കൈപിടിച്ചു നടത്തിയ പിതാവിന്റെ വേർപാടിൽ അവസാന നിമിഷം ഒപ്പം നിൽക്കാനാവാതെ പോയ വിഷമം കടിച്ചമർത്തി കളിക്കളത്തിലിറങ്ങിയ, വംശീയാധിക്ഷേപമേറ്റ് മറ്റൊരു നാട്ടിൽ കുറെയധികം മനുഷ്യരുടെ മുന്നിൽ അപഹസിക്കപ്പെട്ട, ദേശീയ ഗാനം ആലപിക്കുമ്പോൾ ഓർമ്മകളിൽ വിതുമ്പി പോകുന്ന, കൈവിട്ടുപോവുമായിരുന്ന ഗാബ ടെസ്റ്റിൽ ടീം ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചെത്തിച്ച ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് സിറാജിനെക്കുറിച്ച് ഇന്ത്യക്കാർ നിർബന്ധമായും അറിയേണ്ട നിരവധി കാര്യങ്ങളുണ്ട്.
ഹൈദരാബാദിലെ തെരുവിൽ വളരെ പാവപ്പെട്ട കുടുബത്തിൽ ജനിച്ച, ഓട്ടോറിക്ഷ തൊഴിലാളിയായിരുന്ന മുഹമ്മദ് ഖൈസിന്റെ മകൻ ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാൻമാരെ പവലിയനിലേക്ക് മടക്കിയക്കുമ്പോൾ പിന്നിട്ട നാൾവഴികൾ നൽകിയ ഓർമ്മകളിൽ നിറയുന്നതത്രയും ത്രസിപ്പിക്കുന്ന പോരാട്ടത്തിന്റെ കഥകളാണ്.
ഒരുപക്ഷേ, ഇന്ത്യയുടെ മുൻനിര പേസ് ബൗളർമാർക്ക് പരിക്കേറ്റില്ലായിരുന്നുവെങ്കിൽ ഈ പരമ്പരയിൽ ടീമിലിടം കിട്ടാൻ പോലും സാധ്യതയില്ലാത്ത താരമാണ് കളിയവസാനിക്കാൻ നേരം രാജ്യത്തിന്റെ രക്ഷക്കെത്തിയത്.
ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ഇഷാന്ത് ശർമ, ഭുവനേശ്വർ കുമാർ തുടങ്ങിയ പ്രമുഖ താരങ്ങൾക്ക് പരുക്കേറ്റതോടെ ഓസ്‌ട്രേലിയൻ മണ്ണിൽ ഇന്ത്യൻ ടീമിന്റെ പേസ് വിഭാഗത്തെ നയിക്കുന്ന സിറാജ്, ഓസീസിന്റെ രണ്ടാം ഇന്നിങ്‌സിലാണ് അഞ്ച് വിക്കറ്റ് നേട്ടവുമായാണ് കരുത്തുകാട്ടിയത്. 19.5 ഓവറിൽ 73 റൺസ് വഴങ്ങിയായിരുന്നു സിറാജിന്റെ അഞ്ച് വിക്കറ്റ് നേട്ടം. ഇതോടെ ഓസീസിന്റെ രണ്ടാം ഇന്നിങ്‌സ് സ്‌കോർ 294 റൺസിൽ ഒതുങ്ങുകയും ചെയ്തു. ഈ പര്യടനത്തിൽ ഒരു ഇന്ത്യൻ ബോളർ അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുന്നതും ഇതാദ്യമാണ്.
2015 ൽ രഞ്ജി ട്രോഫി ക്രിക്കറ്റിലായിരുന്ന സിറാജിന്റെ അരങ്ങേറ്റം. 2015-16 സീസൺ രഞ്ജിയിൽ ഹൈദരാബാദിനു വേണ്ടി 41 വിക്കറ്റുകൾ നേടി ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരമായി. അതുവഴി 2017 ൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺറൈസ് ഹൈദരാബാദ് ടീമിൽ ഇടം കണ്ടെത്തി. 2018ൽ വിജയ് ഹസാരെ ക്രിക്കറ്റ് ടൂർണമെന്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ. 2018 ൽ ഇന്ത്യൻ നായകൻ കോലിയുടെ ബാംഗ്ലൂർ റോയൽ ചടഞ്ചേഴ്‌സ് ടീമിലൂടെ വീണ്ടും ഐ.പി.എല്ലിൽ. എപ്പോഴും തണലേകിയ നായകൻ കോഹ്‌ലിയുടെ പിന്തുണയിൽ 2020ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ ആർക്കും നേടാനാകാത്ത റെക്കോർഡ് നേട്ടവും സിറാജിന്റെ പേരിലെഴുതപ്പെട്ടു. ബൗളർമാരുടെ ശവപ്പറമ്പായിരുന്ന 2020ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ തുടർച്ചായി രണ്ടു മെയ്ഡൻ ഓവറുകൾ എറിഞ്ഞ റെക്കോഡ് സിറാജിന്റെ പേരിൽ കുറിക്കപ്പെട്ടു.
