Connect with us

kerala

മോദിയുടെ ചെങ്കോല്‍

ഇക്കഴിഞ്ഞ മെയ് 28ന് സവര്‍ക്കറുടെ 140ാം ജന്മദിനമായിരുന്നു. ആ ദിവസം തന്നെയാണ് പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്.

Published

on

ഷംസീര്‍ കേളോത്ത്

ഇക്കഴിഞ്ഞ മെയ് 28ന് സവര്‍ക്കറുടെ 140ാം ജന്മദിനമായിരുന്നു. ആ ദിവസം തന്നെയാണ് പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. വിദേശ രാജ്യങ്ങളിലെ സന്ദര്‍ശന വേളകളില്‍ ഗാന്ധി പ്രതിമ ഉദ്ഘാടനം ചെയ്യാനും രാഷ്ട്രപിതാവിനെ സ്മരിക്കാനും സമയം കണ്ടെത്തുന്ന പ്രധാനമന്ത്രിയുടെ സ്വഭാവം സ്വന്തം രാജ്യത്തെത്തിയാല്‍ മാറും. ഇവിടെ അദ്ദേഹം സവര്‍ക്കറിനെയാണ് ആദരിക്കുന്നതും പുകഴ്ത്തുന്നതും. സര്‍വകലാശാലാ സിലബസുകളില്‍ പോലും ഗാന്ധിജിക്ക് രക്ഷയില്ലാതായിരിക്കുന്നു. എന്നാല്‍ ലണ്ടനിലോ ന്യൂയോര്‍ക്കിലോ മറ്റ് അന്താരാഷ്ട്ര നഗരങ്ങളിലോ എത്തിയാല്‍ നരേന്ദ്രമോദിക്ക് ഗാന്ധിജി വേണം. ഇന്ത്യയിലെത്തിയാല്‍ സവര്‍ക്കറും. ഗാന്ധി വധക്കേസില്‍ വിചാരണക്കൂട്ടില്‍ സവര്‍ക്കറും ഉണ്ടായിരുന്നുവെന്ന വസ്തുതയൊക്കെ ഇവിടെ ആര് നോക്കാന്‍.

രാഷ്ട്രപതിയും ലോക്‌സഭയും രാജ്യസഭയും ചേര്‍ന്നതാണ് പാര്‍ലമെന്റ്. ഭരണഘടനയുടെ അനുച്ഛേദം 79 ഇത് വ്യക്തമാക്കുന്നുണ്ട്. രാഷ്ട്രപതിയുടെ സന്ദേശം വായിച്ചതല്ലാതെ ഉദ്ഘാടനചടങ്ങില്‍ അവര്‍ക്ക് ക്ഷണമുണ്ടായിരുന്നില്ല. രാജ്യസഭാധ്യക്ഷന്‍ കൂടിയായ ഉപരാഷ്ട്രപതിയും തഴയപെട്ടു. പ്രോട്ടോക്കോള്‍ അനുസരിച്ച് അവര്‍ ഇരുവരുമുണ്ടെങ്കില്‍ പ്രധാനമന്ത്രിക്ക് പിന്നെ വലിയ റോളില്ല. അവരായിരിക്കും ഉദ്ഘാടകര്‍. അങ്ങനെ സംഭവിച്ചാല്‍ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് കണക്കുകൂട്ടലുകള്‍ തെറ്റിപ്പോകും. ഉദ്ഘാടന ചടങ്ങ് മോദിയുടെ കിരീടധാരണമാക്കാനാണ് ഭരണപക്ഷം കണക്ക്കൂട്ടിയത്. ഏറെക്കുറെ അത് തന്നെയാണ് നടന്നതും. പുതിയ പാര്‍ലമെന്റും രാമക്ഷേത്രവും 2024ലെ പൊതുതിരഞ്ഞെടുപ്പിലേക്കുള്ള പ്രധാന അസ്ത്രങ്ങളാണ്. അത് ലക്ഷ്യംതെറ്റരുതെന്ന് മോദിക്ക് നല്ല ബോധ്യമുണ്ട്. രാഷ്ട്രപതിയെ മാറ്റിനിര്‍ത്തിയുള്ള ചടങ്ങ് പക്ഷേ രാജ്യത്തെ പ്രധാന പ്രതിപക്ഷം ഒറ്റെക്കെട്ടായി ബഹിഷ്‌കരിച്ചു. രാഷ്ട്രപതി എന്നത് വ്യക്തിയല്ലന്നും ഭരണഘടനാസ്ഥാപനമാണെന്നും അവര്‍ ഭരണകക്ഷിയെ ഓര്‍മിപ്പിച്ചു. രാജ്യസഭാഉപാധ്യക്ഷന്‍ ജെ.ഡി.യുവില്‍നിന്നുള്ള രാജ്യസഭാംഗം ഹരിവന്‍ഷ് പാര്‍ട്ടി വിലക്ക് വകവെക്കാതെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുകയുണ്ടായി. രാജ്യസഭാധ്യക്ഷന് ക്ഷണമില്ലാത്ത ചടങ്ങില്‍ ഉപാധ്യക്ഷനായ അദ്ദേഹം പങ്കെടുത്തതിലെ ധാര്‍മികത വരും തലമുറകള്‍ വിലയിരുത്തട്ടെ. അദ്ദേഹമാണ് രാഷ്ട്രപതിയുടെ സന്ദേശം വായിച്ചത്. പ്രധാനമന്ത്രി സഭാമന്ദിരം ഉദ്ഘാടനം ചെയ്തതിലുള്ള ‘പൂര്‍ണ തൃപ്തി’ സന്ദേശത്തില്‍ രാഷ്ട്രപതി പ്രകടിപ്പിക്കുകയും ചെയ്തു. പുതിയ സഭാമന്ദിരം നവഭാരത സൃഷ്ടിയുടെ അടിസ്ഥാനമായിരിക്കുമെന്ന് മുപ്പത് മിനുട്ട് നീണ്ടുനിന്ന പ്രസംഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. മോദിയുടെ നവഭാരതം എങ്ങനെയുള്ളതായിരിക്കുമെന്ന ഏകദേശ ധാരണ ഉദ്ഘാടന ചടങ്ങ്തന്നെ നല്‍കുകയും ചെയ്തു. കല്‍കത്തയില്‍ നിന്നിറങ്ങുന്ന ദി ടെലിഗ്രാഫ് എന്ന ഇംഗ്ലീഷ് പത്രം അത് മറയില്ലാതെ എഴുതുകയും ചെയ്തു. ‘ഒരു മതത്തിന്റെ മേല്‍ക്കോയ്മ’ എന്നാണവര്‍ ആദ്യപേജിലെ വാര്‍ത്തക്ക് നല്‍കിയ ഒരു തലക്കെട്ട്. മാത്രമല്ല, പാര്‍ലമെന്റില്‍ നയാദേശ് നയാഭാരത് പ്രയോഗങ്ങളുമായി പ്രധാനമന്ത്രി തകര്‍ത്തുകയറുന്ന സമയത്ത് പാര്‍ലമെന്റിന് ഏറെ അകലെയല്ലാത്ത ജന്തര്‍മന്ദറില്‍ രാജ്യത്തിന്റെ അഭിമാനം വാനോളമുയര്‍ത്തിയ കായികതാരങ്ങളെ പൊലീസ് വലിച്ചിഴക്കുകയായിരുന്നു. എന്താണവര്‍ ചെയ്ത തെറ്റ്? കായിക താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച ബി.ജെ.പി നേതാവിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടതോ. രാജ്യത്തിന് വേണ്ടി ഇടിക്കൂട്ടില്‍ പൊരുതി നിരവധി തവണ മെഡല്‍ വാങ്ങിയവര്‍ ഡല്‍ഹി പൊലീസിന്റെ ഇടി വാങ്ങേണ്ടവരാണോ. ഏഷ്യന്‍ ഗെയിംസിലെ തന്റെ മത്സര ഇനത്തില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യക്കാരിയാണ് വിനേശ് പൊഗാട്ട്. പൊലീസ് വണ്ടിയില്‍നിന്ന് തല പുറത്തിട്ട് അവിടെ കൂടിയ മാധ്യമപ്രവര്‍ത്തകരോടുമായി വിനേശ് പൊഗാട്ട് വിളിച്ചു പറഞ്ഞു: നയാദേശ് മുബാറക്.

