X

സൻസദ് ടി.വിയിൽ രാഹുലിന്റെ പ്രസംഗം കണ്ടത് ഏഴ് ലക്ഷത്തിലധികം പേർ; മോദിയുടേത് 68,000

കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ നടത്തിയ അതിഗംഭീര പ്രസംഗം പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും പരിപാടികള്‍ ഔദ്യോഗികമായി സംപ്രേഷണം ചെയ്യുന്ന സന്‍സദ് ടി.വിയുടെ യു ട്യൂബ് ചാനലിലും വന്‍ ഹിറ്റ്. ഒരു മണിക്കൂറും 42 മിനിറ്റും നീണ്ട വിഡിയോ ഏഴ് ലക്ഷത്തിലധികം പേരാണ് രണ്ട് ദിവസം കൊണ്ട് കണ്ടത്. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒരു മണിക്കൂറിലധികം നീളുന്ന രണ്ട് വിഡിയോകളും കൂടി ഇതുവരെ കണ്ടത് ഒരു ലക്ഷത്തില്‍ താഴെ പേര്‍ മാത്രമാണ്. ഒരു മണിക്കൂറും 15 മിനിറ്റും നീളുന്ന വിഡിയോ 68000 പേരും ഒരു മണിക്കൂറുള്ള മറ്റൊരു വിഡിയോ 31000 പേരുമാണ് കണ്ടത്.

അതേസമയം, കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഏറ്റവും കൂടുതല്‍ പേര്‍ കണ്ടത് ഉത്തര്‍ പ്രദേശിലെ നാഗിന മണ്ഡലത്തില്‍നിന്ന് വിജയിച്ച ഭീം ആര്‍മി നേതാവും സാമൂഹിക പ്രവര്‍ത്തകനുമായ ചന്ദ്രശേഖര്‍ ആസാദിന്റെ എട്ട് മിനിറ്റോളമുള്ള പ്രസംഗമാണ്. എട്ട് ലക്ഷത്തിലധികം പേരാണ് ഇതിന്റെ വിഡിയോ കണ്ടത്.

സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ പ്രസംഗത്തിന് 3,87,000വും ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള കലാപം നിയന്ത്രിക്കാനാവാതെ ബി.ജെ.പി പ്രതിരോധത്തിലായ മണിപ്പൂരില്‍നിന്നുള്ള കോണ്‍ഗ്രസ് എം.പി അന്‍ഗോംച ബിമോലിന്റെ പ്രസംഗത്തിന് ഒന്നര ലക്ഷത്തിലേറെയും എ.ഐ.എം.ഐ.എം അസദുദ്ദീന്‍ ഉവൈസിയുടെ പ്രസംഗത്തിന് 74000വും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്രയുടെ പ്രസംഗത്തിന് 52000ത്തിലധികവും ബി.ജെ.പി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ അനുരാഗ് താക്കൂറിന്റെ പ്രസംഗത്തിന് 60,000വും കാഴ്ചക്കാരെ കിട്ടി. അയോധ്യ ഉള്‍ക്കൊള്ളുന്ന ഫൈസാബാദ് മണ്ഡലത്തില്‍നിന്ന് ബി.ജെ.പി സ്ഥാനാര്‍ഥിയെ തറപറ്റിച്ച് വിജയം പിടിച്ച എസ്.പിയിലെ അവധേഷ് പ്രസാദിന്റെ പ്രസംഗം 30,000ത്തോളം പേര്‍ സന്‍സദ് ടി.വി യു ട്യൂബ് ചാനലില്‍ കേട്ടു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പിക്കുമെതിരെ രാഹുല്‍ ഗാന്ധി ആഞ്ഞടിച്ച പ്രസംഗം സമൂഹ മാധ്യമങ്ങളും വ്യാപകമായി ഏറ്റെടുത്തിരുന്നു. മോദി സര്‍ക്കാറിന്റെ വീഴ്ചകള്‍ അക്കമിട്ട് നിരത്തിയായിരുന്നു പ്രതിപക്ഷ നേതാവായ ശേഷമുള്ള രാഹുലിന്റെ ലോക്‌സഭയിലെ ആദ്യ പ്രസംഗം.

webdesk13: