഗം ഏകകണ്ഠമായി തീരുമാനിക്കുന്നതായി പ്രമേയത്തില്‍ ടിപി അബ്ദുല്ലക്കോയ മദനി വ്യക്തമാക്കി.
ഡോ. ഹുസൈന്‍ മടവൂര്‍, എം. മുഹമ്മദ് മദനി, എം. സ്വലാഹുദ്ധീന്‍ മദനി, എ അബ്ദുല്‍ ഹമീദ് മദീനി, നൂര്‍ മുഹമ്മദ് നൂര്‍ഷ ആശംസകള്‍ നേര്‍ന്നു.
2015 ഡിസംബര്‍ മുതല്‍ 2016 നവംബര്‍ വരെ ഇരു പക്ഷത്തെയും അഞ്ചു വീതം പണ്ഡിതന്മാര്‍ നടത്തിയ ചര്‍ച്ചയില്‍ നിന്ന് ഉരുത്തിരിഞ്ഞ തീരുമാനങ്ങള്‍ പണ്ഡിത സഭയായ കേരള ജംഇയ്യത്തുല്‍ ഉലമ (കെ.ജെ.യു) ശരിവെച്ചതോടെയാണ് ഐക്യശ്രമത്തിന് വേഗം കൂടിയത്്. ഇതിനെ ഇരു ഭരണസമിതികളും കൗണ്‍സിലുകളും പൂര്‍ണ്ണമായി അംഗീകരിച്ചു.കേരളത്തിലെ പ്രഥമ മുസ്‌ലിം സംഘടനയായ കേരള മുസ്‌ലിം ഐക്യസംഘത്തിന്റെയും (1920) കേരള ജംഇയ്യത്തുല്‍ ഉലമ (1924)യുടെയും നേതൃത്വത്തില്‍ 1950ലാണ് കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ രൂപം കൊള്ളുന്നത്. യുവജന വിഭാഗമായ (ഐ.എസ്.എം), വിദ്യാര്‍ത്ഥി വിഭാഗമായ (എം.എസ്.എം), വനിതാ വിഭാഗമായ (എം.ജി.എം), എന്നിവയും മാതൃസംഘടനയായ കെ.എന്‍.എമ്മിന്റെ കീഴില്‍ രൂപീകരിക്കപ്പെട്ടു.
മുജാഹിദ് പ്രസ്ഥാനത്തിലെ ഭിന്നിപ്പുകള്‍ അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും തിരിച്ചുവരവിനും അപകടകരമായ ചിന്തകള്‍ കടന്നു വരാനുള്ള സാഹചര്യത്തിനും വഴി തുറക്കുമെന്നും, ദൃശ്യ-ശ്രാവ്യ-അച്ചടി മാധ്യമങ്ങളുടെ പിന്‍ബലത്തോടെ അന്ധവിശ്വാസങ്ങളുടെ പ്രചാരണം ശക്തിപ്പെട്ടുവരികയാണെന്നും യോഗം വിലയിരുത്തി. ഭിന്നിപ്പുകളില്‍ മനസ്സു മരവിച്ച യുവാക്കളില്‍ ചിലര്‍ അരാഷ്ട്രീയവാദങ്ങളിലേക്കും അപകടകരമായ ചിന്തകളിലേക്കും ആകൃഷ്ടരാകുമോ എന്ന് ഭയമുണ്ട്. ഇതു തടയാന്‍ വിദ്യാര്‍ഥി-യുവജന വിഭാഗങ്ങളില്‍ കര്‍മപദ്ധതി തയ്യാറാക്കും. ഭീകരവാദത്തിന്റെ അപകടങ്ങള്‍ ബോധ്യപ്പെടുത്തുന്നതിനായി സെമിനാറുകള്‍ സംഘടിപ്പിക്കും.
ഐക്യം വിശദീകരിച്ച പത്രസമ്മേളനത്തില്‍ ടി. പി അബ്ദുള്ള കോയ മദനി, സി. പി ഉമര്‍ സുല്ലമി, പി. പി ഉണ്ണീന്‍ കുട്ടി മൗലവി, ഡോ. ഹുസൈന്‍ മടവൂര്‍, എം. മുഹമ്മദ് മദനി, എം. സ്വലാഹുദ്ദീന്‍ മദനി, എം. അബ്ദുറഹിമാന്‍ സലഫി, എ. അസ്ഗറലി, പികെ അഹമ്മദ് സംസാരിച്ചു.