പാര്‍ലമെന്റ് ജനാധിപത്യത്തിന്റെ കേന്ദ്രബിന്ദുവാണ്. ഭരണ-പ്രതിപക്ഷ കക്ഷികള്‍ ഒന്നിച്ചിരുന്ന് എതിര്‍പ്പിന്റെയും യോജിപ്പിന്റെയും പുതിയ ഇടങ്ങള്‍ തേടി ജനക്ഷേമം നടപ്പാക്കുന്ന ആധുനിക ഭരണരീതിയാണത്. രാജാവും മന്ത്രിമാരുമുള്ള രാജസഭയല്ല, ജനപ്രതിനിധി സഭയാണത്. അവിടെയാണ് സ്വേച്ഛാധിപത്യത്തിന്റെയും രാജഭരണത്തിന്റെയും ചിഹ്നങ്ങളെ മതകീയ ആചാരങ്ങളോടെ സംഘ്പരിവാര്‍ സ്ഥാപിക്കുന്നത്. ചെങ്കോലും സ്വേച്ഛാധിപതിയുമൊക്കെ കഴിഞ്ഞ കാലത്തെ ഓര്‍മകള്‍ മാത്രമാണ്. ജനാധിപത്യ ഭാരതത്തിന് സ്വീകരിക്കാനെന്താണതിലുള്ളത്? നമ്മള്‍ ഇന്ത്യക്കാരായ ജനങ്ങളാണ് എന്ന ഭരണഘടനയുടെ പ്രഖ്യാപനം യഥാര്‍ത്ഥത്തില്‍ കോളനി ഭരണത്തില്‍നിന്നു മാത്രമല്ല രാജഭരണത്തില്‍നിന്നുകൂടിയുള്ള മോചനപ്രഖ്യാപനമായിരുന്നു. അതുകൊണ്ടാണ് തമിഴ്‌നാട്ടില്‍നിന്ന് അന്ന് ചിലര്‍ ചെങ്കോല്‍ ഏല്‍പിക്കാന്‍ വന്നപ്പോള്‍ അത് വാങ്ങി അന്നത്തെ ഭരണാധികാരികള്‍ മ്യൂസിയത്തില്‍ വെച്ചത്. ‘പണ്ഡിറ്റ് നെഹ്‌റുവിന് ലഭിച്ച ഒരു സ്വര്‍ണവടി’ എന്നാണ് അലഹബാദ് മ്യൂസിയം അധികാരികള്‍ ആ ചെങ്കോലിന് നേരെ എഴുതി വെച്ചത്. അത്ര പ്രാധാന്യമേ അന്നത്തെ ഭരണ നേതൃത്വം അതിന് കല്‍പ്പിച്ചിട്ടുണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇന്ന് ചെങ്കോലിനെ സഭയില്‍ മന്ത്രോച്ഛാരണങ്ങളോടെ പ്രതിഷ്ഠിച്ചിരിക്കയാണ്. രാജ്യത്തെ പ്രധാനമന്ത്രി അതിനെ സാഷ്ടാംഗം പ്രണമിക്കുന്നു. ഭരണഘടനാമൂല്യങ്ങളെ തത്വങ്ങളെ സംരക്ഷിക്കാന്‍ യാതൊരു താല്‍പര്യവും കാണിക്കാത്ത സര്‍ക്കാര്‍ ചില ചിഹ്നങ്ങളെ മഹത്വവത്കരിക്കുന്നത് ഭാരതീയ സംസ്‌കാരങ്ങളോടുള്ള ആദരവ് കൊണ്ടല്ല, തിരഞ്ഞെടുപ്പ് ഒപ്റ്റിക്‌സില്‍ അത് വോട്ടായിമാറിയേക്കുമെന്ന പ്രതീക്ഷ കൊണ്ടാണ്.

തമിഴ് മണ്ണ് ഇന്നും ബി.ജെ.പിക്ക് ബാലികേറാമലയാണ്. ആ മണ്ണില്‍ താമര കൃഷി തുടങ്ങാനുള്ള വളമിറക്കുകയായിരുന്നോ ചെങ്കോലിലൂടെ എന്ന് സംശയിക്കുന്നവര്‍ ഏറെയാണ്. ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങളില്‍ ഏറെ അപകടം പിടിച്ചതാണ് മതങ്ങള്‍ക്കുള്ളിലും ജാതിക്കുള്ളിലും നടപ്പാക്കുന്ന സോഷ്യല്‍ എഞ്ചിനിയറിംഗ്. ഇവിടെയും അതിന്റെ സാധ്യതകളാവാം ബി.ജെ.പി പയറ്റുന്നത്. തമിഴ്‌നാട്ടിലെ ഹൈന്ദവ മഠങ്ങളില്‍ രാഷ്ട്രീയ ബന്ധങ്ങള്‍ സൂക്ഷിക്കുകയും പ്രത്യേക പരിഗണനകള്‍ ലഭിച്ചുപോന്നിരുന്നതും കാഞ്ചീപുരത്തെ ശങ്കരമഠങ്ങള്‍ പോലുള്ളതിനായിരുന്നു. അവര്‍ക്ക് പകരം ശൈവ മഠങ്ങളെ മുഖ്യാധാരയിലേക്കടുപ്പിക്കുകയും തങ്ങള്‍ക്കനുകൂലമാക്കി മാറ്റുകയും ചെയ്യുകയെന്ന തന്ത്രമാവാം പരീക്ഷിക്കുന്നത്. തമിഴ്‌നാട്ടിലെ ബ്രാഹ്മണ വിരുദ്ധ മുന്നേറ്റങ്ങളുടെ മുന്നില്‍നിന്നത് ശൈവരായിരുന്നു. എന്നാല്‍ പിന്നീട് മതകീയതയെ വിട്ട് പെരിയാറിനെ പോലുള്ളവര്‍ ഉഴുതുമറിച്ചിട്ട ബൗദ്ധിക പ്രതലത്തിലാണ് ദ്രാവിഡ രാഷ്ട്രീയം ശക്തിപ്രാപിക്കുന്നത്. അവിടെ വിള്ളലുണ്ടാക്കാനുള്ള ശ്രമവും ചെങ്കോലിന് പിന്നിലുണ്ടാവാം.

ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാതെ ജനാധിപത്യത്തെയും വി.ഡി സവര്‍ക്കറിനെയും പ്രതിപക്ഷം അപമാനിച്ചെന്നാണ് മഹരാഷ്ട്രാമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ വിമര്‍ശിച്ചത്. വി.ഡി സവര്‍ക്കറിനെ അപമാനിച്ചെന്നത് ഒരു കുറവായി പ്രതിപക്ഷം കാണുമെന്ന് തോന്നുന്നില്ല. ജനാധിപത്യത്തെ അപമാനിച്ചെന്ന അദ്ദേഹത്തിന്റെ ആരോപണം വസ്തുതാവിരുദ്ധമാണ്. പാര്‍ലമെന്റിലടക്കം ജനാധിപത്യത്തെ അപമാനിക്കുന്നത് ഭരണപക്ഷമാണെന്ന് വസ്തുതകള്‍ പരിശോധിച്ചാല്‍ മനസ്സിലാവും. ട്രഷറി ബഞ്ച് ശബ്ദമുണ്ടാക്കി സഭ മുടക്കിയതും ധനകാര്യബില്ല് രാജ്യസഭയില്‍ അവതരിപ്പിക്കേണ്ട എന്ന സൗകര്യത്തിന് ധനകാര്യേതര വിഷയങ്ങള്‍ പോലും ധന ബില്ലായി അവതരിപ്പിച്ചതുമൊക്കെ കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിനിടയില്‍ രാജ്യം കണ്ടതാണ്. ഒരു ബില്ല് പാസ്സാവാന്‍ അംഗം ആവശ്യപ്പെട്ടാല്‍ വോട്ടെടുപ്പ് വേണമെന്നാണ് ചട്ടമെന്നിരിക്കെ കര്‍ഷക നിയമങ്ങള്‍ അവതരിപ്പിച്ച ഘട്ടത്തില്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടിട്ടും വോട്ടിനിടാതെ ശബ്ദവോട്ടിന് ബില്ല് പാസ്സാക്കിയ ക്രെഡിറ്റും സംഘ്പരിവാര്‍ സര്‍ക്കാറിനാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി സിപിഐ

സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയ ആക്ഷേപവും ട്രോളി ബാഗ് വിവാദവും പത്രപരസ്യവുമെല്ലാം തിരിച്ചടിയായെന്നും സിപിഐ വിമര്‍ശിച്ചു

Published

on

പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി സിപിഐ. തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയുടെ പ്രസംഗങ്ങള്‍ ഉപകാരമുണ്ടായില്ല. മുസ്ലിം ലീഗ് അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയ ആക്ഷേപവും ട്രോളി ബാഗ് വിവാദവും പത്രപരസ്യവുമെല്ലാം തിരിച്ചടിയായെന്നും സിപിഐ വിമര്‍ശിച്ചു.

കഴിഞ്ഞ ദിവസം പാലക്കാട്ട് നടന്ന സിപിഐ യോഗത്തിലായിരുന്നു പിണറായിക്കെതിരെ വിമര്‍ശനമുയര്‍ന്നത്. സാദിഖലി തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശം മുസ്ലിം വോട്ടുകള്‍ യുഡിഎഫിലേക്ക് ഏകീകരിക്കാന്‍ കാരണമായി. ട്രോളി ബാഗ് വിവാദവും പത്രപരസ്യവും മറ്റൊരു കാരണം. വിവാദം യുഡിഎഫില്‍ ഐക്യമുണ്ടാക്കിയെന്നും യോഗത്തില്‍ ആരോപിച്ചു. യോഗത്തിന്റെ റിപ്പോര്‍ട്ടിന് സിപിഐ ജില്ലാ കൗണ്‍സിലും എക്സിക്യൂട്ടീവും അംഗീകാരം നല്‍കിയിട്ടുണ്ട്.

ഇ.പി ജയരാജന്റെ ആത്മകഥ എന്ന രീതിയില്‍ പ്രചരിച്ച കുറിപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി. സരിനെ മോശമായി ചിത്രീകരിച്ചത് വോട്ടര്‍മാരെ സ്വാധീനിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഘടകകക്ഷികളെ സിപിഎം നിരന്തരം തഴഞ്ഞെന്നും ആക്ഷേപമുണ്ട്. തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനുശേഷം ഒരുതവണ മാത്രമാണ് എല്‍ഡിഎഫ് യോഗം ചേര്‍ന്നത്. തെരഞ്ഞെടുപ്പ് നീക്കങ്ങളും ചര്‍ച്ചകളും ഘടകകക്ഷികളെ അറിയിക്കാതെയാണ് സിപിഎം മുന്നോട്ടുപോയത്. നെല്‍ കര്‍ഷകര്‍ക്ക് സര്‍ക്കാരിനോടുള്ള വിരോധം കര്‍ഷക വോട്ടുകള്‍ ലഭിക്കാത്തതിന് കാരണമായെന്നും സിപിഐ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

Continue Reading

kerala

മാറ്റമില്ലാതെ തുടര്‍ന്ന് സ്വര്‍ണവില

56,800 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില

Published

on

കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. 56,800 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഗ്രാമിന് 7100 രൂപ നല്‍കണം.

