X

മോദിയുടെ ബിരുദ വിവാദം; വിവരാവകാശ നിയമം വ്യക്തികളെ തൃപ്തിപ്പെടുത്താനുള്ളതല്ല: ഡല്‍ഹി സര്‍വകലാശാല ഹൈക്കോടതിയില്‍

വിവരാവകാശ നിയമം വ്യക്തികളുടെ ജിജ്ഞാസ തൃപ്തിപ്പെടുത്താനുള്ളതല്ലെന്ന് ഡല്‍ഹി യൂണിവേഴ്സിറ്റി ഹൈക്കോടതിയില്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട ഹരജിയിലാണ് സര്‍വകലാശാലയുടെ വാദം.

1978ല്‍ ബിരുദം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളുടെ രേഖകള്‍ കൈമാറാന്‍ ഡല്‍ഹി സര്‍വകലാശാലയോട് കേന്ദ്ര വിവരാവകാശ കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെ ചോദ്യം ചെയ്ത് ഡല്‍ഹി സര്‍വകലാശാല സമര്‍പ്പിച്ച 2017ലെ ഹരജി പരിഗണിക്കുകയായിരുന്നു കോടതി. ഡല്‍ഹി ഹൈക്കോടതി ജഡ്ജി സച്ചിന്‍ ദത്തയ്ക്ക് മുമ്പാകെ സര്‍വകലാശാലയെ പ്രതിനിധീകരിച്ച് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് ഇക്കാര്യം അറിയിച്ചത്.

വിവരാവകാശ നിയമം ദുരുപയോഗം ചെയ്യരുതെന്നും പൊതുസ്ഥാപനങ്ങളുടെ സുതാര്യതയുമായും ഉത്തരവാദിത്തങ്ങളുമായും ബന്ധമില്ലാത്ത കാര്യങ്ങള്‍ അറിയുന്നതിന് വിവരാവകാശ നിയമത്തെ ഉപയോഗിക്കരുതെന്നും സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു.

വിവരാവകാശ നിയമപ്രകാരം വ്യക്തികള്‍ക്ക് അവരുടെ ബിരുദ സര്‍ട്ടിഫിക്കറ്റിനും മാര്‍ക്ക് ഷീറ്റിനുവേണ്ടിയെല്ലാം അപേക്ഷിക്കാമെന്നും എന്നാല്‍ അത്തരം വിവരങ്ങള്‍ മൂന്നാമതൊരു കക്ഷിക്ക് വെളിപ്പെടുത്താന്‍ ആര്‍.ടി.ഐ ആക്ട് 8 (1) വകുപ്പ് പ്രകാരം കഴിയില്ലെന്നും സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു.

കേന്ദ്ര വിവരാവകാശ കമ്മീഷന്റെ ഉത്തരവ് സ്ഥാപിത നിയമതത്വങ്ങള്‍ക്ക് വിരുദ്ധമാണെന്നും സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു. 1978 മുതലുള്ള വിവരങ്ങള്‍ പുറത്തുവിടുന്നത് കോടതി അംഗീകരിച്ചാല്‍ സമാനമായി പല അപേക്ഷകളുമുയരാന്‍ കാരണമാകുമെന്നും സോളിസിറ്റര്‍ ജനറല്‍ കൂട്ടിച്ചേര്‍ത്തു.

1978ല്‍ ബിരുദ പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികളുടെ മാര്‍ക്ക്, വിജയശതമാനം, പേര്, റോള്‍നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ വ്യക്തമാക്കണമെന്ന് കാണിച്ച് ആക്ടിവിസ്റ്റ് നീരജ് കുമാര്‍ വിവരാവകാശ കമ്മീഷനെ സമീപിച്ചതോടെയാണ് വിവാദം ആരംഭിക്കുന്നത്.
പിന്നാലെ ഡല്‍ഹി സര്‍വകലാശാലയിലെ സെന്‍ട്രല്‍ പബ്ലിക്ക് ഇന്‍ഫര്‍മേന്‍ ഓഫീസര്‍ വിവരാവകാശം സംബന്ധിച്ച അപേക്ഷ നിരസിച്ചു. വിവരങ്ങള്‍ തരാന്‍ കഴിയില്ലെന്നും മൂന്നാം കക്ഷിയായ വ്യക്തിക്ക് വിവരങ്ങള്‍ കൈമാറാന്‍ കഴിയില്ലെന്നുമായിരുന്നു ഓഫീസര്‍ പറഞ്ഞിരുന്നത്.

തുടര്‍ന്ന് നീരജ് കുമാര്‍ കേന്ദ്ര വിവരാവകാശ കമ്മീഷനെ സമീപിക്കുകയും അപ്പീല്‍ നല്‍കുകയും ചെയ്തതിന് പിന്നാലെ കമ്മീഷന്‍ നീരജ് കുമാറിന് അനുകൂലമായ ഉത്തരവ് പുറപ്പെടുവിക്കുകയുമായിരുന്നു. അതേസമയം വിദ്യാഭ്യാസ രേഖകള്‍ പൊതുവിവരമാണെന്നും വിദ്യാര്‍ത്ഥികളുടെ ഫലങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തണമെന്നും കാരണം സര്‍വകലാശാലകള്‍ പൊതുസ്ഥാപനമാണെന്നും അവയുടെ രേഖകള്‍ പൊതു രേഖകളാണെന്നും കേന്ദ്ര വിവരാവകാശ കമ്മീഷന്‍ വ്യക്തമാക്കി.

ഹരജിയില്‍ 2017 ജനുവരി 24ന് നടന്ന ആദ്യ ഹിയറിങ്ങില്‍ തന്നെ കേന്ദ്ര വിവരാവകാശ കമ്മീഷന്റെ ഉത്തരവ് കോടതി സ്റ്റേ ചെയ്തിരുന്നു. വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ പുറത്ത് വിടരുതെന്നും വ്യക്തിഗത വിവരങ്ങള്‍ പുറത്ത് വിടുന്നത് തെറ്റാണെന്നുമായിരുന്നു അന്ന് സര്‍വകലാശാല വാദിച്ചിരുന്നത്. ജനുവരി അവസാനം കേസ് വീണ്ടും പരിഗണിക്കും.

webdesk13: