തിരുവനന്തപുരം: വാഹനത്തില്‍ കാഴ്ചമറയ്ക്കുന്ന വിധത്തില്‍ കൂളിംഗ് ഫിലിമും കര്‍ട്ടനുമിട്ട വാഹനങ്ങള്‍ക്കെതിരെ പരിശോധന കര്‍ശനമാക്കി മോട്ടോര്‍ വാഹന വകുപ്പ്. ഓപ്പറേഷന്‍ സ്‌ക്രീന്‍ എന്ന പേരില്‍ ഇന്നുമുതല്‍ ജില്ലകളില്‍ വ്യാപകപരിശോധനയുണ്ടാകും. ഫിലിമും കര്‍ട്ടനും നീക്കാത്ത വാഹനങ്ങളുടെ രജിട്രേഷന്‍ റദ്ദാക്കുന്നടക്കമുള്ള നടപടികളുണ്ടാകും. നിയമലംഘകര്‍ക്ക് ഇ-ചെലാന്‍ വഴിയാകും ഇനി പെറ്റിചുമത്തുക. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തിലായിരിക്കും പരിശോധനയെന്ന് മോട്ടോര്‍വാഹനവകുപ്പ് അറിയിച്ചു.
വാഹനങ്ങളിലെ കാഴ്ചമറയ്ക്കുന്ന നിയമലംഘനങ്ങള്‍ക്കെതിരെ സുപ്രിംകോടതിയുടേയും ഹൈക്കോടതിയുടേയും കര്‍ശനനിര്‍ദേശമാണ് നല്‍കിയത്. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടിക്കൊരുങ്ങുന്നത്.
സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ വാഹനങ്ങള്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് മോട്ടോര്‍വാഹന വകുപ്പ് അറിയിച്ചിട്ടുണ്ട്. അതേസമയം, മന്ത്രിമാരുടെ വാഹനങ്ങളടക്കം കര്‍ട്ടണ്‍ നീക്കം ചെയ്യാതെയും ഫിലിം ഒട്ടിച്ചുമാണ് യാത്രചെയ്യുന്നതെന്ന ആരോപണവും നിലനില്‍ക്കുന്നു.