Connect with us

india

അദാനി കുടുങ്ങുമ്പോള്‍ ആപ്പിലാകുന്നത് മോദി

Published

on

സൗരോര്‍ജ്ജ വിതരണ കരാറുകള്‍ക്കായി 2029 കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയ്ത സംഭവത്തില്‍ യു.എസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടതോടെ അദാനി ഗ്രൂപ്പും ഗൗതം അദാനിയും ആപ്പിലായിരിക്കുകയാണ്. യു.എസിലെ നിക്ഷേപകരെ കബളിപ്പിച്ചെന്നും ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയെന്നുമാണ് യു.എസ് സെക്യൂരിറ്റിസ് ആന്റ് എക്‌സ്‌ചേഞ്ച് കമ്മിഷന്റെ കുറ്റാരോപണം. അദാനി, അദ്ദേഹത്തിന്റെ അനന്തരവന്‍ സാഗര്‍ അദാനി, അദാനി ഗ്രീന്‍ എനര്‍ജിയുടെ എക്സിക്യൂട്ടീവുകള്‍, അസൂര്‍ പവര്‍ ഗ്ലോബല്‍ ലിമിറ്റഡിന്റെ എക്‌സിക്യൂട്ടീവ് ആയ സിറില്‍ കബനീസ് എന്നിവര്‍ക്കെതിരെ തട്ടിപ്പിനും ഗൂഢാലോചനക്കും വഞ്ചനയ്ക്കുമാണ് കുറ്റം ചുമത്തിയിട്ടുള്ളത്. നരേന്ദ്രമോദിയുടെ ഉറ്റചങ്ങാതിയായ അദാനിക്കെതിരായ കേസ് മോദിക്കും കേന്ദ്രസര്‍ക്കാറിനും രാജ്യാന്തര തലത്തിലുണ്ടായ കനത്ത തിരിച്ചടിയാണെന്ന കാര്യത്തില്‍ സംശയമില്ല. കേസ് അമേരിക്കയിലാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടതെന്നതിനാല്‍ വിശേഷിച്ചും. ഈ തിരച്ചടി മുന്‍കൂട്ടിക്കണ്ടുകൊണ്ടാണ് സംഭവത്തില്‍ ഒരക്ഷരം ഉരിയാടാന്‍ പ്രധാനമന്ത്രിയോ കേന്ദ്രസര്‍ക്കാറോ തയാറാകാത്തത്. രാജ്യത്തുമാത്രമല്ല രാജ്യാന്തര തലത്തിലുമുള്ള അദാനിയുടെ വളര്‍ച്ച സംശയാസ്പദമാണെന്നത് അദ്ദേഹത്തിന്റെ ബിസിനസ് സാമ്രാജ്യം തന്നെ തുറന്നു സമ്മതിക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാറിന്റെ അകമഴിഞ്ഞ സഹായമാണ് ഇതിനുപിന്നിലെന്നത് പച്ചയായ യാഥാര്‍ത്ഥ്യമാണ്. അദാനിക്കുപുറമെ അംബാനിയുള്‍പ്പെടെയുള്ള കുത്തകകളുടെ പരിലാളനയിലായിരുന്നു തുടക്കകാലത്ത് മോദിയുടെ പ്രയാണമെങ്കില്‍ പിന്നീട് ഇവരെപ്പോലും കൈയ്യൊഴിഞ്ഞ് അദാനിയെന്ന ഒറ്റപ്പേരിലേക്ക് മോദി ചുരുങ്ങുന്നതാണ് രാജ്യത്തിന് ദര്‍ശിക്കാന്‍ കഴിഞ്ഞത്.

ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നരുടെ പേരെടുത്താല്‍ ആദ്യ സ്ഥാനത്ത് മുകേഷ് അംബാനിയും ഗൗതം അദാനിയും മാറി മാറി വരുന്ന പതിവാണ് ഇന്ന് നിലവിലുള്ളത്. കഴിഞ്ഞ അഞ്ചു വര്‍ഷം മുന്‍പ് സമ്പന്നതയില്‍ നാലാം സ്ഥാനം മാത്രമായിരുന്നു ഗൗതം അദാനിയുടേത്. ഇവിടെ നിന്നാണ് അദാനി അഞ്ചു വര്‍ഷം കൊണ്ട് ഒന്നാം സ്ഥാനം പിടിച്ചെടുത്തത്. ഈ അഞ്ചു വര്‍ഷത്തിനിടെ അദ്ദേഹത്തിന്റെ ആസ്തിയിലുണ്ടായ വര്‍ധന 10 ലക്ഷം കോടിക്ക് മുകളിലാണ്. മോദി ഓരോ രാഷ്ട്ര സന്ദര്‍ശനം കഴിഞ്ഞുവരുമ്പോഴും അവിടങ്ങളില്‍ അദാനിക്ക് കോടികളുടെ കരാര്‍ ലഭ്യമാകുന്നത് യാദൃശ്ചികമല്ലെന്ന് ചുരുക്കം. ഗൗതം അദാനി സംശയത്തിന്റെ നിഴലില്‍ അകപ്പെടുന്നത് ഇത് ആദ്യമൊന്നുമല്ല. നേരത്തെ ഹിന്‍ഡന്‍ബര്‍ഗ് തുറന്നുവിട്ട ഭൂതം അദാനിയെ വിഴുങ്ങുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. പക്ഷേ ഇന്ത്യയിലും ലോകത്തെ വിവിധ രാജ്യങ്ങളിലും ആഴത്തില്‍ വേരുന്നിയ അദാനിയുടെ വ്യവസായ സാമ്രാജ്യത്തെ വീഴ്ത്താന്‍ ഷോര്‍ട്ട് സെല്സെല്ലറായ ഹിന്‍ഡന്‍ ബര്‍ഗിന് സാധിച്ചില്ലെന്ന് മാത്രമല്ല, പ്രതിസന്ധിയില്‍ നിന്നും അവര്‍ കരകയറുകയും ചെയ്തു. എന്നാല്‍ ഇത്തവണ കേസ് ഇന്ത്യക്ക് പുറത്താണെന്നത് അദാനിയുടെ തിരിച്ചടിയുടെ ആഴം വര്‍ധിപ്പിക്കുന്നുണ്ട്. കേസ് വിവരം പുറത്തുവന്നയുടന്‍ തന്നെ കെനിയയെ പോലുള്ള രാജ്യങ്ങള്‍ കരാറുകളില്‍ നിന്നും പിന്മാറിയത് ഇതിന്റെ തെളിവാണ്. അതോടൊപ്പം ഉറ്റചങ്ങാതിയായ നരേന്ദ്രമോദി പിന്തുണയുമായി രംഗത്തെത്താത്തതും സംഭവത്തിന്റെ കിടപ്പുവശം ബോധ്യമുള്ളതുകൊണ്ട് തന്നെയാണ്. ആരോപണ വിധേയനൊപ്പം പരസ്യമായി നിലയുറപ്പിക്കുന്നത് ലോക രാജ്യങ്ങള്‍ക്കുമുന്നില്‍ കെട്ടിപ്പൊക്കിയ പ്രതിഛായയെ ചിട്ടുകൊട്ടാരംപോലെ തകര്‍ത്തുകളയുമെന്ന് മോദിക്കം നന്നായറിയാം. പ്രത്യേകിച്ച് നയങ്ങളിലും നിലപാടുകളിലും അദ്ദേഹം ചേര്‍ന്നുനില്‍ക്കുന്ന അമേരിക്കയാണ് മറുഭാഗത്ത് നിലയുറപ്പിച്ചിരിക്കുന്നത്. എന്നാല്‍ മോദിയുടെ സ്വന്തക്കാരനായ ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റെടുത്താല്‍ കേസിന്റെ ഭാവി എന്തായിരിക്കുമെന്നത് കണ്ടറിയേണ്ടതു തന്നെയാണ്.

ഏതായാലും ഇന്ത്യയിലെ പ്രതിപക്ഷ കക്ഷികള്‍, പ്രത്യേകിച്ച് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നിരന്തരമായി അദാനി – മോദി കൂട്ടുകെട്ടിനെതിരെ ഉന്നയിച്ചുകൊണ്ടിരിക്കുന്ന ആരോപണ ശരങ്ങള്‍ക്കാണ് ഇപ്പോള്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ അടിവരയിടപ്പെട്ടിരിക്കുന്നത്. അദാനിക്കെതിരെ ജെ.പി.സി അന്വേഷണം ആവശ്യപ്പെട്ട് ഒരുവര്‍ഷം മുമ്പുതന്നെ കോണ്‍ഗ്രസ് രംഗത്തുണ്ട്. ‘ഹം അദാനി കെ ഹേ’ എന്ന പരമ്പരയിലൂടെ അദാനിയും പ്രധാനമന്ത്രിയും തമ്മിലുള്ള അടുപ്പം തുറന്നുകാണിക്കുന്ന നൂറോളം ചോദ്യങ്ങള്‍ കോണ്‍ഗ്രസ് ഉന്നയിക്കുകയുണ്ടായി. പുതിയ കേസിനു പിന്നാലെയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി അതിരൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചിരിക്കുന്നത്. ഏതായാലും അദാനിക്കെതിരായ ഈ കുറ്റപത്രം അദ്ദേഹത്തിനുമാത്രമല്ല, പ്രധാനമന്ത്രിക്കും അന്താരാഷ്ട്ര തലത്തില്‍ കനത്തതിരിച്ചടി സമ്മാനിക്കുമ്പോള്‍ എല്ലാ സമ്മര്‍ദങ്ങളെയും അതിജീവിച്ച് മോദി – അദാനി അവിശുദ്ധ കൂട്ടുകെട്ടിനെതിരെ തുറന്ന യുദ്ധംപ്രഖ്യാപിച്ച രാഹുല്‍ ഗാന്ധിക്കും ഇന്ത്യന്‍ നാഷണല്‍കോണ്‍ഗ്രസിനും നല്‍കുന്നത് വലിയ അംഗീകാരമാണ്.