ഈ മാസം ആദ്യം 57,200 രൂപയായിരുന്നെങ്കിലും 11ന് 58,280 രൂപയായി ഉയര്‍ന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ സ്വര്‍ണവില എത്തി. പിന്നീട് വില കുറഞ്ഞിരുന്നു. 20 ന് 56,320 രൂപയണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരം.

ഒമ്പത് ദിവസത്തിനിടെ പവന് 2000ത്തോളം രൂപയാണ് കുറഞ്ഞത്.യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറച്ചത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.

Continue Reading

kerala

വിഎച്ച്പി പ്രവര്‍ത്തകര്‍ ക്രിസ്മസ് ആഘോഷം തടഞ്ഞ സംഭവം; സൗഹൃദ കരോളുമായി യൂത്ത് കോണ്‍ഗ്രസും ഡിവൈഎഫ്ഐയും

ക്രിസ്മസ് ആഘോഷം തടഞ്ഞ വിശ്വഹിന്ദു പരിഷത്ത് നടപടിയില്‍ പരിഹാസവുമായി സന്ദീപ് വാര്യര്‍ രംഗത്തെത്തിയിരുന്നു

Published

on

പാലക്കാട്: നല്ലേപ്പിള്ളി ഗവണ്‍മെന്റ് യുപി സ്‌കൂളിലെ ക്രിസ്മസ് ആഘോഷം വിഎച്ച്പി പ്രവര്‍ത്തകര്‍ തടഞ്ഞതിന് പിന്നാലെ സൗഹൃദ കരോള്‍ സംഘടിപ്പിക്കൊരുങ്ങി യുവജനസംഘടനകളായ ഡിവൈഎഫ്ഐയും യൂത്ത് കോണ്‍ഗ്രസും. ഇരു സംഘടനകളും ചേര്‍ന്ന് ഇന്ന് സൗഹൃദ കാരള്‍ നടത്തും. സംഭവത്തില്‍ അധ്യാപക സംഘടനയും പ്രതിഷേധിക്കും. ഒന്‍പത് മണിക്ക് ഡിവൈഎഫ്ഐയുടെയും 10 മണിക്ക് യൂത്ത് കോണ്‍ഗ്രസിന്റെയും പരിപാടികള്‍ നടക്കും.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് നല്ലേപ്പിള്ളി ഗവ: യുപി സ്‌കൂളില്‍ ക്രിസ്തുമസ് ആഘോഷത്തിനിടെ കരോള്‍ നടത്തുമ്പോള്‍ വിഎച്ച്പി പ്രവര്‍ത്തകര്‍ എത്തിയത്. പ്രധാനാധ്യാപികയെയും അധ്യാപകരെയും ഇവര്‍ അസഭ്യം പറയുകയും ശ്രീകൃഷ്ണജയന്തിയാണ് ആഘോഷിക്കേണ്ടതെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു. സംഭവത്തില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്തു. നല്ലേപ്പള്ളി സ്വദേശികളായ വടക്കുംതറ കെ അനില്‍കുമാര്‍ , മാനാംകുറ്റി കറുത്തേടത്ത്കളം സുശാസനന്‍ , തെക്കുമുറി വേലായുധന്‍ എന്നിവരാണ് അറസ്റ്റിലായത്. ജാമ്യം ഇല്ലാ വകുപ്പ് പ്രകാരം ഇവര്‍ക്കെതിരെ കേസ് എടുത്തു.

ക്രിസ്മസ് ആഘോഷം തടഞ്ഞ വിശ്വഹിന്ദു പരിഷത്ത് നടപടിയില്‍ പരിഹാസവുമായി സന്ദീപ് വാര്യര്‍ രംഗത്തെത്തി. ജാമ്യം കിട്ടിയിറങ്ങിയാലുടന്‍ ഇവര്‍ ക്രിസ്തുമസ് കേക്കുമായി ക്രൈസ്തഭവനങ്ങളില്‍ എത്തുന്നതാണ് എന്നായിരുന്നു പരിഹാസം.

Continue Reading

Trending