കോഴിക്കോട്: 80:20 വിഷയവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ക്രിയാത്മകമായി ഇടപെടണമെന്ന് ഇഖ്‌റ എംഎസ്എഫ്. 2011ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പാലോളി കമ്മീഷന്‍ ഇടപെടലിലൂടെ നടത്തിയ രാഷ്ട്രീയ പ്രേരിതമായ വഞ്ചനയുടെ ഫലമെന്നോണം മുസ്ലിം സമൂഹത്തിനു ലഭിക്കേണ്ട ന്യായമായ ആനുകൂല്യങ്ങള്‍ക്ക് പോലും, മുസ്ലിം സമൂഹം കോടതിയില്‍ പോകേണ്ട അവസ്ഥ സര്‍ക്കാര്‍ വരുത്താതിരിക്കണംമെന്നും ഇഖ്‌റ എംഎസ്എഫ് ആവശ്യപ്പെട്ടു.
പത്ത് വര്‍ഷം മുമ്പ് തങ്ങള്‍ക്ക് ലഭിക്കേണ്ടതില്‍ നിന്നും 20 % അവശ പിന്നോക്കക്കാരായ സഹോദര സമുദായങ്ങളിലുള്ളവര്‍ക്ക് നല്‍കിയപ്പോള്‍ പോലും സന്തോഷത്തോടെ അത് അംഗീകരിക്കുകയും, കേരളത്തിന്റെ പൈതൃകവും സാഹോദര്യവും ഊട്ടി ഉറപ്പിക്കാന്‍ മുസ്ലിങ്ങള്‍ മുന്‍കൈയെടുത്തത് വിസ്മരിക്കരുത്. എന്നാല്‍, ആ സ്‌നേഹ സമ്മാനത്തിന്റെ അനന്തര ഫലമായി ഒരു വിഭാഗത്തിന് ലഭിക്കേണ്ട സര്‍വ്വവും നഷ്ടപ്പടുന്ന ഈ അവസരത്തില്‍ എല്ലാ മുസ്ലിം സംഘടനകളും, മുസ്ലിം ലീഗും ഇക്കാര്യത്തില്‍ സര്‍ക്കാരിനോട് അപ്പീല്‍ പോകാനും, നിയമപരമായ കാര്യങ്ങള്‍ പുനര്‍ വിചിന്തനം നടത്താനും ആവശ്യപ്പെട്ടത് മുഖവിലക്കെടുക്കണമെന്നും ഇഖ്‌റ എംഎസ്എഫ് ആവശ്യപ്പെടുന്നു.
മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തില്‍ സ്‌കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പഠിക്കാന്‍ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തുന്നത് മുസ്ലിം സമുദായത്തെ വീണ്ടും വഞ്ചിക്കുന്നതിനു തുല്യമാണ്. ഇത്തരത്തില്‍ ഒരു സമിതി വരികയും, അവര്‍ പഠനം നടത്തുകയും ചെയ്യേണ്ട ആവശ്യകതയെന്താണുള്ളത്? ഇനി ഈ സമിതി വരികയാണെങ്കില്‍ തന്നെ, അവരുടെ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുന്നതിനുള്ള കാലതാമസം ന്യൂനപക്ഷ ക്ഷേമ പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിക്കപ്പെടും. വിദ്യാര്‍ത്ഥികള്‍ക്ക് സമയാ സമയങ്ങളില്‍ ലഭിക്കേണ്ട സ്‌കോളര്‍ഷിപ്പുകള്‍ പോലും കിട്ടാതെ, വര്‍ഷങ്ങള്‍ക്ക് ശേഷം ഈ സമിതി യഥാര്‍ത്ഥ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമ്പോള്‍ വൈകി വന്ന വിവേകമായി ഒരു സമൂഹം കാണണമെന്നാണോ സര്‍ക്കാര്‍ കരുതുന്നത്. തുല്ല്യ നീതിയെന്ന അടിസ്ഥാന ജനാധിപത്യ അവകാശത്തിന്റെ നിഷേധമായി ഇത് പരിണമിക്കും!