 

 

 

 

india

പശ്ചിമബംഗാളിലെ ഈ നഗരത്തില്‍ ഹോളി ആഘോഷങ്ങള്‍ക്ക് നിരോധനം; എതിര്‍പ്പുമായി ബിജെപി

പ്രദേശത്തെ പച്ചപ്പ് നിറഞ്ഞ പരിസ്ഥിതിയ്ക്ക് കോട്ടം സംഭവിക്കുമെന്ന ആശങ്ക ചൂണ്ടിക്കാട്ടിയാണ് ആഘോഷങ്ങള്‍ നിരോധിച്ചത്

Published

on

ന്യൂഡല്‍ഹി: പശ്ചിമബംഗാളിലെ ശാന്തിനികേതനിലെ ബിര്‍ഭും ജില്ലയിലെ സോനാജ്ഹുരി ഹാത്തില്‍ ഇത്തവണ ഹോളി ആഘോഷങ്ങള്‍ നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. പ്രദേശത്തെ പച്ചപ്പ് നിറഞ്ഞ പരിസ്ഥിതിയ്ക്ക് കോട്ടം സംഭവിക്കുമെന്ന ആശങ്ക ചൂണ്ടിക്കാട്ടിയാണ് ആഘോഷങ്ങള്‍ നിരോധിച്ചത്. യുനെസ്‌കോയുടെ ലോകപൈതൃക പട്ടികയിലുള്‍പ്പെട്ട വിശ്വഭാരതി സര്‍വകലാശാല ക്യാംപസിനടുത്താണ് പ്രശസ്തമായ ഈ മാര്‍ക്കറ്റ് സ്ഥിതി ചെയ്യുന്നത്.

ഈ പ്രദേശത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുതെന്നും ഹോളി ആഘോഷിക്കരുതെന്നും അഭ്യര്‍ത്ഥിച്ച് ബാനറുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് ബോല്‍പൂര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ രാഹുല്‍ കുമാര്‍ പറഞ്ഞു. കൂടാതെ ആഘോഷങ്ങളുടെ വീഡിയോകള്‍ റെക്കോര്‍ഡ് ചെയ്യരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

നിരോധനം നടപ്പിലാക്കുന്നതിന് പൊലീസിന്റെയും സര്‍ക്കാര്‍ അധികൃതരുടെയും പിന്തുണ തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുനെസ്‌കോയുടെ പൈതൃക പട്ടികയിലുള്‍പ്പെട്ടതിനാല്‍ ഹോളി ആഘോഷങ്ങള്‍ക്കായി ക്യാംപസ് പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കാന്‍ കഴിയില്ലെന്ന് വിശ്വഭാരതി സര്‍വകലാശാല വക്താവ് അറിയിച്ചു.

സോനാജ്ഹുരിയിലെ വനപ്രദേശത്ത് ഹോളി ആഘോഷിക്കുന്നതില്‍ വിശദീകരണവുമായി ഡിഎഫ്ഒയും രംഗത്തെത്തി. ’’ ഞങ്ങള്‍ ഒരു ഉത്തരവുകളും പുറപ്പെടുവിക്കുന്നില്ല. ദോല്‍ യാത്ര ദിവസമായ മാര്‍ച്ച് 14ന് വലിയ കൂട്ടമായി ആളുകള്‍ സോനാജ്ഹുരി ഖൊവായ് ബെല്‍റ്റിലേക്ക് നടന്നുനീങ്ങുന്നത് തടയും,’’ ഡിഎഫ്ഒ പറഞ്ഞു.

