കാലം വീണ്ടും മുഹറമിലെത്തുകയാണ്. കാലം എന്ന ചിന്തയിലെ പ്രധാന ചിന്താവിഷയമാണ് വീണ്ടും വീണ്ടും വരുന്നു എന്ന ഈ ചാക്രികത. നാം ജീവിക്കുന്ന ഭൂമിയില്‍ സമയത്തെയും കാലത്തെയും കുറിക്കുമ്പോള്‍ ഈ ചാക്രിക ഭാവം ഇല്ലാതിരിക്കില്ല. കാലം തുടങ്ങിയേടത്തുതന്നെ വീണ്ടും വന്നുകൊണ്ടേയിരിക്കും എന്ന ഈ സ്വഭാവം തന്നെയാണ് ലോകം ഇതുവരേക്കും ആവിഷ്‌കരിച്ചിട്ടുള്ള ഏതാണ്ടെല്ലാ കലണ്ടറുകള്‍ക്കും ഉള്ളത്. കാരണം, മനുഷ്യന്റെ കാലഗണനയുടെ ആധാരങ്ങള്‍ സൂര്യനും ചന്ദ്രനുമാണ്. കൃത്യമായ ഒരു കണക്കനുസരിച്ച് അവ രണ്ടും അവയുടെ ഭ്രമണപഥത്തിലൂടെ സഞ്ചരിച്ചു കൊണ്ടേയിരിക്കുന്നതിനാലാണ് സചേതനവും സജീവവുമായ ഭൗതിക പ്രപഞ്ചത്തിന് കാലഗണന നടത്താന്‍ കഴിയുന്നത്. ഇവയില്‍ രണ്ടാലൊന്നിനെ അടിസ്ഥാനപ്പെടുത്തിയാണ് കലണ്ടറുകള്‍ ആവിഷ്‌കരിക്കപ്പെട്ടിട്ടുള്ളത്. ഇവിടെ ചര്‍ച്ച ഇതല്ല, കാലത്തിന് സ്രഷ്ടാവ് എന്തിന് ഈ പ്രകൃതം നല്‍കി എന്നതാണ്. മനുഷ്യന് തന്നെയും തന്റെ കര്‍മങ്ങളെയും വിലയിരുത്താനും പുനപ്പരിശോധിക്കാനും ഒരവസരം ലഭിക്കാന്‍ വേണ്ടി എന്നാണ് ഒറ്റവാക്കില്‍ മറുപടി. അഥവാ കഴിഞ്ഞ മുഹര്‍റത്തിനുശേഷം പന്ത്രണ്ട് മാസങ്ങള്‍ നീണ്ട ജീവിത സഞ്ചാരത്തെ മൂല്യനിര്‍ണയം നടത്തി തിരുത്താനുള്ളത് തിരുത്തിയും കൂട്ടിച്ചേര്‍ക്കാനുള്ളത് കൂട്ടിച്ചേര്‍ത്തും വീണ്ടുമൊരു പുനര്‍ഗമനത്തിനുള്ള കളമൊരുക്കുകയാണ് വീണ്ടും വരുന്ന മുഹറം എന്നര്‍ഥം. അതിനാലാണ് മുഹറം മതിമറന്ന് ആഘോഷിക്കാനോ അന്ധമായി ആചരിക്കാനോ ഉള്ളതല്ല പ്രത്യുത അത് കടന്നുപോകുന്ന ദിനങ്ങളുടെ അനുഭവങ്ങള്‍ വെച്ച് തന്റെ ജീവിതത്തെ വിലയിരുത്താനും കടന്നുവരുന്ന ദിനങ്ങളില്‍ അവയിലെ നല്ലത് വര്‍ധിപ്പിക്കാനും തിയ്യത് ഒഴിവാക്കാനുമുള്ള പുതിയ തീരുമാനങ്ങള്‍ കൈക്കൊള്ളാനുമുള്ള അവസരമാണ് എന്ന് പറയുന്നത്.
ഈ പറഞ്ഞതെല്ലാം ഏത് കലണ്ടറിലെ പുതുവര്‍ഷത്തെ കുറിച്ചും പറയാവുന്ന വസ്തുത തന്നെയാണ്. എന്നാല്‍ മുഹറമിനെ കുറിച്ചാകയാല്‍ അതിന്റെ നിദാനമായ ചാന്ദ്രവര്‍ഷത്തിന്റെ ഈ അര്‍ഥത്തിലുള്ള പ്രത്യേകതകൂടി ഇതിലേക്ക് ചേര്‍ത്തു വായിക്കേണ്ടതുണ്ട്. ലോകത്തെ നിരവധി മതങ്ങളും സമൂഹങ്ങളും സൗരവര്‍ഷത്തെ അവലംബിക്കുമ്പോള്‍ ഇസ്‌ലാം അതിന്റെ അനുഷ്ഠാനപരമായ കാര്യങ്ങള്‍ക്ക് അവലംബിക്കുന്നത് ചന്ദ്രവര്‍ഷത്തെയാണ്. ചന്ദ്രവര്‍ഷത്തെ അടിസ്ഥാനപ്പെടുത്തി മതാനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കപ്പെടുമ്പോള്‍ കാലാവസ്ഥാപരമായ പ്രതിസന്ധികളില്‍നിന്നും രക്ഷനേടാന്‍ സാധ്യമാകുന്നുവെന്നതാണ് അതിന്റെ പ്രധാന ഗുണം. സൂര്യവര്‍ഷത്തെ അടിസ്ഥാനമാക്കിയാണല്ലോ ഋതുക്കള്‍ വരുന്നത്. ഋതുക്കള്‍ വ്യത്യസ്ഥ കാലാവസ്ഥ പ്രദാനം ചെയ്യുന്നു. അപ്പോള്‍ നോമ്പ്, ഹജ്ജ് തുടങ്ങിയ ഇസ്‌ലാമിലെ അതിപ്രധാനമായ വാര്‍ഷികാനുഷ്ഠാനങ്ങളും കര്‍മങ്ങളും പെരുന്നാള്‍ പോലുള്ള ആഘോഷസുദിനങ്ങളും ഏതെങ്കിലുമൊരു ഋതുവില്‍ തളച്ചിടപ്പെടുന്ന സാഹചര്യമുണ്ടാവുന്നില്ല. മറിച്ച് ചൂടുകാലവും തണുപ്പുകാലവും മഴക്കാലവുമെല്ലാം മാറിമാറി അവയുടെ സീസണുകളായിവരുന്നു.
ഒരോ വര്‍ഷവും ഇങ്ങനെ മാറി മാറി വരുന്നുവെന്നതിനാല്‍ പ്രകൃതിയോടിണങ്ങി ഇവ നിര്‍വഹിക്കാന്‍ മനുഷ്യര്‍ക്കാവുന്നു. ജനങ്ങളുടെ ജീവിതാരോഗ്യ സാഹചര്യങ്ങള്‍ കൂടി പരിഗണിച്ചുകൊണ്ടുള്ള ഇത്തരം സൗകര്യങ്ങള്‍ ഇസ്‌ലാം വിഭാവനം ചെയ്യുന്നുവെന്നതിനാല്‍ തന്നെയാണ് പ്രകൃതിയുടെ മതം എന്ന വിശേഷണത്തിന് അര്‍ഹമായതും. എല്ലാ വേനലിലും നോമ്പ്, എല്ലാ വര്‍ഷക്കാലത്തും ഹജ്ജ്, എല്ലാ പെരുന്നാളിനും തണുപ്പ് തുടങ്ങിയ പ്രയാസങ്ങള്‍ ഉണ്ടാവില്ല എന്നര്‍ഥം. മാത്രമല്ല, സരളമായ കാലഗണനക്ക് കൂടുതല്‍ സൗകര്യവും ഈ കലണ്ടറാണ്. അതിനാല്‍ തന്നെയാകാം ആദ്യമുണ്ടായ ഗണന ചന്ദ്രനെ ആധാരമാക്കിയായിരുന്നു. സൗര വര്‍ഷക്കലണ്ടറിനാധാരാമായ ഭൂമിയുടെ കറക്കം കുറ്റമറ്റ രീതിയില്‍ ശാസ്ത്രം കണ്ടെത്തുന്നതുതന്നെ വളരെക്കാലം പിന്നിട്ടാണ്. ക്രിസ്താബ്ദം എട്ടില്‍ റോമന്‍ ചക്രവര്‍ത്തി ജൂലിയസ് സീസറാണ് സൗരവര്‍ഷ കലണ്ടറിന് രൂപകല്‍പ്പന നല്‍കുന്നത് എന്നാണ് ചരിത്രം.
ഇസ്‌ലാമിക ചരിത്രത്തില്‍ അതുല്യവും അനിര്‍വചനീയവുമായ സ്ഥാനമാണ് ഹിജ്‌റ കലണ്ടറിലെ പ്രഥമ മാസമായ മുഹറം മാസത്തിനുള്ളത്. ഒട്ടേറെ മഹത്വങ്ങളും സവിശേഷതകളും നിറഞ്ഞ്‌നില്‍ക്കുന്ന മുഹറം ഒരായിരം പ്രതീക്ഷകളുടെ നവ വര്‍ഷപുലരിയാണ് വിശ്വാസികള്‍ക്ക് സമ്മാനിക്കുന്നത്. അല്ലാഹു തന്റെ മാസമെന്ന് പ്രഖ്യാപിച്ച് ആദരിച്ച വിശുദ്ധ മാസങ്ങളിലൊന്നാണ് മുഹറം. ഇസ്‌ലാമിന്റെ സംസ്ഥാനത്തിനു മുമ്പ് ജാഹിലിയ്യത്തും പ്രത്യേകം ബഹുമതി നല്‍കിയ മാസം. ഇതെല്ലാം ഈ മാസത്തിന്റെ സവിശേഷതകളാണ്. സവിശേഷതകള്‍ സത്യത്തില്‍ ചിന്തയുടെ വാതായനങ്ങള്‍ തന്നെയാണ് തുറക്കുന്നത്. കാരണം, ഈ സവിശേഷതകളുടെ നിദാനത്തെകുറിച്ച് ആലോചിക്കേണ്ടതുണ്ടല്ലോ. അവ ആലോചിച്ച് കണ്ടെത്തി അവ ഉപയോഗപ്പെടുത്താന്‍ ഉദ്യമിക്കുമ്പോഴാണല്ലോ വിശ്വാസിയുടെ മനസ്സുണരുന്നത്. ഈ ഉണരല്‍ ഇല്ലെങ്കില്‍ പിന്നെ കര്‍മം വെറും അഭിനയമായി മാറുന്നു. എന്തെന്നും എന്തിനെന്നും എങ്ങനെ എന്നുമൊന്നുമറിയാതെ ഒരാള്‍ പട്ടിണി കിടന്നാല്‍ അത് യഥാര്‍ഥ നോമ്പാവില്ല എന്ന് പറയുന്നതു പോലെ തന്നെ. ഈ മാസത്തിന്റെ ഈ പറഞ്ഞ സവിശേഷതകളുടെ പൊരുളുകളില്‍ എത്തിച്ചേരുമ്പോള്‍ മാത്രമേ അതിനു കല്‍പ്പിക്കേണ്ട ആദരവ് കല്‍പ്പിക്കാനും കഴിയൂ. ഈ ആദരവ് നമ്മുടെ ബാധ്യതയുമാണ്.