ഒടുവിൽ ഇന്ത്യയുടെ ഓസീസ് പര്യടനത്തിലുള്ള ഇന്ത്യൻ സംഘത്തിൽ സിറാജും ഉൾപ്പെട്ടു. ഇതിനിടെ സ്വപ്‌നം കാണാൻ പഠിപ്പിച്ച പിതാവിന്റെ മരണം. പക്ഷേ, പിതാവിന്റെ സ്വപ്‌നം സഫലമാക്കാൻ നാട്ടിലേക്ക് പോകാതെ ടീമിന്റെ കൂടെ തുടർന്നു.
ഓസ്‌ട്രേലിയൽ മണ്ണിൽ നടന്ന സന്നാഹ മത്സരത്തിൽ ബുംമ്രയുടെ അടികൊണ്ടു പരിക്കേറ്റ ഓസീസ് ബാറ്റ്‌സ്മാന് കൈതാങ്ങായി നോൺ സ്ര്‌ടൈക്കിംഗ് എൻഡിൽ നിന്നും ബാറ്റ് വലിച്ചെറിഞ്ഞ് ഓടിവന്നത് ക്രിക്കറ്റ് പ്രേമികളുടെ മനസ്സിലേക്ക് സിറാജെന്ന ഇന്ത്യൻ പേസർക്കുള്ള ഇരിപ്പിടം ഇട്ടുകൊണ്ടായിരുന്നു.
ആദ്യ ടെസ്റ്റിൽ മുഹമ്മദ് ഷമിക്ക് പരിക്കേറ്റതിനെത്തുടർന്ന് രണ്ടാം ടെസ്റ്റിൽ അരങ്ങേറ്റം. ആ ടെസ്റ്റിൽ തന്നെ ഉമേഷിനും പരിക്ക് പറ്റി പുറത്തായി. മൂന്നാം ടെസ്റ്റിൽ ബുംമ്രയുടെ കൂടെ ഓപ്പണിങ് ബോളർ. നാലാം ടെസ്റ്റിൽ പരിക്കേറ്റ് ബുമ്രയും പുറത്തേക്ക്. അപ്പോഴേക്കും ഇന്ത്യയുടെ ഒന്നാം നമ്പർ ബൗളറായി സിറാജ് മാറുകയായിരുന്നു.
മത്സരത്തിനിടെ വംശീയധിക്ഷേപം കൊണ്ട് കാണികൾ പരിഹസിച്ച സിറാജ് പരമ്പര കഴിയും മുന്നേ ഓസീസ് മണ്ണിൽ ആദ്യത്തെ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കുകയും ചെയ്തു. കൂറ്റൻ സ്‌കോറിലേക്ക് പോകുമായിരുന്ന ഓസീസ് ബാറ്റിങ് നിരയെ പിച്ചിചീന്തിയ ഓവറുകൾ. ഒരു ഓവറിൽ തന്നെ ഏറ്റവും അപകടകാരിയായ ലബുഷെയറിനെയും വൈഡിനെയും പുറത്താക്കിയതിന് പുറമെ തകർപ്പൻ ഫോമിലുള്ള സ്മിത്തിനെയും പുറത്താക്കിയ ഡെലിവറികൾ കൊണ്ട് ഓസ്‌ട്രേലിയൻ ഫാൻസിന് മറുപടി നൽകുകയായിരുന്നു അവൻ.
അയാളുടെ സ്വപ്‌നങ്ങൾ ഇന്ന് ഇന്ത്യയുടേത് കൂടിയാണ്. അത് തെളിയിക്കുന്നുണ്ട് മുൻ ഇന്ത്യൻ ഓപ്പണർ സേവാഗിന്റെ ഇന്നത്തെ ട്വീറ്റ്: ‘നമ്മുടെ കൊച്ചുപയ്യൻ ഈ പര്യടനത്തിലൂടെ വളർന്ന് വലിയ ആളായിരിക്കുന്നു. അരങ്ങേറ്റ പരമ്പരയിൽത്തന്നെ ഇന്ത്യൻ ആക്രമണത്തിന്റെ നേതൃത്വം ലഭിച്ച സിറാജ് മുന്നിൽനിന്ന് തന്നെ നയിച്ചു. ഈ പരമ്പരയിൽ പുതുമുഖ താരങ്ങൾ ഇന്ത്യയ്ക്കായി പുറത്തെടുത്ത പ്രകടനം കാലങ്ങളോളം എല്ലാവരുടെയും ഓർമയിൽ ശേഷിക്കും. ഇനി ട്രോഫി കൂടി നിലനിർത്തിയാൽ എല്ലാം ശുഭം’ സേവാഗ് കുറിച്ചു.