’’ ഹോളി ദിനത്തില്‍ പച്ചപ്പ് നിറഞ്ഞ പ്രദേശത്തേക്ക് ആയിരക്കണക്കിന് ആളുകള്‍ ഒത്തുകൂടുന്നത് ഒഴിവാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. നിറങ്ങള്‍ കലര്‍ത്തിയ വെള്ളം തളിക്കുന്നത് മരങ്ങള്‍ക്ക് കേടുപാട് വരുത്തും. മാര്‍ച്ച് പതിനാലിന് സോനാജ്ഹുരിയെ പരിസ്ഥിതി നാശത്തില്‍ നിന്ന് രക്ഷിക്കുമെന്ന് എല്ലാവരും പ്രതിജ്ഞയെടുക്കണം,’’ അദ്ദേഹം പറഞ്ഞു. ഇതാദ്യമായാണ് വനംവകുപ്പ് സോനാജ്ഹുരി ഹാത്തില്‍ ഇത്തരമൊരു നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. യുനെസ്‌കോയുടെ ലോക പൈതൃക പദവി ലഭിച്ചതിനാല്‍ ബസന്ത് ഉത്സവിനായി സര്‍വകലാശാല ക്യാംപസ് പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കില്ലെന്ന് വിശ്വഭാരതി വക്താവ് അറിയിച്ചു.

Continue Reading

india

ബജറ്റ് ലോഗോയില്‍ നിന്നും രൂപാ ചിഹ്നം ഒഴിവാക്കി തമിഴ്‌നാട് പകരം തമിഴ് ചിഹ്നം ‘രൂ’

ഹിന്ദി അടിച്ചേൽപ്പിക്കാനുമുള്ള കേന്ദ്ര നിലപാട് തുടരുന്ന സാഹചര്യത്തിലാണ് തമിഴ്നാടിന്റെ ഇത്തരമൊരു പ്രതിഷേധ നീക്കം

Published

on

ചെന്നൈ: ഭാഷാ നയത്തിൽ കേന്ദ്രസർക്കാരുമായുള്ള പോര് രൂക്ഷമായിരിക്കെ സംസ്ഥാന ബജറ്റിൽനിന്ന് രൂപ ചിഹ്നം ഒഴിവാക്കി തമിഴ്നാട് സർക്കാർ. ദേവനാഗരി ലിപിയും ലാറ്റിനും ചേര്‍ന്ന ഇന്ത്യൻ രൂപയുടെ ഔദ്യോ​ഗിക ചിഹ്നമാണ് 2025-26 സാമ്പത്തിക വർഷത്തെ ബജറ്റിൽ നിന്ന് തമിഴ്നാട് ഒഴിവാക്കിയത്. പകരം തമിഴിൽ രൂപയെ സൂചിപ്പിക്കുന്ന ‘രൂ’ എന്ന അക്ഷരമാണ് ബജറ്റ് ലോ​ഗോയിൽ ചേർത്തിരിക്കുന്നത്.

മുൻവർഷങ്ങളിലൊക്കെ രൂപയുടെ ഔദ്യോ​ഗിക ചിഹ്നമായിരുന്നു തമിഴ്നാട് സർക്കാർ ബജറ്റിൽ ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ ഹിന്ദി അടിച്ചേൽപ്പിക്കാനുമുള്ള കേന്ദ്ര നിലപാട് തുടരുന്ന സാഹചര്യത്തിലാണ് തമിഴ്നാടിന്റെ ഇത്തരമൊരു പ്രതിഷേധ നീക്കം. ഈ വർഷത്തെ ബജറ്റിന്റെ ടീസർ മുഖ്യമന്ത്രി സ്റ്റാലിൻ തന്റെ എക്സ് അക്കൗണ്ടിലൂടെ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. ടീസറിന്റെ അവസാനം കാണിക്കുന്ന ബജറ്റിന്റെ ലോ​ഗോയിൽ രൂപ ചിഹ്നമില്ല, പകരം ‘രൂ’ എന്ന തമിഴ് അക്ഷരമാണുള്ളത്.

മാർച്ച് 14നാണ് തമിഴ്നാട് നിയമസഭയിൽ ബജറ്റ് അവതരണം. സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും പ്രയോജനപ്പെടുന്ന തരത്തിൽ തമിഴ്‌നാടിന്റെ വ്യാപകമായ വികസനം ഉറപ്പാക്കാൻ എന്ന കുറിപ്പോടെയാണ് സ്റ്റാലിൻ ടീസർ പങ്കുവച്ചിരിക്കുന്നത്. ‘എല്ലാവർക്കും എല്ലാം’ പ്രമേയത്തിലാണ് ഇത്തവണത്തെ ബജറ്റ്.