കഴിഞ്ഞ കാലത്ത് വകുപ്പ് കൈകാര്യം ചെയ്ത ജലീലിന്റേയും ഇടതുപക്ഷ സര്‍ക്കാരിന്റേയും കുറ്റകരമായ മൗനത്തിന്റെയും, വസ്തുതകള്‍ യഥാവിധി നീതിന്യായ വ്യവസ്ഥയെ ബോധിപ്പിക്കാത്തതിന്റെ അടിസ്ഥാനത്തിലുമാണ് ഈ വിധിയുണ്ടായിരിക്കുന്നത്. 100 % മുസ്ലിം സമുദായത്തിന് ലഭിക്കേണ്ട ഈ കാര്യത്തില്‍, ഇനി ഹൈക്കോടതി നിലപാട് അടിസ്ഥാനമാക്കിയാല്‍ അത് ഒട്ടനവധി നിയമ പ്രശ്‌നങ്ങള്‍ വരുംകാലങ്ങളില്‍ സൃഷ്ടിക്കുമെന്നതില്‍ തര്‍ക്കമില്ല. അതുപ്രകാരം, സച്ചാര്‍ കമ്മിറ്റിയും, പാലോളി കമ്മിറ്റിയും, ക്രിസ്ത്യന്‍ സമൂഹത്തിന് വേണ്ടി ഇപ്പോള്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന കോശി കമ്മിറ്റിയും അസാധുവായി മാറുന്നതിന് വഴിവെക്കും. പരിവര്‍ത്തിത ക്രിസ്ത്യന്‍ വിഭാഗത്തിനുള്ള പ്രത്യേക കോര്‍പറേഷനും, അതിന്റെ കീഴിലെ ക്ഷേമ പ്രവര്‍ത്തനങ്ങളും നിര്‍ത്തി വെക്കേണ്ടി വരും. അതിലേറെ, ക്രിസ്തു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തവര്‍ക്ക് മാത്രം എന്ത് കൊണ്ട് പ്രത്യേക ക്ഷേമ പദ്ധതികള്‍ എന്ന ചോദ്യം മറ്റ് മതങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്തവര്‍ക്കും ചോദിക്കേണ്ട സാഹചര്യങ്ങളും കേരളത്തിലെ പൊതുമണ്ഡലങ്ങളില്‍ ഉയര്‍ന്ന് വരാനിടയാക്കും.
അതിനാല്‍ ഇവ്വിഷയത്തില്‍ സര്‍ക്കാര്‍ അപ്പീല്‍ പോകണം. എത്രയും പെട്ടെന്ന് പുതിയൊരു വകുപ്പ് തന്നെ രൂപീകരിച്ച് സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് യഥാര്‍ത്ഥത്തില്‍ നടപ്പിലാക്കുകയും, പൊതുജനങ്ങള്‍ക്കിടയിലുള്ള സംശയങ്ങള്‍ ദൂരീകരിക്കണം. വി എസ് സര്‍ക്കാരിന്റെ കാലത്ത് കൊണ്ട് വന്ന പാലോളി കമ്മിറ്റി മുസ്ലിങ്ങളുടെ അവകാശങ്ങളില്‍ കരുതിക്കൂട്ടി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനും, അത് കൃത്യവിലോപമായ മൗനത്തിലൂടെ പിണറായി സര്‍ക്കാര്‍ ഈ കോടതിവിധി നടപ്പിലാക്കി എന്നുമുള്ള മുസ്ലിം സമുദായത്തിന്റെ പൊതു വികാരം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി തന്നെ മുന്നിട്ട് അപ്പീല്‍ പോകാന്‍ തയ്യാറാകണം-ഇഖ്‌റ എംഎസ്എഫ് ആവശ്യപ്പെടുന്നു.