ദ്രവീഡിയൻ മോഡൽ, ടിഎൻബജറ്റ്2025 എന്നീ ഹാഷ്ടാ​ഗുകളും ട്വീറ്റിനൊപ്പം സ്റ്റാലിൻ പങ്കുവച്ചിട്ടുണ്ട്. 2023-24, 2024-25 വർഷങ്ങളിലെ ബജറ്റുകളിലും രൂപയുടെ ഔദ്യോ​ഗിക ചി​ഹ്നം തമിഴ്നാട് ബജറ്റ് ലോ​ഗോയിലുണ്ടായിരുന്നു. ഇതാദ്യമായാണ് ദേശീയ കറൻസി ചിഹ്നം തമിഴ്നാട് ഒഴിവാക്കുന്നത്. ദേശീയ വിദ്യാഭ്യാസ നയത്തിനും ത്രിഭാഷാ ഫോർമുലയ്ക്കുമെതിരെ തമിഴ്‌നാട് സർക്കാർ നടത്തുന്ന ചെറുത്തുനിൽപ്പിനിടെയാണ് പുതിയ തീരുമാനം.

ഹിന്ദി അടിച്ചേൽപ്പിക്കാനൊരുങ്ങുന്ന കേന്ദ്ര നയത്തിനെതിരെ വീണ്ടും ഒരു ഭാഷാ യുദ്ധത്തിന് തയാറാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ വ്യക്തമാക്കിയിരുന്നു. ഭരണകക്ഷിയായ ഡിഎംകെ ത്രിഭാഷാ നയത്തെ എന്നും എതിർക്കും. കേന്ദ്രത്തിലെ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ ഹിന്ദി അടിച്ചേൽപ്പിക്കുകയാണെന്നും സ്റ്റാലിൻ പറഞ്ഞിരുന്നു. കേന്ദ്രം 10,000 കോടി രൂപ ഫണ്ട് നൽകാമെന്ന് വാഗ്ദാനം ചെയ്താലും ദേശീയ വിദ്യാഭ്യാനയം തമിഴ്നാട്ടിൽ നടപ്പിലാക്കില്ലെന്ന് സ്റ്റാലിൻ തുറന്നടിച്ചു.

2010 ജൂലൈ 15നാണ് കേന്ദ്ര സര്‍ക്കാര്‍ രൂപയുടെ ഔദ്യോ​ഗിക ചിഹ്നം പ്രഖ്യാപിച്ചത്. തമിഴ്‌നാട് സ്വദേശിയും ഗുവാഹത്തി ഐഐടി ഡിസൈൻ വിഭാഗം മേധാവിയും അസോസിയേറ്റ് പ്രൊഫസറുമായ ഡി. ഉദയകുമാറാണ് ചിഹ്നം രൂപകല്‍പന ചെയ്തത്. 2011 ജൂലൈയില്‍ ഈ ചിഹ്നം ആലേഖനം ചെയ്ത ആദ്യത്തെ നാണയം പുറത്തിറക്കുകയും ചെയ്തു.

Continue Reading

india

ഊട്ടിയില്‍ വന്യമൃഗത്തിന്റെ ആക്രമണത്തില്‍ 55കാരി കൊല്ലപ്പെട്ടു

ശരീരത്തിന്റെ ഒരുഭാഗം ഭക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്.

Published

on

ഊട്ടിയില്‍ വന്യമൃഗത്തിന്റെ ആക്രമണത്തില്‍ അമ്പത്തിയഞ്ചുകാരി കൊല്ലപ്പെട്ടു. ഊട്ടി പേരാറിന് ഗോപാലിന്റെ ഭാര്യ അഞ്ജലൈ ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി മുതല്‍ അഞ്ജലൈയെ കാണാതായിരുന്നു. മാനസിക വെല്ലുവിളികള്‍ നേരിടുന്നയാളാണ് ഇവര്‍.

ഇന്ന് രാവിലെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ശരീരത്തിന്റെ ഒരുഭാഗം ഭക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. കടുവയാണ് ആക്രമിച്ചതെന്നാണ് സംശയം. വനംവകുപ്പ് അന്വേഷണം തുടങ്ങി.

മൃതദേഹം കണ്ടെത്തിയ ഉടന്‍ തന്നെ ഉതഗൈ വനം വകുപ്പിനെ വിവരം അറിയിക്കുകയും ഉതഗൈ നോര്‍ത്ത് ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റ് സ്ഥലത്തെത്തി. മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടത്തിന് കൊണ്ടുപോകാനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.

 

Continue Reading

Trending